2018-ലെ പ്രളയകാലം മുതൽ ഇങ്ങോട്ട്, ഒരുപക്ഷേ അതിനും മുമ്പു തന്നെ, നാം കാണാറുള്ളതാണ് മലയാളിയുടെ പരോപകാര പ്രവണതയെയും പരസ്പര സഹായശീലത്തെയും മറ്റും നമ്മൾ തന്നെ പുകഴ്ത്തുന്ന ഒരു രീതി. ഇതിനെ അനാവശ്യമായ 'സ്വയം പൊക്കൽ' ആയി ചിലരെങ്കിലും വ്യാഖ്യാനിക്കാറുമുണ്ട്. കേരളത്തിൽ തന്നെ നടക്കുന്ന പലതരം അക്രമങ്ങളെയും മനുഷ്യാവകാശലംഘനങ്ങളെയും ചൂണ്ടിക്കാട്ടി ഇത്തരം അഭിമാനബോധം വെറും ഇരട്ടത്താപ്പാണെന്ന് പറയുന്നവരുമുണ്ട്. അതിൽ ശരികൾ ഇല്ലാതെയില്ല.
"നന്മയുള്ള ലോകമേ" എന്ന പാട്ട് ഏതാണ്ടൊരു ക്ലീഷേ പോലെ ആയതും അതിനെ ചുറ്റിപ്പറ്റി ധാരാളം മീമുകളും ഷോർട്ട് ഫിലിമുകളും മറ്റും വന്നതും നാം കണ്ടതാണ്. ഒരു തുണിക്കടയിലെ ജീവനക്കാരി പ്രായമുള്ള ഒരാളെ ബസ്സിൽ കയറ്റാൻ വേണ്ടി ബസ്സിന് പുറകെ ഓടുന്ന വീഡിയോ വൈറലായപ്പോൾ "ഇതൊക്കെ ആരായാലും ചെയ്യുന്നതല്ലേ, ഇങ്ങനെ പൊക്കിപ്പറയുന്നത് എന്തൊരു വെറുപ്പിക്കലാണ്" എന്ന് ചോദിക്കുന്ന ചിലരെയും കണ്ടിരുന്നു. പെട്ടെന്ന് ശരിയെന്ന് തോന്നാവുന്ന ഒരു കാര്യവുമാണിത്.
എന്നാൽ അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷന്റെ (APA) ജേണലായ സൈക്കോളജിക്കൽ ബുള്ളറ്റിന്റെ 2020 ഓഗസ്റ്റ് ലക്കത്തിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത് മറ്റുള്ളവർ നല്ല പ്രവർത്തികൾ ചെയ്യുന്നതോ പരോപകാരം സ്വീകരിക്കുന്നതോ കാണുന്നവരിൽ അത്തരം നന്മകൾ ചെയ്യാനുള്ള പ്രചോദനം കൂടുമെന്നാണ്. 88 വിവിധ പഠനങ്ങളുടെ മെറ്റാ അനാലിസിസ് ആണ് ഈ പഠനം. പൊതുവിൽ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇങ്ങനെ പരോപകാര പ്രവണത കൂടുതൽ കാണിച്ചതെന്നാണ് പഠനം പറയുന്നത്. സ്വയം സഹായം സ്വീകരിക്കുന്ന സന്ദർഭങ്ങളെക്കാൾ കൂടുതൽ മറ്റുള്ളവർക്ക് സഹായം കിട്ടുന്ന സന്ദർഭങ്ങളാണ് ആളുകളെ പരോപകാരം ചെയ്യാൻ കൂടുതൽ പ്രചോദിപ്പിക്കുന്നത് എന്നും പഠനം പറയുന്നു. Goal contagion അഥവാ നല്ല ലക്ഷ്യങ്ങളുടെ പടർന്നുപിടിക്കൽ എന്ന ഒരു പ്രതിഭാസത്തെ പറ്റി ഈ പഠനം നടത്തിയ ഗവേഷകർ വിശദീകരിക്കുന്നു. സൽപ്രവർത്തികൾ കാണുന്നവർ അതിന്റെ പിന്നിലുള്ള സദുദ്ദേശത്തെ സ്വാംശീകരിക്കുന്നു എന്നും അത് മറ്റു സന്ദർഭങ്ങളിൽ ആളുകളെ സഹായിക്കാൻ അവർക്ക് പ്രചോദനമാകുന്നു എന്നുമാണ് ഈ പഠനത്തിലൂടെ അവർ മുന്നോട്ടുവയ്ക്കുന്ന വാദം.
ഒരു സമൂഹത്തിൽ അനുകരണീയമായ നന്മയുടെ മാതൃകകൾ എത്ര കൂടുന്നോ അത്രയേറെ ആ സമൂഹത്തിൽ പരസ്പര സഹായവും സഹകരണവും കൂടും എന്ന് അനുമാനിക്കാം.
അതായത്,
ഇതുവരെ കണ്ടിട്ടില്ലാത്ത തരം പ്രതിസന്ധികളിലൂടെ നാട് കടന്നു പോകുന്ന ഈ കാലത്ത് കുറച്ചൊക്കെ വെറുപ്പിക്കലായി തോന്നിയാലും നമുക്ക് "നന്മയുള്ള ലോകമേ" പാടിക്കൊണ്ടിരിക്കാം. നന്മകൾ ചെയ്യുന്നവരെ പൊക്കിപ്പറയാം. അതിജീവിക്കണമല്ലോ.
Haesung Jung, Eunjin Seo, Eunjoo Han, Marlone D. Henderson, Erika A. Patall. Prosocial modeling: A meta-analytic review and synthesis.. Psychological Bulletin, 2020; DOI: 10.1037/bul0000235
No comments:
Post a Comment