നമ്മളെങ്ങനെയാണ് നേതാക്കളെ തെരഞ്ഞെടുക്കുന്നത്?
അല്ലെങ്കിൽ ആളുകൾ എങ്ങനെയാണ് നേതാക്കളും തീരുമാനമെടുക്കുന്നവരും സ്വാധീനം ചെലുത്തുന്നവരും (influencers) ഒക്കെ ആവുന്നത്?
നേതൃ
സ്ഥാനങ്ങളിൽ (രാഷ്ട്രീയത്തിലും, മതത്തിലും, കോർപ്പറേറ്റ് ലോകത്തും,
കലാരംഗത്തും ഒക്കെ) എത്തുന്ന മനുഷ്യർ പലരും ആ പണിക്ക് കൊള്ളാത്തവരാവും,
എന്നു മാത്രമല്ല ചിലരെങ്കിലും കാര്യങ്ങൾ അടിമുടി നാശമാക്കുകയും
ചെയ്യാറുണ്ട്. രാഷ്ട്രീയ നേതൃത്വത്തിലും മറ്റും എത്തിപ്പെടുന്ന ഇത്തരക്കാർ
ചെയ്യുന്ന ദ്രോഹം തലമുറകളോളം നിലനിൽക്കുകയും ചെയ്യാം.
ആളുകളുടെ
നേതൃപാടവം (മറ്റ് കഴിവുകളും) വിലയിരുത്തുന്നതിൽ നമുക്ക് പൊതുവെ ചില പിഴവുകൾ
സംഭവിക്കാറുണ്ട്. ഒന്ന് ആത്മവിശ്വാസത്തെ (confidence) കഴിവായി
(competence) തെറ്റിദ്ധരിക്കുന്നതാണ്. പക്ഷേ ഇവ രണ്ടും തമ്മിൽ അത്തരമൊരു
ബന്ധം ഇല്ലെന്നാണ് തെളിവുകൾ പറയുന്നത്. ചിലപ്പോഴൊക്കെ അമിത ആത്മവിശ്വാസം
കഴിവില്ലായ്മയ്ക്കും ആത്മാരാധനയ്ക്കും (narcissism) ഒക്കെയുള്ള മറയും
ആയിരിക്കും.
വ്യക്തിപ്രഭാവം അഥവാ കരിസ്മയോടുള്ള നമ്മുടെ
പ്രതിപത്തിയാണ് മറ്റൊരു കെണി. നല്ല നേതാക്കൾ ഈ so-called കരിസ്മ ഉള്ളവരാവണം
എന്ന പൊതുബോധം മാസ് മീഡിയുടെയും ഇന്റർനെറ്റ്/സോഷ്യൽ മീഡിയയുടെയും
വളർച്ചയോടെ വളരെ ശക്തമായിട്ടുണ്ട്. വ്യക്തിപ്രഭാവത്തിന്റ മറ ഉപയോഗിച്ച്
'നിർമ്മിച്ചെടുത്ത' നേതാക്കൾ എത്രമാത്രം ദോഷം ചെയ്യാം എന്നത് നാം
നേരിട്ടറിഞ്ഞു വരികയാണല്ലോ. ഇത്തരം ഷോമാൻമാരെ അപേക്ഷിച്ച് നല്ല
നേതൃപാടവമുള്ള മനുഷ്യർ പലപ്പോഴും പ്രകടനപരത തീരെ കുറവുള്ളവരാവും. നമുക്ക്
കണ്ടിരിക്കാൻ പറ്റുന്ന ഒന്നും അവർക്ക് തരാനുണ്ടാവണമെന്നില്ല.
ആത്മാരാധന
(Narcissism) ഉള്ളവർക്ക് മറ്റുള്ളവരുടെ അംഗീകാരം (ആരാധനയും) വേഗത്തിൽ
പിടിച്ചു പറ്റാനുള്ള കഴിവും ഇതേപോലെ മറ്റൊരു കെണിയാണ്. നാർസിസ്സിറ്റുകൾക്ക്
മറ്റുള്ളവരുടെ മേലുള്ള ഈ സ്വാധീനം ഒരുപാടു കാലം നിലനിൽക്കില്ലെങ്കിലും
അവർക്ക് വേണ്ട കാര്യങ്ങൾ അവർ വേഗം തന്നെ നേടിയിട്ടുണ്ടാവും. മറ്റുള്ളവരെ
ചവിട്ടിമെതിച്ചും ഇല്ലാതാക്കിയും ഏതെങ്കിലുമൊക്കെ സ്ഥാനങ്ങളിൽ എത്തുന്ന ഇവർ
പലപ്പോഴും വിനാശകാരികളായി മാറും. അപ്പോഴും അവരെ പുകഴ്ത്താൻ നമ്മളിൽ പലരും
ഉണ്ടാവുകയും ചെയ്യും. "എത്ര കൊള്ളരുതാത്തവൻ ആയാലെന്താ, അയാൾ ഇത്രയുമൊക്കെ
എത്തിയില്ലേ" എന്നൊക്കെ നമ്മൾ ന്യായീകരിക്കുകയും ചെയ്യും.
എന്താണ് നാം ശരിക്കും ചെയ്യേണ്ടത്?
വ്യക്തിപ്രഭാവത്തിനും
സൗന്ദര്യത്തിനും വാക്ചാതുരിക്കും ഒക്കെ മുകളിൽ നിൽക്കുന്ന ചില ഗുണങ്ങൾ
(ആത്മാർത്ഥത, ബൗദ്ധിക വിനയം (intellectual humility), വൈകാരിക അച്ചടക്കം
(emotion regulation) തുടങ്ങിയവ) ഉള്ള ആളുകളെ വിശ്വാസത്തിലെടുത്ത്
ഉത്തരവാദിത്തങ്ങൾ ഏൽപ്പിക്കുന്ന ശീലം ഉണ്ടാക്കുക എന്നതാണ് ഒരു പ്രധാന
കാര്യം.
ആളുകളെ വിലയിരുത്തുമ്പോൾ സഹജവാസനകൾക്ക് (instincts/hunches)
പ്രാധാന്യം കൊടുക്കാതിരിക്കുക എന്നതും പ്രധാനമാണ്. യുക്തിസഹമെന്ന് നമുക്കു
തോന്നുന്ന പല തീരുമാനങ്ങളും ചിന്താവൈകല്യങ്ങളുടെ (Cognitive Biases)
സൃഷ്ടിയാവാം എന്നത് എപ്പോഴും ഓർക്കുക.
പിന്നെ പ്രധാനപ്പെട്ട തീരുമാനങ്ങൾ ഒക്കെ എടുക്കുമ്പോൾ വേണമെങ്കിൽ ഒരു കൺസൾട്ടിങ്ങ് സൈക്കോളജിസ്റ്റിന്റെ സേവനം തേടാവുന്നതാണ് 😊😊😊
Tuesday, April 05, 2022
നമ്മളെങ്ങനെയാണ് നേതാക്കളെ തെരഞ്ഞെടുക്കുന്നത്?
Sunday, November 21, 2021
എന്തുകൊണ്ടാണ് സൈക്കോളജിയിൽ പെരുമാറ്റച്ചട്ടം (Code of Conduct and Ethics) വേണ്ടത്?
ഒരു സൈക്കോളജിസ്റ്റും അവരുടെ സേവന ഉപഭോക്താവും (client) തമ്മിൽ ഒഴിവാക്കാൻ
കഴിയാത്ത ഒരു അധികാര വ്യത്യാസം (power imbalance) ഉണ്ട്. പ്രാക്ടീസ്
ചെയ്യുന്ന മേഖല അനുസരിച്ച് (ക്ലിനിക്കൽ, കൗൺസലിങ്, സ്പോർട്സ്, കോച്ചിംഗ്,
കൺസൾട്ടിംഗ്, ഇൻഡസ്ട്രിയൽ etc) ഇതിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം എന്നു
മാത്രം.
തന്നെപ്പറ്റിയുള്ള കാര്യങ്ങൾ തുറന്നു പറയുകയും തന്റെ
ഏറ്റവും vulnerable ആയ വശങ്ങൾ വെളിപ്പെടുത്തുകയും ചെയ്യുന്നതുവഴി ക്ലയന്റ്
സൈക്കോളജിസ്റ്റിന്റെ മേൽ ചില അധികാരങ്ങൾ (ഉത്തരവാദിത്തങ്ങളും) ഏൽപ്പിച്ചു
കൊടുക്കുന്നുണ്ട്. അവ തിരിച്ചറിഞ്ഞ് ക്ലയന്റിന്റെ ഗുണത്തിനായി
പ്രവർത്തിക്കുക (act in the best interest of the client), ക്ലയന്റിന്റെ
ശരിയായ ലക്ഷ്യങ്ങൾ നേടാൻ അവരെ സഹായിക്കുക (promoting client goals),
ക്ലയന്റിന്റെ അവകാശങ്ങൾ സംരക്ഷിക്കുക (protecting client rights), പരമാവധി
നന്മ ചെയ്യുകയും, പരമാവധി ഹാനി ഒഴിവാക്കുകയും (maximising good and
minimizing harm) ഇതൊക്കെ ഒരു സൈക്കോളജിസ്റ്റിന്റെ ധാർമികമായ കടമകളിൽ
പെടുന്നു.
സൈക്കോളജിയുമായി ബന്ധപ്പെട്ട ഏതാണ്ട് എല്ലാ
പ്രൊഫഷനുകളിലും അതത് നാട്ടിലെ പ്രൊഫഷണൽ സംഘടനകൾ പെരുമാറ്റച്ചട്ടങ്ങൾ (Codes
of Conduct) ഉണ്ടാക്കാറുണ്ട്. ഈ സംഘടനകളിൽ അംഗങ്ങളായുള്ളവർ
അവയ്ക്കനുസരിച്ച് പ്രവർത്തിക്കണം എന്ന് നിഷ്കർഷിക്കാറുമുണ്ട്.
സൈക്കോളജിസ്റ്റുകൾ പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്നു
എന്ന് പരാതി ഉയർന്നാൽ സംഘടനകൾ ആ പരാതി അന്വേഷിക്കുകയും തെറ്റായ പെരുമാറ്റം
നടത്തിയ ആളെ താക്കീത് ചെയ്യുക, ലൈസൻസിങ്ങ് സംവിധാനം ഉള്ള ഇടങ്ങളിൽ
(ഇന്റ്യയിൽ ലൈസൻസിങ്ങ് ഇല്ല) ലൈസൻസ് മരവിപ്പിക്കുകയോ റദ്ദാക്കുകയോ ചെയ്യുക,
അംഗത്വത്തിൽ നിന്നും പുറത്താക്കുക, സാധ്യമെങ്കിൽ നിയമനടപടികൾ
സ്വീകരിക്കുകയോ, ബാധിക്കപ്പെട്ട ക്ലയന്റിനെ അതിന് സഹായിക്കുകയോ ചെയ്യുക
തുടങ്ങിയ നടപടികൾ എടുക്കുകയും അവ പരസ്യപ്പെടുത്തുകയും ചെയ്യുക എന്നതാണ്
പതിവ്.
പ്രൊഫഷണൽ സംഘടനാതലത്തിൽ ഇത്തരം നടപടികൾ ആവശ്യമായി വരുന്നതിന്
ഒരു കാരണം, പെരുമാറ്റച്ചട്ടങ്ങൾക്ക് വിരുദ്ധമായ പ്രവർത്തികൾ പലതും
സിവിൽ/ക്രിമിനൽ നിയമ സംവിധാനത്തിന്റെ പരിധിയിൽ വരുന്നവ ആവണമെന്നില്ല
എന്നതാണ്. ക്ലയന്റിന്റെ സ്വകാര്യതയും അന്തസ്സും ആയി ബന്ധപ്പെട്ടതും,
ഫീസുമായി ബന്ധപ്പെട്ടതും, അങ്ങനെ പല കാര്യങ്ങളും അതത് പ്രൊഫഷന്റെ ഉള്ളിൽ
നിന്ന് പരിശോധിച്ച് ഒരു തീരുമാനത്തിൽ എത്തേണ്ടവയാവാം. രാജ്യത്തെ ശിക്ഷാ
നിയമത്തിന്റെ പരിധിയിൽ വരുന്ന കാര്യങ്ങൾ അങ്ങോട്ട് കൈമാറുകയും ചെയ്യണം.
നമ്മുടെ
രാജ്യത്ത് മിക്ക സൈക്കോളജി പ്രൊഫഷനുകൾക്കും പൊതു പ്രൊഫഷണൽ സംഘടനകൾ ഇല്ല
എന്നാണറിവ്. ഉള്ള സംഘടനകൾ തന്നെ പെരുമാറ്റച്ചട്ടങ്ങൾ ഉണ്ടാക്കുകയും,
പരസ്യപ്പെടുത്തുകയും, അവ കർശനമായി പാലിക്കപ്പെടുന്നു എന്ന്
ഉറപ്പുവരുത്തുകയും ചെയ്യുന്ന കാര്യത്തിൽ ഒരു താല്പര്യവും കാണിക്കുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ഈ വർഷം മാർച്ചിൽ പാർലമെന്റ് പാസ്സാക്കിയ
National Commission for Allied and Healthcare Professions Act പ്രകാരം
സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന ഒരു അവിയൽ രൂപമുള്ള ദേശീയ കമ്മീഷൻ ആവും
സൈക്കോളജിസ്റ്റുകൾക്കുള്ള പെരുമാറ്റച്ചട്ടം ഉണ്ടാക്കുന്നത്. Something is
Better Than Nothing തത്വം വെച്ച് ഇതിനെ ഈ ദിശയിലുള്ള ഒരു നല്ല നീക്കമായി
കാണാം. പക്ഷേ ആ നിയമം അനുശാസിക്കുന്ന പോലെ, നിയമത്തിന് പ്രസിഡണ്ടിന്റെ
അംഗീകാരം കിട്ടി 60 ദിവസത്തിനുള്ളിൽ നിലവിൽ വരേണ്ട ഇടക്കാല കമ്മീഷൻ
ഇപ്പോഴും കടലാസിൽ തന്നെ ഉറങ്ങുന്നു എന്നാണ് മനസ്സിലാക്കുന്നത്.
സിനിമകളിലും
'കോമഡി' പരിപാടികളിലും സൈക്കോളജിസ്റ്റുകൾക്കുള്ള കോമാളി പരിവേഷത്തോടൊപ്പം
പുതിയതായി ക്രിമിനൽ പട്ടം കൂടി ചാർത്തി കിട്ടാതിരിക്കാൻ സൈക്കോളജി
രംഗത്തുള്ളവർ മുൻകൈ എടുക്കുന്നത് നന്നായിരിക്കും.
Saturday, November 20, 2021
APA Ethical Principles of Psychologists and Code of Conduct
Wednesday, November 03, 2021
കേശവൻ മാമൻ പ്രതിഭാസം QAnon, Conspirituality, and our Uncertain Times
Thursday, October 14, 2021
എന്താണ് മാനസികാരോഗ്യം?
1. എന്താണ് മാനസികാരോഗ്യം?
മാനസിക രോഗങ്ങളില്ലാത്ത അവസ്ഥ മാത്രമല്ല മാനസികാരോഗ്യം. നമുക്ക് സ്വന്തം കഴിവുകൾ തിരിച്ചറിഞ്ഞ്, സൃഷ്ടിപരമായി പ്രവർത്തിക്കാനും, ദൈനംദിന ജീവിതത്തിലെ ബുദ്ധിമുട്ടുകളെ നേരിടാനും, ചുറ്റുമുള്ള സമൂഹത്തിന് ഗുണകരമായ സംഭാവനകൾ നൽകാനും കഴിയുന്ന സൗഖ്യാവസ്ഥ കൂടിയാണ് മാനസികാരോഗ്യം.
2. മാനസികാരോഗ്യത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ:
ശാരീരിക/ ജൈവിക ഘടകങ്ങൾ - പാരമ്പര്യം, തലച്ചോറിലെ രാസഘടകങ്ങൾ തുടങ്ങിയവ
ജീവിതസാഹചര്യങ്ങൾ, ചുറ്റുപാടുകൾ തുടങ്ങിയവ
ശാരീരിക ബുദ്ധിമുട്ടുകൾ/രോഗങ്ങള്‍
കുട്ടിക്കാലത്തോ പിന്നീടോ ഉണ്ടാവുന്ന അനുഭവങ്ങൾ
3. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ / Warning Signs:
താഴെ പറയുന്ന പ്രശ്നങ്ങൾ അലട്ടിയാൽ മാനസികാരോഗ്യ പ്രവർത്തകരുടെ സഹായം തേടേണ്ടതാണ്.
# ഉറക്കത്തിന്റെ ക്രമത്തിലുള്ള വലിയ വ്യത്യാസങ്ങൾ
# ആഹാര ക്രമത്തിലുള്ള വലിയ വ്യത്യാസങ്ങൾ
# സാധാരണ ചെയ്തിരുന്ന പ്രവർത്തികളിൽ നിന്നും വിട്ടുനിൽക്കൽ/ചെയ്യാൻ കഴിയാതിരിക്കൽ
# തീരെ ഊർജ്ജം തോന്നാത്ത അവസ്ഥ
# കടുത്ത നിരാശയും നിസ്സഹായതയും
# പ്രത്യേകിച്ച് കാരണമില്ലാത്ത വേദനയും ശാരീരിക ബുദ്ധിമുട്ടുകളും
# ഓർമ്മ, ശ്രദ്ധ, ഏകാഗ്രത തുടങ്ങിയവയിൽ പെട്ടെന്നുണ്ടാകുന്ന കുറവ്
# കാരണമില്ലാത്ത കടുത്ത നിരാശ
# പുകവലി, മദ്യപാനം പോലുള്ള ശീലങ്ങളിൽ പെട്ടെന്നുണ്ടാകുന്ന വലിയ വർദ്ധനവ്
# ഒഴിവാക്കാൻ കഴിയാത്ത അനാവശ്യമായ ചിന്തകൾ
# ഇല്ലാത്ത ശബ്ദങ്ങൾ കേൾക്കുകയോ കാഴ്ചകൾ കാണുകയോ ചെയ്യുക
# മറ്റുള്ളവരെയോ സ്വയമോ മുറിപ്പെടുത്തുകയോ വേദനിപ്പിക്കുകയോ ചെയ്യുന്നതിനെ പറ്റിയുള്ള ചിന്ത
4. മാനസികാരോഗ്യം വർദ്ധിപ്പിക്കാൻ
മാനസികാരോഗ്യം മെച്ചപ്പെടുത്താൻ ദൈനംദിന ജീവിതത്തിൽ ചെയ്യാവുന്ന കാര്യങ്ങൾ
# ശാരീരിക ആരോഗ്യത്തിൽ ശ്രദ്ധിക്കുക
# വ്യായാമം, ഉറക്കം, സമീകൃതാഹാരം എന്നിവ ശീലമാക്കുക
# മറ്റുള്ളവരുമായി ബന്ധങ്ങൾ നിലനിർത്തുക
# പുതിയ കാര്യങ്ങൾ പഠിക്കാൻ ശ്രമിക്കുക
# മറ്റുള്ളവർക്കായി സമയം ചെലവാക്കാൻ ശ്രമിക്കുക
# സ്വയം ബഹുമാനിക്കുകയും നമുക്കായി സമയവും വിനോദങ്ങളും കണ്ടെത്തുകയും ചെയ്യുക.
www.ascentonline.in
മനശ്ശാസ്ത്രവും ഗവേഷണ മര്യാദകളും: On Psychology and Research Ethics
കൊലയാളിയെ കൊല്ലുന്നതല്ലേ നീതി?
Wednesday, September 22, 2021
Availability Heuristic in Everyday Life
ഇംഗ്ലീഷ് ഭാഷയിൽ k എന്ന അക്ഷരത്തിൽ തുടങ്ങുന്ന വാക്കുകളാണോ k മൂന്നാമത് വരുന്ന വാക്കുകളാണോ കൂടുതലുള്ളത് ?
പെട്ടെന്ന്
ആലോചിച്ചു നോക്കിയാൽ knife, kitten, kind, kitchen, know ഇങ്ങനെ കുറെ
വാക്കുകൾ k-യിൽ തുടങ്ങുന്നതായി ഓർമ്മ വരും. എന്നാൽ acknowledge, ask, like
എന്നിങ്ങനെ k മൂന്നാമത് വരുന്ന വാക്കുകൾ നമ്മിൽ മിക്കവർക്കും കുറച്ചെണ്ണമേ
ഓർത്തെടുക്കാൻ കഴിയൂ.
യഥാർത്ഥത്തിൽ k മൂന്നാമത് വരുന്ന വാക്കുകൾ ആണ് ഇംഗ്ലീഷ് ഭാഷയിൽ കൂടുതലുള്ളത്.
പെട്ടന്ന്
ഓർമ്മയിൽ വരുന്ന സംഭവങ്ങൾക്കും വസ്തുതകൾക്കും ഒക്കെ അവ അർഹിക്കുന്നതിൽ
കൂടുതൽ പ്രാധാന്യം കൊടുക്കാനുള്ള നമ്മുടെ പ്രവണതയാണ് Availability
Heuristic അഥവാ Availability Bias. നമ്മുടെ ഒരുപാട് തീരുമാനങ്ങളും ധാരണകളും
ഒക്കെ ഈ ചിന്താ വൈകല്യത്താൽ സ്വാധീനിക്കപ്പെടാറുണ്ട്.
കാൻസറിനെ
ഭയക്കുന്ന അത്രയും നമ്മളാരും പ്രമേഹത്തെ ഭയക്കാത്തതും, കാൻസർ ഉണ്ടാക്കുന്ന
മറുനാടൻ പച്ചക്കറികളെപ്പറ്റി ഉള്ളത്രയും ഭീകരകഥകൾ ചോറിനെപ്പറ്റിയോ ജിലേബിയെ
പറ്റിയോ ഇല്ലാത്തതും Availability Heuristic-ന്റെ കൂടി സ്വാധീനത്തിലാണ്.
സാമ്പത്തിക
തീരുമാനങ്ങളിലും ജീവിത വീക്ഷണത്തിലും ഒക്കെ ഇത്തരം സ്വാധീനങ്ങൾ നിരന്തരം
ഉണ്ടാവാറുണ്ട്. ഈ വിഷയം പോഡ്കാസ്റ്റ് ആയി സംസാരിച്ചത്
#Psychology
#MalayalamPodcast
https://anchor.fm/dr-chinchu-c/episodes/Availability-Heuristic-in-everyday-life-e17ne8f
Thursday, December 10, 2020
സ്വപ്നങ്ങളുടെ പണി
പൊതുസ്ഥലത്ത് നഗ്നരായി/അർദ്ധനഗ്നരായി നടക്കുന്നതായുള്ള സ്വപ്നം ഏറ്റവും
കൂടുതൽ ആളുകൾ കാണുന്ന ഒന്നാണ് എന്നാണ് ചില പഠനങ്ങൾ പറയുന്നത്. സമാനമായ
നാണക്കേട് ഉണ്ടാക്കുന്ന (feelings of embarrassment) ദൃശ്യങ്ങൾ ഉള്ള മറ്റ്
സ്വപ്നങ്ങളും വളരെ സാധാരണമത്രേ.
ആരെങ്കിലും നമ്മെ ഓടിക്കുകയോ
പിന്തുടരുകയോ ചെയ്യുന്നതും, എവിടെയെങ്കിലും ഒക്കെ പെട്ട് പോകുന്നതും,
പരീക്ഷയിലോ മറ്റോ തോൽക്കുന്നതും, ഒരു വീട്ടിൽ പുതിയ മുറികൾ
കണ്ടെത്തുന്നതും, സെക്സിൽ ഏർപ്പെടുന്നതും, വലിയ താഴ്ചയിലേക്ക് വീഴുന്നതും
ഒക്കെ ഇങ്ങനെ പലരും കാണുന്ന സ്വപ്നങ്ങളാണ്.
ഉറക്കത്തിന് ഓർമ്മകളുടെ
അടുക്കിവെയ്ക്കലും ഉറപ്പിക്കലും (memory consolidation) ഒക്കെയായി ഉള്ള
ബന്ധം ഏറെക്കുറെ അംഗീകരിക്കപ്പെട്ടതാണ്. എന്നാൽ സ്വപ്നങ്ങളുടെ ധർമ്മം
(അവയ്ക്ക് അങ്ങനെ എന്തെങ്കിലും പ്രത്യേക പണിയുണ്ടോ എന്നതുൾപ്പെടെ) ഇപ്പോഴും
കൃത്യമായി മനസ്സിലാക്കപ്പെട്ടിട്ടില്ല.
പതിറ്റാണ്ടുകളോളം പരക്കെ
അംഗീകരിക്കപ്പെട്ടിരുന്ന സിഗ്മണ്ട് ഫ്രോയ്ഡിന്റെ വ്യാഖ്യാനങ്ങൾ ഒക്കെ
ഏതാണ്ട് ഒഴിവാക്കപ്പെട്ട അവസ്ഥയിലാണ്. സ്വപ്നങ്ങളെ പറ്റിയുള്ള കൃത്യമായ
വിവരശേഖരണത്തിന്റെ ബുദ്ധിമുട്ടും അവയെപ്പറ്റി പഠിക്കുന്നതിന് ഒരു
തടസ്സമാണ്.
ഉറക്കത്തിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടതും, കൃത്രിമ
ബുദ്ധി/മെഷീൻ ലേണിംഗ് തുടങ്ങിയവയുമായി ബന്ധപ്പെട്ടതുമായ ചില വിശദീകരണങ്ങൾ
സ്വപ്നങ്ങൾക്ക് നൽകപ്പെട്ടിട്ടുണ്ട്.
ഉറക്കത്തെ പോലെ തന്നെ ഓർമ്മകൾ
ഉറപ്പിക്കുവാൻ (memory consolidation) സഹായിക്കുന്ന പ്രക്രിയയാണ് സ്വപ്നം
എന്ന് ഒരു വിശദീകരണമുണ്ട്. എന്നാൽ ആളുകൾ റിപ്പോർട്ട് ചെയ്യുന്ന
സ്വപ്നങ്ങളിൽ വളരെ ചെറിയ ഒരു ശതമാനത്തിനു മാത്രമേ യഥാർത്ഥ ഓർമ്മകളുമായി
നേരിട്ട് ബന്ധമുള്ളൂ എന്ന ഒരു പ്രശ്നമുണ്ട്.
സമാനമായ മറ്റൊരു വിശദീകരണം
Self-Organization Theory വഴി നൽകപ്പെട്ടിട്ടുണ്ട്. തലച്ചോറിന്റെ സ്വയം
ചിട്ടപ്പെടുത്തൽ പരിപാടിയുടെ (Self-Organization) ഒരു ഉൽപ്പന്നമാണ്
എന്നതാണ് ഈ വിശദീകരണത്തിന്റെ ചുരുക്കം. ഈ സിദ്ധാന്തത്തിനും കൂടുതൽ തെളിവുകൾ
കിട്ടേണ്ടിയിരിക്കുന്നു.
യഥാർത്ഥ ജീവിതത്തിൽ നാം നേരിടാൻ
പോകുന്ന/സാധ്യതയുള്ള പ്രശ്നങ്ങളെയും വെല്ലുവിളികളെയും അഭിമുഖീകരിക്കാനുള്ള
തയ്യാറെടുപ്പാണ് സ്വപ്നങ്ങളിൽ നടക്കുന്നത് എന്ന ഒരു വാദവും നിലവിലുണ്ട്.
വെർച്ച്വൽ റിയാലിറ്റി, കമ്പ്യൂട്ടർ സിമുലേഷൻ തുടങ്ങിയവയുമായി
സ്വപ്നങ്ങൾക്ക് ഉള്ള സാദൃശ്യവും, സ്വപ്നങ്ങൾക്ക് യഥാർത്ഥ ജീവിതവുമായുള്ള
ബന്ധവും സർഗ്ഗാത്മകതയും (creativity) തമ്മിലുള്ള പരസ്പരബന്ധവും
(correlation) ആണ് ഈ വാദത്തിന് ബലം കൊടുക്കുന്നത്
തലച്ചോറുമായി
ബന്ധപ്പെട്ട പ്രവർത്തനങ്ങളെ വിശദീകരിക്കാൻ ശ്രമിക്കുന്ന Predictive
Processing (Karl Friston) മോഡലിന്റെ ഒരു ഭാഗമായും സ്വപ്നങ്ങളെ
വിശദീകരിക്കാൻ ശ്രമിക്കാറുണ്ട്. ഈ മോഡലിനും തെളിവുകളുടെ അടിസ്ഥാനത്തിൽ
അംഗീകാരം കിട്ടേണ്ടതുണ്ട്.
മെഷീൻ ലേണിംഗിൽ നിന്ന് കടമെടുത്ത ആശയമായ
Overfitted Brain Hypothesis (By Erik Hoel) എന്നൊരു വിശദീകരണവും ഉണ്ട്.
തീരുമാനങ്ങളെടുക്കാനുള്ള തലച്ചോറിന്റെ കഴിവിനെ മെച്ചപ്പെടുത്താനായി
ഉപയോഗിക്കുന്ന അനാവശ്യ വിവരങ്ങൾ (noise) ആണ് സ്വപ്നങ്ങൾ എന്നതാണ് ഈ വാദം.
എന്തായാലും
സ്വപ്നങ്ങൾ എന്തിന് എന്ന ചോദ്യത്തിന് തൃപ്തികരമായ ഒരു വിശദീകരണം നാം
ഇപ്പോഴും അന്വേഷിച്ചു കൊണ്ടിരിക്കുകയാണ് എന്ന് പറയാം. അധികം വൈകാതെ ഒരു
ഉത്തരം കൂടുതൽ തെളിഞ്ഞു വന്നേക്കാം.
ഈ വിഷയം പോഡ്കാസ്റ്റ് ആയി സംസാരിച്ചത്:
മലയാളത്തിൽ:
https://bit.ly/2Kasx6U
https://bit.ly/3gzcIms
ഇംഗ്ലീഷിൽ:
https://bit.ly/3gwcvAh
Friday, November 06, 2020
ആള് മിടുക്കനാ/മിടുക്കിയാ, കണ്ടാലറിയാം | Halo Effect and Lookism
ആള് മിടുക്കനാ/മിടുക്കിയാ, കണ്ടാലറിയാം
Wednesday, October 28, 2020
നമ്മളിട്ടാൽ ബർമുഡ
Monday, October 19, 2020
ഇവർക്കിതെന്താ മനസ്സിലാവാത്തത് | Curse of Knowledge and Hindsight Bias
Thursday, October 15, 2020
മഞ്ഞപ്പിത്തം ബാധിച്ച നമ്മുടെ ലോകം | Confirmation Bias and its consequences
ഒരു കൂട്ടുകാരിയുണ്ട്.
Saturday, October 03, 2020
വ്യാജ സൈക്കോളജിസ്റ്റുമാർ ഉണ്ടാവുന്നത് | The issue of standards in practice of Psychology
Tuesday, September 22, 2020
രഹസ്യങ്ങൾ സൂക്ഷിക്കുമ്പോൾ സംഭവിക്കുന്നത് | Secrets and secret-keeping
ആരെങ്കിലും തങ്ങളുടെ രഹസ്യങ്ങൾ നമ്മളോട് പറയുന്നത് പൊതുവേ നമുക്ക് ഇഷ്ടമായിരിക്കും. സ്നേഹത്തിന്റെയോ അടുപ്പത്തിന്റെയോ ഒരു അളവായിട്ടും, നമ്മുടെ വിശ്വാസ്യതയുടെ തെളിവായിട്ടും ഒക്കെ നാം അതിനെ എടുക്കും. ചിലർക്കെങ്കിലും മറ്റുള്ളവരുടെ രഹസ്യങ്ങൾ സൂക്ഷിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായും അനുഭവപ്പെടാം.
Monday, September 14, 2020
പഴയകാലം സുന്ദരമാകുന്നതെന്തുകൊണ്ട് ? | Nostalgia and Rosy Retrospection