Thursday, December 02, 2010

സാഗരകന്യകയും കുറെ ആകുലതകളും.

കൊച്ചി സര്‍വകലാശാല കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഒരു 'കൊടുംകാറ്റിന്റെ കണ്ണില്‍ ' (In the eye of a storm ഒന്ന് തര്‍ജുമ ചെയ്തതാ !) പെട്ടിരിക്കുകയാണ്. മെയിന്‍ ഓഫീസിന്റെ മുന്‍പില്‍ കുറെ വര്‍ഷങ്ങളായി കാനായി കുഞ്ഞിരാമന്റെ ശില്പങ്ങളെ അനുകരിച്ചു പഴയ ഒരു തോട്ടക്കാരന്‍ (വര്‍ഗീസ് എന്നാണ് അദ്ദേഹത്തിന്റെ പേര്- ഇപ്പൊ ആളൊരു വി ഐ പി ആണ്. ) നിര്‍മിച്ച കുറച്ചു ശില്പങ്ങള്‍ (കല്ലും കട്ടയുമോന്നുമല്ല, ചെടിയാണ് സംഭവം!) ആളുകളെ നോക്കി നില്‍ക്കുകയും ഇരിക്കുകയും കിടക്കുകയും ഒക്കെ ചെയ്യുന്നു. അവര്‍ മനുഷ്യരെയോ, മനുഷ്യര്‍ അവരെയോ ശല്യം ചെയ്തിരുന്നില്ല. ഇക്കൂട്ടത്തില്‍ ഏറ്റവും വലുത് സാഗരകന്യക എന്ന് ഇപ്പോള്‍ മനോരമ പേരിട്ടു വിളിക്കുന്ന ഒരെണ്ണമായിരുന്നു.

പെട്ടെന്നൊരു ദിവസം, മേല്‍പ്പറഞ്ഞ സാഗരകന്യകയുടെ മാറിടം ഛേദിക്കാന്‍് സര്‍വകലാശാലാ രജിസ്ട്രാര്‍ ഉത്തരവിട്ടു, പാവം തോട്ടക്കാരന്‍ (സാഗരകന്യകയുടെ പിതാവല്ല, വേറൊരാള്‍ ) കണ്ണീരോടെ അത് നടപ്പിലാക്കുകയും ചെയ്തു എന്നാണ് ഭൂമിമലയാളം മുഴുക്കെയുള്ള പത്രങ്ങളും ചാനലുകളും പറഞ്ഞതും, നാം കേട്ടതും. ഇനി ഇതുകൂടിയൊന്നു കേള്‍ക്കു.

സാഗരകന്യക മാത്രമല്ല, മറ്റു ചെടി ശില്പങ്ങളും (അങ്ങനെയും അവയെ വിളിക്കാമല്ലോ ) അവിടെയുണ്ട്, എന്നാല്‍ നമ്മുടെ നായികയ്ക്ക് മാത്രം കുറച്ചു മിഴിവ് കൂടുതലാണ് എന്നും തോട്ടക്കാരന്‍ എന്നും രാവിലെ അയാള്‍ക്ക് മാത്രം ശ്രദ്ധ നല്‍കുന്നു എന്നും ചില തല്പര കക്ഷികളും മറ്റുള്ള ശില്പങ്ങളും അടക്കം പറയുമായിരുന്നത്രേ! അക്കൂട്ടത്തില്‍ സര്‍വകലാശാലയിലെ ഒരു വനിതാ ക്ഷേമ സംഘടന രജിസ്ട്രാര്‍ക്ക് പരാതിയും നല്‍കി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അശ്ലീല ചിത്രങ്ങളും ശില്പങ്ങളും ഒന്നും പാടില്ല എന്ന സുപ്രീം കോടതി വിധിയുടെ വെളിച്ചത്തില്‍ സര്‍വകലാശാല കോളെജുകള്‍ക്ക്‌ നല്‍കിയ പഴയ ഒരു ഉത്തരവിന്റെ പകര്‍പ്പൂം അവര്‍ സമര്‍പ്പിച്ചുവത്രേ! ശില്പത്തെ എന്തു ചെയ്യാനാണ് പരാതിയില്‍ ആവശ്യപ്പെട്ടത് എന്നത് എനിക്കും അറിയില്ല. എന്തായാലും നായികയെ രക്ഷിക്കാനുള്ള നീക്കങ്ങളും ഒപ്പം തുടങ്ങി. ഒപ്പ് ശേഖരണവും മറ്റും നടന്നു. എന്നിട്ടൊന്നും തന്റെ വിധിയെ തടുക്കാന്‍ പാവത്തിന് കഴിഞ്ഞില്ല.
ഒരു സുപ്രഭാതത്തില്‍ ആ ദാരുണ ദൃശ്യം ഏഷ്യാനെറ്റും മനോരമയും കാണിച്ചു നാട്ടാര്‍ കണ്ടു. ആ വാര്‍ത്ത നാട്ടിലൊക്കെ പാട്ടായി. "സാഗരകന്യകയുടെ മുല വെട്ടി."
സാംസ്‌കാരിക നായകര്‍ അമര്‍ഷം രേഖപ്പെടുത്തി, ചാനല്‍ പാനല്‍ ചര്‍ച്ചകള്‍ നടന്നു, നല്ലത് തന്നെ, കാരണം ഇത്തരമൊരു പ്രവൃത്തി ആര് ചെയ്താലും സാംസ്‌കാരിക താലിബാനിസം തന്നെയാണ്. പലരും പറഞ്ഞ പോലെ, ആ ശില്പത്തില്‍ ഉണ്ടെന്നു പറയുന്ന അശ്ലീലം അതിനെ പറ്റി പരാതി പറഞ്ഞവരുടെ മനസ്സുകളില്‍ തന്നെയാണ്.
ശ്രദ്ധേയമായ കാര്യം ഈ നടപടിയെ വിമര്‍ശിച്ച എല്ലാവരും കുസാറ്റ് അധികൃതരുടെ കാടത്തത്തെയും സൌന്ദര്യബോധം ഇല്ലായ്മയെയും ആണ് വിമര്‍ശിച്ചത് എന്നതാണ്.
എന്റെ സംശയം പതിനെട്ടു വര്‍ഷമായി അവിടെയുള്ള ശില്‍പം ഇല്ലാതാക്കാന്‍ സര്‍വകലാശാലയുടെ അധികൃതര്‍ക്ക് ഇത്രയും കാലം വേണോ എന്നതാണ്. അശ്ലീലം എന്ന് തോന്നിയെങ്കില്‍ അന്ന് തന്നെ ഇതിനെ ഇല്ലാതാക്കാമായിരുന്നല്ലോ

അപ്പോള്‍ യഥാര്‍ത്ഥ പ്രതികള്‍ ഈ പ്രതിമയില്‍ അശ്ലീലം കണ്ട, പരാതിപ്പെട്ട ആളുകളല്ലേ? അഥവാ അവര്‍ കൂടിയല്ലേ?
കാള പെറ്റു എന്ന് കേട്ടപ്പോള്‍ മുതല്‍ ഈ സംഭവം ആഘോഷമാക്കിയ ഒരു ചാനല്‍ സംഘവും മേല്‍പ്പറഞ്ഞ വനിതാ ക്ഷേമ സംഘടനയുടെ നേതാക്കളെ ചോദ്യം ചെയ്തിട്ടില്ല. എന്താണ് അവര്‍ പരാതിയില്‍ ആവശ്യപ്പെട്ടതെന്നോ അവരുടെ ആവശ്യം നിറവേറ്റപ്പെട്ടോ എന്നോ ഒന്നും നമുക്കറിയില്ല. അത് കൂടി അറിഞ്ഞെങ്കില്‍ ഈ പ്രശ്നത്തെ പറ്റി നടക്കുന്ന ചര്‍ച്ചകള്‍ക്ക് കുറച്ചു കൂടി ദിശാബോധം വന്നേനെ എന്ന് ഈയുള്ളവന് തോന്നുന്നു.

ഒന്നു പറയട്ടെ, നമ്മുടെ ഈ പോക്ക് എന്തായാലും മുന്നോട്ടല്ല.

3 comments:

മണ്ടന്‍ കുഞ്ചു. said...

മൂപ്പോ...........യ്.............

താങ്കള്‍ നല്ല ഫോമില്‍ എത്തിയിട്ടുണ്ടല്ലോ..............

കൊള്ളാം.............


चल्ते रहो भाई........... चल्ते रहो.........

മടിയൻ said...

HMM...........

മടിയൻ said...
This comment has been removed by the author.