അക്കാദമിക് കാര്യങ്ങളിൽ വലിയ തോതിൽ സ്വയം നിർണ്ണയാവകാശം ഉള്ളവയാണ്
സർവ്വകലാശാലകളും അവയുടെ ഭാഗമായ അക്കാദമിക് കൗൺസിൽ, ബോർഡ് ഓഫ് സ്റ്റഡീസ്
തുടങ്ങിയ സംഘങ്ങളും. ഉന്നതവിദ്യാഭ്യാസത്തിന് അർഹിക്കുന്ന പ്രാധാന്യം
കൊടുക്കുന്ന ഏതൊരു ഒരു നല്ല സംവിധാനത്തിലും അത് അങ്ങനെ തന്നെ വേണം താനും.
കോടതികൾ പോലും അക്കാദമിക് കാര്യങ്ങളിൽ ഈ അധികാരം മാനിക്കാറുണ്ട്.
എന്നാൽ
ഇത്തരം സ്ഥാപനങ്ങളെയും അവയിലെ സ്ഥാനങ്ങളെയും തലമുറകൾ കൈമാറി വന്ന,
തങ്ങൾക്ക് തന്നിഷ്ട പ്രകാരം എന്തും ചെയ്യാവുന്ന കുടുംബസ്വത്ത് പോലെയാണ്
ഭൂരിപക്ഷം അധ്യാപകരും ഉദ്യോഗസ്ഥരും കണക്കാക്കുന്നത്. പൊതു പണം ശമ്പളത്തിന്
ചെലവാക്കുന്ന ഒഴിവുകളിലേക്ക് തങ്ങൾക്ക് ഇഷ്ടപ്പെട്ടവരെ നിയമിക്കാൻ വേണ്ടി
വഴിവിട്ട് കളിക്കുന്നതും, അക്കാദമിക് കാര്യങ്ങളിൽ തീരുമാനങ്ങൾ എടുക്കുമ്പോൾ
വിദ്യാർത്ഥികളുടെയോ, ഉദ്യോഗാർത്ഥികളുടെയോ, സമൂഹത്തിന്റെയോ, എന്തിന്
താന്താങ്ങളുടെ വിഷയത്തിന്റെയോ പോലും താല്പര്യങ്ങൾക്ക് മുകളിൽ വ്യക്തി
താൽപര്യങ്ങളും ബാലിശമായ പിടിവാശിയും കൊണ്ടുവരുന്നതും ഒക്കെ നമ്മുടെ
അക്കാദമിക് സ്ഥാപനങ്ങളിൽ തികച്ചും സാധാരണമാണ്. എതിർ ശബ്ദം ഉയർത്തിയാൽ
ഉണ്ടാകാവുന്ന നഷ്ടങ്ങളും മിണ്ടാതിരുന്നാൽ ഒരുപക്ഷേ ഏതെങ്കിലും കാലത്ത്
കിട്ടിയേക്കാവുന്ന ഗുണങ്ങളും, പലവിധ നിസ്സഹായതകളും ഒക്കെ കാരണമാവും ഇരകളും
സാക്ഷികളും ഒക്കെ പലപ്പോഴും ഈ അളിഞ്ഞ സംസ്കാരത്തെ എതിർക്കാതിരിക്കുന്നത്.
ഉന്നത/സാങ്കേതിക
വിദ്യാഭ്യാസ മേഖലയിലെ കോഴ്സുകളുടെ അംഗീകാരം (recognition), തുല്യത
(equivalency) തുടങ്ങിയ വിഷയങ്ങളിൽ കാലിക്കറ്റ് സർവ്വകലാശാലയുടെയും മറ്റും
ചില ബോർഡ് ഓഫ് സ്റ്റഡീസ് സംഘങ്ങളുടെ നിലപാടുകൾ പലപ്പോഴും ഇവരൊക്കെ ഏതു
കാലത്താണ് ജീവിക്കുന്നത് എന്ന് ചിന്തിച്ചു പോകുന്ന തരത്തിലാണ്.
സാങ്കേതികമായ (പലപ്പോഴും വിവരം കെട്ട) ഉടക്കുകൾ സ്വന്തമായി കണ്ടുപിടിച്ച്
കേരളത്തിനും രാജ്യത്തിനും പുറത്തു നിന്ന് ഡിഗ്രികൾ എടുത്ത ആളുകളെ
ദ്രോഹിക്കുന്നതിൽ പലർക്കും പ്രത്യേക കഴിവ് തന്നെയുണ്ട്.
വിദ്യാഭ്യാസത്തിന്റെയും നൈപുണികളുടെയും കാര്യത്തിൽ ലോകം മുഴുവനും -
കേരളത്തിലെയും കേന്ദ്രത്തിലെയും സർക്കാരുകൾ ഉൾപ്പെടെ - പോകുന്ന വഴിയുടെ
നേരെ എതിർ ദിശയിലാണ് ഇവരിൽ പലരും മാടമ്പി മനസ്സുകളുമായി
ഓടിക്കൊണ്ടിരിക്കുന്നത്.
സൈക്കോളജിയിൽ കോളേജ് അധ്യാപകനാവാൻ പി എസ്സ്
സി പരീക്ഷ എഴുതിയ ഒരാൾ തന്റെ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിന് (PDF)
വെയിറ്റേജ് വേണം എന്ന് അപേക്ഷ കൊടുത്തു. അയാൾ ഹാജരാക്കിയ സർട്ടിഫിക്കറ്റ്
ഒരു 'ഡിഗ്രി സർട്ടിഫിക്കറ്റ്' അല്ല എന്ന കാരണം പറഞ്ഞ് പീയെസ്സി അത്
നിരസിച്ചു.
സോഷ്യൽ സയൻസ് പിജി യോഗ്യതയായ പോസ്റ്റിൽ പരീക്ഷ എഴുതിയ
ആളുടെ സർട്ടിഫിക്കറ്റ് വേരിഫിക്കേഷൻ സമയത്ത് അവരുടെ യുജി ഡിഗ്രിക്ക്
equivalency വേണമെന്നു പറഞ്ഞ് അവരെ ഓടിച്ചു വിട്ടതും ഇതേ പീയെസ്സി ആണ്.
കാലിക്കറ്റ്
സർവ്വകലാശാല വിദൂര വിദ്യാഭ്യാസം വഴി കൊടുക്കുന്ന BSc Counseling
Psychology എന്ന ഡിഗ്രിക്ക് കാലിക്കറ്റ് സർവ്വകലാശാലയുടെ തന്നെ equivalency
കൊടുക്കാതെ ഇരുന്നതിനെപ്പറ്റി ഒരിക്കൽ അക്കാദമിക് കൗൺസിൽ (അതോ ബോർഡ് ഓഫ്
സ്റ്റഡീസോ) അംഗമായ ഒരു എയ്ഡഡ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ പറഞ്ഞത് "അത്
ഞങ്ങൾ എന്തായാലും കൊടുക്കാൻ പോകുന്നില്ല" എന്നാണ്. കേരളത്തിലെ ഉന്നത
വിദ്യാഭ്യാസ മേഖലയുടെ ഉയർന്ന നിലവാരത്തിനു വേണ്ടിയാണല്ലോ ഇതൊക്കെ എന്നതാണ്
ഒരു സമാധാനം.
കേരളത്തിൽ MCA എന്നൊരു കോഴ്സ് തന്നെ വരുന്നതിനു മുമ്പ്
അലിഗഢ് സർവ്വകലാശാലയിൽ നിന്ന് കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ പിജി എടുത്ത
എന്റെ ഒരു അധ്യാപകന്റെ നിയമനം ഇതേ equivalency-യുടെ പേരും പറഞ്ഞ്
സെക്രട്ടറിയേറ്റിൽ കാലങ്ങളോളം തുലാസിൽ കിടന്ന് ആടിയതാണ്. വിദേശ
സർവ്വകലാശാലകളുടെയും JNU പോലുള്ള സ്ഥാപനങ്ങളുടെയും ഡിഗ്രികൾ വരെ ഇവിടത്തെ
കൂപമണ്ഡൂകങ്ങൾ പുല്ലുപോലെ തള്ളിക്കളയാറുണ്ടത്രേ.
എഴുതാൻ അനുവാദം ഇല്ലാത്ത അനീതിയുടെയും അഴിമതിയുടെയും കഥകൾ ഇനിയുമുണ്ട്.
കേരള
സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ (KSHEC) 2018-19 കാലത്ത് കേരളത്തിലെ
സർവ്വകലാശാലകളിൽ ബിരുദങ്ങളുടെ തുല്യതയും അംഗീകാരവുമായി ബന്ധപ്പെട്ട
വിഷയങ്ങൾ പഠിക്കുന്നതിന് ഒരു കമ്മിറ്റിയെ നിയോഗിച്ചിരുന്നു. KSHEC വൈസ്
ചെയർമാൻ ഡോക്ടർ രാജൻ ഗുരുക്കൾ തന്നെ ആയിരുന്നു അതിന്റെ ചെയർമാൻ. വളരെ
പ്രധാനപ്പെട്ട കുറെയേറെ നിർദ്ദേശങ്ങൾ കമ്മിറ്റി മുന്നോട്ട് വെച്ചിരുന്നു.
എന്നാൽ രണ്ടുവർഷം കഴിഞ്ഞിട്ടും അതൊന്നും കേരളത്തിലെ സർവ്വകലാശാലകളെയോ
കോളേജുകളെയോ കേരള പി എസ്സ് സിയെയോ ബോധ്യപ്പെടുത്താൻ സർക്കാരിനോ കൗൺസിലിനോ
ഇനിയും സാധിച്ചിട്ടില്ല എന്നാണ് മനസ്സിലാകുന്നത്.
കേരളത്തിലെ ഉന്നത
വിദ്യാഭ്യാസ രംഗത്ത് ലിംഗ നീതി ഉറപ്പാക്കുന്നതിനു വേണ്ടി അന്നത്തെ ഉന്നത
വിദ്യാഭ്യാസ കൗൺസിൽ നിയോഗിച്ച സമിതി തയ്യാറാക്കി സമർപ്പിച്ച 2015-ലെ
'സമാഗതി' എന്നൊരു പഠന റിപ്പോർട്ട് ഉണ്ടായിരുന്നു. അജ്ഞാതമായ കാരണങ്ങളാൽ ആ
റിപ്പോർട്ട് നടപ്പാക്കപ്പെടാതെ പോയി. മലയാളി ആൺ ബോധത്തിന് ദഹിക്കാത്ത പല
നിർദ്ദേശങ്ങളും ഉണ്ടായിരുന്നത് കൊണ്ടാവാം ആ റിപ്പോർട്ട് ഒരിക്കലും ഉണരാത്ത
കോമയിൽ ആയിപ്പോയത്.
ഉന്നത വിദ്യാഭ്യാസ/വിജ്ഞാന ഉൽപ്പാദന/ഗവേഷണ
രംഗത്ത് ലിംഗ നീതിയും, ആധുനിക മൂല്യങ്ങളും, ശാസ്ത്രീയ വീക്ഷണവും, സാമൂഹ്യ
പ്രതിബദ്ധതയും ഉറപ്പാക്കാതെ കേരളത്തിന് ഇനിമേൽ മുന്നോട്ട് പോകാൻ കഴിയില്ല
എന്നത് നിലവിലെ സർക്കാർ തിരിച്ചറിയുന്നു എന്ന് കരുതാനാണ് താൽപര്യം. എന്നാൽ
അടിമുടി ഫ്യൂഡൽ മൂല്യങ്ങളിൽ കുളിച്ച ഈ സംവിധാനത്തെ ഇളക്കുക എന്നത് സാമാന്യം
വലിയ പണിയാണ്.
നല്ലത് നടക്കട്ടെ.
Friday, December 10, 2021
On Academic Bodies in Higher Education Institutions
Lifestyle Pickup Trucks
പല രാജ്യങ്ങളിലും പിക്കപ്പ് ട്രക്കുകൾ കാറുകൾ പോലെ തന്നെ പ്രചാരത്തിലുണ്ട്.
ചരക്കു വാഹനമായി മാത്രമല്ല കുടുംബങ്ങളുടെ ആവശ്യങ്ങൾക്കും ഇവ കാര്യമായി
ഉപയോഗിക്കപ്പെടാറുണ്ട്. ഇങ്ങനെ കുടുംബങ്ങളുടെ യാത്രകൾക്കും മറ്റ്
ആവശ്യങ്ങൾക്കുമായി ഉപയോഗിക്കുന്ന ട്രക്കുകളെ Lifestyle Pickup Truck
എന്നാണ് പൊതുവേ വിളിക്കുക. പിക്കപ്പ് ട്രക്കുകൾ അമേരിക്കൻ നാടുകളിൽ വളരെ
സാധാരണമാണെന്ന് ഹോളിവുഡ് സിനിമകൾ കണ്ടാൽ തന്നെ അറിയാൻ പറ്റും.
ഇന്റ്യക്കാർക്ക്
ഇപ്പോഴും കാറുകൾ പോലെ ദൈനംദിന ഉപയോഗത്തിന് പിക്കപ്പ് ട്രക്കുകൾ അത്ര
പിടുത്തമായിട്ടില്ല. ഇതിന് പല കാരണങ്ങളും ഉണ്ടാവാം. മിക്ക കമ്പനികളും ലോക
വിപണിയിലെ അവരുടെ നല്ല ലൈഫ്സ്റ്റൈൽ പിക്കപ്പ് ട്രക്കുകൾ ഇവിടേക്ക്
കൊണ്ടുവന്നിട്ടില്ല. നേരത്തെ വിപണിയിലുള്ള ടാറ്റാ സെനോൺ എന്ന ട്രക്ക്
വ്യക്തിഗത/കുടുംബ ആവശ്യത്തിന് ആളുകൾ ഉപയോഗിക്കുന്നത് അപൂർവ്വമാണ്. മഹീന്ദ്ര
സ്കോർപിയോയുടെ ട്രക്ക് വേർഷനായ ഗെറ്റ് എവേ, മഹീന്ദ്ര ജീനിയോ/ഇംപീരിയോ
ബൊലേറോ ക്യാംപർ ഒന്നും സാധനങ്ങൾ കയറ്റാനല്ലാതെ family use vehicle എന്ന
നിലയിൽ ഇന്റ്യക്കാരെ കാര്യമായി ആകർഷിച്ചില്ല. പ്രീമിയം വണ്ടിയായ Isuzu D
Max V-Cross ആണ് ഇതിന് ഒരു അപവാദം. അത്യാവശ്യം കാശുള്ളവർ മോഡിഫിക്കേഷന്
വേണ്ടി വാങ്ങുന്ന ഒരു വണ്ടിയാണ് V-Cross. ഇസുസു ഈ വർഷം ഇറക്കിയ, അവരുടെ
തന്നെ വാണിജ്യ വാഹനമായ S-Cab-ന്റെ പാസഞ്ചർ വേർഷനായ Hi-Lander എന്ന ട്രക്കും
പക്ഷേ വലിയ വിലയിലാണ് വിൽക്കുന്നത്.
പിക്കപ്പ് ട്രക്കുകൾ വ്യക്തിഗത
ആവശ്യത്തിന് രജിസ്റ്റർ ചെയ്ത് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട നമ്മുടെ
നാട്ടിലെ നിയമങ്ങളും അത്ര സൗഹാർദ്ദപരമല്ല. Cherian vs Transport
Commissioner എന്ന കേസിൽ Goods & passenger vehicle ഗണത്തിൽ പെടുന്ന
മഹീന്ദ്ര ബോലേറോ ക്യാംപർ എന്ന വണ്ടി, വ്യക്തിഗത ആവശ്യങ്ങൾക്ക് വേണ്ടി
മാത്രം ഉപയോഗിക്കാൻ Light Motor Vehicle-Motor Car ആയി വെള്ള നമ്പർ
പ്ലേറ്റിൽ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി അനുവാദം കൊടുത്തിരുന്നു. പക്ഷേ
പിന്നീട് വന്ന Hassan Koya v/s Transport Commissioner എന്ന കേസിൽ
വാങ്ങുന്നയാളുടെ ഉപയോഗം എന്തുതരം ആയാലും വണ്ടി ഉണ്ടാക്കുന്ന കമ്പനി
(manufacturer) ചരക്ക് വാഹനം ആയി പറയുന്ന വണ്ടി അങ്ങനെ മാത്രമേ രജിസ്റ്റർ
ചെയ്യാൻ പാടുള്ളൂ എന്ന് ഹൈക്കോടതി വിധിച്ചിരുന്നു. അതോടെ Isuzu S-Cab പോലെ
കുറച്ചു വിലകുറവുള്ള വണ്ടികൾ personal vehicle ആയി രജിസ്റ്റർ ചെയ്യാൻ
കഴിയില്ല എന്ന് ഉറപ്പായി. വില കൂടിയ ട്രക്കുകൾ മാത്രമേ വെള്ള നമ്പർ
പ്ലേറ്റിൽ ഇറക്കാൻ പറ്റൂ എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഇടത്തരം കുടുംബങ്ങൾ
കാറിനു പകരം പിക്കപ്പ് ട്രക്കുകൾ ഉപയോഗിക്കാനുള്ള എന്തെങ്കിലും സാധ്യതയെ
ഇത്തരം നിയമങ്ങൾ ഇല്ലാതാക്കുന്നു.
അടുത്ത വർഷം ഇന്ത്യയിൽ
കൊണ്ടുവരും എന്ന് പറയപ്പെടുന്ന Toyota Hilux ഒക്കെ പിക്കപ്പ് ട്രക്കുകളെ
കൂടുതൽ പ്രീമിയം ആക്കി നിർത്താൻ തന്നെ ആണ് സാധ്യത. Compact/Subcompact
കാറുകളുടെ വിലയിൽ വിൽക്കാൻ കഴിയുന്ന Renault Duster Oroch പോലുള്ള
ട്രക്കുകൾ അടുത്തൊന്നും ഇവിടെ വരാനുള്ള സാധ്യതയും കാണുന്നില്ല. Isuzu
V-Cross വന്നതിനു പുറകെ Renault Oroch ട്രക്ക് ഇന്റ്യയിൽ ഇറക്കും എന്ന്
2015-ൽ ഒരു വാർത്ത വന്നിരുന്നുവെങ്കിലും പിന്നീട് ഒന്നും ഉണ്ടായില്ല.
സ്കോർപ്പിയോ
ഗെറ്റ് എവേയുടെ പുതിയ വേർഷൻ രണ്ടുമാസം മുമ്പ് ലഡാക്കിൽ ടെസ്റ്റ് ചെയ്തതായി
ഒരു വാർത്ത വന്നിരുന്നു. ഇവിടെ ഇറക്കാൻ തന്നെ ആണോ അതോ ഗെറ്റ് എവേയുടെ
സ്ഥിരം മാർക്കറ്റായ ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും മറ്റും ഇറക്കാനാണോ എന്ന്
ഉറപ്പില്ല. ടൊയോട്ട അവരുടെ പ്രീമിയം Hilux ട്രക്കും കൊണ്ടുവരുന്നതോടെ
മറ്റു കമ്പനികൾ തങ്ങളുടെ വിലകുറഞ്ഞ തരം ട്രക്കുകളും പതിയെയെങ്കിലും
ഇങ്ങോട്ട് കൊണ്ടുവന്നേക്കും എന്ന് ആശിക്കുന്നു.