അറിയപ്പെടുന്ന മലയാളം യൂട്യൂബ് ചാനലായ ദി മല്ലു അനലിസ്റ്റ് കഴിഞ്ഞദിവസം Toxic Relationship എങ്ങനെ തിരിച്ചറിയാം എന്ന വിഷയത്തിൽ ഒരു വീഡിയോ ഇട്ടിരുന്നു. നിങ്ങൾ അത്തരമൊരു ബന്ധത്തിൽ ആണോ എന്ന് തിരിച്ചറിയാൻ 15 ലക്ഷണങ്ങളും അദ്ദേഹം ആ വീഡിയോയിൽ നിരത്തിയിരുന്നു. വീഡിയോയുടെ description ഭാഗത്ത് Relationship Psychology എന്ന് എഴുതി കണ്ടതുകൊണ്ടാണ് ഈ കുറിപ്പ് ഇടേണ്ടിവരുന്നത്. ആ വീഡിയോയുടെ കമന്റ് സെക്ഷനിൽ ധാരാളം ആളുകൾ തങ്ങൾ/തങ്ങൾക്ക് അറിയാവുന്ന ആരെങ്കിലും അത്തരം ബന്ധങ്ങളിൽ ആയിരുന്നു എന്ന് തിരിച്ചറിയുന്നു എന്നും മറ്റു ചിലർ "താൻ അത്തരം ഒരു വ്യക്തിയാണ് എന്ന് സ്വയം മനസ്സിലാക്കുന്നു" എന്നും പറയുന്നതും കാണാം.
Toxic Relationship അല്ലെങ്കിൽ Toxic persons എന്ന പദങ്ങൾ ഒന്നും തന്നെ മാനസിക രോഗങ്ങളെ സംബന്ധിക്കുന്ന ആധികാരിക ഗ്രന്ഥങ്ങളായ DSM, ICD എന്നിവ പരാമർശിക്കുന്നില്ല എന്നതാണ് ആദ്യം പറയേണ്ട കാര്യം. എന്നാൽ ധാരാളം വെബ്സൈറ്റുകളും മറ്റും popular psychology ഗണത്തിൽ ഈ വീഡിയോയുടെ ഉള്ളടക്കത്തിന് സമാനമായ ലേഖനങ്ങൾ പ്രസിദ്ധീകരിക്കാറുണ്ട്. Toxic relationship എന്നൊരു സംഗതിയേ ഇല്ല എന്ന് വാദിക്കാനല്ല ശ്രമിക്കുന്നത്, മറിച്ച് ഈ '15 ലക്ഷണങ്ങൾ' എന്നതിന് ഏതെങ്കിലും തരത്തിലുള്ള ശാസ്ത്രീയ തെളിവ് (scientific evidence) ഇല്ല എന്ന് പറയാനാണ്.
ഇനി പ്രധാനപ്പെട്ട മറ്റൊരു കാര്യം Toxic/emotionally abusive relationship എന്നതു കൊണ്ട് നാം അർത്ഥമാക്കുന്ന തരം ബന്ധങ്ങളിൽ പലതിലും പെരുമാറ്റ വൈകല്യങ്ങൾ അഥവാ Personality Disorder ഉള്ള ഒരു വ്യക്തി ഉണ്ടാവാറുണ്ട് എന്നതാണ്. എല്ലാ പെരുമാറ്റ വൈകല്യങ്ങളിലും ഇങ്ങനെയുണ്ട് എന്നല്ല, ഇത്തരം abusers എല്ലാം പെരുമാറ്റ വൈകല്യങ്ങൾ ഉള്ളവരാണ് എന്നുമല്ല. പങ്കാളിയെ/പങ്കാളികളെ വൈകാരിക പീഡനത്തിന് (emotional abuse) വിധേയമാക്കുക എന്നത് ചിലയിനം വ്യക്തിത്വ വൈകല്യങ്ങളുടെ ഒരു ലക്ഷണം കൂടിയാണ്. എന്നാൽ അത്തരം ഒരു വ്യക്തിക്ക് തന്റെ രോഗാവസ്ഥയെ (വീഡിയോയിലെ ഭാഷയിൽ പറഞ്ഞാൽ toxicity) പറ്റി അവബോധം ഉണ്ടാക്കി കൊടുക്കുക എന്നതാണ് ഇത്തരം വൈകല്യങ്ങളുടെ ചികിത്സയിലെ ഒരു പക്ഷേ ഏറ്റവും പ്രയാസമുള്ള ഭാഗം. ഒരു വീഡിയോ കണ്ടതു കൊണ്ട് മാത്രം പെരുമാറ്റ വൈകല്യം ഉള്ള ഒരാൾ അത് തിരിച്ചറിയുക എന്നത് ഏതാണ്ട് അസംഭവ്യമാണ് എന്ന് പറയാം.
അപ്പോൾ പിന്നെ ആ വീഡിയോയുടെ താഴെ സ്വയം toxic ആണെന്ന് ഏറ്റു പറച്ചിൽ നടത്തുന്നവരിൽ രണ്ടു തരം ആളുകൾ ഉണ്ടാവാം എന്നാണ് എന്റെ അനുമാനം.
1. നാം ജീവിക്കുന്ന പുരുഷാധിപത്യ സമൂഹത്തിൽ നിന്ന് toxic masculinity എന്ന് വിളിക്കുന്ന ആൺ കോയ്മാ ബോധ്യങ്ങൾ സ്വയമറിയാതെ ഉൾക്കൊണ്ട് അവയെ ചോദ്യം ചെയ്യേണ്ടി വരാതെ ജീവിച്ചുപോരുന്ന ആളുകൾ.
2. ആത്മവിശ്വാസം, ആത്മാഭിമാനം (self-esteem) ഒക്കെ അൽപം കുറവുള്ള, മല്ലു അനലിസ്റ്റിനെ ഒരു ആധികാരിക വിവര സ്രോതസ്സായി കാണുന്ന സാധാരണ ആളുകൾ.
ഇതിൽ ഏതു തരം ആളുകൾ ആയാലും തന്റെ പങ്കാളിയെ വൈകാരികമായി പീഡിപ്പിക്കുന്ന സ്വഭാവം ഉണ്ടെങ്കിൽ അത് മാറേണ്ടത് തന്നെയാണ്. എന്നാൽ ഇതിലും ആദ്യത്തെ വിഭാഗം ആളുകൾക്ക് അത്രവേഗം ആ തിരിച്ചറിവ് ഉണ്ടാവാനുള്ള സാധ്യത കുറവാണെന്നാണ് എന്റെ പക്ഷം. എന്നാലും ആ ഏറ്റുപറച്ചിൽ നടത്തിയ മുഴുവൻ ആളുകളും ഈ ഒന്നാമത്തെ വിഭാഗത്തിൽ പെട്ടവർ ആകട്ടെ എന്നാണ് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നത്. കാരണം രണ്ടാമത്തെ വിഭാഗത്തിൽപ്പെട്ട ആളുകൾക്കാണ് ആ തോന്നൽ ഉണ്ടാകുന്നതെങ്കിൽ അത് അവരെ കൂടുതൽ ആത്മനിന്ദയിലേക്കും മറ്റു പ്രശ്നങ്ങളിലേക്കും നയിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
ഇത്തരം content (പ്രത്യേകിച്ച് Psychology എന്ന ലേബൽ കൂടി ഉപയോഗിക്കുന്നവ) സൃഷ്ടിക്കുന്ന വലിയ തോതിൽ കാഴ്ച്ചക്കാരുള്ള ആളുകൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നന്നാവും.
1. '15 ലക്ഷണങ്ങൾ' എന്നൊക്കെ അക്കമിട്ട് പറയുന്ന കാര്യങ്ങൾക്ക് ശാസ്ത്രീയ തെളിവുകളുടെ പിന്തുണയും ഉണ്ടോ എന്നത് അന്വേഷിക്കുക. അത് വ്യക്തമായി പറയുക.
2. അവതരിപ്പിക്കുന്ന വിഷയത്തെ സംബന്ധിച്ച് നിലവിലുള്ള ഗവേഷണ ഫലങ്ങളെ/ശാസ്ത്രീയ അറിവിനെ കൂടി പറ്റുമെങ്കിൽ പ്രതിപാദിക്കുക.
3. തങ്ങൾ പൊതുസമൂഹത്തിലേക്ക് വിക്ഷേപിക്കുന്ന കാര്യങ്ങൾ, പ്രത്യേകിച്ചും ഇത്തരത്തിൽ സെൻസിറ്റീവ് ആയവ, കേൾക്കുന്ന ആളുകൾ ഏതൊക്കെ തരം ആവാമെന്നും, ഈ കാര്യങ്ങൾ അവരെ എങ്ങനെയൊക്കെ ബാധിക്കാമെന്നും കുറച്ചുകൂടി ആഴത്തിൽ ചിന്തിക്കുക.
മനഃശാസ്ത്രം ഒരു വിഷയമായി പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരും വിവിധ മനഃശാസ്ത്ര മേഖലകളിൽ ജോലി ചെയ്യുന്നവരും ഇത്തരം വിഷയങ്ങൾ പൊതുസമൂഹത്തോട് നിരന്തരം പറയുന്നത് തങ്ങളുടെ സാമൂഹിക ഉത്തരവാദിത്തമായി ഏറ്റെടുക്കുക എന്നതും വളരെ അത്യാവശ്യമാണ്.
ഈ മേഖലയിലെ കപടശാസ്ത്ര പ്രവണതകളെയും പലതരം മുതലെടുപ്പുകളെയും കൃത്യമായി തിരിച്ചറിഞ്ഞ് എതിർക്കുക എന്നത് മാനസികാരോഗ്യം, മാനസികരോഗങ്ങൾ തുടങ്ങിയവയെപ്പറ്റി ഇന്നും സമൂഹത്തിൽ നിലനിൽക്കുന്ന അപമാന ബോധം (stigma) ഇല്ലാതാക്കാൻ കുറച്ചൊക്കെ സഹായിക്കും.
No comments:
Post a Comment