കേരളത്തിൽ അപൂർവ്വമായ ഒരു കാഴ്ചയാവണം ചിത്രത്തിലുള്ളത്.
സ്വന്തമായി ഓട്ടോമൊബൈൽ സ്പെയർ പാർട്സ് കട നടത്തുന്ന ഒരു സ്ത്രീ. വെറും കട മുതലാളിയോ ജീവനക്കാരിയോ അല്ല, മറിച്ച് ഒരു സ്ഥാപനത്തിന്റെ sole proprietor ആണ്. കടയിലേക്ക് വേണ്ട സാധനങ്ങൾക്ക് സ്റ്റോക്ക് നോക്കി ഓർഡർ കൊടുക്കുന്നതും, വേണ്ടാത്ത/കേടായ സാധനങ്ങൾ തിരികെ അയയ്ക്കുന്നതും, സാധനം വാങ്ങാൻ വരുന്നവർക്ക് സംശയങ്ങൾ ഉണ്ടെങ്കിൽ അവരുടെ മെക്കാനിക്കിനോട് ഫോണിൽ സംസാരിച്ച് ഏതു സാധനമാണ് വേണ്ടത് എന്ന് തീരുമാനിക്കുന്നതും, ചില സാധനങ്ങളുടെ compatibility പറഞ്ഞു കൊടുക്കുന്നതും ഒക്കെ തനിച്ചാണ്.
വാഹനങ്ങളുടെ സ്പെയർ പാർട്ടുകൾ തിരിച്ചറിയുന്നതിനും മറ്റും ആളിന് സ്വന്തമായ ചില രീതികളും ഉണ്ട്. ഉദാഹരണത്തിന് ഒരേ വണ്ടിയുടെ രണ്ട് വിവിധ മോഡലുകൾക്കുള്ള കേബിളുകളും മറ്റും തിരിച്ചറിയുന്നത് "അറ്റത്തുള്ള മെറ്റൽ കഷണത്തിന്റെ വലിപ്പം", അല്ലെങ്കിൽ "ഒരു വശത്തെ പൈപ്പിന്റെ വളവ്" എന്നിങ്ങനെ അധികമാരും ശ്രദ്ധിക്കാത്ത ചില പ്രത്യേകതകൾ ഒക്കെ വെച്ചാണ്.
കുറഞ്ഞത് അഞ്ചു വർഷമെങ്കിലും ആയി ആൾ ഈ കാര്യങ്ങൾ കൈകാര്യം ചെയ്തു തുടങ്ങിയിട്ട്. ഭർത്താവിന് ശാരീരിക അവശതകളും ഓർമ്മക്കുറവും തുടങ്ങിയ കാലം മുതൽ കാര്യങ്ങൾ സ്വയം പഠിച്ചെടുത്ത് കളത്തിൽ ഇറങ്ങിയതാണ്. ഏറെക്കാലം അദ്ദേഹത്തെ കടയിൽ ഇരുത്തി കാര്യങ്ങൾ ഒക്കെ സ്വയം ഏറ്റെടുത്തു ചെയ്തു. അദ്ദേഹം മരിച്ചപ്പോൾ പലരുടെയും ആശങ്കയും കരുതലും ഒക്കെ ചിരിച്ചു തള്ളി കട തുടർന്നു നടത്താൻ തുടങ്ങി.
നേരിട്ട് കണ്ടാൽ തിരിച്ചറിയാൻ കഴിയാത്ത വണ്ടികളുടെ വിവിധ ഭാഗങ്ങളെ പറ്റി പോലും നല്ല അറിവാണ് ഇങ്ങനെ ഉണ്ടാക്കിയെടുത്തിട്ടുള്ളത്. പൾസറിന്റെ ഹെഡ്‌ലൈറ്റ് ബൾബ് ചോദിച്ചു വരുന്നവരോട് "DTSi ആണോ, അതോ അതിനു മുമ്പുള്ളതോ, 150 cc ആണോ 220 ആണോ" എന്നൊക്കെ ചോദിക്കുന്ന ആൾക്ക് ഒരുപക്ഷേ പൾസറും ഡിസ്കവറും തമ്മിൽ നേരിട്ടു കണ്ടാൽ തിരിച്ചറിഞ്ഞേക്കില്ല. ഇങ്ങനെ ജീവിതത്തിന്റെ ഭൂരിഭാഗം സമയത്തും നമ്മൾ ഇടപെട്ടിട്ടേയില്ലാത്ത, നമ്മൾ കണ്ടിട്ടു പോലുമില്ലാത്ത നൂറുകണക്കിനു സാധനങ്ങളുടെ പ്രത്യേകതകളും വിലയും പരസ്പര വ്യത്യാസങ്ങളും ഒക്കെ ഇങ്ങനെ ഈ പ്രായത്തിൽ പഠിച്ചെടുത്ത് ഒരു ബിസിനസ് നടത്താൻ എത്ര പേർക്ക് കഴിയും?
ഇങ്ങനെയൊക്കെ ആണെങ്കിലും കടയിൽ സാധനം വാങ്ങാനെത്തുന്ന എന്നെയും നിങ്ങളെയും പോലെയുള്ള ആളുകൾക്ക് പലതരം സംശയങ്ങളാണ്. "കടയിൽ ആളില്ലേ?" എന്നത് പലരുടെയും ആദ്യ ചോദ്യമാണ്. സ്പെയർപാർട്സ് കടയിൽ ഇരിക്കുന്ന സ്ത്രീ ഒരു 'ആൾ' അല്ലല്ലോ
"ഇതൊക്കെ അറിയാമോ?" "ഈ സാധനം കറക്ടാണോ?", "വേറെ ആരുമില്ലേ?" എന്നിങ്ങനെ ചോദ്യങ്ങളും സംശയങ്ങളും ധാരാളം. ഇതൊക്കെ കേൾക്കുമ്പോൾ ദേഷ്യം വരുമെങ്കിലും പുള്ളിക്കാരി അത് അധികം പ്രകടിപ്പിക്കാറില്ല.
സ്വന്തം വീട്ടിൽ ഇത്ര വലിയ ഒരു അപൂർവ്വത ഉണ്ടെന്ന കാര്യം വീട്ടിൽ തന്നെയുള്ള മറ്റൊരു സ്ത്രീ, എന്റെ പാർട്ണർ, ചൂണ്ടിക്കാണിക്കുന്നതു വരെ ഞാൻ ശ്രദ്ധിക്കുകയേ ചെയ്തിട്ടില്ല എന്നത് എനിക്ക് തലയ്ക്ക് കിട്ടിയ ഒരു വലിയ അടിയായിരുന്നു. And I feel guilty for being oblivious to such a wonder till now.
PS: വായന ഒരു ഹരമാണ് ആൾക്ക്. രജനികാന്തിന്റെ റോബോയെ തോൽപ്പിക്കും വായനയുടെ സ്പീഡിൽ. രാവിലെ വായിച്ചു തുടങ്ങുന്ന നോവലൊക്കെ ഉച്ചയോടെ തീർത്തു കളയും.
This is my amazing mother, Prasanna.
Photo courtesy: Nisha Sumithran
No comments:
Post a Comment