Friday, December 10, 2021

On Academic Bodies in Higher Education Institutions

 അക്കാദമിക് കാര്യങ്ങളിൽ വലിയ തോതിൽ സ്വയം നിർണ്ണയാവകാശം ഉള്ളവയാണ് സർവ്വകലാശാലകളും അവയുടെ ഭാഗമായ അക്കാദമിക് കൗൺസിൽ, ബോർഡ് ഓഫ് സ്റ്റഡീസ് തുടങ്ങിയ സംഘങ്ങളും. ഉന്നതവിദ്യാഭ്യാസത്തിന് അർഹിക്കുന്ന പ്രാധാന്യം കൊടുക്കുന്ന ഏതൊരു ഒരു നല്ല സംവിധാനത്തിലും അത് അങ്ങനെ തന്നെ വേണം താനും. കോടതികൾ പോലും അക്കാദമിക് കാര്യങ്ങളിൽ ഈ അധികാരം മാനിക്കാറുണ്ട്.

എന്നാൽ ഇത്തരം സ്ഥാപനങ്ങളെയും അവയിലെ സ്ഥാനങ്ങളെയും തലമുറകൾ കൈമാറി വന്ന, തങ്ങൾക്ക് തന്നിഷ്ട പ്രകാരം എന്തും ചെയ്യാവുന്ന കുടുംബസ്വത്ത് പോലെയാണ് ഭൂരിപക്ഷം അധ്യാപകരും ഉദ്യോഗസ്ഥരും കണക്കാക്കുന്നത്. പൊതു പണം ശമ്പളത്തിന് ചെലവാക്കുന്ന ഒഴിവുകളിലേക്ക് തങ്ങൾക്ക് ഇഷ്ടപ്പെട്ടവരെ നിയമിക്കാൻ വേണ്ടി വഴിവിട്ട് കളിക്കുന്നതും, അക്കാദമിക് കാര്യങ്ങളിൽ തീരുമാനങ്ങൾ എടുക്കുമ്പോൾ വിദ്യാർത്ഥികളുടെയോ, ഉദ്യോഗാർത്ഥികളുടെയോ, സമൂഹത്തിന്റെയോ, എന്തിന് താന്താങ്ങളുടെ വിഷയത്തിന്റെയോ പോലും താല്പര്യങ്ങൾക്ക് മുകളിൽ വ്യക്തി താൽപര്യങ്ങളും ബാലിശമായ പിടിവാശിയും കൊണ്ടുവരുന്നതും ഒക്കെ നമ്മുടെ അക്കാദമിക് സ്ഥാപനങ്ങളിൽ തികച്ചും സാധാരണമാണ്. എതിർ ശബ്ദം ഉയർത്തിയാൽ ഉണ്ടാകാവുന്ന നഷ്ടങ്ങളും മിണ്ടാതിരുന്നാൽ ഒരുപക്ഷേ ഏതെങ്കിലും കാലത്ത് കിട്ടിയേക്കാവുന്ന ഗുണങ്ങളും, പലവിധ നിസ്സഹായതകളും ഒക്കെ കാരണമാവും ഇരകളും സാക്ഷികളും ഒക്കെ പലപ്പോഴും ഈ അളിഞ്ഞ സംസ്കാരത്തെ എതിർക്കാതിരിക്കുന്നത്.

ഉന്നത/സാങ്കേതിക വിദ്യാഭ്യാസ മേഖലയിലെ കോഴ്സുകളുടെ അംഗീകാരം (recognition), തുല്യത (equivalency) തുടങ്ങിയ വിഷയങ്ങളിൽ കാലിക്കറ്റ് സർവ്വകലാശാലയുടെയും മറ്റും ചില ബോർഡ് ഓഫ് സ്റ്റഡീസ് സംഘങ്ങളുടെ നിലപാടുകൾ പലപ്പോഴും ഇവരൊക്കെ ഏതു കാലത്താണ് ജീവിക്കുന്നത് എന്ന് ചിന്തിച്ചു പോകുന്ന തരത്തിലാണ്. സാങ്കേതികമായ (പലപ്പോഴും വിവരം കെട്ട) ഉടക്കുകൾ സ്വന്തമായി കണ്ടുപിടിച്ച് കേരളത്തിനും രാജ്യത്തിനും പുറത്തു നിന്ന് ഡിഗ്രികൾ എടുത്ത ആളുകളെ ദ്രോഹിക്കുന്നതിൽ പലർക്കും പ്രത്യേക കഴിവ് തന്നെയുണ്ട്. വിദ്യാഭ്യാസത്തിന്റെയും നൈപുണികളുടെയും കാര്യത്തിൽ ലോകം മുഴുവനും - കേരളത്തിലെയും കേന്ദ്രത്തിലെയും സർക്കാരുകൾ ഉൾപ്പെടെ - പോകുന്ന വഴിയുടെ നേരെ എതിർ ദിശയിലാണ് ഇവരിൽ പലരും മാടമ്പി മനസ്സുകളുമായി ഓടിക്കൊണ്ടിരിക്കുന്നത്.

സൈക്കോളജിയിൽ കോളേജ് അധ്യാപകനാവാൻ പി എസ്സ് സി പരീക്ഷ എഴുതിയ ഒരാൾ തന്റെ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിന് (PDF) വെയിറ്റേജ് വേണം എന്ന് അപേക്ഷ കൊടുത്തു. അയാൾ ഹാജരാക്കിയ സർട്ടിഫിക്കറ്റ് ഒരു 'ഡിഗ്രി സർട്ടിഫിക്കറ്റ്' അല്ല എന്ന കാരണം പറഞ്ഞ് പീയെസ്സി അത് നിരസിച്ചു.

സോഷ്യൽ സയൻസ് പിജി യോഗ്യതയായ പോസ്റ്റിൽ പരീക്ഷ എഴുതിയ ആളുടെ സർട്ടിഫിക്കറ്റ് വേരിഫിക്കേഷൻ സമയത്ത് അവരുടെ യുജി ഡിഗ്രിക്ക് equivalency വേണമെന്നു പറഞ്ഞ് അവരെ ഓടിച്ചു വിട്ടതും ഇതേ പീയെസ്സി ആണ്.

കാലിക്കറ്റ് സർവ്വകലാശാല വിദൂര വിദ്യാഭ്യാസം വഴി കൊടുക്കുന്ന BSc Counseling Psychology എന്ന ഡിഗ്രിക്ക് കാലിക്കറ്റ് സർവ്വകലാശാലയുടെ തന്നെ equivalency കൊടുക്കാതെ ഇരുന്നതിനെപ്പറ്റി ഒരിക്കൽ അക്കാദമിക് കൗൺസിൽ (അതോ ബോർഡ് ഓഫ് സ്റ്റഡീസോ) അംഗമായ ഒരു എയ്ഡഡ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ പറഞ്ഞത് "അത് ഞങ്ങൾ എന്തായാലും കൊടുക്കാൻ പോകുന്നില്ല" എന്നാണ്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഉയർന്ന നിലവാരത്തിനു വേണ്ടിയാണല്ലോ ഇതൊക്കെ എന്നതാണ് ഒരു സമാധാനം.

കേരളത്തിൽ MCA എന്നൊരു കോഴ്സ് തന്നെ വരുന്നതിനു മുമ്പ് അലിഗഢ് സർവ്വകലാശാലയിൽ നിന്ന് കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ പിജി എടുത്ത എന്റെ ഒരു അധ്യാപകന്റെ നിയമനം ഇതേ equivalency-യുടെ പേരും പറഞ്ഞ് സെക്രട്ടറിയേറ്റിൽ കാലങ്ങളോളം തുലാസിൽ കിടന്ന് ആടിയതാണ്. വിദേശ സർവ്വകലാശാലകളുടെയും JNU പോലുള്ള സ്ഥാപനങ്ങളുടെയും ഡിഗ്രികൾ വരെ ഇവിടത്തെ കൂപമണ്ഡൂകങ്ങൾ പുല്ലുപോലെ തള്ളിക്കളയാറുണ്ടത്രേ.

എഴുതാൻ അനുവാദം ഇല്ലാത്ത അനീതിയുടെയും അഴിമതിയുടെയും കഥകൾ ഇനിയുമുണ്ട്.

കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ (KSHEC) 2018-19 കാലത്ത് കേരളത്തിലെ സർവ്വകലാശാലകളിൽ ബിരുദങ്ങളുടെ തുല്യതയും അംഗീകാരവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിക്കുന്നതിന് ഒരു കമ്മിറ്റിയെ നിയോഗിച്ചിരുന്നു. KSHEC വൈസ് ചെയർമാൻ ഡോക്ടർ രാജൻ ഗുരുക്കൾ തന്നെ ആയിരുന്നു അതിന്റെ ചെയർമാൻ. വളരെ പ്രധാനപ്പെട്ട കുറെയേറെ നിർദ്ദേശങ്ങൾ കമ്മിറ്റി മുന്നോട്ട് വെച്ചിരുന്നു. എന്നാൽ രണ്ടുവർഷം കഴിഞ്ഞിട്ടും അതൊന്നും കേരളത്തിലെ സർവ്വകലാശാലകളെയോ കോളേജുകളെയോ കേരള പി എസ്സ് സിയെയോ ബോധ്യപ്പെടുത്താൻ സർക്കാരിനോ കൗൺസിലിനോ ഇനിയും സാധിച്ചിട്ടില്ല എന്നാണ് മനസ്സിലാകുന്നത്.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ലിംഗ നീതി ഉറപ്പാക്കുന്നതിനു വേണ്ടി അന്നത്തെ ഉന്നത വിദ്യാഭ്യാസ കൗൺസിൽ നിയോഗിച്ച സമിതി തയ്യാറാക്കി സമർപ്പിച്ച 2015-ലെ 'സമാഗതി' എന്നൊരു പഠന റിപ്പോർട്ട് ഉണ്ടായിരുന്നു. അജ്ഞാതമായ കാരണങ്ങളാൽ ആ റിപ്പോർട്ട് നടപ്പാക്കപ്പെടാതെ പോയി. മലയാളി ആൺ ബോധത്തിന് ദഹിക്കാത്ത പല നിർദ്ദേശങ്ങളും ഉണ്ടായിരുന്നത് കൊണ്ടാവാം ആ റിപ്പോർട്ട് ഒരിക്കലും ഉണരാത്ത കോമയിൽ ആയിപ്പോയത്.

ഉന്നത വിദ്യാഭ്യാസ/വിജ്ഞാന ഉൽപ്പാദന/ഗവേഷണ രംഗത്ത് ലിംഗ നീതിയും, ആധുനിക മൂല്യങ്ങളും, ശാസ്ത്രീയ വീക്ഷണവും, സാമൂഹ്യ പ്രതിബദ്ധതയും ഉറപ്പാക്കാതെ കേരളത്തിന് ഇനിമേൽ മുന്നോട്ട് പോകാൻ കഴിയില്ല എന്നത് നിലവിലെ സർക്കാർ തിരിച്ചറിയുന്നു എന്ന് കരുതാനാണ് താൽപര്യം. എന്നാൽ അടിമുടി ഫ്യൂഡൽ മൂല്യങ്ങളിൽ കുളിച്ച ഈ സംവിധാനത്തെ ഇളക്കുക എന്നത് സാമാന്യം വലിയ പണിയാണ്.

നല്ലത് നടക്കട്ടെ.

No comments: