സെക്ടേറിയൻ ചിന്താഗതിയും മതാത്മകതയും കൂടുതലുള്ള സമൂഹങ്ങളിൽ കൊലവിളികളും 'കണ്ണിന് കണ്ണ്, ചോരയ്ക്ക് ചോര' വാദവും പൊതുബോധത്തിൽ തന്നെ ശക്തമായി നിൽനിൽക്കാറുണ്ട്. ഇന്റ്യ പോലെ പരമ്പരാഗത ചിന്താഗതി ജീവശ്വാസമായ ഒരു നാട്ടിൽ ഭരണകൂടവും കോടതികളും പോലും ഇത്തരം ചിന്തയെ തങ്ങളുടെ ധാർമിക മൂല്യമായി കൊണ്ടു നടക്കുന്നതിൽ വലിയ അത്ഭുതം തോന്നേണ്ടതില്ല.
പ്രാകൃത ജീവിതത്തിൽ നമുക്ക് സഹായകമായിരുന്ന ചില വികാര പ്രകടനങ്ങളും ചിന്താ വൈകല്യങ്ങളും ഇന്നത്തെ കാലത്തിനും ആധുനിക മനുഷ്യർ എന്ന സങ്കൽപ്പത്തിനും തന്നെ വിരുദ്ധമാണ്. അവയെ തിരിച്ചറിഞ്ഞ് തിരുത്തുക എന്നത് ഒരു ആധുനിക സമൂഹമായി മാറാൻ അത്യാവശ്യവുമാണ്.
ഉദാഹരണത്തിന് ഒരു സമൂഹത്തിന് ചേരാത്തതായി കരുതപ്പെടുന്ന എല്ലാത്തിനോടും (കൊലപാതകികൾ, പീഡോഫൈലുകൾ, 'തൊട്ടുകൂടാത്തവർ', മാറാരോഗികൾ, 'നുഴഞ്ഞുകയറ്റക്കാർ'... അങ്ങനെ) ഉള്ള അറപ്പും (disgust) അവരെ ദൂരെ നിർത്താനുള്ള (പറ്റുമെങ്കിൽ കൊല്ലാനും) പ്രവണതയും. ഇത് ഒരുപാട് പഴക്കമുള്ള, പരിണാമത്തിലും അതിജീവനത്തിലും സഹായം ചെയ്ത ചില മാനസിക ഘടകങ്ങളുടെ ഉന്നം തെറ്റിയ വെടി (misfiring) ആയി കണക്കാക്കാം.
അതുപോലെ തുല്യത (equality) എന്നത് തികച്ചും ആധുനികമായ, പലപ്പോഴും സാമാന്യ ബുദ്ധിക്ക് എതിരു നിൽക്കുന്ന (counterintuitive) ഒരു സങ്കല്പമാണ്. അതിനേക്കാൾ നമുക്ക് എളുപ്പം മനസ്സിലാക്കാൻ കഴിയുന്നത് നീതി (fairness) എന്ന സങ്കൽപ്പമാണ്. ഇത്തരം നീതി സങ്കല്പങ്ങളാവട്ടെ ഓരോ സമൂഹത്തിലും സംസ്കാരത്തിലും അതത് കാലത്തെ പൊതുബോധവും മതാത്മകതയും ഒക്കെ അനുസരിച്ച് വ്യത്യസ്തമാവാം. ആരും പ്രത്യേകം പഠിപ്പിക്കാതെ തന്നെ കുട്ടികൾ പോലും നീതി സംബന്ധിച്ച ചില പൊതു അളവുകോലുകൾ സ്വയം പഠിച്ചെടുക്കുകയും അവയുടെ അടിസ്ഥാനത്തിൽ മറ്റുള്ളവരോട് പെരുമാറുകയും ചെയ്യുന്നു എന്ന് പഠനങ്ങളുണ്ട്.
സമൂഹത്തിലെ മഹാഭൂരിപക്ഷം ആളുകളും ഇത്തരത്തിൽ ചിന്തിക്കുമ്പോൾ (അല്ലെങ്കിൽ അങ്ങനെ ആണെന്ന് തോന്നുമ്പോൾ) അതിൽ ചില പ്രശ്നങ്ങൾ തോന്നിയാലും മിണ്ടാതിരിക്കാനും, ഒരുപക്ഷേ സ്വന്തം തോന്നലുകളെയും ബോധ്യങ്ങളെയും തള്ളിക്കളഞ്ഞോ മറച്ചു വെച്ചോ ഇതിനെയൊന്നും ചോദ്യം ചെയ്യാതെ കൂട്ടത്തിൽ കൂടാനുമുള്ള പ്രവണതയും (system justification) വളരെ ശക്തമായ ഒരു ചിന്താ വൈകല്യമാണ്. ഇത്തരം മസ്തിഷ്ക പ്രവണതകളെയും സാമൂഹ്യ സമ്മർദ്ദത്തെയും മറികടന്ന് വേറിട്ട ചിന്തകൾ ഉയർത്താൻ കഴിയുന്നവരാണ് സമൂഹത്തെ കൂടുതൽ മെച്ചപ്പെട്ടതാക്കാൻ സഹായിക്കുക.
എന്നാൽ ഇങ്ങനെ വ്യത്യസ്ത ശബ്ദം ഉയർത്താൻ സാധ്യതയുള്ളവരെ അവമതിക്കാനും നിശ്ശബ്ദരാക്കാനും അടിച്ചമർത്താനും ഏകാധിപത്യ ഭരണകൂടങ്ങൾ നിരന്തരം ശ്രമിക്കാറുണ്ട്. ഭരണാധികാരികളും അധികാരം കൈയ്യിലുള്ളവരും തങ്ങളുടെ അനുയായികളെ ഇത്തരം അടിച്ചമർത്തലിനും അക്രമത്തിനും വിദഗ്ദ്ധമായി പ്രേരിപ്പിക്കുന്നത് (dog whistling) ഇന്റ്യയിൽ നാം പലപ്പോഴും കാണാറുള്ളതാണല്ലോ.
ഇത്തരം മാനസിക വ്യാപാരങ്ങളെ തിരിച്ചറിഞ്ഞ് തിരുത്തുന്ന തരം സാമൂഹ്യ വളർച്ച ഉണ്ടാവാത്തിടത്തോളം കൊന്നവരെ കൊല്ലാൻ ആക്രോശിക്കുന്ന പുരാതന മനോഭാവം ലേഖനങ്ങളായും, കവിതകളായും, സോഷ്യൽ മീഡിയ ഉള്ളടക്കമായും, വീട്ടിലെ വർത്തമാനമായും, എന്തിന് കോടതികളുടെ നിരീക്ഷണങ്ങളും വിധിന്യായങ്ങളും ആയുമൊക്കെ നമ്മുടെ പൊതുമണ്ഡലത്തെ മലിനമാക്കിക്കൊണ്ടിരിക്കും.
No comments:
Post a Comment