അക്കാദമിക് കാര്യങ്ങളിൽ വലിയ തോതിൽ സ്വയം നിർണ്ണയാവകാശം ഉള്ളവയാണ്
സർവ്വകലാശാലകളും അവയുടെ ഭാഗമായ അക്കാദമിക് കൗൺസിൽ, ബോർഡ് ഓഫ് സ്റ്റഡീസ്
തുടങ്ങിയ സംഘങ്ങളും. ഉന്നതവിദ്യാഭ്യാസത്തിന് അർഹിക്കുന്ന പ്രാധാന്യം
കൊടുക്കുന്ന ഏതൊരു ഒരു നല്ല സംവിധാനത്തിലും അത് അങ്ങനെ തന്നെ വേണം താനും.
കോടതികൾ പോലും അക്കാദമിക് കാര്യങ്ങളിൽ ഈ അധികാരം മാനിക്കാറുണ്ട്.
എന്നാൽ
ഇത്തരം സ്ഥാപനങ്ങളെയും അവയിലെ സ്ഥാനങ്ങളെയും തലമുറകൾ കൈമാറി വന്ന,
തങ്ങൾക്ക് തന്നിഷ്ട പ്രകാരം എന്തും ചെയ്യാവുന്ന കുടുംബസ്വത്ത് പോലെയാണ്
ഭൂരിപക്ഷം അധ്യാപകരും ഉദ്യോഗസ്ഥരും കണക്കാക്കുന്നത്. പൊതു പണം ശമ്പളത്തിന്
ചെലവാക്കുന്ന ഒഴിവുകളിലേക്ക് തങ്ങൾക്ക് ഇഷ്ടപ്പെട്ടവരെ നിയമിക്കാൻ വേണ്ടി
വഴിവിട്ട് കളിക്കുന്നതും, അക്കാദമിക് കാര്യങ്ങളിൽ തീരുമാനങ്ങൾ എടുക്കുമ്പോൾ
വിദ്യാർത്ഥികളുടെയോ, ഉദ്യോഗാർത്ഥികളുടെയോ, സമൂഹത്തിന്റെയോ, എന്തിന്
താന്താങ്ങളുടെ വിഷയത്തിന്റെയോ പോലും താല്പര്യങ്ങൾക്ക് മുകളിൽ വ്യക്തി
താൽപര്യങ്ങളും ബാലിശമായ പിടിവാശിയും കൊണ്ടുവരുന്നതും ഒക്കെ നമ്മുടെ
അക്കാദമിക് സ്ഥാപനങ്ങളിൽ തികച്ചും സാധാരണമാണ്. എതിർ ശബ്ദം ഉയർത്തിയാൽ
ഉണ്ടാകാവുന്ന നഷ്ടങ്ങളും മിണ്ടാതിരുന്നാൽ ഒരുപക്ഷേ ഏതെങ്കിലും കാലത്ത്
കിട്ടിയേക്കാവുന്ന ഗുണങ്ങളും, പലവിധ നിസ്സഹായതകളും ഒക്കെ കാരണമാവും ഇരകളും
സാക്ഷികളും ഒക്കെ പലപ്പോഴും ഈ അളിഞ്ഞ സംസ്കാരത്തെ എതിർക്കാതിരിക്കുന്നത്.
ഉന്നത/സാങ്കേതിക
വിദ്യാഭ്യാസ മേഖലയിലെ കോഴ്സുകളുടെ അംഗീകാരം (recognition), തുല്യത
(equivalency) തുടങ്ങിയ വിഷയങ്ങളിൽ കാലിക്കറ്റ് സർവ്വകലാശാലയുടെയും മറ്റും
ചില ബോർഡ് ഓഫ് സ്റ്റഡീസ് സംഘങ്ങളുടെ നിലപാടുകൾ പലപ്പോഴും ഇവരൊക്കെ ഏതു
കാലത്താണ് ജീവിക്കുന്നത് എന്ന് ചിന്തിച്ചു പോകുന്ന തരത്തിലാണ്.
സാങ്കേതികമായ (പലപ്പോഴും വിവരം കെട്ട) ഉടക്കുകൾ സ്വന്തമായി കണ്ടുപിടിച്ച്
കേരളത്തിനും രാജ്യത്തിനും പുറത്തു നിന്ന് ഡിഗ്രികൾ എടുത്ത ആളുകളെ
ദ്രോഹിക്കുന്നതിൽ പലർക്കും പ്രത്യേക കഴിവ് തന്നെയുണ്ട്.
വിദ്യാഭ്യാസത്തിന്റെയും നൈപുണികളുടെയും കാര്യത്തിൽ ലോകം മുഴുവനും -
കേരളത്തിലെയും കേന്ദ്രത്തിലെയും സർക്കാരുകൾ ഉൾപ്പെടെ - പോകുന്ന വഴിയുടെ
നേരെ എതിർ ദിശയിലാണ് ഇവരിൽ പലരും മാടമ്പി മനസ്സുകളുമായി
ഓടിക്കൊണ്ടിരിക്കുന്നത്.
സൈക്കോളജിയിൽ കോളേജ് അധ്യാപകനാവാൻ പി എസ്സ്
സി പരീക്ഷ എഴുതിയ ഒരാൾ തന്റെ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിന് (PDF)
വെയിറ്റേജ് വേണം എന്ന് അപേക്ഷ കൊടുത്തു. അയാൾ ഹാജരാക്കിയ സർട്ടിഫിക്കറ്റ്
ഒരു 'ഡിഗ്രി സർട്ടിഫിക്കറ്റ്' അല്ല എന്ന കാരണം പറഞ്ഞ് പീയെസ്സി അത്
നിരസിച്ചു.
സോഷ്യൽ സയൻസ് പിജി യോഗ്യതയായ പോസ്റ്റിൽ പരീക്ഷ എഴുതിയ
ആളുടെ സർട്ടിഫിക്കറ്റ് വേരിഫിക്കേഷൻ സമയത്ത് അവരുടെ യുജി ഡിഗ്രിക്ക്
equivalency വേണമെന്നു പറഞ്ഞ് അവരെ ഓടിച്ചു വിട്ടതും ഇതേ പീയെസ്സി ആണ്.
കാലിക്കറ്റ്
സർവ്വകലാശാല വിദൂര വിദ്യാഭ്യാസം വഴി കൊടുക്കുന്ന BSc Counseling
Psychology എന്ന ഡിഗ്രിക്ക് കാലിക്കറ്റ് സർവ്വകലാശാലയുടെ തന്നെ equivalency
കൊടുക്കാതെ ഇരുന്നതിനെപ്പറ്റി ഒരിക്കൽ അക്കാദമിക് കൗൺസിൽ (അതോ ബോർഡ് ഓഫ്
സ്റ്റഡീസോ) അംഗമായ ഒരു എയ്ഡഡ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ പറഞ്ഞത് "അത്
ഞങ്ങൾ എന്തായാലും കൊടുക്കാൻ പോകുന്നില്ല" എന്നാണ്. കേരളത്തിലെ ഉന്നത
വിദ്യാഭ്യാസ മേഖലയുടെ ഉയർന്ന നിലവാരത്തിനു വേണ്ടിയാണല്ലോ ഇതൊക്കെ എന്നതാണ്
ഒരു സമാധാനം.
കേരളത്തിൽ MCA എന്നൊരു കോഴ്സ് തന്നെ വരുന്നതിനു മുമ്പ്
അലിഗഢ് സർവ്വകലാശാലയിൽ നിന്ന് കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ പിജി എടുത്ത
എന്റെ ഒരു അധ്യാപകന്റെ നിയമനം ഇതേ equivalency-യുടെ പേരും പറഞ്ഞ്
സെക്രട്ടറിയേറ്റിൽ കാലങ്ങളോളം തുലാസിൽ കിടന്ന് ആടിയതാണ്. വിദേശ
സർവ്വകലാശാലകളുടെയും JNU പോലുള്ള സ്ഥാപനങ്ങളുടെയും ഡിഗ്രികൾ വരെ ഇവിടത്തെ
കൂപമണ്ഡൂകങ്ങൾ പുല്ലുപോലെ തള്ളിക്കളയാറുണ്ടത്രേ.
എഴുതാൻ അനുവാദം ഇല്ലാത്ത അനീതിയുടെയും അഴിമതിയുടെയും കഥകൾ ഇനിയുമുണ്ട്.
കേരള
സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ (KSHEC) 2018-19 കാലത്ത് കേരളത്തിലെ
സർവ്വകലാശാലകളിൽ ബിരുദങ്ങളുടെ തുല്യതയും അംഗീകാരവുമായി ബന്ധപ്പെട്ട
വിഷയങ്ങൾ പഠിക്കുന്നതിന് ഒരു കമ്മിറ്റിയെ നിയോഗിച്ചിരുന്നു. KSHEC വൈസ്
ചെയർമാൻ ഡോക്ടർ രാജൻ ഗുരുക്കൾ തന്നെ ആയിരുന്നു അതിന്റെ ചെയർമാൻ. വളരെ
പ്രധാനപ്പെട്ട കുറെയേറെ നിർദ്ദേശങ്ങൾ കമ്മിറ്റി മുന്നോട്ട് വെച്ചിരുന്നു.
എന്നാൽ രണ്ടുവർഷം കഴിഞ്ഞിട്ടും അതൊന്നും കേരളത്തിലെ സർവ്വകലാശാലകളെയോ
കോളേജുകളെയോ കേരള പി എസ്സ് സിയെയോ ബോധ്യപ്പെടുത്താൻ സർക്കാരിനോ കൗൺസിലിനോ
ഇനിയും സാധിച്ചിട്ടില്ല എന്നാണ് മനസ്സിലാകുന്നത്.
കേരളത്തിലെ ഉന്നത
വിദ്യാഭ്യാസ രംഗത്ത് ലിംഗ നീതി ഉറപ്പാക്കുന്നതിനു വേണ്ടി അന്നത്തെ ഉന്നത
വിദ്യാഭ്യാസ കൗൺസിൽ നിയോഗിച്ച സമിതി തയ്യാറാക്കി സമർപ്പിച്ച 2015-ലെ
'സമാഗതി' എന്നൊരു പഠന റിപ്പോർട്ട് ഉണ്ടായിരുന്നു. അജ്ഞാതമായ കാരണങ്ങളാൽ ആ
റിപ്പോർട്ട് നടപ്പാക്കപ്പെടാതെ പോയി. മലയാളി ആൺ ബോധത്തിന് ദഹിക്കാത്ത പല
നിർദ്ദേശങ്ങളും ഉണ്ടായിരുന്നത് കൊണ്ടാവാം ആ റിപ്പോർട്ട് ഒരിക്കലും ഉണരാത്ത
കോമയിൽ ആയിപ്പോയത്.
ഉന്നത വിദ്യാഭ്യാസ/വിജ്ഞാന ഉൽപ്പാദന/ഗവേഷണ
രംഗത്ത് ലിംഗ നീതിയും, ആധുനിക മൂല്യങ്ങളും, ശാസ്ത്രീയ വീക്ഷണവും, സാമൂഹ്യ
പ്രതിബദ്ധതയും ഉറപ്പാക്കാതെ കേരളത്തിന് ഇനിമേൽ മുന്നോട്ട് പോകാൻ കഴിയില്ല
എന്നത് നിലവിലെ സർക്കാർ തിരിച്ചറിയുന്നു എന്ന് കരുതാനാണ് താൽപര്യം. എന്നാൽ
അടിമുടി ഫ്യൂഡൽ മൂല്യങ്ങളിൽ കുളിച്ച ഈ സംവിധാനത്തെ ഇളക്കുക എന്നത് സാമാന്യം
വലിയ പണിയാണ്.
നല്ലത് നടക്കട്ടെ.
Friday, December 10, 2021
On Academic Bodies in Higher Education Institutions
Lifestyle Pickup Trucks
പല രാജ്യങ്ങളിലും പിക്കപ്പ് ട്രക്കുകൾ കാറുകൾ പോലെ തന്നെ പ്രചാരത്തിലുണ്ട്.
ചരക്കു വാഹനമായി മാത്രമല്ല കുടുംബങ്ങളുടെ ആവശ്യങ്ങൾക്കും ഇവ കാര്യമായി
ഉപയോഗിക്കപ്പെടാറുണ്ട്. ഇങ്ങനെ കുടുംബങ്ങളുടെ യാത്രകൾക്കും മറ്റ്
ആവശ്യങ്ങൾക്കുമായി ഉപയോഗിക്കുന്ന ട്രക്കുകളെ Lifestyle Pickup Truck
എന്നാണ് പൊതുവേ വിളിക്കുക. പിക്കപ്പ് ട്രക്കുകൾ അമേരിക്കൻ നാടുകളിൽ വളരെ
സാധാരണമാണെന്ന് ഹോളിവുഡ് സിനിമകൾ കണ്ടാൽ തന്നെ അറിയാൻ പറ്റും.
ഇന്റ്യക്കാർക്ക്
ഇപ്പോഴും കാറുകൾ പോലെ ദൈനംദിന ഉപയോഗത്തിന് പിക്കപ്പ് ട്രക്കുകൾ അത്ര
പിടുത്തമായിട്ടില്ല. ഇതിന് പല കാരണങ്ങളും ഉണ്ടാവാം. മിക്ക കമ്പനികളും ലോക
വിപണിയിലെ അവരുടെ നല്ല ലൈഫ്സ്റ്റൈൽ പിക്കപ്പ് ട്രക്കുകൾ ഇവിടേക്ക്
കൊണ്ടുവന്നിട്ടില്ല. നേരത്തെ വിപണിയിലുള്ള ടാറ്റാ സെനോൺ എന്ന ട്രക്ക്
വ്യക്തിഗത/കുടുംബ ആവശ്യത്തിന് ആളുകൾ ഉപയോഗിക്കുന്നത് അപൂർവ്വമാണ്. മഹീന്ദ്ര
സ്കോർപിയോയുടെ ട്രക്ക് വേർഷനായ ഗെറ്റ് എവേ, മഹീന്ദ്ര ജീനിയോ/ഇംപീരിയോ
ബൊലേറോ ക്യാംപർ ഒന്നും സാധനങ്ങൾ കയറ്റാനല്ലാതെ family use vehicle എന്ന
നിലയിൽ ഇന്റ്യക്കാരെ കാര്യമായി ആകർഷിച്ചില്ല. പ്രീമിയം വണ്ടിയായ Isuzu D
Max V-Cross ആണ് ഇതിന് ഒരു അപവാദം. അത്യാവശ്യം കാശുള്ളവർ മോഡിഫിക്കേഷന്
വേണ്ടി വാങ്ങുന്ന ഒരു വണ്ടിയാണ് V-Cross. ഇസുസു ഈ വർഷം ഇറക്കിയ, അവരുടെ
തന്നെ വാണിജ്യ വാഹനമായ S-Cab-ന്റെ പാസഞ്ചർ വേർഷനായ Hi-Lander എന്ന ട്രക്കും
പക്ഷേ വലിയ വിലയിലാണ് വിൽക്കുന്നത്.
പിക്കപ്പ് ട്രക്കുകൾ വ്യക്തിഗത
ആവശ്യത്തിന് രജിസ്റ്റർ ചെയ്ത് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട നമ്മുടെ
നാട്ടിലെ നിയമങ്ങളും അത്ര സൗഹാർദ്ദപരമല്ല. Cherian vs Transport
Commissioner എന്ന കേസിൽ Goods & passenger vehicle ഗണത്തിൽ പെടുന്ന
മഹീന്ദ്ര ബോലേറോ ക്യാംപർ എന്ന വണ്ടി, വ്യക്തിഗത ആവശ്യങ്ങൾക്ക് വേണ്ടി
മാത്രം ഉപയോഗിക്കാൻ Light Motor Vehicle-Motor Car ആയി വെള്ള നമ്പർ
പ്ലേറ്റിൽ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി അനുവാദം കൊടുത്തിരുന്നു. പക്ഷേ
പിന്നീട് വന്ന Hassan Koya v/s Transport Commissioner എന്ന കേസിൽ
വാങ്ങുന്നയാളുടെ ഉപയോഗം എന്തുതരം ആയാലും വണ്ടി ഉണ്ടാക്കുന്ന കമ്പനി
(manufacturer) ചരക്ക് വാഹനം ആയി പറയുന്ന വണ്ടി അങ്ങനെ മാത്രമേ രജിസ്റ്റർ
ചെയ്യാൻ പാടുള്ളൂ എന്ന് ഹൈക്കോടതി വിധിച്ചിരുന്നു. അതോടെ Isuzu S-Cab പോലെ
കുറച്ചു വിലകുറവുള്ള വണ്ടികൾ personal vehicle ആയി രജിസ്റ്റർ ചെയ്യാൻ
കഴിയില്ല എന്ന് ഉറപ്പായി. വില കൂടിയ ട്രക്കുകൾ മാത്രമേ വെള്ള നമ്പർ
പ്ലേറ്റിൽ ഇറക്കാൻ പറ്റൂ എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഇടത്തരം കുടുംബങ്ങൾ
കാറിനു പകരം പിക്കപ്പ് ട്രക്കുകൾ ഉപയോഗിക്കാനുള്ള എന്തെങ്കിലും സാധ്യതയെ
ഇത്തരം നിയമങ്ങൾ ഇല്ലാതാക്കുന്നു.
അടുത്ത വർഷം ഇന്ത്യയിൽ
കൊണ്ടുവരും എന്ന് പറയപ്പെടുന്ന Toyota Hilux ഒക്കെ പിക്കപ്പ് ട്രക്കുകളെ
കൂടുതൽ പ്രീമിയം ആക്കി നിർത്താൻ തന്നെ ആണ് സാധ്യത. Compact/Subcompact
കാറുകളുടെ വിലയിൽ വിൽക്കാൻ കഴിയുന്ന Renault Duster Oroch പോലുള്ള
ട്രക്കുകൾ അടുത്തൊന്നും ഇവിടെ വരാനുള്ള സാധ്യതയും കാണുന്നില്ല. Isuzu
V-Cross വന്നതിനു പുറകെ Renault Oroch ട്രക്ക് ഇന്റ്യയിൽ ഇറക്കും എന്ന്
2015-ൽ ഒരു വാർത്ത വന്നിരുന്നുവെങ്കിലും പിന്നീട് ഒന്നും ഉണ്ടായില്ല.
സ്കോർപ്പിയോ
ഗെറ്റ് എവേയുടെ പുതിയ വേർഷൻ രണ്ടുമാസം മുമ്പ് ലഡാക്കിൽ ടെസ്റ്റ് ചെയ്തതായി
ഒരു വാർത്ത വന്നിരുന്നു. ഇവിടെ ഇറക്കാൻ തന്നെ ആണോ അതോ ഗെറ്റ് എവേയുടെ
സ്ഥിരം മാർക്കറ്റായ ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും മറ്റും ഇറക്കാനാണോ എന്ന്
ഉറപ്പില്ല. ടൊയോട്ട അവരുടെ പ്രീമിയം Hilux ട്രക്കും കൊണ്ടുവരുന്നതോടെ
മറ്റു കമ്പനികൾ തങ്ങളുടെ വിലകുറഞ്ഞ തരം ട്രക്കുകളും പതിയെയെങ്കിലും
ഇങ്ങോട്ട് കൊണ്ടുവന്നേക്കും എന്ന് ആശിക്കുന്നു.
Sunday, November 21, 2021
എന്തുകൊണ്ടാണ് സൈക്കോളജിയിൽ പെരുമാറ്റച്ചട്ടം (Code of Conduct and Ethics) വേണ്ടത്?
ഒരു സൈക്കോളജിസ്റ്റും അവരുടെ സേവന ഉപഭോക്താവും (client) തമ്മിൽ ഒഴിവാക്കാൻ
കഴിയാത്ത ഒരു അധികാര വ്യത്യാസം (power imbalance) ഉണ്ട്. പ്രാക്ടീസ്
ചെയ്യുന്ന മേഖല അനുസരിച്ച് (ക്ലിനിക്കൽ, കൗൺസലിങ്, സ്പോർട്സ്, കോച്ചിംഗ്,
കൺസൾട്ടിംഗ്, ഇൻഡസ്ട്രിയൽ etc) ഇതിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം എന്നു
മാത്രം.
തന്നെപ്പറ്റിയുള്ള കാര്യങ്ങൾ തുറന്നു പറയുകയും തന്റെ
ഏറ്റവും vulnerable ആയ വശങ്ങൾ വെളിപ്പെടുത്തുകയും ചെയ്യുന്നതുവഴി ക്ലയന്റ്
സൈക്കോളജിസ്റ്റിന്റെ മേൽ ചില അധികാരങ്ങൾ (ഉത്തരവാദിത്തങ്ങളും) ഏൽപ്പിച്ചു
കൊടുക്കുന്നുണ്ട്. അവ തിരിച്ചറിഞ്ഞ് ക്ലയന്റിന്റെ ഗുണത്തിനായി
പ്രവർത്തിക്കുക (act in the best interest of the client), ക്ലയന്റിന്റെ
ശരിയായ ലക്ഷ്യങ്ങൾ നേടാൻ അവരെ സഹായിക്കുക (promoting client goals),
ക്ലയന്റിന്റെ അവകാശങ്ങൾ സംരക്ഷിക്കുക (protecting client rights), പരമാവധി
നന്മ ചെയ്യുകയും, പരമാവധി ഹാനി ഒഴിവാക്കുകയും (maximising good and
minimizing harm) ഇതൊക്കെ ഒരു സൈക്കോളജിസ്റ്റിന്റെ ധാർമികമായ കടമകളിൽ
പെടുന്നു.
സൈക്കോളജിയുമായി ബന്ധപ്പെട്ട ഏതാണ്ട് എല്ലാ
പ്രൊഫഷനുകളിലും അതത് നാട്ടിലെ പ്രൊഫഷണൽ സംഘടനകൾ പെരുമാറ്റച്ചട്ടങ്ങൾ (Codes
of Conduct) ഉണ്ടാക്കാറുണ്ട്. ഈ സംഘടനകളിൽ അംഗങ്ങളായുള്ളവർ
അവയ്ക്കനുസരിച്ച് പ്രവർത്തിക്കണം എന്ന് നിഷ്കർഷിക്കാറുമുണ്ട്.
സൈക്കോളജിസ്റ്റുകൾ പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്നു
എന്ന് പരാതി ഉയർന്നാൽ സംഘടനകൾ ആ പരാതി അന്വേഷിക്കുകയും തെറ്റായ പെരുമാറ്റം
നടത്തിയ ആളെ താക്കീത് ചെയ്യുക, ലൈസൻസിങ്ങ് സംവിധാനം ഉള്ള ഇടങ്ങളിൽ
(ഇന്റ്യയിൽ ലൈസൻസിങ്ങ് ഇല്ല) ലൈസൻസ് മരവിപ്പിക്കുകയോ റദ്ദാക്കുകയോ ചെയ്യുക,
അംഗത്വത്തിൽ നിന്നും പുറത്താക്കുക, സാധ്യമെങ്കിൽ നിയമനടപടികൾ
സ്വീകരിക്കുകയോ, ബാധിക്കപ്പെട്ട ക്ലയന്റിനെ അതിന് സഹായിക്കുകയോ ചെയ്യുക
തുടങ്ങിയ നടപടികൾ എടുക്കുകയും അവ പരസ്യപ്പെടുത്തുകയും ചെയ്യുക എന്നതാണ്
പതിവ്.
പ്രൊഫഷണൽ സംഘടനാതലത്തിൽ ഇത്തരം നടപടികൾ ആവശ്യമായി വരുന്നതിന്
ഒരു കാരണം, പെരുമാറ്റച്ചട്ടങ്ങൾക്ക് വിരുദ്ധമായ പ്രവർത്തികൾ പലതും
സിവിൽ/ക്രിമിനൽ നിയമ സംവിധാനത്തിന്റെ പരിധിയിൽ വരുന്നവ ആവണമെന്നില്ല
എന്നതാണ്. ക്ലയന്റിന്റെ സ്വകാര്യതയും അന്തസ്സും ആയി ബന്ധപ്പെട്ടതും,
ഫീസുമായി ബന്ധപ്പെട്ടതും, അങ്ങനെ പല കാര്യങ്ങളും അതത് പ്രൊഫഷന്റെ ഉള്ളിൽ
നിന്ന് പരിശോധിച്ച് ഒരു തീരുമാനത്തിൽ എത്തേണ്ടവയാവാം. രാജ്യത്തെ ശിക്ഷാ
നിയമത്തിന്റെ പരിധിയിൽ വരുന്ന കാര്യങ്ങൾ അങ്ങോട്ട് കൈമാറുകയും ചെയ്യണം.
നമ്മുടെ
രാജ്യത്ത് മിക്ക സൈക്കോളജി പ്രൊഫഷനുകൾക്കും പൊതു പ്രൊഫഷണൽ സംഘടനകൾ ഇല്ല
എന്നാണറിവ്. ഉള്ള സംഘടനകൾ തന്നെ പെരുമാറ്റച്ചട്ടങ്ങൾ ഉണ്ടാക്കുകയും,
പരസ്യപ്പെടുത്തുകയും, അവ കർശനമായി പാലിക്കപ്പെടുന്നു എന്ന്
ഉറപ്പുവരുത്തുകയും ചെയ്യുന്ന കാര്യത്തിൽ ഒരു താല്പര്യവും കാണിക്കുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ഈ വർഷം മാർച്ചിൽ പാർലമെന്റ് പാസ്സാക്കിയ
National Commission for Allied and Healthcare Professions Act പ്രകാരം
സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന ഒരു അവിയൽ രൂപമുള്ള ദേശീയ കമ്മീഷൻ ആവും
സൈക്കോളജിസ്റ്റുകൾക്കുള്ള പെരുമാറ്റച്ചട്ടം ഉണ്ടാക്കുന്നത്. Something is
Better Than Nothing തത്വം വെച്ച് ഇതിനെ ഈ ദിശയിലുള്ള ഒരു നല്ല നീക്കമായി
കാണാം. പക്ഷേ ആ നിയമം അനുശാസിക്കുന്ന പോലെ, നിയമത്തിന് പ്രസിഡണ്ടിന്റെ
അംഗീകാരം കിട്ടി 60 ദിവസത്തിനുള്ളിൽ നിലവിൽ വരേണ്ട ഇടക്കാല കമ്മീഷൻ
ഇപ്പോഴും കടലാസിൽ തന്നെ ഉറങ്ങുന്നു എന്നാണ് മനസ്സിലാക്കുന്നത്.
സിനിമകളിലും
'കോമഡി' പരിപാടികളിലും സൈക്കോളജിസ്റ്റുകൾക്കുള്ള കോമാളി പരിവേഷത്തോടൊപ്പം
പുതിയതായി ക്രിമിനൽ പട്ടം കൂടി ചാർത്തി കിട്ടാതിരിക്കാൻ സൈക്കോളജി
രംഗത്തുള്ളവർ മുൻകൈ എടുക്കുന്നത് നന്നായിരിക്കും.
User Experience on Counseling/Psychotherapy Services in Kerala and Clientsourced Directory of Mental Health Professionals in Kerala
രണ്ടു ഫോമുകളിലേക്കുള്ള ലിങ്കുകൾ കൊടുക്കുന്നുണ്ട്.
ഒന്ന്
കേരളത്തിൽ ലഭ്യമായ മാനസികാരോഗ്യ സേവനങ്ങളുടെ ഗുണനിലവാരത്തെ പറ്റിയും
കാര്യക്ഷമതയെ പറ്റിയും അത്തരം സേവനങ്ങൾ ഉപയോഗിച്ചിട്ടുള്ള ആളുകളുടെ
അനുഭവങ്ങളും അഭിപ്രായങ്ങളും ശേഖരിക്കാനുള്ള ഒരു പഠനമാണ്. ഈ പഠനം ഓപ്പൺ
സയൻസ് ഫ്രേംവർക്കിൽ പ്രീരജിസ്റ്റർ ചെയ്തിട്ടുള്ളതാണ്. പഠനം പുരോഗമിക്കുന്ന
മുറയ്ക്ക് വ്യക്തിവിവരങ്ങൾ ഒഴിവാക്കി മറ്റ് വിവരങ്ങൾ അവിടെ
ലഭ്യമാക്കുന്നതാണ്. പ്രീ രജിസ്ട്രേഷൻ വിവരങ്ങൾ കമന്റിലുണ്ട്. ഇതുവരെ 81
പേരാണ് ഫോം വഴി വിവരങ്ങൾ തന്നിട്ടുള്ളത്. കൂടുതൽ പേരിൽ നിന്ന് വിവരങ്ങൾ
കിട്ടിയാൽ നല്ലത്. 2021 ഡിസംബർ 31 വരെയാണ് വിവരശേഖരണം നടത്താൻ
ഉദ്ദേശിച്ചിട്ടുള്ളത്.
രണ്ടാമത്തേത് വിശ്വസിച്ച് സമീപിക്കാവുന്ന
മാനസികാരോഗ്യ സേവനദാതാക്കളുടെ (Mental Health Professionals) ഒരു ലിസ്റ്റ്
ഉണ്ടാക്കാനുള്ള ശ്രമമാണ്. മാനസികാരോഗ്യ പ്രവർത്തകർക്ക് Self-nomination
ചെയ്യാമെങ്കിലും, സ്വയം മാനസികാരോഗ്യ സേവനങ്ങൾ ഉപയോഗിച്ചവരോ, അടുപ്പമുള്ള
ആർക്കെങ്കിലും വേണ്ടി മാനസികാരോഗ്യ സേവനങ്ങൾ തേടിയിട്ടുള്ളവരോ ആയവരുടെ
അഭിപ്രായങ്ങൾ ആണ് പ്രധാനമായും തേടുന്നത്.
നിലവിൽ 38 പേരുടെ വിവരങ്ങൾ കിട്ടിയതിൽ ഏതാണ്ട് 14 എണ്ണം മാത്രമാണ് ഇത്തരം നാമനിർദ്ദേശങ്ങൾ. ഇനിയും വിവരങ്ങൾ ആവശ്യമുണ്ട്.
കിട്ടുന്ന വിവരങ്ങൾ പരിശോധിച്ച ശേഷം ASCENT വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാൻ ഉദ്ദേശിക്കുന്നു.
ഈ ഫോമുകൾ വഴി വിവരങ്ങൾ തരാൻ കഴിയുന്നവർ അത് ചെയ്യുകയും വിവരം തരാൻ സാധിക്കുന്നവരിലേക്ക് ഇവ എത്തിക്കുകയും ചെയ്താൽ ഉപകാരം.
Form for the study 'User Experience on Counseling/Psychotherapy Services in Kerala' http://tiny.cc/mhquality
Form for Clientsourced Directory of Mental Health Professionals in Kerala
http://tiny.cc/mhkerala
Additional
information on the study 'User Experience on Counseling/Psychotherapy
Services in Kerala' is available on the OSF preregistration page at https://osf.io/rtwfp
Saturday, November 20, 2021
APA Ethical Principles of Psychologists and Code of Conduct
Wednesday, November 17, 2021
പിയർ റിവ്യൂവിന്റെ 'വില'
ലോകത്ത് ഏറ്റവും ലാഭമുള്ള ബിസിനസ്സാണ്
അക്കാദമിക് ജേണലുകൾ പ്രസിദ്ധീകരിക്കുക എന്നത്. ജനലുകളുടെ
പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട പണികളെല്ലാം തന്നെ
അധ്യാപകരും ഗവേഷകരും ആയ ആളുകൾ പൂർണ്ണമായും സൗജന്യമായി പബ്ലിഷിംഗ്
കമ്പനികൾക്ക് ചെയ്തുകൊടുക്കുന്നതുകൊണ്ടാണ് ഇത്. ഇങ്ങനെ ഗവേഷകർ ചെയ്തു
കൊടുക്കുന്ന അധ്വാനത്തിന്റെ മൂല്യം കാര്യമായി കണക്കാക്കപ്പെട്ടിരുന്നില്ല.
Research
Integrity and Peer Review എന്ന ജേണലിൽ ഈയാഴ്ച പ്രസിദ്ധീകരിച്ച ഒരു
ലേഖനത്തിൽ ഹംഗറിയിലും ഓസ്ട്രേലിയയിലും നിന്നുള്ള സൈക്കോളജി ഗവേഷകർ ഈ വിഷയം
വിശദമായി പഠിച്ച് അവതരിപ്പിച്ചിട്ടുണ്ട്. ജേണലുകളുടെ പിയർ റിവ്യൂ
സംവിധാനത്തിനായി ഗവേഷകർ ചെലവാക്കുന്ന സമയത്തിന് ഏകദേശം മൂല്യം
നിർണയിക്കാനാണ് അവർ ശ്രമിച്ചത്. പൊതു ഇടത്തിൽ ലഭ്യമായ വിവരങ്ങൾ മാത്രമേ അവർ
ഇതിനായി ഉപയോഗിച്ചിട്ടുള്ളൂ. ഇങ്ങനെ ലഭ്യമായ വിവരങ്ങൾ ഉപയോഗിച്ച് ചില
അനുമാനങ്ങൾ നടത്താനാണ് അവർ ശ്രമിച്ചത്.
2020 എന്ന ഒരു വർഷത്തെ
മാത്രം കണക്കെടുത്താൽ ലോകമെമ്പാടും ഗവേഷകർ പിയർ റിവ്യൂ നടത്താനായി മാത്രം
ചെലവഴിച്ച സമയം 10 കോടി മണിക്കൂറിൽ കൂടുതലാണ് എന്നാണ് അവർ കണ്ടെത്തിയത്.
അമേരിക്കയിൽ നിന്നുള്ള ഗവേഷകർ മാത്രം ഇങ്ങനെ ചെലവഴിച്ച സമയത്തിന്റെ മൂല്യം
രൂപയിൽ കണക്കാക്കിയാൽ അത് 2020 വർഷത്തിൽ പതിനോരായിരം കോടിയിലേറെ വരും (1.5
billion US dollars, or more than 111695400000 in INR). ചൈനയിൽ നിന്നുള്ള
ഗവേഷകരുടേത് അയ്യായിരം കോടി രൂപയോളം വരും. ഇന്ത്യയിലും മറ്റും
നിന്നുള്ളവരുടെ കണക്കുകൾ ഇതിൽ ഉൾപ്പെട്ടിട്ടില്ല. 87,000
ജേണലുകളുടെ
കണക്കുകൾ മാത്രം വെച്ചാണ് ഈ അനുമാനങ്ങൾ നടത്തിയിട്ടുള്ളത്. യഥാർത്ഥ
കണക്കുകൾ ഇതിലൊക്കെ ഒരുപാട് കൂടുതലാവാം എന്നും ഈ ഗവേഷകർ പറയുന്നു.
പഠനത്തിന്റെ ലിങ്ക്https://pubmed.ncbi.nlm.nih.gov/34776003/
Wednesday, November 03, 2021
കേശവൻ മാമൻ പ്രതിഭാസം QAnon, Conspirituality, and our Uncertain Times
Thursday, October 28, 2021
സൈക്കോളജി ബിസിനസ് മാതൃകകൾ
Research Proposal Writing എന്ന വിഷയത്തിൽ കുറച്ചു മുമ്പ് ഒരു വർക്ക്ഷോപ്പ്
നടത്തിയിരുന്നു. അതിൽ പങ്കെടുത്ത ചിലരൊക്കെ ചില സംശയങ്ങൾ ചർച്ച ചെയ്യാനായി
ഇടയ്ക്ക് വിളിക്കാറുണ്ട്.
കൂട്ടത്തിലൊരാൾ നിലവിൽ PhD കോഴ്സ്
വർക്ക് ചെയ്യുകയാണെന്നും ഗവേഷണം ചെയ്യേണ്ട വിഷയം ഇനിയും തീരുമാനിക്കാൻ
പറ്റിയിട്ടില്ല എന്നും പറഞ്ഞ് ഇടയ്ക്കൊക്കെ വിളിക്കും. ഓരോ തവണയും മുമ്പ്
പറഞ്ഞതുമായി ഒരു ബന്ധവുമില്ലാത്ത പുതിയ ഒരു ഗവേഷണ വിഷയം ആയിരിക്കും ചർച്ച
ചെയ്യുക. കോഴ്സ് വർക്ക് കാലത്തെ ഇത്തരം ചാഞ്ചാട്ടങ്ങൾ എല്ലാവർക്കും അനുഭവം
ഉള്ളതായിരിക്കും എന്നതുകൊണ്ട് അതിൽ വലിയ അത്ഭുതമൊന്നും തോന്നിയിരുന്നില്ല.
എന്നാൽ
ഇന്ന് വിളിച്ച് ഒരു റൗണ്ട് സംശയനിവാരണ ചർച്ച കഴിഞ്ഞ് ആ നമ്പർ ഒന്ന് പരതി
നോക്കിയപ്പോൾ അത് സൈക്കോളജി ഡിഗ്രി/പിജി/പി എച്ച് ഡി വിദ്യാർഥികൾക്ക്
ഗവേഷണം സംബന്ധിച്ച സേവനങ്ങൾ നൽകുന്ന ഒരു ബിസിനസിന്റെ നമ്പർ ആണത്രേ. അവരുടെ
വെബ്സൈറ്റിലും മറ്റും contact ആയി കൊടുത്തിരിക്കുന്ന നമ്പർ ഇതുതന്നെയാണ്.
എന്തായാലും മികച്ച ഒരു ബിസിനസ് മോഡൽ ആണ് അവരുടേത് എന്നതിൽ സംശയമില്ല.
PS: നല്ല തിരക്കുണ്ട്, സമയം കുറവാണ്. എങ്കിലും ഇത്തരം മാതൃകകൾ കാണുമ്പോൾ അഭിനന്ദന പോസ്റ്റ് എഴുതാതിരിക്കാൻ പറ്റുന്നില്ല.
#Entrepreneurship
#Ethics
#Psychology
Thursday, October 14, 2021
സ്വന്തമായി ഓട്ടോമൊബൈൽ സ്പെയർ പാർട്സ് കട നടത്തുന്ന സ്ത്രീ
എന്താണ് മാനസികാരോഗ്യം?
1. എന്താണ് മാനസികാരോഗ്യം?
മാനസിക രോഗങ്ങളില്ലാത്ത അവസ്ഥ മാത്രമല്ല മാനസികാരോഗ്യം. നമുക്ക് സ്വന്തം കഴിവുകൾ തിരിച്ചറിഞ്ഞ്, സൃഷ്ടിപരമായി പ്രവർത്തിക്കാനും, ദൈനംദിന ജീവിതത്തിലെ ബുദ്ധിമുട്ടുകളെ നേരിടാനും, ചുറ്റുമുള്ള സമൂഹത്തിന് ഗുണകരമായ സംഭാവനകൾ നൽകാനും കഴിയുന്ന സൗഖ്യാവസ്ഥ കൂടിയാണ് മാനസികാരോഗ്യം.
2. മാനസികാരോഗ്യത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ:
ശാരീരിക/ ജൈവിക ഘടകങ്ങൾ - പാരമ്പര്യം, തലച്ചോറിലെ രാസഘടകങ്ങൾ തുടങ്ങിയവ
ജീവിതസാഹചര്യങ്ങൾ, ചുറ്റുപാടുകൾ തുടങ്ങിയവ
ശാരീരിക ബുദ്ധിമുട്ടുകൾ/രോഗങ്ങള്‍
കുട്ടിക്കാലത്തോ പിന്നീടോ ഉണ്ടാവുന്ന അനുഭവങ്ങൾ
3. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ / Warning Signs:
താഴെ പറയുന്ന പ്രശ്നങ്ങൾ അലട്ടിയാൽ മാനസികാരോഗ്യ പ്രവർത്തകരുടെ സഹായം തേടേണ്ടതാണ്.
# ഉറക്കത്തിന്റെ ക്രമത്തിലുള്ള വലിയ വ്യത്യാസങ്ങൾ
# ആഹാര ക്രമത്തിലുള്ള വലിയ വ്യത്യാസങ്ങൾ
# സാധാരണ ചെയ്തിരുന്ന പ്രവർത്തികളിൽ നിന്നും വിട്ടുനിൽക്കൽ/ചെയ്യാൻ കഴിയാതിരിക്കൽ
# തീരെ ഊർജ്ജം തോന്നാത്ത അവസ്ഥ
# കടുത്ത നിരാശയും നിസ്സഹായതയും
# പ്രത്യേകിച്ച് കാരണമില്ലാത്ത വേദനയും ശാരീരിക ബുദ്ധിമുട്ടുകളും
# ഓർമ്മ, ശ്രദ്ധ, ഏകാഗ്രത തുടങ്ങിയവയിൽ പെട്ടെന്നുണ്ടാകുന്ന കുറവ്
# കാരണമില്ലാത്ത കടുത്ത നിരാശ
# പുകവലി, മദ്യപാനം പോലുള്ള ശീലങ്ങളിൽ പെട്ടെന്നുണ്ടാകുന്ന വലിയ വർദ്ധനവ്
# ഒഴിവാക്കാൻ കഴിയാത്ത അനാവശ്യമായ ചിന്തകൾ
# ഇല്ലാത്ത ശബ്ദങ്ങൾ കേൾക്കുകയോ കാഴ്ചകൾ കാണുകയോ ചെയ്യുക
# മറ്റുള്ളവരെയോ സ്വയമോ മുറിപ്പെടുത്തുകയോ വേദനിപ്പിക്കുകയോ ചെയ്യുന്നതിനെ പറ്റിയുള്ള ചിന്ത
4. മാനസികാരോഗ്യം വർദ്ധിപ്പിക്കാൻ
മാനസികാരോഗ്യം മെച്ചപ്പെടുത്താൻ ദൈനംദിന ജീവിതത്തിൽ ചെയ്യാവുന്ന കാര്യങ്ങൾ
# ശാരീരിക ആരോഗ്യത്തിൽ ശ്രദ്ധിക്കുക
# വ്യായാമം, ഉറക്കം, സമീകൃതാഹാരം എന്നിവ ശീലമാക്കുക
# മറ്റുള്ളവരുമായി ബന്ധങ്ങൾ നിലനിർത്തുക
# പുതിയ കാര്യങ്ങൾ പഠിക്കാൻ ശ്രമിക്കുക
# മറ്റുള്ളവർക്കായി സമയം ചെലവാക്കാൻ ശ്രമിക്കുക
# സ്വയം ബഹുമാനിക്കുകയും നമുക്കായി സമയവും വിനോദങ്ങളും കണ്ടെത്തുകയും ചെയ്യുക.
www.ascentonline.in
താജ് മഹലും ചെങ്കോട്ടയും വിറ്റ നട്‌വർലാലിനെ അറിയാമോ? The Psychology of Frauds and Con Artists
മനശ്ശാസ്ത്രവും ഗവേഷണ മര്യാദകളും: On Psychology and Research Ethics
കൊലയാളിയെ കൊല്ലുന്നതല്ലേ നീതി?
