Tuesday, April 19, 2022

Prolonged Grief Disorder പുതിയ രോഗം. DSM 5 TR പുറത്തിറങ്ങി.

മാനസിക രോഗങ്ങളുടെ ലക്ഷണങ്ങളും പ്രത്യേകതകളും വിശദീകരിക്കാനും മാനദണ്ഡങ്ങൾ നിശ്ചയിക്കാനും അമേരിക്കൻ സൈക്യാട്രിക്ക് അസോസിയേഷൻ പ്രസിദ്ധീകരിക്കുന്ന Diagnostic and Statistical Manual of Mental Disorders (DSM) പുതിയ പതിപ്പായ DSM 5 TR 2022 മാർച്ചിൽ പുറത്തിറങ്ങി. അടുപ്പമുള്ളവരുടെ മരണത്തോട് പൊരുത്തപ്പെടാൻ കഴിയാത്ത അവസ്ഥയായ Prolonged Grief Disorder (PGD), Trauma and Related Stressors എന്ന വിഭാഗത്തിൽ ഒരു പുതിയ diagnosis ആയി ഇതിൽ ഉൾപ്പെടുന്നു. 




2022 ജനുവരിയിൽ നിലവിൽ വന്ന WHO-യുടെ International Classification of Diseases പതിനൊന്നാം പതിപ്പിലും (ICD-11) PGD ഉൾപ്പെടുത്തിയിട്ടുണ്ട്. മരണത്തെ തുടർന്നുള്ള ദു:ഖം (Grief), വിലാപം/ദുഃഖാചരണം (Mourning) തുടങ്ങിയവയിൽ ഓരോ സമൂഹത്തിലെയും സംസ്കാരത്തിന് കാര്യമായ സ്വാധീനം ഉണ്ടെന്നത് ഇത്തരമൊരു രോഗത്തിന്റെ നിർണയത്തിൽ പരിഗണിക്കേണ്ട ഒരു ഘടകം ആയേക്കാം. വേണ്ടപ്പെട്ട ഒരാളുടെ മരണത്തെ തുടർന്ന് പെട്ടെന്നുള്ള പ്രതികരണവും അതിന്റെ രൂക്ഷതയും (initial reactions) ഇന്റ്യ ഉൾപ്പെടുന്ന കിഴക്കൻ രാജ്യങ്ങളിൽ കൂടുതൽ ശക്തമായിരിക്കുകയും എന്നാൽ ഇവിടത്തുകാർ മരണം ഏൽപ്പിക്കുന്ന ആഘാതത്തിൽനിന്ന് വേഗം കരകയറുകയും ചെയ്യുന്നു. മറിച്ച് പടിഞ്ഞാറ് ഉള്ളവരുടെ ആദ്യ പ്രതികരണങ്ങൾ അത്ര കടുത്തതാവില്ലെങ്കിലും അവർക്ക് ഒരു മരണത്തിന്റെ ഷോക്കിൽ നിന്ന് മുക്തരാവാൻ കൂടുതൽ സമയം വേണ്ടി വരുന്നു എന്നാണ് പഠനങ്ങൾ പറയുന്നത്.

മറ്റു മാറ്റങ്ങൾ:

ആത്മഹത്യാപരമായ പെരുമാറ്റം (suicidal behavior), ആത്മഹത്യാപരമല്ലാത്ത സ്വയം പീഡ (nonsuicidal self-injury - NSSI) എന്നിവ ഒരു രോഗത്തിന്റെ ഭാഗമല്ലാതെ തന്നെ പ്രത്യേക ശ്രദ്ധ കൊടുക്കാവുന്ന പ്രശ്നങ്ങളായി അംഗീകരിക്കുന്നു.

ആദ്യം Mental Retardation എന്നും പിന്നീട് Intellectual Disability എന്നും വിളിച്ചിരുന്ന അവസ്ഥകളെ Intellectual Developmental Disorder എന്ന് പേര് മാറ്റിയിട്ടുണ്ട്. അതുപോലെ നേരത്തെ ഉണ്ടായിരുന്ന Conversion Disorder എന്ന രോഗത്തിന്റെ പേര് Functional Neurological Symptom Disorder എന്നും ആയിട്ടുണ്ട്.

Cisgender എന്ന പദം ഉൾപ്പെടുത്തുകയും അതിന് നിർവചനം കൊടുക്കുകയും ചെയ്തിരിക്കുന്നു. “Desired gender” എന്ന പഴയ പ്രയോഗം “Experienced gender” എന്നും “Cross-sex medical procedure” എന്നത് മാറ്റി “Gender-affirming medical procedure” എന്നും ആക്കിയിട്ടുണ്ട്. അതുപോലെ “natal male”/“natal female” എന്നത് “individual assigned male/female at birth" എന്നും മാറ്റി.

വംശീയത (racism), വിവേചനം (discrimination) തുടങ്ങിയവ മൂലം ഉണ്ടാകുന്ന ദോഷങ്ങളെ പരിഗണിക്കാനായി DSM-ൽ ഉപയോഗിച്ചിരിക്കുന്ന ഭാഷ പൂർണ്ണമായും പരിഷ്കരിച്ചിട്ടുണ്ട്. ഒപ്പം ഓട്ടിസം സ്പെക്ട്രം രോഗങ്ങൾ, ബൈപോളാർ ഡിസോർഡർ, മേജർ ഡിപ്രഷൻ തുടങ്ങിയ രോഗങ്ങളുടെ മാനദണ്ഡങ്ങളിൽ ചെറിയ മാറ്റങ്ങളും പുതിയ DSM പതിപ്പിൽ വന്നിട്ടുണ്ട്.
#PsychologyWeek


 

Tuesday, April 05, 2022

നമ്മളെങ്ങനെയാണ് നേതാക്കളെ തെരഞ്ഞെടുക്കുന്നത്?

 നമ്മളെങ്ങനെയാണ് നേതാക്കളെ തെരഞ്ഞെടുക്കുന്നത്?
അല്ലെങ്കിൽ ആളുകൾ എങ്ങനെയാണ് നേതാക്കളും തീരുമാനമെടുക്കുന്നവരും സ്വാധീനം ചെലുത്തുന്നവരും (influencers) ഒക്കെ ആവുന്നത്?

നേതൃ സ്ഥാനങ്ങളിൽ (രാഷ്ട്രീയത്തിലും, മതത്തിലും, കോർപ്പറേറ്റ് ലോകത്തും, കലാരംഗത്തും ഒക്കെ) എത്തുന്ന മനുഷ്യർ പലരും ആ പണിക്ക് കൊള്ളാത്തവരാവും, എന്നു മാത്രമല്ല ചിലരെങ്കിലും കാര്യങ്ങൾ അടിമുടി നാശമാക്കുകയും ചെയ്യാറുണ്ട്. രാഷ്ട്രീയ നേതൃത്വത്തിലും മറ്റും എത്തിപ്പെടുന്ന ഇത്തരക്കാർ ചെയ്യുന്ന ദ്രോഹം തലമുറകളോളം നിലനിൽക്കുകയും ചെയ്യാം.

ആളുകളുടെ നേതൃപാടവം (മറ്റ് കഴിവുകളും) വിലയിരുത്തുന്നതിൽ നമുക്ക് പൊതുവെ ചില പിഴവുകൾ സംഭവിക്കാറുണ്ട്. ഒന്ന് ആത്മവിശ്വാസത്തെ (confidence) കഴിവായി (competence) തെറ്റിദ്ധരിക്കുന്നതാണ്. പക്ഷേ ഇവ രണ്ടും തമ്മിൽ അത്തരമൊരു ബന്ധം ഇല്ലെന്നാണ് തെളിവുകൾ പറയുന്നത്. ചിലപ്പോഴൊക്കെ അമിത ആത്മവിശ്വാസം കഴിവില്ലായ്മയ്ക്കും ആത്മാരാധനയ്ക്കും (narcissism) ഒക്കെയുള്ള മറയും ആയിരിക്കും.

വ്യക്തിപ്രഭാവം അഥവാ കരിസ്മയോടുള്ള നമ്മുടെ പ്രതിപത്തിയാണ് മറ്റൊരു കെണി. നല്ല നേതാക്കൾ ഈ so-called കരിസ്മ ഉള്ളവരാവണം എന്ന പൊതുബോധം മാസ് മീഡിയുടെയും ഇന്റർനെറ്റ്/സോഷ്യൽ മീഡിയയുടെയും വളർച്ചയോടെ വളരെ ശക്തമായിട്ടുണ്ട്. വ്യക്തിപ്രഭാവത്തിന്റ മറ ഉപയോഗിച്ച് 'നിർമ്മിച്ചെടുത്ത' നേതാക്കൾ എത്രമാത്രം ദോഷം ചെയ്യാം എന്നത് നാം നേരിട്ടറിഞ്ഞു വരികയാണല്ലോ. ഇത്തരം ഷോമാൻമാരെ അപേക്ഷിച്ച് നല്ല നേതൃപാടവമുള്ള മനുഷ്യർ പലപ്പോഴും പ്രകടനപരത തീരെ കുറവുള്ളവരാവും. നമുക്ക് കണ്ടിരിക്കാൻ പറ്റുന്ന ഒന്നും അവർക്ക് തരാനുണ്ടാവണമെന്നില്ല.

ആത്മാരാധന (Narcissism) ഉള്ളവർക്ക് മറ്റുള്ളവരുടെ അംഗീകാരം (ആരാധനയും) വേഗത്തിൽ പിടിച്ചു പറ്റാനുള്ള കഴിവും ഇതേപോലെ മറ്റൊരു കെണിയാണ്. നാർസിസ്സിറ്റുകൾക്ക് മറ്റുള്ളവരുടെ മേലുള്ള ഈ സ്വാധീനം ഒരുപാടു കാലം നിലനിൽക്കില്ലെങ്കിലും അവർക്ക് വേണ്ട കാര്യങ്ങൾ അവർ വേഗം തന്നെ നേടിയിട്ടുണ്ടാവും. മറ്റുള്ളവരെ ചവിട്ടിമെതിച്ചും ഇല്ലാതാക്കിയും ഏതെങ്കിലുമൊക്കെ സ്ഥാനങ്ങളിൽ എത്തുന്ന ഇവർ പലപ്പോഴും വിനാശകാരികളായി മാറും. അപ്പോഴും അവരെ പുകഴ്ത്താൻ നമ്മളിൽ പലരും ഉണ്ടാവുകയും ചെയ്യും. "എത്ര കൊള്ളരുതാത്തവൻ ആയാലെന്താ, അയാൾ ഇത്രയുമൊക്കെ എത്തിയില്ലേ" എന്നൊക്കെ നമ്മൾ ന്യായീകരിക്കുകയും ചെയ്യും.

എന്താണ് നാം ശരിക്കും ചെയ്യേണ്ടത്?

വ്യക്തിപ്രഭാവത്തിനും സൗന്ദര്യത്തിനും വാക്ചാതുരിക്കും ഒക്കെ മുകളിൽ നിൽക്കുന്ന ചില ഗുണങ്ങൾ (ആത്മാർത്ഥത, ബൗദ്ധിക വിനയം (intellectual humility), വൈകാരിക അച്ചടക്കം (emotion regulation) തുടങ്ങിയവ) ഉള്ള ആളുകളെ വിശ്വാസത്തിലെടുത്ത് ഉത്തരവാദിത്തങ്ങൾ ഏൽപ്പിക്കുന്ന ശീലം ഉണ്ടാക്കുക എന്നതാണ് ഒരു പ്രധാന കാര്യം.

ആളുകളെ വിലയിരുത്തുമ്പോൾ സഹജവാസനകൾക്ക് (instincts/hunches) പ്രാധാന്യം കൊടുക്കാതിരിക്കുക എന്നതും പ്രധാനമാണ്. യുക്തിസഹമെന്ന് നമുക്കു തോന്നുന്ന പല തീരുമാനങ്ങളും ചിന്താവൈകല്യങ്ങളുടെ (Cognitive Biases) സൃഷ്ടിയാവാം എന്നത് എപ്പോഴും ഓർക്കുക.

പിന്നെ പ്രധാനപ്പെട്ട തീരുമാനങ്ങൾ ഒക്കെ എടുക്കുമ്പോൾ വേണമെങ്കിൽ ഒരു കൺസൾട്ടിങ്ങ് സൈക്കോളജിസ്റ്റിന്റെ സേവനം തേടാവുന്നതാണ് 😊😊😊


Friday, December 10, 2021

On Academic Bodies in Higher Education Institutions

 അക്കാദമിക് കാര്യങ്ങളിൽ വലിയ തോതിൽ സ്വയം നിർണ്ണയാവകാശം ഉള്ളവയാണ് സർവ്വകലാശാലകളും അവയുടെ ഭാഗമായ അക്കാദമിക് കൗൺസിൽ, ബോർഡ് ഓഫ് സ്റ്റഡീസ് തുടങ്ങിയ സംഘങ്ങളും. ഉന്നതവിദ്യാഭ്യാസത്തിന് അർഹിക്കുന്ന പ്രാധാന്യം കൊടുക്കുന്ന ഏതൊരു ഒരു നല്ല സംവിധാനത്തിലും അത് അങ്ങനെ തന്നെ വേണം താനും. കോടതികൾ പോലും അക്കാദമിക് കാര്യങ്ങളിൽ ഈ അധികാരം മാനിക്കാറുണ്ട്.

എന്നാൽ ഇത്തരം സ്ഥാപനങ്ങളെയും അവയിലെ സ്ഥാനങ്ങളെയും തലമുറകൾ കൈമാറി വന്ന, തങ്ങൾക്ക് തന്നിഷ്ട പ്രകാരം എന്തും ചെയ്യാവുന്ന കുടുംബസ്വത്ത് പോലെയാണ് ഭൂരിപക്ഷം അധ്യാപകരും ഉദ്യോഗസ്ഥരും കണക്കാക്കുന്നത്. പൊതു പണം ശമ്പളത്തിന് ചെലവാക്കുന്ന ഒഴിവുകളിലേക്ക് തങ്ങൾക്ക് ഇഷ്ടപ്പെട്ടവരെ നിയമിക്കാൻ വേണ്ടി വഴിവിട്ട് കളിക്കുന്നതും, അക്കാദമിക് കാര്യങ്ങളിൽ തീരുമാനങ്ങൾ എടുക്കുമ്പോൾ വിദ്യാർത്ഥികളുടെയോ, ഉദ്യോഗാർത്ഥികളുടെയോ, സമൂഹത്തിന്റെയോ, എന്തിന് താന്താങ്ങളുടെ വിഷയത്തിന്റെയോ പോലും താല്പര്യങ്ങൾക്ക് മുകളിൽ വ്യക്തി താൽപര്യങ്ങളും ബാലിശമായ പിടിവാശിയും കൊണ്ടുവരുന്നതും ഒക്കെ നമ്മുടെ അക്കാദമിക് സ്ഥാപനങ്ങളിൽ തികച്ചും സാധാരണമാണ്. എതിർ ശബ്ദം ഉയർത്തിയാൽ ഉണ്ടാകാവുന്ന നഷ്ടങ്ങളും മിണ്ടാതിരുന്നാൽ ഒരുപക്ഷേ ഏതെങ്കിലും കാലത്ത് കിട്ടിയേക്കാവുന്ന ഗുണങ്ങളും, പലവിധ നിസ്സഹായതകളും ഒക്കെ കാരണമാവും ഇരകളും സാക്ഷികളും ഒക്കെ പലപ്പോഴും ഈ അളിഞ്ഞ സംസ്കാരത്തെ എതിർക്കാതിരിക്കുന്നത്.

ഉന്നത/സാങ്കേതിക വിദ്യാഭ്യാസ മേഖലയിലെ കോഴ്സുകളുടെ അംഗീകാരം (recognition), തുല്യത (equivalency) തുടങ്ങിയ വിഷയങ്ങളിൽ കാലിക്കറ്റ് സർവ്വകലാശാലയുടെയും മറ്റും ചില ബോർഡ് ഓഫ് സ്റ്റഡീസ് സംഘങ്ങളുടെ നിലപാടുകൾ പലപ്പോഴും ഇവരൊക്കെ ഏതു കാലത്താണ് ജീവിക്കുന്നത് എന്ന് ചിന്തിച്ചു പോകുന്ന തരത്തിലാണ്. സാങ്കേതികമായ (പലപ്പോഴും വിവരം കെട്ട) ഉടക്കുകൾ സ്വന്തമായി കണ്ടുപിടിച്ച് കേരളത്തിനും രാജ്യത്തിനും പുറത്തു നിന്ന് ഡിഗ്രികൾ എടുത്ത ആളുകളെ ദ്രോഹിക്കുന്നതിൽ പലർക്കും പ്രത്യേക കഴിവ് തന്നെയുണ്ട്. വിദ്യാഭ്യാസത്തിന്റെയും നൈപുണികളുടെയും കാര്യത്തിൽ ലോകം മുഴുവനും - കേരളത്തിലെയും കേന്ദ്രത്തിലെയും സർക്കാരുകൾ ഉൾപ്പെടെ - പോകുന്ന വഴിയുടെ നേരെ എതിർ ദിശയിലാണ് ഇവരിൽ പലരും മാടമ്പി മനസ്സുകളുമായി ഓടിക്കൊണ്ടിരിക്കുന്നത്.

സൈക്കോളജിയിൽ കോളേജ് അധ്യാപകനാവാൻ പി എസ്സ് സി പരീക്ഷ എഴുതിയ ഒരാൾ തന്റെ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിന് (PDF) വെയിറ്റേജ് വേണം എന്ന് അപേക്ഷ കൊടുത്തു. അയാൾ ഹാജരാക്കിയ സർട്ടിഫിക്കറ്റ് ഒരു 'ഡിഗ്രി സർട്ടിഫിക്കറ്റ്' അല്ല എന്ന കാരണം പറഞ്ഞ് പീയെസ്സി അത് നിരസിച്ചു.

സോഷ്യൽ സയൻസ് പിജി യോഗ്യതയായ പോസ്റ്റിൽ പരീക്ഷ എഴുതിയ ആളുടെ സർട്ടിഫിക്കറ്റ് വേരിഫിക്കേഷൻ സമയത്ത് അവരുടെ യുജി ഡിഗ്രിക്ക് equivalency വേണമെന്നു പറഞ്ഞ് അവരെ ഓടിച്ചു വിട്ടതും ഇതേ പീയെസ്സി ആണ്.

കാലിക്കറ്റ് സർവ്വകലാശാല വിദൂര വിദ്യാഭ്യാസം വഴി കൊടുക്കുന്ന BSc Counseling Psychology എന്ന ഡിഗ്രിക്ക് കാലിക്കറ്റ് സർവ്വകലാശാലയുടെ തന്നെ equivalency കൊടുക്കാതെ ഇരുന്നതിനെപ്പറ്റി ഒരിക്കൽ അക്കാദമിക് കൗൺസിൽ (അതോ ബോർഡ് ഓഫ് സ്റ്റഡീസോ) അംഗമായ ഒരു എയ്ഡഡ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ പറഞ്ഞത് "അത് ഞങ്ങൾ എന്തായാലും കൊടുക്കാൻ പോകുന്നില്ല" എന്നാണ്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഉയർന്ന നിലവാരത്തിനു വേണ്ടിയാണല്ലോ ഇതൊക്കെ എന്നതാണ് ഒരു സമാധാനം.

കേരളത്തിൽ MCA എന്നൊരു കോഴ്സ് തന്നെ വരുന്നതിനു മുമ്പ് അലിഗഢ് സർവ്വകലാശാലയിൽ നിന്ന് കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ പിജി എടുത്ത എന്റെ ഒരു അധ്യാപകന്റെ നിയമനം ഇതേ equivalency-യുടെ പേരും പറഞ്ഞ് സെക്രട്ടറിയേറ്റിൽ കാലങ്ങളോളം തുലാസിൽ കിടന്ന് ആടിയതാണ്. വിദേശ സർവ്വകലാശാലകളുടെയും JNU പോലുള്ള സ്ഥാപനങ്ങളുടെയും ഡിഗ്രികൾ വരെ ഇവിടത്തെ കൂപമണ്ഡൂകങ്ങൾ പുല്ലുപോലെ തള്ളിക്കളയാറുണ്ടത്രേ.

എഴുതാൻ അനുവാദം ഇല്ലാത്ത അനീതിയുടെയും അഴിമതിയുടെയും കഥകൾ ഇനിയുമുണ്ട്.

കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ (KSHEC) 2018-19 കാലത്ത് കേരളത്തിലെ സർവ്വകലാശാലകളിൽ ബിരുദങ്ങളുടെ തുല്യതയും അംഗീകാരവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിക്കുന്നതിന് ഒരു കമ്മിറ്റിയെ നിയോഗിച്ചിരുന്നു. KSHEC വൈസ് ചെയർമാൻ ഡോക്ടർ രാജൻ ഗുരുക്കൾ തന്നെ ആയിരുന്നു അതിന്റെ ചെയർമാൻ. വളരെ പ്രധാനപ്പെട്ട കുറെയേറെ നിർദ്ദേശങ്ങൾ കമ്മിറ്റി മുന്നോട്ട് വെച്ചിരുന്നു. എന്നാൽ രണ്ടുവർഷം കഴിഞ്ഞിട്ടും അതൊന്നും കേരളത്തിലെ സർവ്വകലാശാലകളെയോ കോളേജുകളെയോ കേരള പി എസ്സ് സിയെയോ ബോധ്യപ്പെടുത്താൻ സർക്കാരിനോ കൗൺസിലിനോ ഇനിയും സാധിച്ചിട്ടില്ല എന്നാണ് മനസ്സിലാകുന്നത്.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ലിംഗ നീതി ഉറപ്പാക്കുന്നതിനു വേണ്ടി അന്നത്തെ ഉന്നത വിദ്യാഭ്യാസ കൗൺസിൽ നിയോഗിച്ച സമിതി തയ്യാറാക്കി സമർപ്പിച്ച 2015-ലെ 'സമാഗതി' എന്നൊരു പഠന റിപ്പോർട്ട് ഉണ്ടായിരുന്നു. അജ്ഞാതമായ കാരണങ്ങളാൽ ആ റിപ്പോർട്ട് നടപ്പാക്കപ്പെടാതെ പോയി. മലയാളി ആൺ ബോധത്തിന് ദഹിക്കാത്ത പല നിർദ്ദേശങ്ങളും ഉണ്ടായിരുന്നത് കൊണ്ടാവാം ആ റിപ്പോർട്ട് ഒരിക്കലും ഉണരാത്ത കോമയിൽ ആയിപ്പോയത്.

ഉന്നത വിദ്യാഭ്യാസ/വിജ്ഞാന ഉൽപ്പാദന/ഗവേഷണ രംഗത്ത് ലിംഗ നീതിയും, ആധുനിക മൂല്യങ്ങളും, ശാസ്ത്രീയ വീക്ഷണവും, സാമൂഹ്യ പ്രതിബദ്ധതയും ഉറപ്പാക്കാതെ കേരളത്തിന് ഇനിമേൽ മുന്നോട്ട് പോകാൻ കഴിയില്ല എന്നത് നിലവിലെ സർക്കാർ തിരിച്ചറിയുന്നു എന്ന് കരുതാനാണ് താൽപര്യം. എന്നാൽ അടിമുടി ഫ്യൂഡൽ മൂല്യങ്ങളിൽ കുളിച്ച ഈ സംവിധാനത്തെ ഇളക്കുക എന്നത് സാമാന്യം വലിയ പണിയാണ്.

നല്ലത് നടക്കട്ടെ.

Lifestyle Pickup Trucks

 പല രാജ്യങ്ങളിലും പിക്കപ്പ് ട്രക്കുകൾ കാറുകൾ പോലെ തന്നെ പ്രചാരത്തിലുണ്ട്. ചരക്കു വാഹനമായി മാത്രമല്ല കുടുംബങ്ങളുടെ ആവശ്യങ്ങൾക്കും ഇവ കാര്യമായി ഉപയോഗിക്കപ്പെടാറുണ്ട്. ഇങ്ങനെ കുടുംബങ്ങളുടെ യാത്രകൾക്കും മറ്റ് ആവശ്യങ്ങൾക്കുമായി ഉപയോഗിക്കുന്ന ട്രക്കുകളെ Lifestyle Pickup Truck എന്നാണ് പൊതുവേ വിളിക്കുക. പിക്കപ്പ് ട്രക്കുകൾ അമേരിക്കൻ നാടുകളിൽ വളരെ സാധാരണമാണെന്ന് ഹോളിവുഡ് സിനിമകൾ കണ്ടാൽ തന്നെ അറിയാൻ പറ്റും.

ഇന്റ്യക്കാർക്ക് ഇപ്പോഴും കാറുകൾ പോലെ ദൈനംദിന ഉപയോഗത്തിന് പിക്കപ്പ് ട്രക്കുകൾ അത്ര പിടുത്തമായിട്ടില്ല. ഇതിന് പല കാരണങ്ങളും ഉണ്ടാവാം. മിക്ക കമ്പനികളും ലോക വിപണിയിലെ അവരുടെ നല്ല ലൈഫ്സ്റ്റൈൽ പിക്കപ്പ് ട്രക്കുകൾ ഇവിടേക്ക് കൊണ്ടുവന്നിട്ടില്ല. നേരത്തെ വിപണിയിലുള്ള ടാറ്റാ സെനോൺ എന്ന ട്രക്ക് വ്യക്തിഗത/കുടുംബ ആവശ്യത്തിന് ആളുകൾ ഉപയോഗിക്കുന്നത് അപൂർവ്വമാണ്. മഹീന്ദ്ര സ്കോർപിയോയുടെ ട്രക്ക് വേർഷനായ ഗെറ്റ് എവേ, മഹീന്ദ്ര ജീനിയോ/ഇംപീരിയോ ബൊലേറോ ക്യാംപർ ഒന്നും സാധനങ്ങൾ കയറ്റാനല്ലാതെ family use vehicle എന്ന നിലയിൽ ഇന്റ്യക്കാരെ കാര്യമായി ആകർഷിച്ചില്ല. പ്രീമിയം വണ്ടിയായ Isuzu D Max V-Cross ആണ് ഇതിന് ഒരു അപവാദം. അത്യാവശ്യം കാശുള്ളവർ മോഡിഫിക്കേഷന് വേണ്ടി വാങ്ങുന്ന ഒരു വണ്ടിയാണ് V-Cross. ഇസുസു ഈ വർഷം ഇറക്കിയ, അവരുടെ തന്നെ വാണിജ്യ വാഹനമായ S-Cab-ന്റെ പാസഞ്ചർ വേർഷനായ Hi-Lander എന്ന ട്രക്കും പക്ഷേ വലിയ വിലയിലാണ് വിൽക്കുന്നത്.

പിക്കപ്പ് ട്രക്കുകൾ വ്യക്തിഗത ആവശ്യത്തിന് രജിസ്റ്റർ ചെയ്ത് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട നമ്മുടെ നാട്ടിലെ നിയമങ്ങളും അത്ര സൗഹാർദ്ദപരമല്ല. Cherian vs Transport Commissioner എന്ന കേസിൽ Goods & passenger vehicle ഗണത്തിൽ പെടുന്ന മഹീന്ദ്ര ബോലേറോ ക്യാംപർ എന്ന വണ്ടി, വ്യക്തിഗത ആവശ്യങ്ങൾക്ക് വേണ്ടി മാത്രം ഉപയോഗിക്കാൻ Light Motor Vehicle-Motor Car ആയി വെള്ള നമ്പർ പ്ലേറ്റിൽ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി അനുവാദം കൊടുത്തിരുന്നു. പക്ഷേ പിന്നീട് വന്ന Hassan Koya v/s Transport Commissioner എന്ന കേസിൽ വാങ്ങുന്നയാളുടെ ഉപയോഗം എന്തുതരം ആയാലും വണ്ടി ഉണ്ടാക്കുന്ന കമ്പനി (manufacturer) ചരക്ക് വാഹനം ആയി പറയുന്ന വണ്ടി അങ്ങനെ മാത്രമേ രജിസ്റ്റർ ചെയ്യാൻ പാടുള്ളൂ എന്ന് ഹൈക്കോടതി വിധിച്ചിരുന്നു. അതോടെ Isuzu S-Cab പോലെ കുറച്ചു വിലകുറവുള്ള വണ്ടികൾ personal vehicle ആയി രജിസ്റ്റർ ചെയ്യാൻ കഴിയില്ല എന്ന് ഉറപ്പായി. വില കൂടിയ ട്രക്കുകൾ മാത്രമേ വെള്ള നമ്പർ പ്ലേറ്റിൽ ഇറക്കാൻ പറ്റൂ എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഇടത്തരം കുടുംബങ്ങൾ കാറിനു പകരം പിക്കപ്പ് ട്രക്കുകൾ ഉപയോഗിക്കാനുള്ള എന്തെങ്കിലും സാധ്യതയെ ഇത്തരം നിയമങ്ങൾ ഇല്ലാതാക്കുന്നു.

അടുത്ത വർഷം ഇന്ത്യയിൽ കൊണ്ടുവരും എന്ന് പറയപ്പെടുന്ന Toyota Hilux ഒക്കെ പിക്കപ്പ് ട്രക്കുകളെ കൂടുതൽ പ്രീമിയം ആക്കി നിർത്താൻ തന്നെ ആണ് സാധ്യത. Compact/Subcompact കാറുകളുടെ വിലയിൽ വിൽക്കാൻ കഴിയുന്ന Renault Duster Oroch പോലുള്ള ട്രക്കുകൾ അടുത്തൊന്നും ഇവിടെ വരാനുള്ള സാധ്യതയും കാണുന്നില്ല. Isuzu V-Cross വന്നതിനു പുറകെ Renault Oroch ട്രക്ക് ഇന്റ്യയിൽ ഇറക്കും എന്ന് 2015-ൽ ഒരു വാർത്ത വന്നിരുന്നുവെങ്കിലും പിന്നീട് ഒന്നും ഉണ്ടായില്ല.

സ്കോർപ്പിയോ ഗെറ്റ് എവേയുടെ പുതിയ വേർഷൻ രണ്ടുമാസം മുമ്പ് ലഡാക്കിൽ ടെസ്റ്റ് ചെയ്തതായി ഒരു വാർത്ത വന്നിരുന്നു. ഇവിടെ ഇറക്കാൻ തന്നെ ആണോ അതോ ഗെറ്റ് എവേയുടെ സ്ഥിരം മാർക്കറ്റായ ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും മറ്റും ഇറക്കാനാണോ എന്ന് ഉറപ്പില്ല. ടൊയോട്ട അവരുടെ പ്രീമിയം Hilux ട്രക്കും കൊണ്ടുവരുന്നതോടെ മറ്റു കമ്പനികൾ തങ്ങളുടെ വിലകുറഞ്ഞ തരം ട്രക്കുകളും പതിയെയെങ്കിലും ഇങ്ങോട്ട് കൊണ്ടുവന്നേക്കും എന്ന് ആശിക്കുന്നു.

Sunday, November 21, 2021

എന്തുകൊണ്ടാണ് സൈക്കോളജിയിൽ പെരുമാറ്റച്ചട്ടം (Code of Conduct and Ethics) വേണ്ടത്?

 ഒരു സൈക്കോളജിസ്റ്റും അവരുടെ സേവന ഉപഭോക്താവും (client) തമ്മിൽ ഒഴിവാക്കാൻ കഴിയാത്ത ഒരു അധികാര വ്യത്യാസം (power imbalance) ഉണ്ട്. പ്രാക്ടീസ് ചെയ്യുന്ന മേഖല അനുസരിച്ച് (ക്ലിനിക്കൽ, കൗൺസലിങ്, സ്പോർട്സ്, കോച്ചിംഗ്, കൺസൾട്ടിംഗ്, ഇൻഡസ്ട്രിയൽ etc) ഇതിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം എന്നു മാത്രം.

തന്നെപ്പറ്റിയുള്ള കാര്യങ്ങൾ തുറന്നു പറയുകയും തന്റെ ഏറ്റവും vulnerable ആയ വശങ്ങൾ വെളിപ്പെടുത്തുകയും ചെയ്യുന്നതുവഴി ക്ലയന്റ് സൈക്കോളജിസ്റ്റിന്റെ മേൽ ചില അധികാരങ്ങൾ (ഉത്തരവാദിത്തങ്ങളും) ഏൽപ്പിച്ചു കൊടുക്കുന്നുണ്ട്. അവ തിരിച്ചറിഞ്ഞ് ക്ലയന്റിന്റെ ഗുണത്തിനായി പ്രവർത്തിക്കുക (act in the best interest of the client), ക്ലയന്റിന്റെ ശരിയായ ലക്ഷ്യങ്ങൾ നേടാൻ അവരെ സഹായിക്കുക (promoting client goals), ക്ലയന്റിന്റെ അവകാശങ്ങൾ സംരക്ഷിക്കുക (protecting client rights), പരമാവധി നന്മ ചെയ്യുകയും, പരമാവധി ഹാനി ഒഴിവാക്കുകയും (maximising good and minimizing harm) ഇതൊക്കെ ഒരു സൈക്കോളജിസ്റ്റിന്റെ ധാർമികമായ കടമകളിൽ പെടുന്നു.

സൈക്കോളജിയുമായി ബന്ധപ്പെട്ട ഏതാണ്ട് എല്ലാ പ്രൊഫഷനുകളിലും അതത് നാട്ടിലെ പ്രൊഫഷണൽ സംഘടനകൾ പെരുമാറ്റച്ചട്ടങ്ങൾ (Codes of Conduct) ഉണ്ടാക്കാറുണ്ട്. ഈ സംഘടനകളിൽ അംഗങ്ങളായുള്ളവർ അവയ്ക്കനുസരിച്ച് പ്രവർത്തിക്കണം എന്ന് നിഷ്കർഷിക്കാറുമുണ്ട്. സൈക്കോളജിസ്റ്റുകൾ പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്നു എന്ന് പരാതി ഉയർന്നാൽ സംഘടനകൾ ആ പരാതി അന്വേഷിക്കുകയും തെറ്റായ പെരുമാറ്റം നടത്തിയ ആളെ താക്കീത് ചെയ്യുക, ലൈസൻസിങ്ങ് സംവിധാനം ഉള്ള ഇടങ്ങളിൽ (ഇന്റ്യയിൽ ലൈസൻസിങ്ങ് ഇല്ല) ലൈസൻസ് മരവിപ്പിക്കുകയോ റദ്ദാക്കുകയോ ചെയ്യുക, അംഗത്വത്തിൽ നിന്നും പുറത്താക്കുക, സാധ്യമെങ്കിൽ നിയമനടപടികൾ സ്വീകരിക്കുകയോ, ബാധിക്കപ്പെട്ട ക്ലയന്റിനെ അതിന് സഹായിക്കുകയോ ചെയ്യുക തുടങ്ങിയ നടപടികൾ എടുക്കുകയും അവ പരസ്യപ്പെടുത്തുകയും ചെയ്യുക എന്നതാണ് പതിവ്.

പ്രൊഫഷണൽ സംഘടനാതലത്തിൽ ഇത്തരം നടപടികൾ ആവശ്യമായി വരുന്നതിന് ഒരു കാരണം, പെരുമാറ്റച്ചട്ടങ്ങൾക്ക് വിരുദ്ധമായ പ്രവർത്തികൾ പലതും സിവിൽ/ക്രിമിനൽ നിയമ സംവിധാനത്തിന്റെ പരിധിയിൽ വരുന്നവ ആവണമെന്നില്ല എന്നതാണ്. ക്ലയന്റിന്റെ സ്വകാര്യതയും അന്തസ്സും ആയി ബന്ധപ്പെട്ടതും, ഫീസുമായി ബന്ധപ്പെട്ടതും, അങ്ങനെ പല കാര്യങ്ങളും അതത് പ്രൊഫഷന്റെ ഉള്ളിൽ നിന്ന് പരിശോധിച്ച് ഒരു തീരുമാനത്തിൽ എത്തേണ്ടവയാവാം. രാജ്യത്തെ ശിക്ഷാ നിയമത്തിന്റെ പരിധിയിൽ വരുന്ന കാര്യങ്ങൾ അങ്ങോട്ട് കൈമാറുകയും ചെയ്യണം.

നമ്മുടെ രാജ്യത്ത് മിക്ക സൈക്കോളജി പ്രൊഫഷനുകൾക്കും പൊതു പ്രൊഫഷണൽ സംഘടനകൾ ഇല്ല എന്നാണറിവ്. ഉള്ള സംഘടനകൾ തന്നെ പെരുമാറ്റച്ചട്ടങ്ങൾ ഉണ്ടാക്കുകയും, പരസ്യപ്പെടുത്തുകയും, അവ കർശനമായി പാലിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്ന കാര്യത്തിൽ ഒരു താല്പര്യവും കാണിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ഈ വർഷം മാർച്ചിൽ പാർലമെന്റ് പാസ്സാക്കിയ National Commission for Allied and Healthcare Professions Act പ്രകാരം സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന ഒരു അവിയൽ രൂപമുള്ള ദേശീയ കമ്മീഷൻ ആവും സൈക്കോളജിസ്റ്റുകൾക്കുള്ള പെരുമാറ്റച്ചട്ടം ഉണ്ടാക്കുന്നത്. Something is Better Than Nothing തത്വം വെച്ച് ഇതിനെ ഈ ദിശയിലുള്ള ഒരു നല്ല നീക്കമായി കാണാം. പക്ഷേ ആ നിയമം അനുശാസിക്കുന്ന പോലെ, നിയമത്തിന് പ്രസിഡണ്ടിന്റെ അംഗീകാരം കിട്ടി 60 ദിവസത്തിനുള്ളിൽ നിലവിൽ വരേണ്ട ഇടക്കാല കമ്മീഷൻ ഇപ്പോഴും കടലാസിൽ തന്നെ ഉറങ്ങുന്നു എന്നാണ് മനസ്സിലാക്കുന്നത്.

സിനിമകളിലും 'കോമഡി' പരിപാടികളിലും സൈക്കോളജിസ്റ്റുകൾക്കുള്ള കോമാളി പരിവേഷത്തോടൊപ്പം പുതിയതായി ക്രിമിനൽ പട്ടം കൂടി ചാർത്തി കിട്ടാതിരിക്കാൻ സൈക്കോളജി രംഗത്തുള്ളവർ മുൻകൈ എടുക്കുന്നത് നന്നായിരിക്കും.


User Experience on Counseling/Psychotherapy Services in Kerala and Clientsourced Directory of Mental Health Professionals in Kerala

 രണ്ടു ഫോമുകളിലേക്കുള്ള ലിങ്കുകൾ കൊടുക്കുന്നുണ്ട്.

ഒന്ന് കേരളത്തിൽ ലഭ്യമായ മാനസികാരോഗ്യ സേവനങ്ങളുടെ ഗുണനിലവാരത്തെ പറ്റിയും കാര്യക്ഷമതയെ പറ്റിയും അത്തരം സേവനങ്ങൾ ഉപയോഗിച്ചിട്ടുള്ള ആളുകളുടെ അനുഭവങ്ങളും അഭിപ്രായങ്ങളും ശേഖരിക്കാനുള്ള ഒരു പഠനമാണ്. ഈ പഠനം ഓപ്പൺ സയൻസ് ഫ്രേംവർക്കിൽ പ്രീരജിസ്റ്റർ ചെയ്തിട്ടുള്ളതാണ്. പഠനം പുരോഗമിക്കുന്ന മുറയ്ക്ക് വ്യക്തിവിവരങ്ങൾ ഒഴിവാക്കി മറ്റ് വിവരങ്ങൾ അവിടെ ലഭ്യമാക്കുന്നതാണ്. പ്രീ രജിസ്ട്രേഷൻ വിവരങ്ങൾ കമന്റിലുണ്ട്. ഇതുവരെ 81 പേരാണ് ഫോം വഴി വിവരങ്ങൾ തന്നിട്ടുള്ളത്. കൂടുതൽ പേരിൽ നിന്ന് വിവരങ്ങൾ കിട്ടിയാൽ നല്ലത്. 2021 ഡിസംബർ 31 വരെയാണ് വിവരശേഖരണം നടത്താൻ ഉദ്ദേശിച്ചിട്ടുള്ളത്.

രണ്ടാമത്തേത് വിശ്വസിച്ച് സമീപിക്കാവുന്ന മാനസികാരോഗ്യ സേവനദാതാക്കളുടെ (Mental Health Professionals) ഒരു ലിസ്റ്റ് ഉണ്ടാക്കാനുള്ള ശ്രമമാണ്. മാനസികാരോഗ്യ പ്രവർത്തകർക്ക് Self-nomination ചെയ്യാമെങ്കിലും, സ്വയം മാനസികാരോഗ്യ സേവനങ്ങൾ ഉപയോഗിച്ചവരോ, അടുപ്പമുള്ള ആർക്കെങ്കിലും വേണ്ടി മാനസികാരോഗ്യ സേവനങ്ങൾ തേടിയിട്ടുള്ളവരോ ആയവരുടെ അഭിപ്രായങ്ങൾ ആണ് പ്രധാനമായും തേടുന്നത്.
നിലവിൽ 38 പേരുടെ വിവരങ്ങൾ കിട്ടിയതിൽ ഏതാണ്ട് 14 എണ്ണം മാത്രമാണ് ഇത്തരം നാമനിർദ്ദേശങ്ങൾ. ഇനിയും വിവരങ്ങൾ ആവശ്യമുണ്ട്.
കിട്ടുന്ന വിവരങ്ങൾ പരിശോധിച്ച ശേഷം ASCENT വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാൻ ഉദ്ദേശിക്കുന്നു.

ഈ ഫോമുകൾ വഴി വിവരങ്ങൾ തരാൻ കഴിയുന്നവർ അത് ചെയ്യുകയും വിവരം തരാൻ സാധിക്കുന്നവരിലേക്ക് ഇവ എത്തിക്കുകയും ചെയ്താൽ ഉപകാരം.


Form for the study 'User Experience on Counseling/Psychotherapy Services in Kerala' http://tiny.cc/mhquality

Form for Clientsourced Directory of Mental Health Professionals in Kerala
http://tiny.cc/mhkerala

Additional information on the study 'User Experience on Counseling/Psychotherapy Services in Kerala' is available on the OSF preregistration page at https://osf.io/rtwfp

Saturday, November 20, 2021

APA Ethical Principles of Psychologists and Code of Conduct

 

Portions of the American Psychological Association's 'Ethical Principles of Psychologists and Code of Conduct' relevant to the sexual conduct of Psychologists.
**Sexual Harassment**
Psychologists do not engage in sexual harassment.
Sexual harassment is sexual solicitation, physical advances, or verbal or nonverbal conduct that is sexual in nature, that occurs in connection with the psychologist’s activities or roles as a psychologist, and that either
(1) is unwelcome, is offensive, or creates a hostile workplace or educational environment, and the psychologist knows or is told this or
(2) is sufficiently severe or intense to be abusive to a reasonable person in the context.
Sexual harassment can consist of a single intense or severe act or of multiple persistent or pervasive acts.
**Other Harassment**
Psychologists do not knowingly engage in behavior that is harassing or demeaning to persons with whom they interact in their work based on factors such as those persons’ age, gender, gender identity, race, ethnicity, culture, national origin, religion, sexual orientation, disability, language, or socioeconomic status.
**Exploitative Relationships**
Psychologists do not exploit persons over whom they have supervisory, evaluative or other authority such as clients/patients, students, supervisees, research participants, and employees
**Sexual Relationships with Students and Supervisees**
Psychologists do not engage in sexual relationships with students or supervisees who are in their department, agency, or training center or over whom psychologists have or are likely to have evaluative authority.
Psychologists do not engage in sexual intimacies with current therapy clients/patients
Psychologists do not engage in sexual intimacies with individuals they know to be close relatives, guardians, or significant others of current clients/patients. Psychologists do not terminate therapy to circumvent this standard.
Psychologists do not accept as therapy clients/patients persons with whom they have engaged in sexual intimacies.
Psychologists do not engage in sexual intimacies with former clients/patients for at least two years after cessation or termination of therapy
Psychologists do not engage in sexual intimacies with former clients/patients even after a two-year interval except in the most unusual circumstances. Psychologists who engage in such activity after the two years following cessation or termination of therapy and of having no sexual contact with the former client/patient bear the burden of demonstrating that there has been no exploitation, in light of all relevant factors.
**Multiple Relationships**
A multiple relationship occurs when a psychologist is in a professional role with a person and
(1) at the same time is in another role with the same person,
(2) at the same time is in a relationship with a person closely associated with or related to the person with whom the psychologist has the professional relationship, or
(3) promises to enter into another relationship in the future with the person or a person closely associated with or related to the person.

Wednesday, November 17, 2021

പിയർ റിവ്യൂവിന്റെ 'വില'

ലോകത്ത് ഏറ്റവും ലാഭമുള്ള ബിസിനസ്സാണ് അക്കാദമിക് ജേണലുകൾ പ്രസിദ്ധീകരിക്കുക എന്നത്. ജനലുകളുടെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട പണികളെല്ലാം തന്നെ അധ്യാപകരും ഗവേഷകരും ആയ ആളുകൾ പൂർണ്ണമായും സൗജന്യമായി പബ്ലിഷിംഗ് കമ്പനികൾക്ക് ചെയ്തുകൊടുക്കുന്നതുകൊണ്ടാണ് ഇത്. ഇങ്ങനെ ഗവേഷകർ ചെയ്തു കൊടുക്കുന്ന അധ്വാനത്തിന്റെ മൂല്യം കാര്യമായി കണക്കാക്കപ്പെട്ടിരുന്നില്ല.

Research Integrity and Peer Review എന്ന ജേണലിൽ ഈയാഴ്ച പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ ഹംഗറിയിലും ഓസ്ട്രേലിയയിലും നിന്നുള്ള സൈക്കോളജി ഗവേഷകർ ഈ വിഷയം വിശദമായി പഠിച്ച് അവതരിപ്പിച്ചിട്ടുണ്ട്. ജേണലുകളുടെ പിയർ റിവ്യൂ സംവിധാനത്തിനായി ഗവേഷകർ ചെലവാക്കുന്ന സമയത്തിന് ഏകദേശം മൂല്യം നിർണയിക്കാനാണ് അവർ ശ്രമിച്ചത്. പൊതു ഇടത്തിൽ ലഭ്യമായ വിവരങ്ങൾ മാത്രമേ അവർ ഇതിനായി ഉപയോഗിച്ചിട്ടുള്ളൂ. ഇങ്ങനെ ലഭ്യമായ വിവരങ്ങൾ ഉപയോഗിച്ച് ചില അനുമാനങ്ങൾ നടത്താനാണ് അവർ ശ്രമിച്ചത്.

2020 എന്ന ഒരു വർഷത്തെ മാത്രം കണക്കെടുത്താൽ ലോകമെമ്പാടും ഗവേഷകർ പിയർ റിവ്യൂ നടത്താനായി മാത്രം ചെലവഴിച്ച സമയം 10 കോടി മണിക്കൂറിൽ കൂടുതലാണ് എന്നാണ് അവർ കണ്ടെത്തിയത്. അമേരിക്കയിൽ നിന്നുള്ള ഗവേഷകർ മാത്രം ഇങ്ങനെ ചെലവഴിച്ച സമയത്തിന്റെ മൂല്യം രൂപയിൽ കണക്കാക്കിയാൽ അത് 2020 വർഷത്തിൽ പതിനോരായിരം കോടിയിലേറെ വരും (1.5 billion US dollars, or more than 111695400000 in INR). ചൈനയിൽ നിന്നുള്ള ഗവേഷകരുടേത് അയ്യായിരം കോടി രൂപയോളം വരും. ഇന്ത്യയിലും മറ്റും നിന്നുള്ളവരുടെ കണക്കുകൾ ഇതിൽ ഉൾപ്പെട്ടിട്ടില്ല. 87,000
ജേണലുകളുടെ കണക്കുകൾ മാത്രം വെച്ചാണ് ഈ അനുമാനങ്ങൾ നടത്തിയിട്ടുള്ളത്. യഥാർത്ഥ കണക്കുകൾ ഇതിലൊക്കെ ഒരുപാട് കൂടുതലാവാം എന്നും ഈ ഗവേഷകർ പറയുന്നു.

പഠനത്തിന്റെ ലിങ്ക്https://pubmed.ncbi.nlm.nih.gov/34776003/

Wednesday, November 03, 2021

കേശവൻ മാമൻ പ്രതിഭാസം QAnon, Conspirituality, and our Uncertain Times

 

ഇൻറർനെറ്റിന്റെയും സോഷ്യൽ മീഡിയയുടെയും വരവിനുശേഷം ലോകം കണ്ട ഏറ്റവും വലിയ അനിശ്ചിതാവസ്ഥയാണ് കോവിഡ് കാലത്ത് നാം നേരിട്ടത്. അനിശ്ചിതാവസ്ഥകൾ ഗൂഢാലോചനാ സിദ്ധാന്തങ്ങൾക്ക് പടർന്നു പിടിക്കാൻ പറ്റിയ അന്തരീക്ഷം ഒരുക്കും. തീ പോലെ പടരുന്ന ഇത്തരം ഗൂഢാലോചനാ സിദ്ധാന്തങ്ങളെയും ശാസ്ത്ര വിരുദ്ധതയെയും ഒക്കെ തങ്ങൾക്ക് വളരാനുള്ള ഇന്ധനമായി ഉപയോഗിക്കുന്ന സോഷ്യൽ മീഡിയയുടെ വരവു കൂടി ആകുമ്പോൾ ഭീഷണമായ ഒരു അവസ്ഥയാണ് ഉണ്ടാവുന്നത്.
സാധാരണഗതിയിൽ എളുപ്പം ഗൂഢാലോചന സിദ്ധാന്തങ്ങളുടെ ഇരയാവാൻ സാധ്യതയില്ലാത്ത ആളുകളും കോവിഡ് കാലത്ത് ഇത്തരം ചതിക്കുഴികളിൽ പെടുന്നു എന്നാണ് കാണുന്നത്. പൊതുവെ വലതുപക്ഷ വീക്ഷണക്കാരല്ലാത്ത, ജൈവ ഭക്ഷണ പ്രിയരും സമാന്തര ചികിത്സാ പ്രിയരും ആത്മീയതയിൽ തൽപരരും ഒക്കെയായ ആളുകളും QAnon പോലെയുള്ള അസംബന്ധ ഗ്രൂപ്പുകളുടെ പിടിയിൽ അകപ്പെടുന്ന പ്രതിഭാസമാണ് Conspirituality.
 
ഈ വിഷയം പോഡ്കാസ്റ്റ് ആയി സംസാരിച്ചത്
 
https://anchor.fm/dr-chinchu-c/episodes/Conspirituality--QAnon--and-Uncertainties-e19n3s0
 
https://hubhopper.com/episode/qanon-conspirituality-and-our-uncertain-times-1635943103