മറ്റു രോഗങ്ങളെ അപേക്ഷിച്ച് മാനസിക രോഗങ്ങൾക്ക് ശരിയായ ചികിത്സ കിട്ടുക എന്നത് നമ്മുടെ നാട്ടിൽ വളരെയധികം ബുദ്ധിമുട്ടുള്ള കാര്യമാണ്. ചികിത്സാ സൗകര്യങ്ങളുടെ അഭാവവും പൊതു സമൂഹത്തിന് ഈ വിഷയത്തിലുള്ള അറിവു കുറവും ഒക്കെ പ്രശ്നങ്ങളാണ്. നിയമങ്ങളിലും ചട്ടങ്ങളിലും ഉള്ള പോരായ്മകളും ഉണ്ട്.
ഇന്ത്യയിൽ നിലവിലുള്ള നിയമം അനുസരിച്ച് 'ക്ലിനിക്കൽ സൈക്കോളജിസ്റ്റ്' എന്ന ജോലിപ്പേര് (title) ഒഴികെ മറ്റൊന്നിനും നിയമപരമായ പരിരക്ഷ ഇല്ല. അതായത് 'സൈക്കോളജിസ്റ്റ്' എന്നോ 'കൗൺസലർ' എന്നോ ഒക്കെ അവകാശപ്പെടുന്നതിന് പ്രത്യേക വിദ്യാഭ്യാസ യോഗ്യതയോ പ്രവൃത്തിപരിചയമോ ഒന്നും ആവശ്യമില്ല എന്നർത്ഥം.
Rehabilitation Council of India (RCI) എന്ന കേന്ദ്ര ഗവൺമെന്റ് സ്ഥാപനം അംഗീകരിച്ച രണ്ടു വർഷ കോഴ്സായ M Phil Clinical Psychology പാസ്സായ ആളുകൾക്കാണ് നിലവിൽ RCI-യിൽ രജിസ്റ്റർ ചെയ്ത് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന പദവിയോടെ ജോലി ചെയ്യാൻ യോഗ്യത ഉള്ളത്. നിശ്ചിത യോഗ്യത ഇല്ലാതെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന് സ്വയം അവകാശപ്പെടുന്നവർക്കെതിരെ നിയമ നടപടി എടുക്കാൻ വകുപ്പുമുണ്ട്.
ഒരു വർഷം മുന്നൂറിൽ താഴെ ആളുകൾക്കാണ് പ്രസ്തുത കോഴ്സിൽ പ്രവേശനം കിട്ടുക.
ഈ നിരക്കിൽ ഇന്ത്യയിലെ ജനങ്ങൾക്ക് മുഴുവൻ ആവശ്യമായ മാനസികാരോഗ്യ പരിചരണം നൽകാൻ വേണ്ടത്ര മനുഷ്യ വിഭവശേഷി (trained human resources) അടുത്ത കാലത്തൊന്നും ലഭ്യമാവില്ല എന്ന ആശങ്ക നിലനിൽക്കുന്നു. സൈക്യാട്രിസ്റ്റുകളുടെയും സൈക്യാട്രിക് സോഷ്യൽ വർക്കർമാരുടെയും എണ്ണത്തിലും ഇതേ കുറവ് പ്രകടമാണ്.
ഇത്തരം സാഹചര്യം നിലനിൽക്കുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ലോകാരോഗ്യ സംഘടനയും മറ്റും നിർദ്ദേശിക്കുന്ന സാമൂഹിക മാനസികാരോഗ്യ സേവനങ്ങൾ (Community-based mental health services) ലഭ്യമാക്കാനുള്ള നടപടികൾ ഒന്നും നമ്മുടെ സർക്കാരുകൾ കാര്യമായി സ്വീകരിച്ചു കാണുന്നുമില്ല.
സൈക്കോളജിസ്റ്റ്, കൗൺസലർ തുടങ്ങിയ തസ്തികകളെ എല്ലാം ആരോഗ്യ സേവനങ്ങളുമായി മാത്രം ബന്ധിപ്പിച്ച് നിർവചിക്കുന്ന National Commission for Allied and Healthcare Professions Bill 2020 എന്ന ബില്ല് 2020 സെപ്റ്റംബർ 15-ന് രാജ്യസഭയുടെ മുമ്പാകെ കേന്ദ്ര ആരോഗ്യമന്ത്രി അവതരിപ്പിക്കുകയുണ്ടായി. എന്നാൽ സൈക്കോളജിസ്റ്റ് എന്ന പദവിയുടെ മറ്റ് പ്രയോഗ തലങ്ങൾ കൂടി കണക്കിലെടുക്കുന്ന, മുഴുവൻ മനഃശാസ്ത്ര സേവനങ്ങളെയും നിയന്ത്രിക്കാനും അവയ്ക്കുള്ള മാനദണ്ഡങ്ങൾ നിശ്ചയിക്കാനും അധികാരമുള്ള ഒരു പ്രത്യേക കൗൺസിൽ എന്ന ആവശ്യം അപ്പോഴും നിറവേറ്റാതെ കിടക്കുന്നു.
ഈ വിഷയത്തെ പറ്റി പോഡ്കാസ്റ്റിൽ സംസാരിച്ചത്:
https://www.stitcher.com/podcast/malayalam-podcast-on-psychology/e/78683830https://anchor.fm/dr-chinchu-c/episodes/The-issue-of-standards-in-practice-of-Psychology-ekhjk7
The National Commission for Allied and Healthcare Professions Bill, 2020:
No comments:
Post a Comment