Wednesday, October 28, 2020

നമ്മളിട്ടാൽ ബർമുഡ

നാം ചെയ്യുന്ന പ്രവർത്തികളുടെ, പ്രത്യേകിച്ചും തെറ്റുകളുടെ ഉത്തരവാദിത്തം അന്തരീക്ഷത്തിനും സാഹചര്യത്തിനും മറ്റുള്ളവർക്കും ഒക്കെ ചാർത്തിക്കൊടുക്കാനും, എന്നാൽ മറ്റൊരാൾ ചെയ്യുന്ന പ്രവർത്തികളുടെ ഉത്തരവാദിത്തം ആ വ്യക്തിക്കു മാത്രമാണെന്ന് ചിന്തിക്കാനും ഉള്ള പ്രവണത പൊതുവിൽ കണ്ടുവരാറുള്ളതാണ്. "We are very good lawyers for our own mistakes, but very good judges for the mistakes of others" എന്ന ഇംഗ്ലീഷ് പഴഞ്ചൊല്ലിന്റെ ആശയം ഇതുതന്നെയാണ്.
Actor-Observer Bias (asymmetry) എന്ന പ്രതിഭാസം ഇതിനു പിന്നിലുണ്ട്.
നമുക്ക് അടുത്തറിയാവുന്ന വ്യക്തികളുടെ കാര്യത്തിലും, ഒരു പ്രവർത്തിയുടെ അനന്തരഫലം നല്ലതോ ചീത്തയോ എന്നതിന്റെ അടിസ്ഥാനത്തിലും ഒക്കെ ഈ പ്രവണതയ്ക്ക് ഏറ്റക്കുറച്ചിലുകൾ വരാറുണ്ട്.
പലപ്പോഴും Actor-observer bias മൂലം നമ്മുടെ ചില പ്രവർത്തികളുടെ ഉത്തരവാദിത്തം നാം കൃത്യമായി മനസ്സിലാക്കാതെ പോവുകയും ഒരിക്കൽ പറ്റിയ അബദ്ധങ്ങൾ ആവർത്തിക്കുകയും ചെയ്യാം. അതുപോലെ മറ്റുള്ളവരുടെ കാഴ്ചപ്പാട് കൃത്യമായി മനസ്സിലാക്കാതെ പോകുന്നതും പലപ്പോഴും നമ്മുടെ തീരുമാനങ്ങളെ തെറ്റായി സ്വാധീനിക്കാം.
ഈ വിഷയത്തെപ്പറ്റി പോഡ്കാസ്റ്റിൽ സംസാരിച്ചത്  Google Podcasts
 
 

Monday, October 19, 2020

ഇവർക്കിതെന്താ മനസ്സിലാവാത്തത് | Curse of Knowledge and Hindsight Bias

ഷറാഡ്സ് (Charades) കളിച്ചിട്ടില്ലാത്തവർ കുറവായിരിക്കും. സിനിമാപ്പേരുകൾ വെച്ചാണ് മിക്കവാറും ഇത് കളിക്കുക. താൻ കൃത്യമായി ആംഗ്യങ്ങൾ കാണിച്ചു കൊടുക്കുന്ന സിനിമാപ്പേരുകൾ അപ്പുറത്തുള്ളവർക്ക് മനസ്സിലാകുന്നില്ല എന്ന് കാണുമ്പോൾ പലപ്പോഴും നമുക്ക് ദേഷ്യം പോലും വരും.
ഇതേപോലെ ക്ലാസ്സിൽ താൻ പറഞ്ഞു കൊടുക്കുന്ന 'വളരെ എളുപ്പമായ' കാര്യങ്ങൾ കുട്ടികൾക്ക് മനസ്സിലാകാതെ വരുമ്പോൾ അധ്യാപകർക്കും ദേഷ്യം വരാം. നിത്യജീവിതത്തിൽ പലപ്പോഴും കൂട്ടുകാരുടെ അടുത്തോ വീട്ടിലോ ഒക്കെ ഇതേ അനുഭവം നമുക്കൊക്കെ ഉണ്ടായിട്ടുണ്ടാകും.
ഒരു വ്യക്തി മറ്റൊരാളോട്/ആളുകളോട് സംസാരിക്കുമ്പോഴോ എന്തെങ്കിലും പറഞ്ഞു കൊടുക്കുമ്പോഴോ ഒക്കെ തനിക്കറിയാവുന്ന കാര്യങ്ങൾ അതേപോലെ അപ്പുറത്തുള്ളവർക്കും അറിയാമെന്ന് തെറ്റിദ്ധരിക്കുന്ന അവസ്ഥയെ ആണ് Curse of Knowledge എന്ന് വിളിക്കുന്നത്. തനിക്കറിയാവുന്ന ഒരുകാര്യം അറിയാത്ത ഒരാളുടെ മാനസികാവസ്ഥയെ മനസ്സിലാക്കാനുള്ള കഴിവില്ലായ്മയായും ഇതിനെ കാണാം.
ക്ലാസ്സ് മുറികളിലും സാമ്പത്തിക/വാണിജ്യ രംഗത്തും ഒക്കെ വലിയ പ്രത്യാഘാതങ്ങൾ Curse of Knowledge മൂലം ഉണ്ടാകാം. ശാസ്ത്ര പ്രചാരണം നടത്തുമ്പോഴും (Science communication) ഇതേ പ്രശ്നം ഉണ്ടാവാനുള്ള സാധ്യതയുണ്ട്. പറയുന്നയാളും കേൾക്കുന്നയാളും തമ്മിൽ വൈദഗ്ദ്ധ്യത്തിൽ വ്യത്യാസം (gap in knowledge, skill, or expertise) ഉള്ളപ്പോഴൊക്കെ Curse of knowledge കടന്നുവരാം. അധ്യാപകരോ, മറ്റുള്ളവരെ ഏതെങ്കിലും തരത്തിൽ instruct ചെയ്യുന്നവരോ ഒക്കെ ആയിട്ടുള്ള ആർക്കും Curse of knowledge ബാധകമാവാം.
ഇത്തരം ഒരു പ്രശ്നത്തിന്റെ സാധ്യതയെപ്പറ്റി അറിഞ്ഞിരിക്കുക എന്നതാണ് ഈ ചിന്താവൈകല്യത്തിന്റെ സ്വാധീനം കുറയ്ക്കാനുള്ള പ്രധാന പോംവഴി. മറ്റുള്ളവരോട് feedback ആവശ്യപ്പെടുക, സ്വന്തം കാഴ്ചപ്പാടിനെ കൂടുതൽ objective ആക്കാൻ സഹായിക്കുന്ന self-distancing പോലെയുള്ള debiasing രീതികൾ പരീക്ഷിക്കുക ഒക്കെ സഹായകരമാവാം.
 
ഈ വിഷയത്തെപ്പറ്റി പോഡ്കാസ്റ്റിൽ പറഞ്ഞതിന്റെ ലിങ്ക് താഴെ കൊടുക്കുന്നു.
 
 
https://anchor.fm/dr-chinchu-c/episodes/Curse-of-Knowledge-and-Hindsight-Bias---Malayalam-Podcast-el96j6
 

Thursday, October 15, 2020

മഞ്ഞപ്പിത്തം ബാധിച്ച നമ്മുടെ ലോകം | Confirmation Bias and its consequences

 ഒരു കൂട്ടുകാരിയുണ്ട്.

സൈക്കോളജിയിൽ BSc, MSc, MPhil എന്നീ ഡിഗ്രികളും ഒരു അഞ്ചു വർഷത്തെ കോളേജ് അധ്യാപന പരിചയവുമുണ്ട്. ആൾ മിടുക്കിയാണ്. ഗവേഷണത്തിലും താൽപര്യമുള്ള ആളാണ്.
എന്നാൽ....
സുശാന്ത് സിംഗ് രാജ്പുത് എന്ന നടൻ ആത്മഹത്യ ചെയ്തതല്ല എന്നും അദ്ദേഹത്തെ കൊന്നതാണെന്നും ആൾ ഉറച്ചു വിശ്വസിക്കുന്നു. എന്നു മാത്രമല്ല ചില പ്രമുഖ ഹിന്ദി നടന്മാർ ആ കൊലപാതകം ലൈവായി ഡാർക്ക് വെബിൽ കണ്ടു എന്നും കരുതുന്നു. രാജ്യത്തെ അവയവമോഷണ, മനുഷ്യക്കടത്ത് മാഫിയകളെ ഒക്കെ ഇല്ലാതാക്കാൻ ശ്രമിച്ചതു കൊണ്ടാണ് ആ നടൻ 'വധിക്കപ്പെട്ടത്' എന്നും, ഈ മാഫിയകളെ എല്ലാം നിയന്ത്രിക്കുന്നത് ശിവസേന എന്ന ഒരു രാഷ്ട്രീയപ്പാർട്ടി ആണെന്നും, ഈ മാഫിയകളുടെ സ്വാധീനം മൂലം അവസാനം ഈ കേസ് 'വെറും ആത്മഹത്യ' ആയി ഒതുങ്ങും എന്നും ആൾക്ക് ഉറപ്പുമുണ്ട്.
ഏതെങ്കിലും ഒരു വിഷയത്തിൽ ഒരിക്കൽ നാം ഒരു ധാരണയിൽ/വിശ്വാസത്തിൽ എത്തിയാൽ പിന്നീട് അതിന് അനുകൂലമായ വിവരങ്ങളും തെളിവുകളും മാത്രം കാണുകയോ ശ്രദ്ധിക്കുകയോ ചെയ്യുന്നതും, മറിച്ചുള്ള തെളിവുകളും വിവരങ്ങളും ശ്രദ്ധിക്കാതെ/പരിഗണിക്കാതെ പോകുന്നതും വളരെ സാധാരണയായി കാണപ്പെടുന്ന ഒരു ചിന്താ വൈകല്യമാണ്. Confirmation Bias എന്ന Cognitive Bias ആണ് ഇത്. നമ്മുടെ വ്യക്തിജീവിതത്തിലും ദൈനംദിന തീരുമാനങ്ങളിലും തുടങ്ങി അന്താരാഷ്ട്ര നയങ്ങളിലും ശാസ്ത്ര ഗവേഷണത്തിലും ഒക്കെ Confirmation Bias വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. പലപ്പോഴും ഇത് ദോഷകരമായ സ്വാധീനം ആയിരിക്കുകയും ചെയ്യും. ശാസ്ത്രബോധത്തിന്റെ വലിയ ശത്രു കൂടിയാണ് Confirmation Bias.
വൈകാരികമായാണ് പലപ്പോഴും Confirmation Bias തലച്ചോറിൽ പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ ഇതിനെ തിരിച്ചറിയാനും തിരുത്താനും കുറച്ചു ബുദ്ധിമുട്ടുമാണ്. എന്നാൽ Cognitive Bias കുറയ്ക്കാൻ സഹായിക്കുന്ന Debiasing എന്ന പ്രക്രിയ/skill കുറെയൊക്കെ പഠിച്ചെടുക്കാൻ കഴിയുന്നതാണ്. സ്വന്തം തീരുമാനങ്ങളെയും ബോധ്യങ്ങളെയും നിരന്തരം ചോദ്യം ചെയ്യുക എന്നതും, തെളിവുകളുടെ അടിസ്ഥാനത്തിൽ അവയെ തിരുത്താൻ സ്വയം പരിശീലിപ്പിക്കുക എന്നതും പ്രധാനമാണ്.
ഇന്റർനെറ്റ് സംവിധാനങ്ങൾ പൊതുവിലും സോഷ്യൽ മീഡിയ പ്രത്യേകിച്ചും നമ്മുടെ Confirmation Bias-നെ പല തരത്തിൽ ഉപയോഗിക്കുന്നുണ്ട്. ഇതിന് പലപ്പോഴും വളരെ പ്രതിലോമകരമായ അനന്തരഫലങ്ങൾ ആണ് ഉണ്ടാവുക. സമൂഹത്തിൽ ശാസ്ത്രബോധവും ശാസ്ത്രത്തിന്റെ ചിന്താ രീതിയും പ്രചരിപ്പിക്കുക എന്നത് നാം ജീവിക്കുന്ന ഈ കാലത്ത് മുമ്പെന്നത്തേക്കാളും പ്രധാനമാകുന്നതും അതുകൊണ്ടൊക്കെയാണ്.
 
ഈ വിഷയം പോഡ്കാസ്റ്റ് ആയി സംസാരിച്ചതിന്റെ ലിങ്ക് താഴെ.
 
https://www.stitcher.com/podcast/malayalam-podcast-on-psychology/e/78683829

Saturday, October 03, 2020

വ്യാജ സൈക്കോളജിസ്റ്റുമാർ ഉണ്ടാവുന്നത് | The issue of standards in practice of Psychology

 

മറ്റു രോഗങ്ങളെ അപേക്ഷിച്ച് മാനസിക രോഗങ്ങൾക്ക് ശരിയായ ചികിത്സ കിട്ടുക എന്നത് നമ്മുടെ നാട്ടിൽ വളരെയധികം ബുദ്ധിമുട്ടുള്ള കാര്യമാണ്. ചികിത്സാ സൗകര്യങ്ങളുടെ അഭാവവും പൊതു സമൂഹത്തിന് ഈ വിഷയത്തിലുള്ള അറിവു കുറവും ഒക്കെ പ്രശ്നങ്ങളാണ്. നിയമങ്ങളിലും ചട്ടങ്ങളിലും ഉള്ള പോരായ്മകളും ഉണ്ട്.
ഇന്ത്യയിൽ നിലവിലുള്ള നിയമം അനുസരിച്ച് 'ക്ലിനിക്കൽ സൈക്കോളജിസ്റ്റ്' എന്ന ജോലിപ്പേര് (title) ഒഴികെ മറ്റൊന്നിനും നിയമപരമായ പരിരക്ഷ ഇല്ല. അതായത് 'സൈക്കോളജിസ്റ്റ്' എന്നോ 'കൗൺസലർ' എന്നോ ഒക്കെ അവകാശപ്പെടുന്നതിന് പ്രത്യേക വിദ്യാഭ്യാസ യോഗ്യതയോ പ്രവൃത്തിപരിചയമോ ഒന്നും ആവശ്യമില്ല എന്നർത്ഥം.
Rehabilitation Council of India (RCI) എന്ന കേന്ദ്ര ഗവൺമെന്റ് സ്ഥാപനം അംഗീകരിച്ച രണ്ടു വർഷ കോഴ്സായ M Phil Clinical Psychology പാസ്സായ ആളുകൾക്കാണ് നിലവിൽ RCI-യിൽ രജിസ്റ്റർ ചെയ്ത് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന പദവിയോടെ ജോലി ചെയ്യാൻ യോഗ്യത ഉള്ളത്. നിശ്ചിത യോഗ്യത ഇല്ലാതെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന് സ്വയം അവകാശപ്പെടുന്നവർക്കെതിരെ നിയമ നടപടി എടുക്കാൻ വകുപ്പുമുണ്ട്.
ഒരു വർഷം മുന്നൂറിൽ താഴെ ആളുകൾക്കാണ് പ്രസ്തുത കോഴ്സിൽ പ്രവേശനം കിട്ടുക.
ഈ നിരക്കിൽ ഇന്ത്യയിലെ ജനങ്ങൾക്ക് മുഴുവൻ ആവശ്യമായ മാനസികാരോഗ്യ പരിചരണം നൽകാൻ വേണ്ടത്ര മനുഷ്യ വിഭവശേഷി (trained human resources) അടുത്ത കാലത്തൊന്നും ലഭ്യമാവില്ല എന്ന ആശങ്ക നിലനിൽക്കുന്നു. സൈക്യാട്രിസ്റ്റുകളുടെയും സൈക്യാട്രിക് സോഷ്യൽ വർക്കർമാരുടെയും എണ്ണത്തിലും ഇതേ കുറവ് പ്രകടമാണ്.
ഇത്തരം സാഹചര്യം നിലനിൽക്കുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ലോകാരോഗ്യ സംഘടനയും മറ്റും നിർദ്ദേശിക്കുന്ന സാമൂഹിക മാനസികാരോഗ്യ സേവനങ്ങൾ (Community-based mental health services) ലഭ്യമാക്കാനുള്ള നടപടികൾ ഒന്നും നമ്മുടെ സർക്കാരുകൾ കാര്യമായി സ്വീകരിച്ചു കാണുന്നുമില്ല.
സൈക്കോളജിസ്റ്റ്, കൗൺസലർ തുടങ്ങിയ തസ്തികകളെ എല്ലാം ആരോഗ്യ സേവനങ്ങളുമായി മാത്രം ബന്ധിപ്പിച്ച് നിർവചിക്കുന്ന National Commission for Allied and Healthcare Professions Bill 2020 എന്ന ബില്ല് 2020 സെപ്റ്റംബർ 15-ന് രാജ്യസഭയുടെ മുമ്പാകെ കേന്ദ്ര ആരോഗ്യമന്ത്രി അവതരിപ്പിക്കുകയുണ്ടായി. എന്നാൽ സൈക്കോളജിസ്റ്റ് എന്ന പദവിയുടെ മറ്റ് പ്രയോഗ തലങ്ങൾ കൂടി കണക്കിലെടുക്കുന്ന, മുഴുവൻ മനഃശാസ്ത്ര സേവനങ്ങളെയും നിയന്ത്രിക്കാനും അവയ്ക്കുള്ള മാനദണ്ഡങ്ങൾ നിശ്ചയിക്കാനും അധികാരമുള്ള ഒരു പ്രത്യേക കൗൺസിൽ എന്ന ആവശ്യം അപ്പോഴും നിറവേറ്റാതെ കിടക്കുന്നു.
 
ഈ വിഷയത്തെ പറ്റി പോഡ്കാസ്റ്റിൽ സംസാരിച്ചത്:
https://www.stitcher.com/podcast/malayalam-podcast-on-psychology/e/78683830
 
https://anchor.fm/dr-chinchu-c/episodes/The-issue-of-standards-in-practice-of-Psychology-ekhjk7
 
The National Commission for Allied and Healthcare Professions Bill, 2020: