ആള് മിടുക്കനാ/മിടുക്കിയാ, കണ്ടാലറിയാം
+++++
ഒരു വ്യക്തിയെപ്പറ്റി നമുക്ക് അറിയാവുന്ന/ഇഷ്ടപ്പെട്ട ഒരു നല്ല വശം മാത്രം അടിസ്ഥാനമാക്കി അവരുടെ മറ്റു കഴിവുകളെപ്പറ്റിയോ ഗുണങ്ങളെപ്പറ്റിയോ ഒക്കെ (മിക്കവാറും തെറ്റായ) നിഗമനങ്ങളിൽ എത്താനുള്ള തലച്ചോറിന്റെ ഒരു പ്രവണതയെ ആണ് Halo effect എന്ന് വിളിക്കുന്നത്. ഇത്തരം നിഗമനങ്ങൾ മിക്കവാറും ഏതെങ്കിലും തെളിവുകളുടെ അടിസ്ഥാനത്തിൽ ആയിരിക്കില്ല ഉണ്ടാവുന്നത് എന്നതാണ് ഇതിലെ അപകടം. വ്യക്തികളുടെ കാര്യത്തിൽ മാത്രമല്ല സ്ഥാപനങ്ങൾ, ബ്രാൻഡുകൾ, ഉൽപ്പന്നങ്ങൾ ഇവയെപ്പറ്റി ഒക്കെ ഇത്തരം തെറ്റായ നിഗമനങ്ങളിൽ നമ്മൾ എത്താറുണ്ട്.
കാര്യമായി യുക്തി ഉപയോഗിക്കാതെ, തികച്ചും സ്വാഭാവികമെന്നോണം ആണ് തലച്ചോറിൽ ഈ പരിപാടി നടക്കുന്നത്. അതുകൊണ്ടുതന്നെ ഇത് തിരിച്ചറിയാനും, ഒഴിവാക്കാനും കുറച്ചു ബുദ്ധിമുട്ടാണ്. പ്രശസ്തനായ സിനിമാനടൻ തനിക്ക് യാതൊരു വൈദഗ്ധ്യവും ഇല്ലാത്ത രോഗങ്ങൾ, ചികിത്സ, മരുന്ന് തുടങ്ങിയ വിഷയങ്ങളിൽ അഭിപ്രായം പറയുമ്പോഴും ഒരുപാട് ആളുകൾ അത്തരം അഭിപ്രായങ്ങളെ അതുപോലെ സ്വീകരിക്കുന്നതിന് പിന്നിൽ Halo effect ഉണ്ടാവാം.
1974-ൽ നടത്തിയ പ്രശസ്തമായ ഒരു പരീക്ഷണത്തിൽ, താരതമ്യേന പരിചിതമായി തോന്നുന്ന, സാധാരണവും, പ്രശസ്തവുമായ പേരുകളുള്ള കുട്ടികൾ എഴുതിയ അസൈൻമെന്റുകൾക്ക് അധ്യാപകർ കൂടുതൽ മാർക്ക് കൊടുക്കാനുള്ള സാധ്യതയുണ്ടെന്ന് കണ്ടിരുന്നു.
നമ്മുടെ നാട്ടിൽ പല ആളുകളും സ്വന്തം പേരിനു പിന്നിൽ ചില വാലുകൾ കൊണ്ടു നടക്കുന്നതും സ്വയമറിയാതെയെങ്കിലും ഈ Halo effect പ്രയോജനപ്പെടുത്താൻ കൂടി ആവാം.
Lookism എന്ന, കാഴ്ചയിൽ ആകർഷണീയത കുറവുള്ള ആളുകളോട് വിവേചനം കാണിക്കുവാനുള്ള പ്രവണതയും ഇതിനോട് ബന്ധപ്പെട്ടിരിക്കുന്നു. ജോലിസ്ഥലങ്ങളിലും കുടുംബങ്ങളിലും തുടങ്ങി ഒരുപാട് ഇടങ്ങളിൽ lookism ഉള്ളതായും പഠനങ്ങൾ കാണിക്കുന്നു.
മറ്റുള്ള ആളുകളെയും ഉൽപന്നങ്ങളെയും ഒക്കെ വിലയിരുത്തുമ്പോൾ എളുപ്പം ഉത്തരത്തിലേക്ക് എത്തിച്ചേരാതെ കുറച്ച് പണിയെടുക്കാൻ തലച്ചോറിനെ പ്രേരിപ്പിക്കുക എന്നതാണ് Halo effect കുറയ്ക്കാനുള്ള ഒരു മാർഗ്ഗം.
Halo effect, Lookism എന്നിവയെ പറ്റി വിശദമായി പോഡ്കാസ്റ്റിൽ സംസാരിച്ചതിന്റെ ലിങ്ക് താഴെ
മലയാളം:
No comments:
Post a Comment