Sunday, May 09, 2021

ബിജ് ലി മഹാദേവ്: മലമുകളിലെ മിന്നല്‍ ദേവന്‍

 

ഹിമാചല്‍ പ്രദേശിലെ ഹാമിര്‍പൂരില്‍ വെച്ചു നടന്ന ഇന്ത്യന്‍ യൂത്ത് സയന്‍സ് കോൺഗ്രസ്സിനു ശേഷമാണ് രണ്ടു ദിവസത്തെ കറക്കത്തിനായി യുവഗവേഷകരുടെ സംഘത്തോടൊപ്പം മണ്ഡി - മണാലി - ഷിംല ദേശങ്ങളിലേക്ക് പുറപ്പെട്ടത്. മണ്ഡിയിലെ Society for Technology and Development പ്രവർത്തകർ ഏര്‍പ്പാടാക്കിയ വണ്ടിയിലായിരുന്നു യാത്ര. ഭോലാ സിങ്ങ് എന്ന അസാമാന്യ ക്ഷമയുള്ള മനുഷ്യനായിരുന്നു സാരഥി. മിതഭാഷിയായ അദ്ദേഹം ഞങ്ങളുടെ ഗൈഡ് ആയി കൂടി പണിയെടുത്തു.
അട്ടാരിയിൽ നിന്നും ലേ വരെ പോകുന്ന ഇന്ന് മൂന്നാം നമ്പർ ദേശീയപാതയിൽ പാർബതി നദിക്കു കുറുകെയുള്ള ജിയാ പാലത്തിനടുത്തു നിന്നാണ് ബിജ്ലി മഹാദേവ് ക്ഷേത്രത്തിലേക്കുള്ള റോഡ് തിരിയുന്നത്. ചൻസാരി എന്ന ഗ്രാമത്തിൽ നിന്നാണ് മലമുകളിലെ അമ്പലത്തിലേക്കുള്ള ട്രെക്കിംഗ് തുടങ്ങുന്നത്. ഏതാണ്ട് നാല് കിലോമീറ്റർ ആണ് ട്രെക്കിംഗ് ദൂരം







ട്രെക്കിംഗ് തുടങ്ങുന്നിടത്തു വെച്ച് മുകളിലേക്കുള്ള വഴിയിൽ ഭക്ഷണമോ വെള്ളമോ കിട്ടില്ല എന്നും എന്തെങ്കിലും വേണമെങ്കിൽ കഴിച്ചിട്ട് പോകാം എന്നും ഉള്ള മുന്നറിയിപ്പ് കിട്ടി. സമയം ഉച്ചയ്ക്ക് ഒരു മണിയോളം ആയിരുന്നതിനാൽ ഓരോ ന്യൂഡിൽസ് കഴിച്ചു, ഒപ്പം ചായയും. പിന്നെ ജെസിബി കൊണ്ട് ഇളക്കി ഇട്ടിരിക്കുന്ന പാറകളുടെ ഇടയിൽക്കൂടി പതിയെ നടപ്പു തുടങ്ങി. പൂത്തു നിൽക്കുന്ന ആപ്പിൾ മരങ്ങളുടെ ഇടയിലൂടെയാണ് നടത്തം തുടങ്ങിയത്. വഴിയിൽ ഉടനീളം ദേവദാരു മരങ്ങളുടെ തണൽ ഉണ്ടെങ്കിലും കുറച്ചു കഠിനമാണ് കയറ്റം. ഏതാണ്ട് മുഴുവൻ ദൂരവും പടികൾ കെട്ടിയിട്ടുണ്ട്. ഇടയിൽ ഒന്നു രണ്ടു സ്ഥലത്ത് വിശ്രമിക്കാൻ വേണ്ടി മര ബെഞ്ചുകളും ഉണ്ടാക്കിയിട്ടുണ്ട്. ഹിമാചൽപ്രദേശിലെ തണുപ്പിലും എല്ലാവരും നല്ലവണ്ണം വിയർത്തു. താഴെയുള്ളവർ പറഞ്ഞതുപോലെ വഴിയിൽ കടകളോ മറ്റു കെട്ടിടങ്ങളോ ഒന്നുമില്ല. കൈയ്യിൽ കരുതിയ വെള്ളം കുടിച്ചും ഇടയ്ക്കിടെ ഇരുന്നും മുകളിലേക്ക് കയറി. മലയുടെ മുകളിലെ ഭാഗത്ത് മരങ്ങൾ തീരെ കുറവാണ്. പടികൾ അവസാനിക്കുന്നിടത്ത് നിന്ന് 300 മീറ്ററോളം പുൽത്തകിടി ഉണ്ട്. അവിടെ ഒന്ന് രണ്ട് കുളങ്ങളും കുറച്ചു കടകളും ഒക്കെ കാണാം. ചൂട് ചായയും നൂഡിൽസും ഒക്കെ ആണ് കടകളിലെ പ്രധാന വിഭവങ്ങൾ.
നഗ്ഗറിൽ നിന്ന് ജാന വെള്ളച്ചാട്ടം വഴി ബിജ്ലി മഹാദേവിലേക്കുള്ള ഓഫ് റോഡ് റൂട്ട് എത്തുന്നത് ഇവിടേക്കാണ്. വളരെ അപകടം പിടിച്ച വഴിയാണ് അതെന്നാണ് പറഞ്ഞു കേട്ടത്. മഴക്കാലത്ത് തീരെ ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലാകുമത്രേ ആ വഴി.
സമുദ്രനിരപ്പിൽ നിന്നും 2400 മീറ്ററിൽ കൂടുതൽ ഉയരമുണ്ട് ഈ സ്ഥലത്തിന്. മലയുടെ മുകളിൽ നിന്നും നാലുപാടും നോക്കിയാൽ മലകളുടെ മനോഹരമായ ദൃശ്യങ്ങൾ കാണാം. ബിയാസ്, പാർബതി നദികളുടെ സംഗമത്തിന് വളരെ അടുത്താണ് ബിജിലി മഹാദേവ് സ്ഥിതി ചെയ്യുന്നത്. അമ്പലത്തിലെ തെക്കു വശത്തു നിന്ന് നോക്കിയാൽ താഴെ ബിയാസ് നദിയുടെ കരയിൽ ഭുന്തറിൽ ഉള്ള കുള്ളു എയർപോർട്ട് വളരെ വ്യക്തമായി കാണാം







ഹിമാചലിലെ പരമ്പരാഗത വാസ്തു വിദ്യാ രീതിയായ കാഠ് കുനി ശൈലിയിലുള്ള പഴയ കെട്ടിടങ്ങളാണ് അമ്പലത്തിലേത്. പരന്ന കല്ലുകൾ പാകിയ മേൽക്കൂരയും കല്ലും തടിയും ചേർത്ത് ഉണ്ടാക്കിയ ഭിത്തികളും ഈ രീതിയുടെ പ്രത്യേകതകളാണ്. അമ്പലത്തിന്റെ വാതിലിനോട് ചേർന്ന് പലനിറത്തിലുള്ള ചിത്രപ്പണികളും മറ്റും ചെയ്തു വച്ചിട്ടുണ്ട്. വെളിയിൽ വലിയ ഒരു മണിയും തൂക്കിയിട്ടിട്ടുണ്ട്. ബിജ്ലി മഹാദേവിന്റെ ഏറ്റവും വലിയ പ്രത്യേകത ശ്രീകോവിലിന്റെ മുന്നിൽ ഉള്ള തടികൊണ്ടുള്ള വലിയ ഒരു തൂണ് ആണ്. നമ്മുടെ നാട്ടിലെ കൊടിമരങ്ങളെ പോലെ വൃത്താകൃതിയിൽ അല്ല മറിച്ച് ചതുരത്തിലാണ് ഈ തൂണിന്റെ നിർമ്മിതി. ഈ കൊടിമരത്തിൽ ഓരോ 12 വർഷം കൂടുമ്പോഴും ഇടിമിന്നൽ ഏൽക്കും എന്നും മിന്നലിന്റെ ശക്തിയിൽ അമ്പലത്തിലെ ശിവലിംഗം പലതായി പിളർന്നു പോകുമെന്നും, പിന്നീട് പൂജാരി ശിവലിംഗത്തെ വെണ്ണ ഉപയോഗിച്ച് യോജിപ്പിച്ച് വെക്കും എന്നുമൊക്കെയാണ് ഐതിഹ്യം. ഏതാണ്ട് ക്രീം നിറമാണ് ശിവലിംഗത്തിന്




അമ്പലത്തിൽ വലിയ തിരക്കൊന്നും ഇല്ല. ഞങ്ങളെപ്പോലെ നടന്നുകയറിയവരാണ് കൂടുതൽ. ഓഫ് റോഡ് റോഡിൽ വണ്ടി ഓടിച്ചു വന്നവരും കുറച്ചുപേരുണ്ട്. സീസൺ അല്ലാത്തതുകൊണ്ടാണോ തിരക്ക് കുറവുള്ളത് എന്ന് ഉറപ്പില്ല. കുറച്ചുനേരം അമ്പലത്തിന് ചുറ്റും പരിസരത്തും ഒക്കെ ചുറ്റിക്കറങ്ങി മഞ്ഞും തണുപ്പും ഒക്കെ ആസ്വദിച്ച ശേഷം കുറെ പടങ്ങളും എടുത്ത് പതിയെ താഴേക്ക് ഇറങ്ങി. കയറ്റത്തോളം ബുദ്ധിമുട്ടില്ലായിരുന്നുവെങ്കിലും തിരികെയുള്ള ഇറക്കവും കുറച്ച് കഷ്ടപ്പാടായിരുന്നു. നടപ്പ് തുടങ്ങിയിടത്ത് തിരികെയെത്തി അടുത്ത സ്വീകരണ സ്ഥലത്തേക്കുള്ള യാത്ര തുടർന്നു.


No comments: