പല രാജ്യങ്ങളിലും പിക്കപ്പ് ട്രക്കുകൾ കാറുകൾ പോലെ തന്നെ പ്രചാരത്തിലുണ്ട്.
ചരക്കു വാഹനമായി മാത്രമല്ല കുടുംബങ്ങളുടെ ആവശ്യങ്ങൾക്കും ഇവ കാര്യമായി
ഉപയോഗിക്കപ്പെടാറുണ്ട്. ഇങ്ങനെ കുടുംബങ്ങളുടെ യാത്രകൾക്കും മറ്റ്
ആവശ്യങ്ങൾക്കുമായി ഉപയോഗിക്കുന്ന ട്രക്കുകളെ Lifestyle Pickup Truck
എന്നാണ് പൊതുവേ വിളിക്കുക. പിക്കപ്പ് ട്രക്കുകൾ അമേരിക്കൻ നാടുകളിൽ വളരെ
സാധാരണമാണെന്ന് ഹോളിവുഡ് സിനിമകൾ കണ്ടാൽ തന്നെ അറിയാൻ പറ്റും.
ഇന്റ്യക്കാർക്ക്
ഇപ്പോഴും കാറുകൾ പോലെ ദൈനംദിന ഉപയോഗത്തിന് പിക്കപ്പ് ട്രക്കുകൾ അത്ര
പിടുത്തമായിട്ടില്ല. ഇതിന് പല കാരണങ്ങളും ഉണ്ടാവാം. മിക്ക കമ്പനികളും ലോക
വിപണിയിലെ അവരുടെ നല്ല ലൈഫ്സ്റ്റൈൽ പിക്കപ്പ് ട്രക്കുകൾ ഇവിടേക്ക്
കൊണ്ടുവന്നിട്ടില്ല. നേരത്തെ വിപണിയിലുള്ള ടാറ്റാ സെനോൺ എന്ന ട്രക്ക്
വ്യക്തിഗത/കുടുംബ ആവശ്യത്തിന് ആളുകൾ ഉപയോഗിക്കുന്നത് അപൂർവ്വമാണ്. മഹീന്ദ്ര
സ്കോർപിയോയുടെ ട്രക്ക് വേർഷനായ ഗെറ്റ് എവേ, മഹീന്ദ്ര ജീനിയോ/ഇംപീരിയോ
ബൊലേറോ ക്യാംപർ ഒന്നും സാധനങ്ങൾ കയറ്റാനല്ലാതെ family use vehicle എന്ന
നിലയിൽ ഇന്റ്യക്കാരെ കാര്യമായി ആകർഷിച്ചില്ല. പ്രീമിയം വണ്ടിയായ Isuzu D
Max V-Cross ആണ് ഇതിന് ഒരു അപവാദം. അത്യാവശ്യം കാശുള്ളവർ മോഡിഫിക്കേഷന്
വേണ്ടി വാങ്ങുന്ന ഒരു വണ്ടിയാണ് V-Cross. ഇസുസു ഈ വർഷം ഇറക്കിയ, അവരുടെ
തന്നെ വാണിജ്യ വാഹനമായ S-Cab-ന്റെ പാസഞ്ചർ വേർഷനായ Hi-Lander എന്ന ട്രക്കും
പക്ഷേ വലിയ വിലയിലാണ് വിൽക്കുന്നത്.
പിക്കപ്പ് ട്രക്കുകൾ വ്യക്തിഗത
ആവശ്യത്തിന് രജിസ്റ്റർ ചെയ്ത് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട നമ്മുടെ
നാട്ടിലെ നിയമങ്ങളും അത്ര സൗഹാർദ്ദപരമല്ല. Cherian vs Transport
Commissioner എന്ന കേസിൽ Goods & passenger vehicle ഗണത്തിൽ പെടുന്ന
മഹീന്ദ്ര ബോലേറോ ക്യാംപർ എന്ന വണ്ടി, വ്യക്തിഗത ആവശ്യങ്ങൾക്ക് വേണ്ടി
മാത്രം ഉപയോഗിക്കാൻ Light Motor Vehicle-Motor Car ആയി വെള്ള നമ്പർ
പ്ലേറ്റിൽ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി അനുവാദം കൊടുത്തിരുന്നു. പക്ഷേ
പിന്നീട് വന്ന Hassan Koya v/s Transport Commissioner എന്ന കേസിൽ
വാങ്ങുന്നയാളുടെ ഉപയോഗം എന്തുതരം ആയാലും വണ്ടി ഉണ്ടാക്കുന്ന കമ്പനി
(manufacturer) ചരക്ക് വാഹനം ആയി പറയുന്ന വണ്ടി അങ്ങനെ മാത്രമേ രജിസ്റ്റർ
ചെയ്യാൻ പാടുള്ളൂ എന്ന് ഹൈക്കോടതി വിധിച്ചിരുന്നു. അതോടെ Isuzu S-Cab പോലെ
കുറച്ചു വിലകുറവുള്ള വണ്ടികൾ personal vehicle ആയി രജിസ്റ്റർ ചെയ്യാൻ
കഴിയില്ല എന്ന് ഉറപ്പായി. വില കൂടിയ ട്രക്കുകൾ മാത്രമേ വെള്ള നമ്പർ
പ്ലേറ്റിൽ ഇറക്കാൻ പറ്റൂ എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഇടത്തരം കുടുംബങ്ങൾ
കാറിനു പകരം പിക്കപ്പ് ട്രക്കുകൾ ഉപയോഗിക്കാനുള്ള എന്തെങ്കിലും സാധ്യതയെ
ഇത്തരം നിയമങ്ങൾ ഇല്ലാതാക്കുന്നു.
അടുത്ത വർഷം ഇന്ത്യയിൽ
കൊണ്ടുവരും എന്ന് പറയപ്പെടുന്ന Toyota Hilux ഒക്കെ പിക്കപ്പ് ട്രക്കുകളെ
കൂടുതൽ പ്രീമിയം ആക്കി നിർത്താൻ തന്നെ ആണ് സാധ്യത. Compact/Subcompact
കാറുകളുടെ വിലയിൽ വിൽക്കാൻ കഴിയുന്ന Renault Duster Oroch പോലുള്ള
ട്രക്കുകൾ അടുത്തൊന്നും ഇവിടെ വരാനുള്ള സാധ്യതയും കാണുന്നില്ല. Isuzu
V-Cross വന്നതിനു പുറകെ Renault Oroch ട്രക്ക് ഇന്റ്യയിൽ ഇറക്കും എന്ന്
2015-ൽ ഒരു വാർത്ത വന്നിരുന്നുവെങ്കിലും പിന്നീട് ഒന്നും ഉണ്ടായില്ല.
സ്കോർപ്പിയോ
ഗെറ്റ് എവേയുടെ പുതിയ വേർഷൻ രണ്ടുമാസം മുമ്പ് ലഡാക്കിൽ ടെസ്റ്റ് ചെയ്തതായി
ഒരു വാർത്ത വന്നിരുന്നു. ഇവിടെ ഇറക്കാൻ തന്നെ ആണോ അതോ ഗെറ്റ് എവേയുടെ
സ്ഥിരം മാർക്കറ്റായ ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും മറ്റും ഇറക്കാനാണോ എന്ന്
ഉറപ്പില്ല. ടൊയോട്ട അവരുടെ പ്രീമിയം Hilux ട്രക്കും കൊണ്ടുവരുന്നതോടെ
മറ്റു കമ്പനികൾ തങ്ങളുടെ വിലകുറഞ്ഞ തരം ട്രക്കുകളും പതിയെയെങ്കിലും
ഇങ്ങോട്ട് കൊണ്ടുവന്നേക്കും എന്ന് ആശിക്കുന്നു.
Friday, December 10, 2021
Lifestyle Pickup Trucks
Subscribe to:
Post Comments (Atom)
No comments:
Post a Comment