Sunday, November 21, 2021

എന്തുകൊണ്ടാണ് സൈക്കോളജിയിൽ പെരുമാറ്റച്ചട്ടം (Code of Conduct and Ethics) വേണ്ടത്?

 ഒരു സൈക്കോളജിസ്റ്റും അവരുടെ സേവന ഉപഭോക്താവും (client) തമ്മിൽ ഒഴിവാക്കാൻ കഴിയാത്ത ഒരു അധികാര വ്യത്യാസം (power imbalance) ഉണ്ട്. പ്രാക്ടീസ് ചെയ്യുന്ന മേഖല അനുസരിച്ച് (ക്ലിനിക്കൽ, കൗൺസലിങ്, സ്പോർട്സ്, കോച്ചിംഗ്, കൺസൾട്ടിംഗ്, ഇൻഡസ്ട്രിയൽ etc) ഇതിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം എന്നു മാത്രം.

തന്നെപ്പറ്റിയുള്ള കാര്യങ്ങൾ തുറന്നു പറയുകയും തന്റെ ഏറ്റവും vulnerable ആയ വശങ്ങൾ വെളിപ്പെടുത്തുകയും ചെയ്യുന്നതുവഴി ക്ലയന്റ് സൈക്കോളജിസ്റ്റിന്റെ മേൽ ചില അധികാരങ്ങൾ (ഉത്തരവാദിത്തങ്ങളും) ഏൽപ്പിച്ചു കൊടുക്കുന്നുണ്ട്. അവ തിരിച്ചറിഞ്ഞ് ക്ലയന്റിന്റെ ഗുണത്തിനായി പ്രവർത്തിക്കുക (act in the best interest of the client), ക്ലയന്റിന്റെ ശരിയായ ലക്ഷ്യങ്ങൾ നേടാൻ അവരെ സഹായിക്കുക (promoting client goals), ക്ലയന്റിന്റെ അവകാശങ്ങൾ സംരക്ഷിക്കുക (protecting client rights), പരമാവധി നന്മ ചെയ്യുകയും, പരമാവധി ഹാനി ഒഴിവാക്കുകയും (maximising good and minimizing harm) ഇതൊക്കെ ഒരു സൈക്കോളജിസ്റ്റിന്റെ ധാർമികമായ കടമകളിൽ പെടുന്നു.

സൈക്കോളജിയുമായി ബന്ധപ്പെട്ട ഏതാണ്ട് എല്ലാ പ്രൊഫഷനുകളിലും അതത് നാട്ടിലെ പ്രൊഫഷണൽ സംഘടനകൾ പെരുമാറ്റച്ചട്ടങ്ങൾ (Codes of Conduct) ഉണ്ടാക്കാറുണ്ട്. ഈ സംഘടനകളിൽ അംഗങ്ങളായുള്ളവർ അവയ്ക്കനുസരിച്ച് പ്രവർത്തിക്കണം എന്ന് നിഷ്കർഷിക്കാറുമുണ്ട്. സൈക്കോളജിസ്റ്റുകൾ പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്നു എന്ന് പരാതി ഉയർന്നാൽ സംഘടനകൾ ആ പരാതി അന്വേഷിക്കുകയും തെറ്റായ പെരുമാറ്റം നടത്തിയ ആളെ താക്കീത് ചെയ്യുക, ലൈസൻസിങ്ങ് സംവിധാനം ഉള്ള ഇടങ്ങളിൽ (ഇന്റ്യയിൽ ലൈസൻസിങ്ങ് ഇല്ല) ലൈസൻസ് മരവിപ്പിക്കുകയോ റദ്ദാക്കുകയോ ചെയ്യുക, അംഗത്വത്തിൽ നിന്നും പുറത്താക്കുക, സാധ്യമെങ്കിൽ നിയമനടപടികൾ സ്വീകരിക്കുകയോ, ബാധിക്കപ്പെട്ട ക്ലയന്റിനെ അതിന് സഹായിക്കുകയോ ചെയ്യുക തുടങ്ങിയ നടപടികൾ എടുക്കുകയും അവ പരസ്യപ്പെടുത്തുകയും ചെയ്യുക എന്നതാണ് പതിവ്.

പ്രൊഫഷണൽ സംഘടനാതലത്തിൽ ഇത്തരം നടപടികൾ ആവശ്യമായി വരുന്നതിന് ഒരു കാരണം, പെരുമാറ്റച്ചട്ടങ്ങൾക്ക് വിരുദ്ധമായ പ്രവർത്തികൾ പലതും സിവിൽ/ക്രിമിനൽ നിയമ സംവിധാനത്തിന്റെ പരിധിയിൽ വരുന്നവ ആവണമെന്നില്ല എന്നതാണ്. ക്ലയന്റിന്റെ സ്വകാര്യതയും അന്തസ്സും ആയി ബന്ധപ്പെട്ടതും, ഫീസുമായി ബന്ധപ്പെട്ടതും, അങ്ങനെ പല കാര്യങ്ങളും അതത് പ്രൊഫഷന്റെ ഉള്ളിൽ നിന്ന് പരിശോധിച്ച് ഒരു തീരുമാനത്തിൽ എത്തേണ്ടവയാവാം. രാജ്യത്തെ ശിക്ഷാ നിയമത്തിന്റെ പരിധിയിൽ വരുന്ന കാര്യങ്ങൾ അങ്ങോട്ട് കൈമാറുകയും ചെയ്യണം.

നമ്മുടെ രാജ്യത്ത് മിക്ക സൈക്കോളജി പ്രൊഫഷനുകൾക്കും പൊതു പ്രൊഫഷണൽ സംഘടനകൾ ഇല്ല എന്നാണറിവ്. ഉള്ള സംഘടനകൾ തന്നെ പെരുമാറ്റച്ചട്ടങ്ങൾ ഉണ്ടാക്കുകയും, പരസ്യപ്പെടുത്തുകയും, അവ കർശനമായി പാലിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്ന കാര്യത്തിൽ ഒരു താല്പര്യവും കാണിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ഈ വർഷം മാർച്ചിൽ പാർലമെന്റ് പാസ്സാക്കിയ National Commission for Allied and Healthcare Professions Act പ്രകാരം സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന ഒരു അവിയൽ രൂപമുള്ള ദേശീയ കമ്മീഷൻ ആവും സൈക്കോളജിസ്റ്റുകൾക്കുള്ള പെരുമാറ്റച്ചട്ടം ഉണ്ടാക്കുന്നത്. Something is Better Than Nothing തത്വം വെച്ച് ഇതിനെ ഈ ദിശയിലുള്ള ഒരു നല്ല നീക്കമായി കാണാം. പക്ഷേ ആ നിയമം അനുശാസിക്കുന്ന പോലെ, നിയമത്തിന് പ്രസിഡണ്ടിന്റെ അംഗീകാരം കിട്ടി 60 ദിവസത്തിനുള്ളിൽ നിലവിൽ വരേണ്ട ഇടക്കാല കമ്മീഷൻ ഇപ്പോഴും കടലാസിൽ തന്നെ ഉറങ്ങുന്നു എന്നാണ് മനസ്സിലാക്കുന്നത്.

സിനിമകളിലും 'കോമഡി' പരിപാടികളിലും സൈക്കോളജിസ്റ്റുകൾക്കുള്ള കോമാളി പരിവേഷത്തോടൊപ്പം പുതിയതായി ക്രിമിനൽ പട്ടം കൂടി ചാർത്തി കിട്ടാതിരിക്കാൻ സൈക്കോളജി രംഗത്തുള്ളവർ മുൻകൈ എടുക്കുന്നത് നന്നായിരിക്കും.


No comments: