Thursday, October 15, 2020

മഞ്ഞപ്പിത്തം ബാധിച്ച നമ്മുടെ ലോകം | Confirmation Bias and its consequences

 ഒരു കൂട്ടുകാരിയുണ്ട്.

സൈക്കോളജിയിൽ BSc, MSc, MPhil എന്നീ ഡിഗ്രികളും ഒരു അഞ്ചു വർഷത്തെ കോളേജ് അധ്യാപന പരിചയവുമുണ്ട്. ആൾ മിടുക്കിയാണ്. ഗവേഷണത്തിലും താൽപര്യമുള്ള ആളാണ്.
എന്നാൽ....
സുശാന്ത് സിംഗ് രാജ്പുത് എന്ന നടൻ ആത്മഹത്യ ചെയ്തതല്ല എന്നും അദ്ദേഹത്തെ കൊന്നതാണെന്നും ആൾ ഉറച്ചു വിശ്വസിക്കുന്നു. എന്നു മാത്രമല്ല ചില പ്രമുഖ ഹിന്ദി നടന്മാർ ആ കൊലപാതകം ലൈവായി ഡാർക്ക് വെബിൽ കണ്ടു എന്നും കരുതുന്നു. രാജ്യത്തെ അവയവമോഷണ, മനുഷ്യക്കടത്ത് മാഫിയകളെ ഒക്കെ ഇല്ലാതാക്കാൻ ശ്രമിച്ചതു കൊണ്ടാണ് ആ നടൻ 'വധിക്കപ്പെട്ടത്' എന്നും, ഈ മാഫിയകളെ എല്ലാം നിയന്ത്രിക്കുന്നത് ശിവസേന എന്ന ഒരു രാഷ്ട്രീയപ്പാർട്ടി ആണെന്നും, ഈ മാഫിയകളുടെ സ്വാധീനം മൂലം അവസാനം ഈ കേസ് 'വെറും ആത്മഹത്യ' ആയി ഒതുങ്ങും എന്നും ആൾക്ക് ഉറപ്പുമുണ്ട്.
ഏതെങ്കിലും ഒരു വിഷയത്തിൽ ഒരിക്കൽ നാം ഒരു ധാരണയിൽ/വിശ്വാസത്തിൽ എത്തിയാൽ പിന്നീട് അതിന് അനുകൂലമായ വിവരങ്ങളും തെളിവുകളും മാത്രം കാണുകയോ ശ്രദ്ധിക്കുകയോ ചെയ്യുന്നതും, മറിച്ചുള്ള തെളിവുകളും വിവരങ്ങളും ശ്രദ്ധിക്കാതെ/പരിഗണിക്കാതെ പോകുന്നതും വളരെ സാധാരണയായി കാണപ്പെടുന്ന ഒരു ചിന്താ വൈകല്യമാണ്. Confirmation Bias എന്ന Cognitive Bias ആണ് ഇത്. നമ്മുടെ വ്യക്തിജീവിതത്തിലും ദൈനംദിന തീരുമാനങ്ങളിലും തുടങ്ങി അന്താരാഷ്ട്ര നയങ്ങളിലും ശാസ്ത്ര ഗവേഷണത്തിലും ഒക്കെ Confirmation Bias വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. പലപ്പോഴും ഇത് ദോഷകരമായ സ്വാധീനം ആയിരിക്കുകയും ചെയ്യും. ശാസ്ത്രബോധത്തിന്റെ വലിയ ശത്രു കൂടിയാണ് Confirmation Bias.
വൈകാരികമായാണ് പലപ്പോഴും Confirmation Bias തലച്ചോറിൽ പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ ഇതിനെ തിരിച്ചറിയാനും തിരുത്താനും കുറച്ചു ബുദ്ധിമുട്ടുമാണ്. എന്നാൽ Cognitive Bias കുറയ്ക്കാൻ സഹായിക്കുന്ന Debiasing എന്ന പ്രക്രിയ/skill കുറെയൊക്കെ പഠിച്ചെടുക്കാൻ കഴിയുന്നതാണ്. സ്വന്തം തീരുമാനങ്ങളെയും ബോധ്യങ്ങളെയും നിരന്തരം ചോദ്യം ചെയ്യുക എന്നതും, തെളിവുകളുടെ അടിസ്ഥാനത്തിൽ അവയെ തിരുത്താൻ സ്വയം പരിശീലിപ്പിക്കുക എന്നതും പ്രധാനമാണ്.
ഇന്റർനെറ്റ് സംവിധാനങ്ങൾ പൊതുവിലും സോഷ്യൽ മീഡിയ പ്രത്യേകിച്ചും നമ്മുടെ Confirmation Bias-നെ പല തരത്തിൽ ഉപയോഗിക്കുന്നുണ്ട്. ഇതിന് പലപ്പോഴും വളരെ പ്രതിലോമകരമായ അനന്തരഫലങ്ങൾ ആണ് ഉണ്ടാവുക. സമൂഹത്തിൽ ശാസ്ത്രബോധവും ശാസ്ത്രത്തിന്റെ ചിന്താ രീതിയും പ്രചരിപ്പിക്കുക എന്നത് നാം ജീവിക്കുന്ന ഈ കാലത്ത് മുമ്പെന്നത്തേക്കാളും പ്രധാനമാകുന്നതും അതുകൊണ്ടൊക്കെയാണ്.
 
ഈ വിഷയം പോഡ്കാസ്റ്റ് ആയി സംസാരിച്ചതിന്റെ ലിങ്ക് താഴെ.
 
https://www.stitcher.com/podcast/malayalam-podcast-on-psychology/e/78683829

No comments: