Tuesday, April 05, 2022

നമ്മളെങ്ങനെയാണ് നേതാക്കളെ തെരഞ്ഞെടുക്കുന്നത്?

 നമ്മളെങ്ങനെയാണ് നേതാക്കളെ തെരഞ്ഞെടുക്കുന്നത്?
അല്ലെങ്കിൽ ആളുകൾ എങ്ങനെയാണ് നേതാക്കളും തീരുമാനമെടുക്കുന്നവരും സ്വാധീനം ചെലുത്തുന്നവരും (influencers) ഒക്കെ ആവുന്നത്?

നേതൃ സ്ഥാനങ്ങളിൽ (രാഷ്ട്രീയത്തിലും, മതത്തിലും, കോർപ്പറേറ്റ് ലോകത്തും, കലാരംഗത്തും ഒക്കെ) എത്തുന്ന മനുഷ്യർ പലരും ആ പണിക്ക് കൊള്ളാത്തവരാവും, എന്നു മാത്രമല്ല ചിലരെങ്കിലും കാര്യങ്ങൾ അടിമുടി നാശമാക്കുകയും ചെയ്യാറുണ്ട്. രാഷ്ട്രീയ നേതൃത്വത്തിലും മറ്റും എത്തിപ്പെടുന്ന ഇത്തരക്കാർ ചെയ്യുന്ന ദ്രോഹം തലമുറകളോളം നിലനിൽക്കുകയും ചെയ്യാം.

ആളുകളുടെ നേതൃപാടവം (മറ്റ് കഴിവുകളും) വിലയിരുത്തുന്നതിൽ നമുക്ക് പൊതുവെ ചില പിഴവുകൾ സംഭവിക്കാറുണ്ട്. ഒന്ന് ആത്മവിശ്വാസത്തെ (confidence) കഴിവായി (competence) തെറ്റിദ്ധരിക്കുന്നതാണ്. പക്ഷേ ഇവ രണ്ടും തമ്മിൽ അത്തരമൊരു ബന്ധം ഇല്ലെന്നാണ് തെളിവുകൾ പറയുന്നത്. ചിലപ്പോഴൊക്കെ അമിത ആത്മവിശ്വാസം കഴിവില്ലായ്മയ്ക്കും ആത്മാരാധനയ്ക്കും (narcissism) ഒക്കെയുള്ള മറയും ആയിരിക്കും.

വ്യക്തിപ്രഭാവം അഥവാ കരിസ്മയോടുള്ള നമ്മുടെ പ്രതിപത്തിയാണ് മറ്റൊരു കെണി. നല്ല നേതാക്കൾ ഈ so-called കരിസ്മ ഉള്ളവരാവണം എന്ന പൊതുബോധം മാസ് മീഡിയുടെയും ഇന്റർനെറ്റ്/സോഷ്യൽ മീഡിയയുടെയും വളർച്ചയോടെ വളരെ ശക്തമായിട്ടുണ്ട്. വ്യക്തിപ്രഭാവത്തിന്റ മറ ഉപയോഗിച്ച് 'നിർമ്മിച്ചെടുത്ത' നേതാക്കൾ എത്രമാത്രം ദോഷം ചെയ്യാം എന്നത് നാം നേരിട്ടറിഞ്ഞു വരികയാണല്ലോ. ഇത്തരം ഷോമാൻമാരെ അപേക്ഷിച്ച് നല്ല നേതൃപാടവമുള്ള മനുഷ്യർ പലപ്പോഴും പ്രകടനപരത തീരെ കുറവുള്ളവരാവും. നമുക്ക് കണ്ടിരിക്കാൻ പറ്റുന്ന ഒന്നും അവർക്ക് തരാനുണ്ടാവണമെന്നില്ല.

ആത്മാരാധന (Narcissism) ഉള്ളവർക്ക് മറ്റുള്ളവരുടെ അംഗീകാരം (ആരാധനയും) വേഗത്തിൽ പിടിച്ചു പറ്റാനുള്ള കഴിവും ഇതേപോലെ മറ്റൊരു കെണിയാണ്. നാർസിസ്സിറ്റുകൾക്ക് മറ്റുള്ളവരുടെ മേലുള്ള ഈ സ്വാധീനം ഒരുപാടു കാലം നിലനിൽക്കില്ലെങ്കിലും അവർക്ക് വേണ്ട കാര്യങ്ങൾ അവർ വേഗം തന്നെ നേടിയിട്ടുണ്ടാവും. മറ്റുള്ളവരെ ചവിട്ടിമെതിച്ചും ഇല്ലാതാക്കിയും ഏതെങ്കിലുമൊക്കെ സ്ഥാനങ്ങളിൽ എത്തുന്ന ഇവർ പലപ്പോഴും വിനാശകാരികളായി മാറും. അപ്പോഴും അവരെ പുകഴ്ത്താൻ നമ്മളിൽ പലരും ഉണ്ടാവുകയും ചെയ്യും. "എത്ര കൊള്ളരുതാത്തവൻ ആയാലെന്താ, അയാൾ ഇത്രയുമൊക്കെ എത്തിയില്ലേ" എന്നൊക്കെ നമ്മൾ ന്യായീകരിക്കുകയും ചെയ്യും.

എന്താണ് നാം ശരിക്കും ചെയ്യേണ്ടത്?

വ്യക്തിപ്രഭാവത്തിനും സൗന്ദര്യത്തിനും വാക്ചാതുരിക്കും ഒക്കെ മുകളിൽ നിൽക്കുന്ന ചില ഗുണങ്ങൾ (ആത്മാർത്ഥത, ബൗദ്ധിക വിനയം (intellectual humility), വൈകാരിക അച്ചടക്കം (emotion regulation) തുടങ്ങിയവ) ഉള്ള ആളുകളെ വിശ്വാസത്തിലെടുത്ത് ഉത്തരവാദിത്തങ്ങൾ ഏൽപ്പിക്കുന്ന ശീലം ഉണ്ടാക്കുക എന്നതാണ് ഒരു പ്രധാന കാര്യം.

ആളുകളെ വിലയിരുത്തുമ്പോൾ സഹജവാസനകൾക്ക് (instincts/hunches) പ്രാധാന്യം കൊടുക്കാതിരിക്കുക എന്നതും പ്രധാനമാണ്. യുക്തിസഹമെന്ന് നമുക്കു തോന്നുന്ന പല തീരുമാനങ്ങളും ചിന്താവൈകല്യങ്ങളുടെ (Cognitive Biases) സൃഷ്ടിയാവാം എന്നത് എപ്പോഴും ഓർക്കുക.

പിന്നെ പ്രധാനപ്പെട്ട തീരുമാനങ്ങൾ ഒക്കെ എടുക്കുമ്പോൾ വേണമെങ്കിൽ ഒരു കൺസൾട്ടിങ്ങ് സൈക്കോളജിസ്റ്റിന്റെ സേവനം തേടാവുന്നതാണ് 😊😊😊


No comments: