Sunday, September 05, 2010


ഓരോ യാത്രയും സ്വയം കണ്ടെത്താനുള്ള ശ്രമമാണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അത് അറിയാത്ത വഴികളിലൂടെയാകുമ്പോള്‍ ഒരു പഠന പ്രക്രിയ കൂടി ആകുന്നു. വളരെ വേഗം ചരിത്രത്തിന്റെ ഏടുകളില്‍ മറയാന്‍ പോകുന്ന ഒരു ട്രെയിന്‍ സര്‍വീസ് - പുനലൂര്‍ ചെങ്കോട്ട പാസഞ്ചര്‍ ഈ മാസം വര്‍ഷങ്ങള്‍ നീണ്ട അതിന്റെ യാത്ര അവസാനിപ്പിക്കും. പേരുകേട്ട ഈ പാതയിലുടെ ഒന്ന് പോകണം എന്ന ആഗ്രഹം നിറവേറ്റാന്‍ ഒടുവില്‍ ഞങ്ങള്‍ തീരുമാനിച്ചു. സഞ്ജുവിനെ കൂട്ടി രാവിലെ ആറു മണിക്ക് തന്നെ വീട്ടില്‍ നിന്നിറങ്ങി. 7.30 ആയപ്പോഴേക്കും പുനലൂരെത്തി. പ്രസിദ്ധമായ മറ്റൊരു ചരിത്ര സ്മാരകം അവിടെയുണ്ട്- തൂക്കുപാലം. മോടിപിടിപ്പിക്കല്‍ പണികള്‍ നടക്കുന്നതേ ഉള്ളു. ആ നിര്‍മ്മാണ കുശലതക്ക് മുന്‍പില്‍ കുറച്ചു നേരം വാ പൊളിച്ചു നിന്നു, പടമെടുത്തു. പതിയെ റെയില്‍വേ സ്റ്റേഷന്‍ തേടി പോയി. ഏറണാകുളം സൗത്തിലോ മറ്റോ കാണാന്‍ കഴിയുന്ന അതെ തിരക്ക്. പക്ഷേ ക്യുവില്‍ നില്‍ക്കുന്നവര്‍ ഏറെയും തമിഴ് ലുക്ക്‌ ഉള്ളവര്‍.
ടിക്കറ്റ്‌ എടുത്ത ശേഷം ഷിജുവിനെയും ബിപിനെയും കത്ത് നില്‍പ്പായി. ഒടുവില്‍ വണ്ടി വിടാന്‍ 5 മിനിറ്റ് ബാക്കിയുള്ളപ്പോള്‍ അവര്‍ എത്തി. ആദ്യമാണ് ഒരു മീറ്റര്‍ ഗേജ് ട്രെയിനില്‍ കയറുന്നത്. ഞങ്ങളെ പോലെ ട്രെയിനിനെ യാത്ര അയയ്ക്കാന്‍ വന്നവര്‍ വേറെയുമുണ്ട്. ചെറുപ്പക്കാര്‍, കുടുംബങ്ങള്‍, തനിയെ വന്നവര്‍, അങ്ങനെ അങ്ങനെ. കൂട്ടത്തില്‍ സ്ഥിരം യാത്രക്കാരും ഉണ്ടെന്നു പിന്നെ മനസ്സിലായി. പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍ ആണെന്ന് തോന്നുന്ന ഒരാളെയും കണ്ടു. വാതില്‍ക്കല്‍ നിന്ന് പോകാന്‍ തീരുമാനിച്ചു- കാരണം ഇരിക്കാന്‍ സ്ഥലം ഉണ്ടായിരുന്നില്ല! ഒരു ചെറിയ രോമാഞ്ചത്തോടെയാണ് വണ്ടിയുടെ കൂ കൂ ശബ്ദം ഞങ്ങള്‍ ( കുറഞ്ഞപക്ഷം ഞാന്‍ ) കേട്ടത്. പതിയെ യാത്ര തുടങ്ങി. കുറച്ചു ദൂരം കഴിഞ്ഞപ്പോള്‍ തന്നെ കൊച്ചുവെളുപ്പാന്‍ കാലത്ത് 55 കിലോമീറ്റര്‍ ദൂരം വണ്ടി ഓടിച്ചു വന്നത് വെറുതെ ആയില്ല എന്ന് മനസ്സിലായി. മനോഹരം ആയിരുന്നു രണ്ടു വശത്തെയും കാഴ്ചകള്‍. പേടി തോന്നിക്കുന്ന താഴ്ചയും മലനിരകളും ഒരു വശത്ത്, ഉയര്‍ന്ന പാറക്കെട്ടുകള്‍ മറു വശത്ത്. ഇടയ്ക്കിടെ ചെറിയ നീരൊഴുക്കുകളും കണ്ടു. വഴിയിലെ ആദ്യ റെയില്‍വേ സ്റ്റേഷന്‍ ഒരു കാഴ്ച തന്നെ ആയിരുന്നു. വണ്ടി നിന്നത് എന്തിനെന്ന് അറിയാതെ ചുറ്റും നോക്കിയപ്പോഴാണ് മറു വശത്ത് ഒരു ചെറിയ ബോര്‍ഡ്‌ കണ്ടത്- ഇടമണ്‍. കാട്ടിനു നടുവില്‍ ഒരു റെയില്‍വേ സ്റ്റേഷന്‍ ! താഴെയിറങ്ങി പ്രകൃതിഭംഗി ആസ്വദിച്ചു നില്‍ക്കുമ്പോഴാണ് ഒരു ചെറിയ കൂവലോടെ വണ്ടി നീങ്ങി തുടങ്ങി. ഓടി വന്നു കയറി, അപാര പിക്കപ്പ് തന്നെ- ആകെ 5 ബോഗിയേ ഉള്ളല്ലോ, അതായിരിക്കും.

ഞങ്ങളുടെ കൌതുകം സ്ഥിരം യാത്രികര്‍ക്ക് ചിരിക്കാന്‍ വക നല്‍കുന്നുണ്ടെന്നു തോന്നി- അവരിതെത്ര കണ്ടതാ. ചായയും വടയും വില്‍ക്കാന്‍ വരുന്ന ചേച്ചിമാര്‍ക്കും ചേട്ടന്മാര്‍ക്കും ഉണ്ട് അവരുടെതായ പ്രത്യേകതകള്‍. മറ്റു ട്രെയിനുകളിലെ കച്ചവടക്കാരെപ്പോലെ ചായേ ചായേ എന്ന് വിളിച്ചു കൂവുന്നില്ല, പകരം വീട്ടില്‍ വന്ന അതിഥികളോട് ചോദിക്കുന്ന പോലെ ആണു ചോദ്യം, "ചായ തരട്ടേ?" വേണ്ട എന്ന് പറയാന്‍ ആര്‍ക്കു പറ്റും? രണ്ടു മൂന്നു വട ഞാന്‍ വാങ്ങി കഴിച്ചു, ഒടുവില്‍ സ്നേഹത്തോടെ തന്നെ 'ഇനി വേണ്ട ചേച്ചി' എന്നു പറഞ്ഞു, വയറ് എന്റെതാണല്ലോ. ട്രെയിന്‍ നിന്നാല്‍ ഇവര്‍ എന്തു ചെയ്യുമോ ആവോ? ഇടക്കൊരിടത്ത് (ആര്യങ്കാവില്‍ ) "ക്രാസ്സിംഗ്" ഉണ്ടെന്നു ചായക്കാരന്‍ ചേട്ടന്‍ പറഞ്ഞു. അര മണിക്കൂര്‍ കാത്തു നിന്നപ്പോള്‍ മറ്റൊരു ട്രെയിന്‍ വന്നു. ചെങ്കോട്ടയില്‍ നിന്നു വരുന്നതാണ്. "ക്രാസ്സിംഗ്" കഴിഞ്ഞു, യാത്ര തുടര്‍ന്നു. കാട്ടില്‍ നിന്നോ മറ്റോ ഉള്ള വിറകു കെട്ടുകളുമായി വണ്ടിയില്‍ കയറിയ തമിഴ് സ്ത്രീകള്‍ മറ്റൊരു കാഴ്ച ആയിരുന്നു-ഒരുപക്ഷേ ബീഹാറിലോ മറ്റോ മാത്രം കാണാന്‍ കഴിയുന്ന ഒരു കാഴ്ച. കഴുതുരുട്ടി കഴിഞ്ഞ് അടുത്ത സ്റ്റേഷന്റെ പേര് തമിഴില്‍ എഴുതി കണ്ടപ്പോള്‍ കേരളം വിട്ടു എന്ന് മനസ്സിലായി. ഒടുവില്‍ 11 മണി ആയപ്പോള്‍ ചെങ്കോട്ട എത്തി. സാധാരണ കാണാറുള്ള സ്റ്റെഷനുകളോട് സാമ്യമുള്ള ഒരെണ്ണം ഇപ്പോഴാണു കണ്ടത്. പുറത്തിറങ്ങി കുറച്ചു നേരം വായിനോക്കി നടന്നു. ടിക്കറ്റ്‌ എടുത്ത ശേഷം തിരികെ വണ്ടിയില്‍ കയറി.

ഓരോ നിമിഷം കഴിയുമ്പോഴും ഒരു നഷ്ടബോധം മനസ്സില്‍ പതിയെ രൂപപ്പെട്ടു വളരുന്നതു പോലെ തോന്നി. ഉച്ച വെയിലിന്റെ ക്ഷീണവും ഉണ്ടായിരുന്നു എങ്കിലും ഒരു കാഴ്ചയും വെറുതെ വിട്ടില്ല. ഒരാളെ ഇറക്കാന്‍ വേണ്ടി ട്രെയിന്‍ നിര്‍ത്തുന്ന അത്യപൂര്‍വ കാഴ്ചയും കണ്ടു. 11 .45 നു ചെങ്കോട്ടയില്‍ നിന്നു പുറപ്പെട്ട് 1 .40 ആയപ്പോള്‍ തിരികെ പുനലൂരെത്തി. തിരിച്ചു വരാന്‍ വല്ലാത്ത മടി തോന്നി, പക്ഷെ പോരാതെ പറ്റില്ലല്ലോ. എന്തായാലും ഈ മാസം തന്നെ ഒന്നുകൂടി ഈ വഴിക്കു വന്നാല്‍ കൊള്ളാം, ഇനി പറ്റില്ലല്ലോ ഈ യാത്ര. സമയം ബാക്കി ഉണ്ടല്ലോ, തെന്മല ഡാം കൂടി കാണാം എന്നു ഷിജു പറഞ്ഞു. നേരെ വിട്ടു തെന്മലക്ക്. ഡാമിന്റെ മുകളില്‍ കയറി ചുറ്റി നടന്നു, തിരകെ പോന്നു, കുറെ ഓര്‍മകളും പിന്നെ, പേരറിയാത്ത ഏതോ വികാരവുമായി.