Wednesday, November 17, 2021

പിയർ റിവ്യൂവിന്റെ 'വില'

ലോകത്ത് ഏറ്റവും ലാഭമുള്ള ബിസിനസ്സാണ് അക്കാദമിക് ജേണലുകൾ പ്രസിദ്ധീകരിക്കുക എന്നത്. ജനലുകളുടെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട പണികളെല്ലാം തന്നെ അധ്യാപകരും ഗവേഷകരും ആയ ആളുകൾ പൂർണ്ണമായും സൗജന്യമായി പബ്ലിഷിംഗ് കമ്പനികൾക്ക് ചെയ്തുകൊടുക്കുന്നതുകൊണ്ടാണ് ഇത്. ഇങ്ങനെ ഗവേഷകർ ചെയ്തു കൊടുക്കുന്ന അധ്വാനത്തിന്റെ മൂല്യം കാര്യമായി കണക്കാക്കപ്പെട്ടിരുന്നില്ല.

Research Integrity and Peer Review എന്ന ജേണലിൽ ഈയാഴ്ച പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ ഹംഗറിയിലും ഓസ്ട്രേലിയയിലും നിന്നുള്ള സൈക്കോളജി ഗവേഷകർ ഈ വിഷയം വിശദമായി പഠിച്ച് അവതരിപ്പിച്ചിട്ടുണ്ട്. ജേണലുകളുടെ പിയർ റിവ്യൂ സംവിധാനത്തിനായി ഗവേഷകർ ചെലവാക്കുന്ന സമയത്തിന് ഏകദേശം മൂല്യം നിർണയിക്കാനാണ് അവർ ശ്രമിച്ചത്. പൊതു ഇടത്തിൽ ലഭ്യമായ വിവരങ്ങൾ മാത്രമേ അവർ ഇതിനായി ഉപയോഗിച്ചിട്ടുള്ളൂ. ഇങ്ങനെ ലഭ്യമായ വിവരങ്ങൾ ഉപയോഗിച്ച് ചില അനുമാനങ്ങൾ നടത്താനാണ് അവർ ശ്രമിച്ചത്.

2020 എന്ന ഒരു വർഷത്തെ മാത്രം കണക്കെടുത്താൽ ലോകമെമ്പാടും ഗവേഷകർ പിയർ റിവ്യൂ നടത്താനായി മാത്രം ചെലവഴിച്ച സമയം 10 കോടി മണിക്കൂറിൽ കൂടുതലാണ് എന്നാണ് അവർ കണ്ടെത്തിയത്. അമേരിക്കയിൽ നിന്നുള്ള ഗവേഷകർ മാത്രം ഇങ്ങനെ ചെലവഴിച്ച സമയത്തിന്റെ മൂല്യം രൂപയിൽ കണക്കാക്കിയാൽ അത് 2020 വർഷത്തിൽ പതിനോരായിരം കോടിയിലേറെ വരും (1.5 billion US dollars, or more than 111695400000 in INR). ചൈനയിൽ നിന്നുള്ള ഗവേഷകരുടേത് അയ്യായിരം കോടി രൂപയോളം വരും. ഇന്ത്യയിലും മറ്റും നിന്നുള്ളവരുടെ കണക്കുകൾ ഇതിൽ ഉൾപ്പെട്ടിട്ടില്ല. 87,000
ജേണലുകളുടെ കണക്കുകൾ മാത്രം വെച്ചാണ് ഈ അനുമാനങ്ങൾ നടത്തിയിട്ടുള്ളത്. യഥാർത്ഥ കണക്കുകൾ ഇതിലൊക്കെ ഒരുപാട് കൂടുതലാവാം എന്നും ഈ ഗവേഷകർ പറയുന്നു.

പഠനത്തിന്റെ ലിങ്ക്https://pubmed.ncbi.nlm.nih.gov/34776003/

No comments: