Tuesday, September 22, 2020

രഹസ്യങ്ങൾ സൂക്ഷിക്കുമ്പോൾ സംഭവിക്കുന്നത് | Secrets and secret-keeping

 ആരെങ്കിലും തങ്ങളുടെ രഹസ്യങ്ങൾ നമ്മളോട് പറയുന്നത് പൊതുവേ നമുക്ക് ഇഷ്ടമായിരിക്കും. സ്നേഹത്തിന്റെയോ അടുപ്പത്തിന്റെയോ ഒരു അളവായിട്ടും, നമ്മുടെ വിശ്വാസ്യതയുടെ തെളിവായിട്ടും ഒക്കെ നാം അതിനെ എടുക്കും. ചിലർക്കെങ്കിലും മറ്റുള്ളവരുടെ രഹസ്യങ്ങൾ സൂക്ഷിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായും അനുഭവപ്പെടാം.

രഹസ്യങ്ങൾ പങ്കുവയ്ക്കുന്നത് ആളുകൾ തമ്മിലുള്ള അടുപ്പത്തെ കൂടുതൽ ഉറപ്പിക്കുന്നു എന്നു തന്നെയാണ് പുതിയ പഠനങ്ങൾ പറയുന്നത്. എന്നാൽ രഹസ്യങ്ങൾ സൂക്ഷിക്കേണ്ടി വരിക എന്നത് ആളുകളെ എങ്ങനെയാണ് ബാധിക്കുക എന്ന കാര്യം അധികം പഠിക്കപ്പെട്ടിരുന്നില്ല. കൊളംബിയ ബിസിനസ് സ്കൂളിലെ അധ്യാപകനായ ഡോക്ടർ മൈക്കിൾ സ്ലെപീയൻ (Michael Slepian) ഈ വിഷയത്തിൽ ചില പഠനങ്ങൾ നടത്തിയിട്ടുണ്ട്.
താൻ സൂക്ഷിക്കുന്ന രഹസ്യത്തെക്കുറിച്ച് കൂടുതൽ ചിന്തിക്കുന്നത് അത് ഒരാളുടെ സൗഖ്യത്തെ (Well-being) ദോഷകരമായി ബാധിച്ചേക്കാം എന്നതാണ് ഒരു കണ്ടെത്തൽ. സംസാരത്തിലും മറ്റും ഒരു കാര്യം മറച്ചുവെയ്ക്കുന്നതിനേക്കാൾ വളരെയേറെ ബുദ്ധിമുട്ടാണ് ആ കാര്യത്തെപ്പറ്റി സ്വയം ആലോചിച്ചു കൊണ്ടിരിക്കുമ്പോൾ ഉണ്ടാവുക. നമ്മുടെ സ്വന്തം രഹസ്യങ്ങളെ പോലെ തന്നെ നമുക്ക് അടുപ്പമുള്ളവർ നമ്മളോട് പറയുന്ന രഹസ്യങ്ങളും നമ്മെ അലട്ടിക്കൊണ്ടിരിക്കാം. നമ്മളെ രഹസ്യം സൂക്ഷിക്കാൻ ഏൽപ്പിച്ച വ്യക്തിയോടുള്ള നമ്മുടെ അടുപ്പം കൂടുതലായിരിക്കുന്തോറും ഈ ബുദ്ധിമുട്ടുകളും കൂടുതലായിരിക്കും. അതുപോലെ രണ്ടുപേർക്കും അറിയാവുന്ന ഒരാളെ പറ്റിയുള്ള രഹസ്യമാണ് സൂക്ഷിക്കേണ്ടതെങ്കിൽ അത് രഹസ്യം സൂക്ഷിക്കുന്നയാൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് കൂടുതലാക്കുന്നു (ഇത് പലർക്കും അനുഭവമുള്ള കാര്യമായിരിക്കും).
ഇനി നമ്മുടെ സ്വന്തം രഹസ്യങ്ങളുടെ കാര്യം എടുത്താൽ നമുക്ക് നാണക്കേട് (Shame) ഉണ്ടാക്കുന്ന തരം രഹസ്യങ്ങളാണ് കുറ്റബോധം (Guilt) ഉണ്ടാക്കുന്ന രഹസ്യങ്ങളെക്കാൾ മനസ്സിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്.
ചുരുക്കത്തിൽ, മറ്റുള്ളവരുടെ രഹസ്യങ്ങൾ സൂക്ഷിക്കുന്ന, അല്ലെങ്കിൽ സൂക്ഷിക്കേണ്ടി വരുന്ന ഒരാളാണ് നിങ്ങളെങ്കിൽ അത്തരം രഹസ്യങ്ങളെപ്പറ്റി ആലോചിച്ചുകൊണ്ടിരിക്കുന്നത് പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക. അല്ലെങ്കിൽ ഇന്നസെന്റിന്റെ കഥാപാത്രം ഒരു മലമുകളിൽ ചെന്ന് ചെയ്യുന്ന പണി പരീക്ഷിക്കുക.
 
ഈ വിഷയം പോഡ്കാസ്റ്റ് ആയി സംസാരിച്ചത്:
 
 
https://www.stitcher.com/podcast/malayalam-podcast-on-psychology/e/78683831

Monday, September 14, 2020

പഴയകാലം സുന്ദരമാകുന്നതെന്തുകൊണ്ട് ? | Nostalgia and Rosy Retrospection

 

പഴയ കാലത്തിന്റെ, അല്ലെങ്കിൽ കഴിഞ്ഞുപോയ സംഭവങ്ങളുടെ ഓർമ്മകൾ പൊതുവിൽ വളരെ മധുരമുള്ളവ ആയിരിക്കുമല്ലോ. പണ്ടത്തെ ഓണം, പണ്ടത്തെ ആഘോഷങ്ങൾ, പണ്ടത്തെ കുട്ടിക്കാലം അങ്ങനെ നീണ്ടു പോകുന്ന കുളിരോർമ്മകൾ കേൾക്കാത്തവരുണ്ടാകില്ല. എന്നാൽ സാഹിത്യത്തിലും സിനിമയിലും നിത്യ ജീവിതത്തിലും ഒക്കെ കാണുന്ന ഇത്തരം മധുരമുള്ള ഓർമ്മകളുടെ വലിയ ഒരു ഭാഗം നമ്മുടെ തലച്ചോർ തന്നെ ചേർക്കുന്ന 'കൃത്രിമ മധുരം' ആണെന്നതാണ് വാസ്തവം.
നമ്മുടെ ഓർമ്മ എന്നത് നേരത്തെ റെക്കോർഡ് ചെയ്ത ഒരു സിഡി/കാസറ്റ് പ്ലേ ചെയ്യുന്നതുപോലെയുള്ള ഒരു പരിപാടിയല്ല, മറിച്ച് ഓരോ തവണയും പുതുതായി നടക്കുന്ന ഒരു തട്ടിക്കൂട്ടി എടുക്കൽ (reconstructive process) ആണെന്നത് ഇന്ന് പൊതുവെ അംഗീകരിക്കപ്പെടുന്ന കാര്യമാണ്. ഈ പ്രക്രിയയിൽ ധാരാളം കൂട്ടിച്ചേർക്കലും വിട്ടുപോകലും ഒക്കെ ഉണ്ടാവാം. അത്തരത്തിലുള്ള ഒരു ചിന്താ വൈകല്യം (Cognitive Bias) ആണ് Rosy Retrospection അഥവാ പഴയ സംഭവങ്ങളെ അവ യഥാർത്ഥത്തിൽ ആയിരുന്നതിനേക്കാൾ കൂടുതൽ സുന്ദരമാക്കി ഓർത്തെടുക്കാനുള്ള പ്രവണത. Nostalgia അഥവാ ഗൃഹാതുരത്വം ഇങ്ങനെ biased reconstruction ആവണമെന്നില്ല എന്നതാണ് ഇവ തമ്മിലുള്ള വ്യത്യാസം.
ഇത്തരം മാറ്റിമാറ്റിക്കലുകൾ ദീർഘകാല ഓർമ്മയെ (long term memory) സഹായിക്കുന്നതായും ആത്മാഭിമാനം/സ്വയം മതിപ്പ് (Self-esteem) നിലനിർത്താൻ സഹായിക്കുന്നതായും കാണപ്പെടുന്നു. മനുഷ്യരെ വിഷാദത്തിൽ നിന്ന് സംരക്ഷിച്ചു നിർത്താനും ഇവ സഹായിക്കാം. ഒരു സംഭവത്തിന്റെ ഏറ്റവും ഉയർന്ന വൈകാരിക അനുഭവവും (Peak) അതിന്റെ അവസാന ഭാഗവും (End) ആണ് നമ്മുടെ ഓർമ്മയിൽ കൂടുതൽ തങ്ങി നിൽക്കുന്നത്. ആ സംഭവത്തെ പറ്റിയുള്ള നമ്മുടെ വിലയിരുത്തൽ (whether it was overall positive or negative) ഇവ രണ്ടിന്റെയും അടിസ്ഥാനത്തിലായിരിക്കും Peak-End rule എന്നാൽ ഈ പ്രതിഭാസവും Rosy Retrospection-മായി ചേർന്ന് നിൽക്കുന്നതാണ്.
പ്രായം കൂടിയവരിൽ ആണ് Rosy Retrospection കൂടുതലായി കാണപ്പെടുന്നത്. 10 മുതൽ 30 വയസ്സിന് ഇടയിലുള്ള കാര്യങ്ങളാണ് വാർധക്യത്തിൽ ഏറ്റവും നന്നായി ഓർത്തെടുക്കാൻ കഴിയുന്നത് എന്നതും, positive ആയ കാര്യങ്ങളാണ് കൂടുതൽ ഓർമ്മയിൽ തങ്ങിനിൽക്കുക എന്നതും ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
Declinism അഥവാ സമൂഹം മൊത്തത്തിൽ മോശം അവസ്ഥയിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ് എന്ന ചിന്തയുമായി ചേർന്ന് നിൽക്കുമ്പോൾ Rosy Retrospection ധാരാളം രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉള്ള ഒന്നായി മാറുന്നു. 'Make America Great Again' എന്ന മുദ്രാവാക്യമുയർത്തി വെള്ളക്കാരായ മധ്യവയസ്കരുടെ വോട്ടുകൾ കൂട്ടത്തോടെ നേടാൻ ഡൊണാൾഡ് ട്രംപിന് കഴിഞ്ഞത് ഒരു ഉദാഹരണമാണ്.
നമ്മുടെ തീരുമാനങ്ങളെയും ആലോചനകളെയും കാര്യമായി സ്വാധീനിക്കാൻ സാധ്യതയുണ്ട് എന്നതുകൊണ്ടും, പഴയ അബദ്ധങ്ങൾ ആവർത്തിക്കാൻ നമ്മെ പ്രേരിപ്പിക്കാം എന്നതുകൊണ്ടും, നിലവിലുള്ള ജീവിതാവസ്ഥയുടെ ചില മെച്ചങ്ങൾ നാം കാണാതെ പോകാൻ കാരണമാകാം എന്നതുകൊണ്ടും ഓർമ്മകളിൽ ആവശ്യത്തിൽ കൂടുതൽ മധുരം ചേർക്കുന്ന തലച്ചോറിന്റെ ഈ വേലയെ പറ്റി നാം അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
 
ഈ വിഷയം പോഡ്കാസ്റ്റ് ആയി പറഞ്ഞത് താഴെ ചേർക്കുന്നു.
 
https://www.stitcher.com/podcast/malayalam-podcast-on-psychology/e/78683832
 

Friday, September 04, 2020

മടിയാണ് സാറേ മെയിൻ - On Laziness and Procrastination

മടിയില്ലാത്ത മനുഷ്യരുണ്ടാവില്ലല്ലോ. മടിയുമായി ബന്ധപ്പെട്ട എത്ര മീമുകളാണ് സോഷ്യൽ മീഡിയയിൽ നിറയെ.
വെറും മടിയും (Laziness), ചെയ്തുതീർക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങളെ മാറ്റിവെച്ച് അത്ര പ്രധാനപ്പെട്ടതല്ലാത്ത, എന്നാൽ നമുക്ക് സന്തോഷം തരുന്ന ഏതെങ്കിലും കാര്യങ്ങളിലേക്ക് ചാടി പോകുന്ന പരിപാടിയും (Procrastination) പരസ്പരം ബന്ധപ്പെട്ട, എന്നാൽ വ്യത്യസ്തങ്ങളായ കാര്യങ്ങളാണ്. അവസാനനിമിഷത്തിൽ തിരക്കിട്ട് ചെയ്യുമ്പോൾ കിട്ടുന്ന പ്രത്യേക ലഹരിക്കു വേണ്ടി കാര്യങ്ങൾ നീട്ടി വെക്കുന്ന പ്രകൃതത്തെ Active Procrastination എന്നാണ് വിളിക്കുക. ഈ പ്രകൃതം സാധാരണ മാറ്റിവെക്കലിനെ പോലെ പ്രശ്നകാരിയല്ല എന്നാണ് നിലവിലുള്ള പഠനങ്ങൾ പറയുന്നത്.
Carlton സർവ്വകലാശാലയിലെ ഡോക്ടർ ടോം പിക്കൈൽ (Tom Pychyl), Sheffield സർവ്വകലാശാലയിലെ ഡോക്ടർ ഫ്യൂഷാ സിറോയ് (Fuschia Sirois) തുടങ്ങിയവർ ഈ രംഗത്ത് ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന വരാണ്. Procrastination എന്നത് സമയത്തിന്റെ കൃത്യമായ വിനിയോഗവുമായി (Time management) ബന്ധപ്പെട്ട കാര്യമേയല്ല, മറിച്ച് വൈകാരിക നിയന്ത്രണവുമായി (Emotional Self-Regulation) ബന്ധപ്പെട്ട കാര്യമാണ് എന്നതാണ് ഏറെക്കുറെ ഉറപ്പിച്ചു പറയാവുന്ന ഒരു വസ്തുത. നമുക്ക് ചെയ്യാനുള്ള (എന്നാൽ നാം മാറ്റിവയ്ക്കുന്ന) കാര്യത്തിന്റെ ചില പ്രത്യേകതകൾ നാം അവ നീട്ടിവെക്കാനുള്ള സാധ്യത കൂട്ടുന്നതായി ടോം പിക്കൈൽ പറയുന്നു. ഒരു ജോലിയുടെ ബുദ്ധിമുട്ട്, വ്യക്തതക്കുറവ്, രസമില്ലായ്മ, വൈദഗ്ധ്യക്കുറവ് ഒക്കെ ഇക്കൂട്ടത്തിൽ പെടുന്നു.
ഇങ്ങനെ അത്യാവശ്യം ചെയ്യേണ്ട കാര്യങ്ങൾ മാറ്റിവെച്ച് പകരം സമയം കൊല്ലാനുള്ള സാധ്യതകൾ ഇന്റർനെറ്റ് വന്നതോടെ കൂടിയിട്ടുണ്ട് എന്നും കാണാം. യൂട്യൂബിൽ പൂച്ചകളുടെ വീഡിയോകൾ (Cat videos) കാണുന്ന ആളുകളിൽ വലിയൊരു വിഭാഗം ഇത്തരത്തിൽ അത്യാവശ്യ പണികൾ മാറ്റിവെച്ച് ഇരിക്കുന്നവരാണെന്നും അവരിൽ പലർക്കും പിന്നീട് അതിൽ കുറ്റബോധം ഉണ്ടാകാറുണ്ടെന്നും പഠനങ്ങളുണ്ട്.
ഇത്തരം മാറ്റിവെക്കലിനു പിന്നിൽ വൈകാരിക നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് എന്നതുകൊണ്ടുതന്നെ Emotional Self-regulation ശീലിക്കുന്നത് ഈ ദുശ്ശീലത്തെ നേരിടാൻ സഹായിക്കാം. അതുപോലെ ചെയ്തുതീർക്കേണ്ട കാര്യത്തിന്റെ ഒരു ചെറിയ ഭാഗമെങ്കിലും തുടങ്ങി വെക്കുക (5 minute rule), വലിയ ജോലികളെ ചെറിയ ടാസ്കുകൾ ആയി വിഭജിക്കുകയും അവ പൂർത്തീകരിക്കുന്നതിന് സ്വയം ചില പാരിതോഷികങ്ങൾ ഏർപ്പെടുത്തുക ഒക്കെ ചെയ്യുന്നത് ചിലർക്ക് സഹായകമാകാറുണ്ട്. ഈ മേഖലയിൽ, പ്രത്യേകിച്ചും ഇത്തരം പരിഹാരക്രിയകളെ പറ്റി, കൂടുതൽ ഗവേഷണം നടക്കേണ്ടതുണ്ട്.
 
ഇതേ കാര്യങ്ങൾ പോഡ്കാസ്റ്റ് ആയി സംസാരിച്ചത് ദാ ഇവിടെ ലഭ്യമാണ്:
 
Google Podcasts: https://podcasts.google.com/feed/aHR0cHM6Ly9hbmNob3IuZm0vcy8yYzg2MTMwOC9wb2RjYXN0L3Jzcw/episode/YTliZmJhZGItOGUzZC00YTFiLTkzMTYtZDdlNzJmYTA0NDBm?sa=X&ved=2ahUKEwiQoNaN6szsAhVR9DgGHalGBTYQkfYCegQIARAF
 

Wednesday, September 02, 2020

"നന്മയുള്ള ലോകമേ" വെറും ക്ലീഷേ മാത്രമാണോ?


2018-ലെ പ്രളയകാലം മുതൽ ഇങ്ങോട്ട്, ഒരുപക്ഷേ അതിനും മുമ്പു തന്നെ, നാം കാണാറുള്ളതാണ് മലയാളിയുടെ പരോപകാര പ്രവണതയെയും പരസ്പര സഹായശീലത്തെയും മറ്റും നമ്മൾ തന്നെ പുകഴ്ത്തുന്ന ഒരു രീതി. ഇതിനെ അനാവശ്യമായ 'സ്വയം പൊക്കൽ' ആയി ചിലരെങ്കിലും വ്യാഖ്യാനിക്കാറുമുണ്ട്. കേരളത്തിൽ തന്നെ നടക്കുന്ന പലതരം അക്രമങ്ങളെയും മനുഷ്യാവകാശലംഘനങ്ങളെയും ചൂണ്ടിക്കാട്ടി ഇത്തരം അഭിമാനബോധം വെറും ഇരട്ടത്താപ്പാണെന്ന് പറയുന്നവരുമുണ്ട്. അതിൽ ശരികൾ ഇല്ലാതെയില്ല.
"നന്മയുള്ള ലോകമേ" എന്ന പാട്ട് ഏതാണ്ടൊരു ക്ലീഷേ പോലെ ആയതും അതിനെ ചുറ്റിപ്പറ്റി ധാരാളം മീമുകളും ഷോർട്ട് ഫിലിമുകളും മറ്റും വന്നതും നാം കണ്ടതാണ്. ഒരു തുണിക്കടയിലെ ജീവനക്കാരി പ്രായമുള്ള ഒരാളെ ബസ്സിൽ കയറ്റാൻ വേണ്ടി ബസ്സിന് പുറകെ ഓടുന്ന വീഡിയോ വൈറലായപ്പോൾ "ഇതൊക്കെ ആരായാലും ചെയ്യുന്നതല്ലേ, ഇങ്ങനെ പൊക്കിപ്പറയുന്നത് എന്തൊരു വെറുപ്പിക്കലാണ്" എന്ന് ചോദിക്കുന്ന ചിലരെയും കണ്ടിരുന്നു. പെട്ടെന്ന് ശരിയെന്ന് തോന്നാവുന്ന ഒരു കാര്യവുമാണിത്.
എന്നാൽ അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷന്റെ (APA) ജേണലായ സൈക്കോളജിക്കൽ ബുള്ളറ്റിന്റെ 2020 ഓഗസ്റ്റ് ലക്കത്തിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത് മറ്റുള്ളവർ നല്ല പ്രവർത്തികൾ ചെയ്യുന്നതോ പരോപകാരം സ്വീകരിക്കുന്നതോ കാണുന്നവരിൽ അത്തരം നന്മകൾ ചെയ്യാനുള്ള പ്രചോദനം കൂടുമെന്നാണ്. 88 വിവിധ പഠനങ്ങളുടെ മെറ്റാ അനാലിസിസ് ആണ് ഈ പഠനം. പൊതുവിൽ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇങ്ങനെ പരോപകാര പ്രവണത കൂടുതൽ കാണിച്ചതെന്നാണ് പഠനം പറയുന്നത്. സ്വയം സഹായം സ്വീകരിക്കുന്ന സന്ദർഭങ്ങളെക്കാൾ കൂടുതൽ മറ്റുള്ളവർക്ക് സഹായം കിട്ടുന്ന സന്ദർഭങ്ങളാണ് ആളുകളെ പരോപകാരം ചെയ്യാൻ കൂടുതൽ പ്രചോദിപ്പിക്കുന്നത് എന്നും പഠനം പറയുന്നു. Goal contagion അഥവാ നല്ല ലക്ഷ്യങ്ങളുടെ പടർന്നുപിടിക്കൽ എന്ന ഒരു പ്രതിഭാസത്തെ പറ്റി ഈ പഠനം നടത്തിയ ഗവേഷകർ വിശദീകരിക്കുന്നു. സൽപ്രവർത്തികൾ കാണുന്നവർ അതിന്റെ പിന്നിലുള്ള സദുദ്ദേശത്തെ സ്വാംശീകരിക്കുന്നു എന്നും അത് മറ്റു സന്ദർഭങ്ങളിൽ ആളുകളെ സഹായിക്കാൻ അവർക്ക് പ്രചോദനമാകുന്നു എന്നുമാണ് ഈ പഠനത്തിലൂടെ അവർ മുന്നോട്ടുവയ്ക്കുന്ന വാദം.
ഒരു സമൂഹത്തിൽ അനുകരണീയമായ നന്മയുടെ മാതൃകകൾ എത്ര കൂടുന്നോ അത്രയേറെ ആ സമൂഹത്തിൽ പരസ്പര സഹായവും സഹകരണവും കൂടും എന്ന് അനുമാനിക്കാം.
അതായത്,
ഇതുവരെ കണ്ടിട്ടില്ലാത്ത തരം പ്രതിസന്ധികളിലൂടെ നാട് കടന്നു പോകുന്ന ഈ കാലത്ത് കുറച്ചൊക്കെ വെറുപ്പിക്കലായി തോന്നിയാലും നമുക്ക് "നന്മയുള്ള ലോകമേ" പാടിക്കൊണ്ടിരിക്കാം. നന്മകൾ ചെയ്യുന്നവരെ പൊക്കിപ്പറയാം. അതിജീവിക്കണമല്ലോ.
Haesung Jung, Eunjin Seo, Eunjoo Han, Marlone D. Henderson, Erika A. Patall. Prosocial modeling: A meta-analytic review and synthesis.. Psychological Bulletin, 2020; DOI: 10.1037/bul0000235