Showing posts with label Mental Health. Show all posts
Showing posts with label Mental Health. Show all posts

Sunday, November 21, 2021

User Experience on Counseling/Psychotherapy Services in Kerala and Clientsourced Directory of Mental Health Professionals in Kerala

 രണ്ടു ഫോമുകളിലേക്കുള്ള ലിങ്കുകൾ കൊടുക്കുന്നുണ്ട്.

ഒന്ന് കേരളത്തിൽ ലഭ്യമായ മാനസികാരോഗ്യ സേവനങ്ങളുടെ ഗുണനിലവാരത്തെ പറ്റിയും കാര്യക്ഷമതയെ പറ്റിയും അത്തരം സേവനങ്ങൾ ഉപയോഗിച്ചിട്ടുള്ള ആളുകളുടെ അനുഭവങ്ങളും അഭിപ്രായങ്ങളും ശേഖരിക്കാനുള്ള ഒരു പഠനമാണ്. ഈ പഠനം ഓപ്പൺ സയൻസ് ഫ്രേംവർക്കിൽ പ്രീരജിസ്റ്റർ ചെയ്തിട്ടുള്ളതാണ്. പഠനം പുരോഗമിക്കുന്ന മുറയ്ക്ക് വ്യക്തിവിവരങ്ങൾ ഒഴിവാക്കി മറ്റ് വിവരങ്ങൾ അവിടെ ലഭ്യമാക്കുന്നതാണ്. പ്രീ രജിസ്ട്രേഷൻ വിവരങ്ങൾ കമന്റിലുണ്ട്. ഇതുവരെ 81 പേരാണ് ഫോം വഴി വിവരങ്ങൾ തന്നിട്ടുള്ളത്. കൂടുതൽ പേരിൽ നിന്ന് വിവരങ്ങൾ കിട്ടിയാൽ നല്ലത്. 2021 ഡിസംബർ 31 വരെയാണ് വിവരശേഖരണം നടത്താൻ ഉദ്ദേശിച്ചിട്ടുള്ളത്.

രണ്ടാമത്തേത് വിശ്വസിച്ച് സമീപിക്കാവുന്ന മാനസികാരോഗ്യ സേവനദാതാക്കളുടെ (Mental Health Professionals) ഒരു ലിസ്റ്റ് ഉണ്ടാക്കാനുള്ള ശ്രമമാണ്. മാനസികാരോഗ്യ പ്രവർത്തകർക്ക് Self-nomination ചെയ്യാമെങ്കിലും, സ്വയം മാനസികാരോഗ്യ സേവനങ്ങൾ ഉപയോഗിച്ചവരോ, അടുപ്പമുള്ള ആർക്കെങ്കിലും വേണ്ടി മാനസികാരോഗ്യ സേവനങ്ങൾ തേടിയിട്ടുള്ളവരോ ആയവരുടെ അഭിപ്രായങ്ങൾ ആണ് പ്രധാനമായും തേടുന്നത്.
നിലവിൽ 38 പേരുടെ വിവരങ്ങൾ കിട്ടിയതിൽ ഏതാണ്ട് 14 എണ്ണം മാത്രമാണ് ഇത്തരം നാമനിർദ്ദേശങ്ങൾ. ഇനിയും വിവരങ്ങൾ ആവശ്യമുണ്ട്.
കിട്ടുന്ന വിവരങ്ങൾ പരിശോധിച്ച ശേഷം ASCENT വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാൻ ഉദ്ദേശിക്കുന്നു.

ഈ ഫോമുകൾ വഴി വിവരങ്ങൾ തരാൻ കഴിയുന്നവർ അത് ചെയ്യുകയും വിവരം തരാൻ സാധിക്കുന്നവരിലേക്ക് ഇവ എത്തിക്കുകയും ചെയ്താൽ ഉപകാരം.


Form for the study 'User Experience on Counseling/Psychotherapy Services in Kerala' http://tiny.cc/mhquality

Form for Clientsourced Directory of Mental Health Professionals in Kerala
http://tiny.cc/mhkerala

Additional information on the study 'User Experience on Counseling/Psychotherapy Services in Kerala' is available on the OSF preregistration page at https://osf.io/rtwfp

Thursday, October 14, 2021

എന്താണ് മാനസികാരോഗ്യം?

 

1. എന്താണ് മാനസികാരോഗ്യം?

മാനസിക രോഗങ്ങളില്ലാത്ത അവസ്ഥ മാത്രമല്ല മാനസികാരോഗ്യം. നമുക്ക് സ്വന്തം കഴിവുകൾ തിരിച്ചറിഞ്ഞ്, സൃഷ്ടിപരമായി പ്രവർത്തിക്കാനും, ദൈനംദിന ജീവിതത്തിലെ ബുദ്ധിമുട്ടുകളെ നേരിടാനും, ചുറ്റുമുള്ള സമൂഹത്തിന് ഗുണകരമായ സംഭാവനകൾ നൽകാനും കഴിയുന്ന സൗഖ്യാവസ്ഥ കൂടിയാണ് മാനസികാരോഗ്യം.


2. മാനസികാരോഗ്യത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ:

  • ശാരീരിക/ ജൈവിക ഘടകങ്ങൾ - പാരമ്പര്യം, തലച്ചോറിലെ രാസഘടകങ്ങൾ തുടങ്ങിയവ 

  • ജീവിതസാഹചര്യങ്ങൾ, ചുറ്റുപാടുകൾ തുടങ്ങിയവ

  • ശാരീരിക ബുദ്ധിമുട്ടുകൾ/രോഗങ്ങള്‍‍

  • കുട്ടിക്കാലത്തോ പിന്നീടോ ഉണ്ടാവുന്ന അനുഭവങ്ങൾ


3. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ / Warning Signs:

താഴെ പറയുന്ന പ്രശ്നങ്ങൾ അലട്ടിയാൽ മാനസികാരോഗ്യ പ്രവർത്തകരുടെ സഹായം തേടേണ്ടതാണ്.

# ഉറക്കത്തിന്റെ ക്രമത്തിലുള്ള വലിയ വ്യത്യാസങ്ങൾ 

# ആഹാര ക്രമത്തിലുള്ള വലിയ വ്യത്യാസങ്ങൾ

# സാധാരണ ചെയ്തിരുന്ന പ്രവർത്തികളിൽ നിന്നും വിട്ടുനിൽക്കൽ/ചെയ്യാൻ കഴിയാതിരിക്കൽ 

# തീരെ ഊർജ്ജം തോന്നാത്ത അവസ്ഥ

# കടുത്ത നിരാശയും നിസ്സഹായതയും 

# പ്രത്യേകിച്ച് കാരണമില്ലാത്ത വേദനയും ശാരീരിക ബുദ്ധിമുട്ടുകളും

# ഓർമ്മ, ശ്രദ്ധ, ഏകാഗ്രത തുടങ്ങിയവയിൽ പെട്ടെന്നുണ്ടാകുന്ന കുറവ്

# കാരണമില്ലാത്ത കടുത്ത നിരാശ 

# പുകവലി, മദ്യപാനം പോലുള്ള ശീലങ്ങളിൽ പെട്ടെന്നുണ്ടാകുന്ന വലിയ വർദ്ധനവ്

# ഒഴിവാക്കാൻ കഴിയാത്ത അനാവശ്യമായ ചിന്തകൾ

# ഇല്ലാത്ത ശബ്ദങ്ങൾ കേൾക്കുകയോ കാഴ്ചകൾ കാണുകയോ ചെയ്യുക

# മറ്റുള്ളവരെയോ സ്വയമോ മുറിപ്പെടുത്തുകയോ വേദനിപ്പിക്കുകയോ ചെയ്യുന്നതിനെ പറ്റിയുള്ള ചിന്ത 


4. മാനസികാരോഗ്യം വർദ്ധിപ്പിക്കാൻ

മാനസികാരോഗ്യം മെച്ചപ്പെടുത്താൻ ദൈനംദിന ജീവിതത്തിൽ ചെയ്യാവുന്ന കാര്യങ്ങൾ 

# ശാരീരിക ആരോഗ്യത്തിൽ ശ്രദ്ധിക്കുക

# വ്യായാമം, ഉറക്കം, സമീകൃതാഹാരം എന്നിവ ശീലമാക്കുക 

# മറ്റുള്ളവരുമായി ബന്ധങ്ങൾ നിലനിർത്തുക

# പുതിയ കാര്യങ്ങൾ പഠിക്കാൻ ശ്രമിക്കുക

# മറ്റുള്ളവർക്കായി സമയം ചെലവാക്കാൻ ശ്രമിക്കുക 

# സ്വയം ബഹുമാനിക്കുകയും നമുക്കായി സമയവും വിനോദങ്ങളും കണ്ടെത്തുകയും ചെയ്യുക.


www.ascentonline.in

Thursday, December 10, 2020

സ്വപ്നങ്ങളുടെ പണി

 പൊതുസ്ഥലത്ത് നഗ്നരായി/അർദ്ധനഗ്നരായി നടക്കുന്നതായുള്ള സ്വപ്നം ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന ഒന്നാണ് എന്നാണ് ചില പഠനങ്ങൾ പറയുന്നത്. സമാനമായ നാണക്കേട് ഉണ്ടാക്കുന്ന (feelings of embarrassment) ദൃശ്യങ്ങൾ ഉള്ള മറ്റ് സ്വപ്നങ്ങളും വളരെ സാധാരണമത്രേ.
ആരെങ്കിലും നമ്മെ ഓടിക്കുകയോ പിന്തുടരുകയോ ചെയ്യുന്നതും, എവിടെയെങ്കിലും ഒക്കെ പെട്ട് പോകുന്നതും, പരീക്ഷയിലോ മറ്റോ തോൽക്കുന്നതും, ഒരു വീട്ടിൽ പുതിയ മുറികൾ കണ്ടെത്തുന്നതും, സെക്സിൽ ഏർപ്പെടുന്നതും, വലിയ താഴ്ചയിലേക്ക് വീഴുന്നതും ഒക്കെ ഇങ്ങനെ പലരും കാണുന്ന സ്വപ്നങ്ങളാണ്.

ഉറക്കത്തിന് ഓർമ്മകളുടെ അടുക്കിവെയ്ക്കലും ഉറപ്പിക്കലും (memory consolidation) ഒക്കെയായി ഉള്ള ബന്ധം ഏറെക്കുറെ അംഗീകരിക്കപ്പെട്ടതാണ്. എന്നാൽ സ്വപ്നങ്ങളുടെ ധർമ്മം (അവയ്ക്ക് അങ്ങനെ എന്തെങ്കിലും പ്രത്യേക പണിയുണ്ടോ എന്നതുൾപ്പെടെ) ഇപ്പോഴും കൃത്യമായി മനസ്സിലാക്കപ്പെട്ടിട്ടില്ല.
പതിറ്റാണ്ടുകളോളം പരക്കെ അംഗീകരിക്കപ്പെട്ടിരുന്ന സിഗ്മണ്ട് ഫ്രോയ്ഡിന്റെ വ്യാഖ്യാനങ്ങൾ ഒക്കെ ഏതാണ്ട് ഒഴിവാക്കപ്പെട്ട അവസ്ഥയിലാണ്. സ്വപ്നങ്ങളെ പറ്റിയുള്ള കൃത്യമായ വിവരശേഖരണത്തിന്റെ ബുദ്ധിമുട്ടും അവയെപ്പറ്റി പഠിക്കുന്നതിന് ഒരു തടസ്സമാണ്.
ഉറക്കത്തിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടതും, കൃത്രിമ ബുദ്ധി/മെഷീൻ ലേണിംഗ് തുടങ്ങിയവയുമായി ബന്ധപ്പെട്ടതുമായ ചില വിശദീകരണങ്ങൾ സ്വപ്നങ്ങൾക്ക് നൽകപ്പെട്ടിട്ടുണ്ട്.

ഉറക്കത്തെ പോലെ തന്നെ ഓർമ്മകൾ ഉറപ്പിക്കുവാൻ (memory consolidation) സഹായിക്കുന്ന പ്രക്രിയയാണ് സ്വപ്നം എന്ന് ഒരു വിശദീകരണമുണ്ട്. എന്നാൽ ആളുകൾ റിപ്പോർട്ട് ചെയ്യുന്ന സ്വപ്നങ്ങളിൽ വളരെ ചെറിയ ഒരു ശതമാനത്തിനു മാത്രമേ യഥാർത്ഥ ഓർമ്മകളുമായി നേരിട്ട് ബന്ധമുള്ളൂ എന്ന ഒരു പ്രശ്നമുണ്ട്.
സമാനമായ മറ്റൊരു വിശദീകരണം Self-Organization Theory വഴി നൽകപ്പെട്ടിട്ടുണ്ട്. തലച്ചോറിന്റെ സ്വയം ചിട്ടപ്പെടുത്തൽ പരിപാടിയുടെ (Self-Organization) ഒരു ഉൽപ്പന്നമാണ് എന്നതാണ് ഈ വിശദീകരണത്തിന്റെ ചുരുക്കം. ഈ സിദ്ധാന്തത്തിനും കൂടുതൽ തെളിവുകൾ കിട്ടേണ്ടിയിരിക്കുന്നു.

യഥാർത്ഥ ജീവിതത്തിൽ നാം നേരിടാൻ പോകുന്ന/സാധ്യതയുള്ള പ്രശ്നങ്ങളെയും വെല്ലുവിളികളെയും അഭിമുഖീകരിക്കാനുള്ള തയ്യാറെടുപ്പാണ് സ്വപ്നങ്ങളിൽ നടക്കുന്നത് എന്ന ഒരു വാദവും നിലവിലുണ്ട്. വെർച്ച്വൽ റിയാലിറ്റി, കമ്പ്യൂട്ടർ സിമുലേഷൻ തുടങ്ങിയവയുമായി സ്വപ്നങ്ങൾക്ക് ഉള്ള സാദൃശ്യവും, സ്വപ്നങ്ങൾക്ക് യഥാർത്ഥ ജീവിതവുമായുള്ള ബന്ധവും സർഗ്ഗാത്മകതയും (creativity) തമ്മിലുള്ള പരസ്പരബന്ധവും (correlation) ആണ് ഈ വാദത്തിന് ബലം കൊടുക്കുന്നത്

തലച്ചോറുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെ വിശദീകരിക്കാൻ ശ്രമിക്കുന്ന Predictive Processing (Karl Friston) മോഡലിന്റെ ഒരു ഭാഗമായും സ്വപ്നങ്ങളെ വിശദീകരിക്കാൻ ശ്രമിക്കാറുണ്ട്. ഈ മോഡലിനും തെളിവുകളുടെ അടിസ്ഥാനത്തിൽ അംഗീകാരം കിട്ടേണ്ടതുണ്ട്.

മെഷീൻ ലേണിംഗിൽ നിന്ന് കടമെടുത്ത ആശയമായ Overfitted Brain Hypothesis (By Erik Hoel) എന്നൊരു വിശദീകരണവും ഉണ്ട്. തീരുമാനങ്ങളെടുക്കാനുള്ള തലച്ചോറിന്റെ കഴിവിനെ മെച്ചപ്പെടുത്താനായി ഉപയോഗിക്കുന്ന അനാവശ്യ വിവരങ്ങൾ (noise) ആണ് സ്വപ്നങ്ങൾ എന്നതാണ് ഈ വാദം.

എന്തായാലും സ്വപ്നങ്ങൾ എന്തിന് എന്ന ചോദ്യത്തിന് തൃപ്തികരമായ ഒരു വിശദീകരണം നാം ഇപ്പോഴും അന്വേഷിച്ചു കൊണ്ടിരിക്കുകയാണ് എന്ന് പറയാം. അധികം വൈകാതെ ഒരു ഉത്തരം കൂടുതൽ തെളിഞ്ഞു വന്നേക്കാം.

ഈ വിഷയം പോഡ്കാസ്റ്റ് ആയി സംസാരിച്ചത്:

മലയാളത്തിൽ:
https://bit.ly/2Kasx6U
https://bit.ly/3gzcIms

ഇംഗ്ലീഷിൽ:
https://bit.ly/3gwcvAh

Wednesday, October 28, 2020

നമ്മളിട്ടാൽ ബർമുഡ

നാം ചെയ്യുന്ന പ്രവർത്തികളുടെ, പ്രത്യേകിച്ചും തെറ്റുകളുടെ ഉത്തരവാദിത്തം അന്തരീക്ഷത്തിനും സാഹചര്യത്തിനും മറ്റുള്ളവർക്കും ഒക്കെ ചാർത്തിക്കൊടുക്കാനും, എന്നാൽ മറ്റൊരാൾ ചെയ്യുന്ന പ്രവർത്തികളുടെ ഉത്തരവാദിത്തം ആ വ്യക്തിക്കു മാത്രമാണെന്ന് ചിന്തിക്കാനും ഉള്ള പ്രവണത പൊതുവിൽ കണ്ടുവരാറുള്ളതാണ്. "We are very good lawyers for our own mistakes, but very good judges for the mistakes of others" എന്ന ഇംഗ്ലീഷ് പഴഞ്ചൊല്ലിന്റെ ആശയം ഇതുതന്നെയാണ്.
Actor-Observer Bias (asymmetry) എന്ന പ്രതിഭാസം ഇതിനു പിന്നിലുണ്ട്.
നമുക്ക് അടുത്തറിയാവുന്ന വ്യക്തികളുടെ കാര്യത്തിലും, ഒരു പ്രവർത്തിയുടെ അനന്തരഫലം നല്ലതോ ചീത്തയോ എന്നതിന്റെ അടിസ്ഥാനത്തിലും ഒക്കെ ഈ പ്രവണതയ്ക്ക് ഏറ്റക്കുറച്ചിലുകൾ വരാറുണ്ട്.
പലപ്പോഴും Actor-observer bias മൂലം നമ്മുടെ ചില പ്രവർത്തികളുടെ ഉത്തരവാദിത്തം നാം കൃത്യമായി മനസ്സിലാക്കാതെ പോവുകയും ഒരിക്കൽ പറ്റിയ അബദ്ധങ്ങൾ ആവർത്തിക്കുകയും ചെയ്യാം. അതുപോലെ മറ്റുള്ളവരുടെ കാഴ്ചപ്പാട് കൃത്യമായി മനസ്സിലാക്കാതെ പോകുന്നതും പലപ്പോഴും നമ്മുടെ തീരുമാനങ്ങളെ തെറ്റായി സ്വാധീനിക്കാം.
ഈ വിഷയത്തെപ്പറ്റി പോഡ്കാസ്റ്റിൽ സംസാരിച്ചത്  Google Podcasts
 
 

Friday, September 04, 2020

മടിയാണ് സാറേ മെയിൻ - On Laziness and Procrastination

മടിയില്ലാത്ത മനുഷ്യരുണ്ടാവില്ലല്ലോ. മടിയുമായി ബന്ധപ്പെട്ട എത്ര മീമുകളാണ് സോഷ്യൽ മീഡിയയിൽ നിറയെ.
വെറും മടിയും (Laziness), ചെയ്തുതീർക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങളെ മാറ്റിവെച്ച് അത്ര പ്രധാനപ്പെട്ടതല്ലാത്ത, എന്നാൽ നമുക്ക് സന്തോഷം തരുന്ന ഏതെങ്കിലും കാര്യങ്ങളിലേക്ക് ചാടി പോകുന്ന പരിപാടിയും (Procrastination) പരസ്പരം ബന്ധപ്പെട്ട, എന്നാൽ വ്യത്യസ്തങ്ങളായ കാര്യങ്ങളാണ്. അവസാനനിമിഷത്തിൽ തിരക്കിട്ട് ചെയ്യുമ്പോൾ കിട്ടുന്ന പ്രത്യേക ലഹരിക്കു വേണ്ടി കാര്യങ്ങൾ നീട്ടി വെക്കുന്ന പ്രകൃതത്തെ Active Procrastination എന്നാണ് വിളിക്കുക. ഈ പ്രകൃതം സാധാരണ മാറ്റിവെക്കലിനെ പോലെ പ്രശ്നകാരിയല്ല എന്നാണ് നിലവിലുള്ള പഠനങ്ങൾ പറയുന്നത്.
Carlton സർവ്വകലാശാലയിലെ ഡോക്ടർ ടോം പിക്കൈൽ (Tom Pychyl), Sheffield സർവ്വകലാശാലയിലെ ഡോക്ടർ ഫ്യൂഷാ സിറോയ് (Fuschia Sirois) തുടങ്ങിയവർ ഈ രംഗത്ത് ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന വരാണ്. Procrastination എന്നത് സമയത്തിന്റെ കൃത്യമായ വിനിയോഗവുമായി (Time management) ബന്ധപ്പെട്ട കാര്യമേയല്ല, മറിച്ച് വൈകാരിക നിയന്ത്രണവുമായി (Emotional Self-Regulation) ബന്ധപ്പെട്ട കാര്യമാണ് എന്നതാണ് ഏറെക്കുറെ ഉറപ്പിച്ചു പറയാവുന്ന ഒരു വസ്തുത. നമുക്ക് ചെയ്യാനുള്ള (എന്നാൽ നാം മാറ്റിവയ്ക്കുന്ന) കാര്യത്തിന്റെ ചില പ്രത്യേകതകൾ നാം അവ നീട്ടിവെക്കാനുള്ള സാധ്യത കൂട്ടുന്നതായി ടോം പിക്കൈൽ പറയുന്നു. ഒരു ജോലിയുടെ ബുദ്ധിമുട്ട്, വ്യക്തതക്കുറവ്, രസമില്ലായ്മ, വൈദഗ്ധ്യക്കുറവ് ഒക്കെ ഇക്കൂട്ടത്തിൽ പെടുന്നു.
ഇങ്ങനെ അത്യാവശ്യം ചെയ്യേണ്ട കാര്യങ്ങൾ മാറ്റിവെച്ച് പകരം സമയം കൊല്ലാനുള്ള സാധ്യതകൾ ഇന്റർനെറ്റ് വന്നതോടെ കൂടിയിട്ടുണ്ട് എന്നും കാണാം. യൂട്യൂബിൽ പൂച്ചകളുടെ വീഡിയോകൾ (Cat videos) കാണുന്ന ആളുകളിൽ വലിയൊരു വിഭാഗം ഇത്തരത്തിൽ അത്യാവശ്യ പണികൾ മാറ്റിവെച്ച് ഇരിക്കുന്നവരാണെന്നും അവരിൽ പലർക്കും പിന്നീട് അതിൽ കുറ്റബോധം ഉണ്ടാകാറുണ്ടെന്നും പഠനങ്ങളുണ്ട്.
ഇത്തരം മാറ്റിവെക്കലിനു പിന്നിൽ വൈകാരിക നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് എന്നതുകൊണ്ടുതന്നെ Emotional Self-regulation ശീലിക്കുന്നത് ഈ ദുശ്ശീലത്തെ നേരിടാൻ സഹായിക്കാം. അതുപോലെ ചെയ്തുതീർക്കേണ്ട കാര്യത്തിന്റെ ഒരു ചെറിയ ഭാഗമെങ്കിലും തുടങ്ങി വെക്കുക (5 minute rule), വലിയ ജോലികളെ ചെറിയ ടാസ്കുകൾ ആയി വിഭജിക്കുകയും അവ പൂർത്തീകരിക്കുന്നതിന് സ്വയം ചില പാരിതോഷികങ്ങൾ ഏർപ്പെടുത്തുക ഒക്കെ ചെയ്യുന്നത് ചിലർക്ക് സഹായകമാകാറുണ്ട്. ഈ മേഖലയിൽ, പ്രത്യേകിച്ചും ഇത്തരം പരിഹാരക്രിയകളെ പറ്റി, കൂടുതൽ ഗവേഷണം നടക്കേണ്ടതുണ്ട്.
 
ഇതേ കാര്യങ്ങൾ പോഡ്കാസ്റ്റ് ആയി സംസാരിച്ചത് ദാ ഇവിടെ ലഭ്യമാണ്:
 
Google Podcasts: https://podcasts.google.com/feed/aHR0cHM6Ly9hbmNob3IuZm0vcy8yYzg2MTMwOC9wb2RjYXN0L3Jzcw/episode/YTliZmJhZGItOGUzZC00YTFiLTkzMTYtZDdlNzJmYTA0NDBm?sa=X&ved=2ahUKEwiQoNaN6szsAhVR9DgGHalGBTYQkfYCegQIARAF