Thursday, October 14, 2021

മനശ്ശാസ്ത്രവും ഗവേഷണ മര്യാദകളും: On Psychology and Research Ethics


ഗവേഷകരുടെ ഇടയിൽ പോലും അധികം ചർച്ച ചെയ്യപ്പെടാതെ പോകുന്ന വിഷയമാണ് മനശ്ശാസ്ത്ര ഗവേഷണത്തിലെ നൈതികത (Research Ethics in Psychology) എന്ന് തോന്നിയിട്ടുണ്ട്.
ഗവേഷണ നൈതികത എന്നത് പല തലങ്ങളുള്ള ഒരു വിഷയമാണ്. പകർപ്പവകാശം (copyright), സമൂഹത്തോടുള്ള ബാധ്യത, ഗവേഷകരുടെ നൈതികത, സ്ഥാപനങ്ങളുടെ ഉത്തരവാദിത്തങ്ങൾ, ഗവേഷണത്തിൽ വിവരം തരുന്നവരുടെ/പരീക്ഷണങ്ങളിൽ പങ്കെടുക്കുന്നവരുടെ സ്വകാര്യത, അവകാശങ്ങൾ, മാനസികാരോഗ്യം തുടങ്ങിയവ, വിവരങ്ങളുടെ സ്വകാര്യതയും സുരക്ഷിതത്വവും, ആശയങ്ങളുടെയും ഉള്ളടക്കത്തിന്റെയും പുനരുപയോഗം, വിവരങ്ങൾ വിശകലനം ചെയ്യുന്നതിലെ മര്യാദകൾ, പ്രസിദ്ധീകരണത്തിലെ മര്യാദകൾ, സാമ്പത്തികമായ കാര്യങ്ങളുടെയും വ്യക്തി താൽപര്യങ്ങളുടെയും (Conflicts of Interest) സുതാര്യത ഇങ്ങനെ പല വശങ്ങൾ ഇതിനുണ്ട്. എന്നാൽ നമ്മുടെ ഇടയിൽ ചർച്ചകൾ നടക്കുന്നതു കൂടുതലും സോഫ്റ്റ്‌വെയറിന്റെ കണ്ണിൽ പെടാതെ എങ്ങനെ കോപ്പിയടി (Plagiarism, in more glamorous terms) നടത്താം എന്ന കാര്യത്തിൽ ആവണം. "നിങ്ങളുടെ യൂണിവേഴ്സിറ്റിയിൽ എത്ര ശതമാനം വരെ പ്ലേജ്യറിസം സമ്മതിക്കും?" എന്നൊക്കെ ഗവേഷക വിദ്യാർഥികൾ പരസ്പരം ചോദിക്കാറുണ്ട് 😅😅 ആ ചോദ്യത്തിന്റെ അബദ്ധം പലർക്കും മനസ്സിലാവുകയും ഇല്ല.
നമ്മുടെ രാജ്യത്തിനു പുറത്ത് പല സ്ഥലത്തും ഗവേഷണ മര്യാദകളുടെ കാര്യത്തിൽ ചട്ടങ്ങളും പൊതു രീതികളും ഒക്കെ കുറച്ചു കൂടി വ്യക്തവും കൃത്യവുമാണ്. അങ്ങനെ ആവണം താനും. അമേരിക്കയിൽ അഭിപ്രായ സർവ്വേകൾക്ക് പോലും ഒരു നൈതികതാ പരിശോധനാ സംഘത്തിന്റെ (Institutional Review Board (IRB)/Research Ethics Committee) അംഗീകാരം ആവശ്യമാണ്.
പല മികച്ച ജേണലുകളും അവർ പ്രസിദ്ധീകരണത്തിന് പരിഗണിക്കുന്ന, മനുഷ്യരുമായി നേരിട്ട് ബന്ധപ്പെട്ട എല്ലാ പേപ്പറുകൾക്കും അത്തരം ഒരു അംഗീകാരം നിർബന്ധമായും ആവശ്യപ്പെടാറുണ്ട്. അത്തരം കേന്ദ്രീകൃത സംവിധാനങ്ങൾ ഇല്ലാത്ത സ്ഥലങ്ങളിൽ നിന്നുള്ള പേപ്പറുകളിൽ എങ്ങനെയാണ് ഗവേഷണ മര്യാദകൾ ഉറപ്പാക്കിയത് എന്ന് പ്രത്യേകം പറയാനും ഏതാണ്ട് എല്ലാ ജേണലുകളും ആവശ്യപ്പെട്ടു കാണാം. ഏതെങ്കിലും സ്ഥാപനത്തിന്റെ ഭാഗമായല്ലാതെ ഗവേഷണം നടത്തുന്നവർക്ക് ഈ ഗവേഷണ നൈതികതാ പരിശോധന ഒരു കടമ്പ തന്നെയാണ്. സ്വതന്ത്രമായ നൈതികതാ പരിശോധനാ സംഘങ്ങൾ, Research Review Bodies എന്ന ആശയം പലയിടത്തും പരീക്ഷിച്ചു തുടങ്ങിയിട്ടുണ്ട്.
ഇന്റ്യയിൽ സൈക്യാട്രി രംഗത്തെ ഗവേഷണം ഏറെക്കുറെ ഇത്തരം ചട്ടങ്ങൾ പാലിക്കാറുണ്ട് എന്നാണ് അറിവ്. എന്നാൽ സമാനമായ വിഷയങ്ങളിൽ ഗവേഷണം നടത്തുന്ന മനശ്ശാസ്ത്ര ഗവേഷകർ പലരും ഇത്തരം കാര്യങ്ങൾ അറിയുകയോ ശ്രദ്ധിക്കുകയോ ചെയ്യാറില്ല. സൈക്കോളജി ഡിപ്പാർട്ട്മെന്റുകൾ ഉള്ള പല സർവ്വകലാശാലകളിലും, മിക്ക കോളേജുകളിലും IRB നിലവിലില്ല എന്നാണ് അനുമാനം. ഉള്ളതിൽ ചിലയിടത്തെങ്കിലും ഗവേഷണം നടത്തുന്ന വിദ്യാർത്ഥികൾക്ക് ഒന്നുമറിയില്ല എന്ന് സ്ഥാപിക്കാൻ 'മുതിർന്ന' അധ്യാപകർക്ക് കിട്ടുന്ന ഒരു വേദിയുമാണ് IRB-കൾ.
നൈതികത എന്നത് നിയമം മൂലം ഉറപ്പാക്കുക എന്നതിനേക്കാൾ ഗവേഷണ പ്രക്രിയയിൽ ഉൾപ്പെടുന്നവരുടെ പൊതുബോധത്തിൽ ഉറയ്ക്കുക എന്നതാണ് കൂടുതൽ ഫലപ്രദം. ഗവേഷണം നൈതികമായി ചെയ്യണം എന്ന് ആഗ്രഹമുള്ള മനശ്ശാസ്ത്ര ഗവേഷകർക്ക് പിന്തുടരാവുന്ന ചില മാനദണ്ഡങ്ങൾ ഉണ്ട്. (എല്ലാവരും ഇങ്ങനെ മാനദണ്ഡങ്ങൾ ശ്രദ്ധിച്ചാൽ മാത്രമേ ഗവേഷണത്തിന്റെ ഗുണനിലവാരവും ഉപയോഗ്യതയും ഉറപ്പാക്കാൻ കഴിയൂ എന്നതാണ് വസ്തുത)
മനുഷ്യരുമായി ബന്ധപ്പെട്ട ഗവേഷണത്തിനുള്ള സൈക്യാട്രിയിലെ നൈതികതാ മാനദണ്ഡങ്ങൾ എല്ലാം അതേപടി മനശ്ശാസ്ത്രത്തിലെ ഗവേഷണത്തിന് ബാധകമാവണം എന്നില്ല, പ്രത്യേകിച്ചും അഭിപ്രായ സർവ്വേകളുടെയും മറ്റും കാര്യത്തിൽ. എങ്കിലും അത്തരം മാനദണ്ഡങ്ങൾ അറിഞ്ഞിരിക്കുക എന്നതും പരമാവധി അവയോട് നീതി പുലർത്താൻ ശ്രമിക്കുക എന്നതും പ്രധാനമാണ്.
മനുഷ്യർ ഉൾപ്പെടുന്ന മെഡിക്കൽ ഗവേഷണത്തിനുള്ള ഹെൽസിങ്കി ഡിക്ലറേഷൻ തത്വങ്ങൾ ഇക്കാര്യത്തിലെ ഒരു പ്രധാന രേഖയാണ്. ഗവേഷണ നൈതികതയുമായി ബന്ധപ്പെട്ട ഏതാണ്ട് എല്ലാ വശങ്ങളും ഇതിൽ പ്രതിപാദിക്കുന്നുണ്ട്.
ഗവേഷണ പ്രസിദ്ധീകരണ (academic/scholarly publication) രംഗത്തെ നല്ല മാതൃകകൾ (best practices) നിർവഹിക്കാനും പ്രചരിപ്പിക്കാനും ശ്രമിക്കുന്ന സംഘമാണ് Committee on Publication Ethics (COPE). പ്രസിദ്ധീകരണ മര്യാദകളുമായി ബന്ധപ്പെട്ട COPE മാനദണ്ഡങ്ങൾ ജേണൽ എഡിറ്റർമാർക്കും ജേണലുകൾക്കും പ്രസാധകർക്കും ഒക്കെയുള്ള പ്രവർത്തന മാതൃകകളുടെ (Core Practices) രൂപത്തിലാണ് ഉള്ളത്. ഈ മാതൃകകൾ വ്യാപകമായി സ്വീകരിക്കപ്പെട്ടിട്ടുണ്ട്.
പ്രസിദ്ധീകരിക്കപ്പെടുന്ന ഗവേഷണ പ്രബന്ധങ്ങളുടെ ശാസ്ത്രീയ കൃത്യത മെച്ചപ്പെടുത്താൻ American Psychological Association (APA) പ്രസിദ്ധീകരിക്കുന്ന മാനദണ്ഡങ്ങളാണ്. Journal Article Reporting Standards (APA Style JARS). ഗവേഷണ പ്രബന്ധങ്ങൾ എങ്ങനെ എഴുതണം എന്നാണ് JARS പ്രധാനമായും പറയുന്നത് എങ്കിലും ഗവേഷണം ചെയ്യുമ്പോൾ പാലിക്കേണ്ട മര്യാദകളെ പറ്റി അറിഞ്ഞിരിക്കാൻ പറ്റിയ ഒരു സ്രോതസ്സാണ് ഇത്. Quantitative, Qualitative, Mixed Methods പഠനങ്ങൾക്കായി JARS–Quant, JARS–Qual, JARS–Mixed എന്നിങ്ങനെ മൂന്നു തരം മാനദണ്ഡങ്ങൾ ഉണ്ട്. മനശ്ശാസ്ത്രത്തിലെ publication bias, replication crisis എന്നിവ പരിഹരിക്കാൻ JARS കുറച്ചൊക്കെ സഹായിച്ചേക്കാം.
മനശ്ശാസ്ത്രത്തിൽ ഗവേഷണം നടത്തുന്ന, അല്ലെങ്കിൽ താൽപര്യമുള്ള എല്ലാവരും നിർബന്ധമായും വായിച്ചിരിക്കേണ്ട ഒന്നാണ് APA പ്രസിദ്ധീകരിക്കുന്ന 'സൈക്കോളജിസ്റ്റുകൾക്കുള്ള നൈതിക തത്വങ്ങളും പെരുമാറ്റച്ചട്ടവും' (Ethical Principles of Psychologists and Code of Conduct). അതിന്റെ എട്ടാം സെക്ഷൻ പൂർണ്ണമായും ഗവേഷണവും പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ടതാണ്.
ഇതിൽ പറയുന്ന ചില പ്രധാന കാര്യങ്ങൾ ഇവയാണ്:
❗നൈതികത സംബന്ധിച്ച അംഗീകാരം (approval) വേണ്ടയിടത്ത് അത് എടുക്കേണ്ടതാണ്.
❗ഗവേഷണത്തിൽ പങ്കെടുക്കുന്നവരോട്/വിവരം തരുന്നവരോട് ഗവേഷണത്തിന്റെ ഉദ്ദേശം, പ്രതീക്ഷിക്കുന്ന നീളം, പിൻവാങ്ങാനുള്ള അവകാശം, അതിന്റെ പ്രത്യാഘാതങ്ങൾ, വരാവുന്ന ബുദ്ധിമുട്ടുകൾ, സ്വകാര്യതയുടെ വിവരങ്ങൾ, പ്രതിഫലം ഉണ്ടോ, സംശയങ്ങൾ ഉന്നയിക്കേണ്ടത് ആരോട് തുടങ്ങിയ വിവരങ്ങൾ വെളിപ്പെടുത്തി രേഖാമൂലം സമ്മതം (informed consent) വാങ്ങേണ്ടതാണ്.
❗ശബ്ദമോ ചിത്രങ്ങളോ രേഖപ്പെടുത്താൻ പ്രത്യേക സമ്മതം വാങ്ങേണ്ടതാണ്.
❗ഗവേഷണത്തിൽ പങ്കെടുക്കാൻ ആരെയും നിർബന്ധിക്കാൻ പാടില്ല.
❗ഗവേഷണ ഫലങ്ങളെയും കണ്ടത്തലുകളെയും സംബന്ധിച്ച് ഗവേഷണത്തിൽ പങ്കെടുത്തവർക്ക് അറിയാനുള്ള അവസരം ഗവേഷകർ ഒരുക്കേണ്ടതാണ്.
❗വിവരങ്ങൾ കൃത്രിമമായി ഉണ്ടാക്കിയെടുക്കുകയോ (fabrication of data), തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകൾ നടത്തുകയോ ചെയ്യരുത്.
❗മറ്റുള്ളവരുടെ കണ്ടെത്തലുകളോ ആശയങ്ങളോ വിവരങ്ങളോ സ്വന്തമെന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ അവതരിപ്പിക്കരുത്. അവലംബം (citation) കൊടുത്തിട്ടുണ്ട് എന്നത് ഒരു ന്യായമല്ല. എഴുത്തിലെ സുതാര്യത വായിക്കുന്നവരുടെയല്ല, എഴുതുന്നവരുടെ ഉത്തരവാദിത്തമാണ്.
❗സ്വന്തം പ്രയത്നത്തിന്റെ/എഴുത്തിന്റെ മാത്രം അംഗീകാരം (credit) എടുക്കുക. മറ്റുള്ളവർക്ക് അവകാശപ്പെട്ടത് അവർക്ക് കൊടുക്കുക
❗ഗവേഷണത്തിന് ഉപയോഗിച്ച അടിസ്ഥാന വിവരങ്ങൾ (data) മറച്ചു വെക്കാതെ മറ്റു ഗവേഷകർക്ക് ആവശ്യമെങ്കിൽ (ഗവേഷണത്തിൽ പങ്കെടുത്തവരുടെ സ്വകാര്യത ലംഘിക്കാതെ) ലഭ്യമാക്കുക.
മറ്റു ശാസ്ത്ര ശാഖകളെ അപേക്ഷിച്ച് മനശ്ശാസ്ത്രത്തിൽ Publication Bias കൂടുതലാണ് എന്നത് ഏറെക്കാലമായി നിലനിൽക്കുന്ന ഒരു വിമർശനമാണ്. ഗവേഷണ ഫലങ്ങൾ ആവർത്തിക്കുന്നതിലുള്ള (replication) പ്രശ്നങ്ങളും, ഗവേഷകർ മുന്നോട്ടു വെയ്ക്കുന്ന എല്ലാ ഊഹങ്ങളും (hypotheses) ശരിയാകുന്ന (അല്ലെങ്കിൽ അത്തരം ഫലങ്ങൾ മാത്രം പ്രസിദ്ധീകരിക്കപ്പെടുന്ന) പ്രവണതയും ഒക്കെ മനശ്ശാസ്ത്ര ഗവേഷണത്തെ നിരന്തരം സംശയത്തിന്റെ നിഴലിൽ നിർത്താറുണ്ട്. ഇതിനുള്ള പ്രതിവിധികളിൽ നൈതികതാ പരിശോധന പോലെ, ഒരുപക്ഷേ അതിനേക്കാൾ പ്രധാനമായി കരുതപ്പെടുന്ന ഒന്നാണ് preregistration അഥവാ ഗവേഷണത്തിന്റെ പ്രധാന വിവരങ്ങൾ മുൻകൂട്ടി പരസ്യപ്പെടുത്തുന്ന രീതി. ഈയടുത്ത കാലത്ത് preregistration പല അന്താരാഷ്ട്ര വേദികളിലും കാര്യമായി ചർച്ച ചെയ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്. Center for Open Science ഇങ്ങനെ പ്രീരജിസ്ട്രേഷൻ നടത്താനുള്ള ഒരു രജിസ്ട്രി ഉണ്ടാക്കിയിട്ടുണ്ട്. ഗവേഷണ പ്രബന്ധങ്ങൾ ജേണലുകളിൽ പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് ശാസ്ത്ര സമൂഹത്തിന്റെ ചർച്ചയ്ക്കായി സമർപ്പിക്കാനുള്ള Psyarxiv എന്ന പ്രീപ്രിന്റ് സെർവറും മനശ്ശാസ്ത്ര ഗവേഷകർ അറിഞ്ഞിരിക്കേണ്ട ഒരു നല്ല സംരംഭമാണ്.
സർവ്വകലാശാലകൾക്കും കോളേജുകൾക്കും ഗവേഷണ സ്ഥാപനങ്ങൾക്കും പുറത്ത് ഗവേഷണം ചെയ്യുന്നവർക്കും നൈതികതാ പരിശോധനാ സംഘം (Institutional Review Board (IRB)/Research Ethics Committee) നിലവിലില്ലാത്ത സ്ഥാപനങ്ങളിൽ ഉള്ളവർക്കും തങ്ങളുടെ ഗവേഷണ പരിപാടികളിൽ നൈതികത സംബന്ധിച്ച അഭിപ്രായവും സഹായങ്ങളും കിട്ടാനുള്ള സംരംഭങ്ങൾ ഇന്റ്യയിലെ സാഹചര്യത്തിൽ അത്യാവശ്യമാണ് എന്നാണ് അഭിപ്രായം.
ഡിഗ്രി/പിജി തലങ്ങളിലെ ഗവേഷണത്തെ വെറുമൊരു തലവേദനയായി കാണാതെ ഉത്തരവാദിത്തത്തോടെയുള്ള അറിവ് നിർമ്മിക്കലായി കാണാൻ അധ്യാപകരും വിദ്യാർത്ഥികളും തയ്യാറാവുക എന്നതാവും ഒരുപക്ഷേ നമ്മുടെ നാട്ടിലെ മനശ്ശാസ്ത്ര ഗവേഷണത്തെ മെച്ചപ്പെടുത്താനുള്ള ആദ്യത്തെ പടി.
വിദ്യാർഥികൾക്ക് കൂടി ചുമതലയുള്ള പ്രീരജിസ്ട്രേഷൻ സംവിധാനങ്ങൾ ഒക്കെ വന്നാൽ വലിയ ഒരു ചുവടുവെപ്പാവും.
 
ചില ലിങ്കുകൾ കൊടുക്കുന്നു:
Preregistration Standards for Psychology - the Psychological Research Preregistration-Quantitative (PRP-QUANT) Template
https://www.psycharchives.org/handle/20.500.12034/4042.2

APA Style JARS Website
https://apastyle.apa.org/jars

APA Ethical Principles of Psychologists and Code of Conduct
https://www.apa.org/ethics/code

Highlights of Helsinki Declaration
https://www.verywellhealth.com/declaration-of-helsinki-4846525

Researchgate discussion on Ethical Approval for Independent Researchers
https://www.researchgate.net/post/As_an_independent_researcher_what_are_the_ways_to_get_ethical_clearance_for_your_research

Center for Open Science Preregistration Webpage
https://www.cos.io/initiatives/prereg

Ethics Committees in India: Past, present and future
https://www.ncbi.nlm.nih.gov/pmc/articles/PMC5299801/

Guidelines for Ethical Considerations in Social Research & Evaluation in India, by Centre For Media Studies-Institutional Review Board (CMS-IRB)
New Delhi
https://cmsindia.org/sites/myfiles/Guidelines-for-Ethical-Considerations-in-Social-Research-Evaluation-In-India_2020.pdf


 

No comments: