കോവിഡ് വന്നതോടെ വളരെ വേഗമാണ് ലോകം മൊത്തം ക്ലാസുകളും മീറ്റിങ്ങുകളും സമ്മേളനങ്ങളും ഒക്കെ ഓൺലൈൻ ഫ്ലാറ്റ്ഫോമുകളിലേക്ക് മാറിയത്. പഴയപോലെ നീണ്ട യാത്രകളുടെ ആവശ്യമില്ലാതെ വീട്ടിലോ സൗകര്യപ്രദമായ മറ്റിടങ്ങളിലോ ഇരുന്ന് മീറ്റിങ്ങുകളിലും മറ്റും പങ്കെടുക്കാനുള്ള സൗകര്യമാണ് ഇങ്ങനെ നമുക്ക് കിട്ടിയത്. എന്നാൽ കുറച്ചു മാസങ്ങൾ കൊണ്ടു തന്നെ ഒരുപാട് പേർക്ക് ഈ ഓൺലൈൻ ജീവിതം വല്ലാത്ത മടുപ്പ് ഉണ്ടാക്കിത്തുടങ്ങി. ഈ അവസ്ഥയെ Zoom Fatigue എന്നാണ് വിളിക്കുന്നത്. "സൂമാലസ്യം" എന്നൊക്കെ വേണമെങ്കിൽ തർജ്ജമ ചെയ്യാം.
സ്റ്റാൻഫോർഡ് സർവ്വകലാശാലയിലെ ഡോ. ജെറെമി ബെയ്ലെൻസൺ (Jeremy Bailenson), APA യുടെ Technology, Mind, and Behavior എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ഇതിന്റെ കാരണങ്ങളെ പറ്റിയും നമുക്ക് ചെയ്യാവുന്ന ചില പ്രതിവിധികളെ പറ്റിയും തന്റെ കാഴ്ചപ്പാടുകൾ മുന്നോട്ടുവെച്ചിട്ടുണ്ട്.
നമ്മുടെ മുഖത്തേക്കു തന്നെ ഒരുപാടുപേർ ഒരേ സമയം നോക്കി ഇരിക്കുന്ന അവസ്ഥ നമ്മുടെ തലച്ചോറിന്റെ മേൽ കൂടുതൽ ഭാരം ഉണ്ടാക്കുന്നു എന്നതാണ് മടുപ്പിന് കാരണമായേക്കാവുന്ന ഒരു കാര്യം. ഒരു സ്റ്റേജിലോ മറ്റോ നിന്ന് വളരെ അടുത്തുള്ള കുറേ മനുഷ്യരോട് സംസാരിക്കുന്ന അതേ അനുഭവം ഒരു ഓൺലൈൻ മീറ്റിംഗിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഉണ്ടാകുന്നുണ്ട്.
അതുപോലെ ഈ മുഖങ്ങൾ ഒക്കെ ഒരു സാധാരണ മീറ്റിങ്ങിൽ ഉണ്ടാവുന്നതിലും കൂടുതൽ വലിപ്പത്തിലാണ് നമ്മുടെ കണ്ണിൽ പതിക്കുന്നത്. ഇത് ഒരുപക്ഷേ ആ മുഖങ്ങളെ നമ്മുടെ intimate space എന്ന് വിളിക്കാവുന്ന ഇടത്തിലേക്ക് പ്രതിഷ്ഠിക്കുന്നു. Edward Hall നടത്തിയ ചില പഠനങ്ങൾ പ്രകാരം ഈ intimate space ഏതാണ്ട് 60 സെന്റിമീറ്റർ ആണ്. ഒരുപാട് ആളുകളെ ഒരുപാട് നേരം ഇങ്ങനെ കാണേണ്ടി വരുന്നത് തലച്ചോറിന്റെ ക്ഷീണം കൂട്ടാം.
സ്ക്രീനിൽ കാണുന്ന മുഖങ്ങളുടെ (നിങ്ങളുടേത് ഉൾപ്പെടെ) വലിപ്പം കുറയ്ക്കാൻ നോക്കുക, അതിനായി സാധിക്കും വിധം ക്യാമറയിൽ നിന്ന് അകലം പാലിക്കുക എന്നതൊക്കെ ഈ പ്രശ്നത്തെ നേരിടാനായി പരീക്ഷിക്കാവുന്നതാണ്.
ശബ്ദം മാത്രമുള്ള സന്ദേശങ്ങളെ അപേക്ഷിച്ച് ശബ്ദവും വീഡിയോയും ഉൾപ്പെടുന്ന സന്ദേശങ്ങളെ പ്രോസസ് ചെയ്യുവാൻ തലച്ചോറിന് വേണ്ടിവരുന്ന അധ്വാനം വളരെ കൂടുതലാണ് എന്നത് നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്. ഒരു ഓൺലൈൻ മീറ്റിംഗിൽ നമ്മൾ അനാവശ്യമായ ഒരുപാട് ആംഗ്യങ്ങളും മുഖഭാവങ്ങളും ഒക്കെ കാണുകയും കാണിക്കുകയും ചെയ്യുന്നുണ്ട്. ഇവയെ വെറുതെ അവഗണിക്കാൻ തലച്ചോറിന് കഴിയണമെന്നില്ല. ഇതും Zoom Fatigue കൂട്ടാം എന്ന് ബെയ്ലെൻസൺ പറയുന്നു. നീണ്ട ഓൺലൈൻ പരിപാടികളിൽ വീഡിയോ ഒഴിവാക്കുന്ന ഭാഗങ്ങൾ ഉണ്ടാവുന്നത് നന്നാവും എന്ന് ഒരു നിർദ്ദേശം അദ്ദേഹം നൽകുന്നു. (എനിക്ക് ഏറ്റവും സന്തോഷത്തോടെ പങ്കെടുക്കാൻ കഴിഞ്ഞിട്ടുള്ള ഓൺലൈൻ പ്ലാറ്റ്ഫോം Discord ആണ്).
വീഡിയോ മീറ്റിങ്ങുകളുടെ മറ്റൊരു പ്രത്യേകത, നമ്മുടെ മുഖം നിരന്തരം കണ്ടുകൊണ്ടിരിക്കേണ്ടിവരുന്നു എന്നതാണ്. ഇത് നമ്മെ ആവശ്യത്തിൽ കൂടുതൽ self-conscious ആക്കാം. നാം പോകുന്നിടത്തെല്ലാം ഒരാൾ നമ്മുടെ മുന്നിൽ ഒരു കണ്ണാടി പിടിച്ചുകൊണ്ട് നടക്കുന്നത് എങ്ങനെ ആയിരിക്കുമോ അതുപോലെ ഒരു അവസ്ഥ ആണിത്. അത്യാവശ്യം ഇല്ലാത്തപ്പോൾ ഒക്കെ നാം സ്വന്തം വീഡിയോ ഓഫാക്കി വെക്കുക എന്നതും, മീറ്റിങ്ങ് തുടങ്ങുമ്പോൾ സ്വന്തം മുഖം default view ആയി വരുന്ന setting മാറ്റാൻ പ്ലാറ്റ്ഫോമുകൾ ശ്രദ്ധിക്കുക എന്നതും ഇതിനുള്ള പരിഹാരമായി നിർദേശിക്കുന്നു.
ശബ്ദം മാത്രമുള്ള മീറ്റിങ്ങുകളിൽ പങ്കെടുത്തുകൊണ്ട് ഒരാൾക്ക് മറ്റു ചില കാര്യങ്ങൾ കൂടി ചെയ്യുകയോ, ആംഗ്യ ഭാഷയിൽ ആശയവിനിമയം ചെയ്യുകയോ, നടക്കുകയോ ഒക്കെ സാധിക്കും.
പഠനം പോലെയുള്ള പ്രവർത്തികൾക്കിടയിൽ ഇത്തരത്തിലുള്ള ചെറിയ ചലനങ്ങൾ തലച്ചോറിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് പഠനങ്ങളുണ്ട്. നിലവിലെ നമ്മുടെ ഓൺലൈൻ മീറ്റിങ്ങുകൾ ഈ സാധ്യതയെ വളരെയധികം പരിമിതപ്പെടുത്തുന്നു. അത്യാവശ്യമില്ലാത്ത സന്ദർഭങ്ങളിലൊക്കെ മീറ്റിങ്ങുകൾക്ക് വീഡിയോ ഒഴിവാക്കേണ്ടതാണ് എന്ന് ബെയ്ലെൻസൺ നിർദ്ദേശിക്കുന്നു.
നിലവിൽ ഇവയൊക്കെ പരികല്പനകൾ (hypotheses) മാത്രമാണെന്നും ഈ വിഷയത്തിൽ കൂടുതൽ പഠനങ്ങൾ നടക്കേണ്ടതുണ്ട് എന്നും ബെയ്ലെൻസൺ ചൂണ്ടിക്കാണിക്കുന്നു. വീഡിയോ കോൺഫറൻസുകളും ഓൺലൈൻ ക്ലാസ്സുകളും മീറ്റിങ്ങുകളും ഒക്കെ ഒഴിവാക്കാൻ കഴിയാത്ത വിധം നമ്മുടെ ജീവിതങ്ങളിലേക്ക് ഇടിച്ചുകയറി വന്ന സ്ഥിതിക്ക് ഈ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുക എന്നത് ഒരു കടമയായി തന്നെ കാണേണ്ടിയിരിക്കുന്നു.
പോഡ്കാസ്റ്റ് ആയി സംസാരിച്ചത്