Friday, December 25, 2020
ഈ ലോകം എത്ര സുന്ദരമാണ്; ബേബീ നീയും സുന്ദരനാടാ
Thursday, December 10, 2020
സ്വപ്നങ്ങളുടെ പണി
പൊതുസ്ഥലത്ത് നഗ്നരായി/അർദ്ധനഗ്നരായി നടക്കുന്നതായുള്ള സ്വപ്നം ഏറ്റവും
കൂടുതൽ ആളുകൾ കാണുന്ന ഒന്നാണ് എന്നാണ് ചില പഠനങ്ങൾ പറയുന്നത്. സമാനമായ
നാണക്കേട് ഉണ്ടാക്കുന്ന (feelings of embarrassment) ദൃശ്യങ്ങൾ ഉള്ള മറ്റ്
സ്വപ്നങ്ങളും വളരെ സാധാരണമത്രേ.
ആരെങ്കിലും നമ്മെ ഓടിക്കുകയോ
പിന്തുടരുകയോ ചെയ്യുന്നതും, എവിടെയെങ്കിലും ഒക്കെ പെട്ട് പോകുന്നതും,
പരീക്ഷയിലോ മറ്റോ തോൽക്കുന്നതും, ഒരു വീട്ടിൽ പുതിയ മുറികൾ
കണ്ടെത്തുന്നതും, സെക്സിൽ ഏർപ്പെടുന്നതും, വലിയ താഴ്ചയിലേക്ക് വീഴുന്നതും
ഒക്കെ ഇങ്ങനെ പലരും കാണുന്ന സ്വപ്നങ്ങളാണ്.
ഉറക്കത്തിന് ഓർമ്മകളുടെ
അടുക്കിവെയ്ക്കലും ഉറപ്പിക്കലും (memory consolidation) ഒക്കെയായി ഉള്ള
ബന്ധം ഏറെക്കുറെ അംഗീകരിക്കപ്പെട്ടതാണ്. എന്നാൽ സ്വപ്നങ്ങളുടെ ധർമ്മം
(അവയ്ക്ക് അങ്ങനെ എന്തെങ്കിലും പ്രത്യേക പണിയുണ്ടോ എന്നതുൾപ്പെടെ) ഇപ്പോഴും
കൃത്യമായി മനസ്സിലാക്കപ്പെട്ടിട്ടില്ല.
പതിറ്റാണ്ടുകളോളം പരക്കെ
അംഗീകരിക്കപ്പെട്ടിരുന്ന സിഗ്മണ്ട് ഫ്രോയ്ഡിന്റെ വ്യാഖ്യാനങ്ങൾ ഒക്കെ
ഏതാണ്ട് ഒഴിവാക്കപ്പെട്ട അവസ്ഥയിലാണ്. സ്വപ്നങ്ങളെ പറ്റിയുള്ള കൃത്യമായ
വിവരശേഖരണത്തിന്റെ ബുദ്ധിമുട്ടും അവയെപ്പറ്റി പഠിക്കുന്നതിന് ഒരു
തടസ്സമാണ്.
ഉറക്കത്തിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടതും, കൃത്രിമ
ബുദ്ധി/മെഷീൻ ലേണിംഗ് തുടങ്ങിയവയുമായി ബന്ധപ്പെട്ടതുമായ ചില വിശദീകരണങ്ങൾ
സ്വപ്നങ്ങൾക്ക് നൽകപ്പെട്ടിട്ടുണ്ട്.
ഉറക്കത്തെ പോലെ തന്നെ ഓർമ്മകൾ
ഉറപ്പിക്കുവാൻ (memory consolidation) സഹായിക്കുന്ന പ്രക്രിയയാണ് സ്വപ്നം
എന്ന് ഒരു വിശദീകരണമുണ്ട്. എന്നാൽ ആളുകൾ റിപ്പോർട്ട് ചെയ്യുന്ന
സ്വപ്നങ്ങളിൽ വളരെ ചെറിയ ഒരു ശതമാനത്തിനു മാത്രമേ യഥാർത്ഥ ഓർമ്മകളുമായി
നേരിട്ട് ബന്ധമുള്ളൂ എന്ന ഒരു പ്രശ്നമുണ്ട്.
സമാനമായ മറ്റൊരു വിശദീകരണം
Self-Organization Theory വഴി നൽകപ്പെട്ടിട്ടുണ്ട്. തലച്ചോറിന്റെ സ്വയം
ചിട്ടപ്പെടുത്തൽ പരിപാടിയുടെ (Self-Organization) ഒരു ഉൽപ്പന്നമാണ്
എന്നതാണ് ഈ വിശദീകരണത്തിന്റെ ചുരുക്കം. ഈ സിദ്ധാന്തത്തിനും കൂടുതൽ തെളിവുകൾ
കിട്ടേണ്ടിയിരിക്കുന്നു.
യഥാർത്ഥ ജീവിതത്തിൽ നാം നേരിടാൻ
പോകുന്ന/സാധ്യതയുള്ള പ്രശ്നങ്ങളെയും വെല്ലുവിളികളെയും അഭിമുഖീകരിക്കാനുള്ള
തയ്യാറെടുപ്പാണ് സ്വപ്നങ്ങളിൽ നടക്കുന്നത് എന്ന ഒരു വാദവും നിലവിലുണ്ട്.
വെർച്ച്വൽ റിയാലിറ്റി, കമ്പ്യൂട്ടർ സിമുലേഷൻ തുടങ്ങിയവയുമായി
സ്വപ്നങ്ങൾക്ക് ഉള്ള സാദൃശ്യവും, സ്വപ്നങ്ങൾക്ക് യഥാർത്ഥ ജീവിതവുമായുള്ള
ബന്ധവും സർഗ്ഗാത്മകതയും (creativity) തമ്മിലുള്ള പരസ്പരബന്ധവും
(correlation) ആണ് ഈ വാദത്തിന് ബലം കൊടുക്കുന്നത്
തലച്ചോറുമായി
ബന്ധപ്പെട്ട പ്രവർത്തനങ്ങളെ വിശദീകരിക്കാൻ ശ്രമിക്കുന്ന Predictive
Processing (Karl Friston) മോഡലിന്റെ ഒരു ഭാഗമായും സ്വപ്നങ്ങളെ
വിശദീകരിക്കാൻ ശ്രമിക്കാറുണ്ട്. ഈ മോഡലിനും തെളിവുകളുടെ അടിസ്ഥാനത്തിൽ
അംഗീകാരം കിട്ടേണ്ടതുണ്ട്.
മെഷീൻ ലേണിംഗിൽ നിന്ന് കടമെടുത്ത ആശയമായ
Overfitted Brain Hypothesis (By Erik Hoel) എന്നൊരു വിശദീകരണവും ഉണ്ട്.
തീരുമാനങ്ങളെടുക്കാനുള്ള തലച്ചോറിന്റെ കഴിവിനെ മെച്ചപ്പെടുത്താനായി
ഉപയോഗിക്കുന്ന അനാവശ്യ വിവരങ്ങൾ (noise) ആണ് സ്വപ്നങ്ങൾ എന്നതാണ് ഈ വാദം.
എന്തായാലും
സ്വപ്നങ്ങൾ എന്തിന് എന്ന ചോദ്യത്തിന് തൃപ്തികരമായ ഒരു വിശദീകരണം നാം
ഇപ്പോഴും അന്വേഷിച്ചു കൊണ്ടിരിക്കുകയാണ് എന്ന് പറയാം. അധികം വൈകാതെ ഒരു
ഉത്തരം കൂടുതൽ തെളിഞ്ഞു വന്നേക്കാം.
ഈ വിഷയം പോഡ്കാസ്റ്റ് ആയി സംസാരിച്ചത്:
മലയാളത്തിൽ:
https://bit.ly/2Kasx6U
https://bit.ly/3gzcIms
ഇംഗ്ലീഷിൽ:
https://bit.ly/3gwcvAh