Wednesday, September 22, 2021
Availability Heuristic in Everyday Life
ഇംഗ്ലീഷ് ഭാഷയിൽ k എന്ന അക്ഷരത്തിൽ തുടങ്ങുന്ന വാക്കുകളാണോ k മൂന്നാമത് വരുന്ന വാക്കുകളാണോ കൂടുതലുള്ളത് ?
പെട്ടെന്ന്
ആലോചിച്ചു നോക്കിയാൽ knife, kitten, kind, kitchen, know ഇങ്ങനെ കുറെ
വാക്കുകൾ k-യിൽ തുടങ്ങുന്നതായി ഓർമ്മ വരും. എന്നാൽ acknowledge, ask, like
എന്നിങ്ങനെ k മൂന്നാമത് വരുന്ന വാക്കുകൾ നമ്മിൽ മിക്കവർക്കും കുറച്ചെണ്ണമേ
ഓർത്തെടുക്കാൻ കഴിയൂ.
യഥാർത്ഥത്തിൽ k മൂന്നാമത് വരുന്ന വാക്കുകൾ ആണ് ഇംഗ്ലീഷ് ഭാഷയിൽ കൂടുതലുള്ളത്.
പെട്ടന്ന്
ഓർമ്മയിൽ വരുന്ന സംഭവങ്ങൾക്കും വസ്തുതകൾക്കും ഒക്കെ അവ അർഹിക്കുന്നതിൽ
കൂടുതൽ പ്രാധാന്യം കൊടുക്കാനുള്ള നമ്മുടെ പ്രവണതയാണ് Availability
Heuristic അഥവാ Availability Bias. നമ്മുടെ ഒരുപാട് തീരുമാനങ്ങളും ധാരണകളും
ഒക്കെ ഈ ചിന്താ വൈകല്യത്താൽ സ്വാധീനിക്കപ്പെടാറുണ്ട്.
കാൻസറിനെ
ഭയക്കുന്ന അത്രയും നമ്മളാരും പ്രമേഹത്തെ ഭയക്കാത്തതും, കാൻസർ ഉണ്ടാക്കുന്ന
മറുനാടൻ പച്ചക്കറികളെപ്പറ്റി ഉള്ളത്രയും ഭീകരകഥകൾ ചോറിനെപ്പറ്റിയോ ജിലേബിയെ
പറ്റിയോ ഇല്ലാത്തതും Availability Heuristic-ന്റെ കൂടി സ്വാധീനത്തിലാണ്.
സാമ്പത്തിക
തീരുമാനങ്ങളിലും ജീവിത വീക്ഷണത്തിലും ഒക്കെ ഇത്തരം സ്വാധീനങ്ങൾ നിരന്തരം
ഉണ്ടാവാറുണ്ട്. ഈ വിഷയം പോഡ്കാസ്റ്റ് ആയി സംസാരിച്ചത്
#Psychology
#MalayalamPodcast
https://anchor.fm/dr-chinchu-c/episodes/Availability-Heuristic-in-everyday-life-e17ne8f
Sunday, May 09, 2021
ബിജ് ലി മഹാദേവ്: മലമുകളിലെ മിന്നല്‍ ദേവന്‍
ഹിമാചല്‍
പ്രദേശിലെ ഹാമിര്‍പൂരില്‍
വെച്ചു നടന്ന ഇന്ത്യന്‍ യൂത്ത്
സയന്‍സ് കോൺഗ്രസ്സിനു ശേഷമാണ്
രണ്ടു ദിവസത്തെ കറക്കത്തിനായി
യുവഗവേഷകരുടെ സംഘത്തോടൊപ്പം
മണ്ഡി -
മണാലി
- ഷിംല
ദേശങ്ങളിലേക്ക് പുറപ്പെട്ടത്.
മണ്ഡിയിലെ
Society for
Technology and Development പ്രവർത്തകർ
ഏര്‍പ്പാടാക്കിയ വണ്ടിയിലായിരുന്നു
യാത്ര.
ഭോലാ
സിങ്ങ് എന്ന അസാമാന്യ ക്ഷമയുള്ള
മനുഷ്യനായിരുന്നു സാരഥി.
മിതഭാഷിയായ
അദ്ദേഹം ഞങ്ങളുടെ ഗൈഡ് ആയി
കൂടി പണിയെടുത്തു.
അട്ടാരിയിൽ
നിന്നും ലേ വരെ പോകുന്ന ഇന്ന്
മൂന്നാം നമ്പർ ദേശീയപാതയിൽ
പാർബതി നദിക്കു കുറുകെയുള്ള
ജിയാ പാലത്തിനടുത്തു നിന്നാണ്
ബിജ്ലി മഹാദേവ് ക്ഷേത്രത്തിലേക്കുള്ള
റോഡ് തിരിയുന്നത്.
ചൻസാരി
എന്ന ഗ്രാമത്തിൽ നിന്നാണ്
മലമുകളിലെ അമ്പലത്തിലേക്കുള്ള
ട്രെക്കിംഗ് തുടങ്ങുന്നത്.
ഏതാണ്ട്
നാല് കിലോമീറ്റർ ആണ് ട്രെക്കിംഗ്
ദൂരം.
ട്രെക്കിംഗ് തുടങ്ങുന്നിടത്തു വെച്ച് മുകളിലേക്കുള്ള വഴിയിൽ ഭക്ഷണമോ വെള്ളമോ കിട്ടില്ല എന്നും എന്തെങ്കിലും വേണമെങ്കിൽ കഴിച്ചിട്ട് പോകാം എന്നും ഉള്ള മുന്നറിയിപ്പ് കിട്ടി. സമയം ഉച്ചയ്ക്ക് ഒരു മണിയോളം ആയിരുന്നതിനാൽ ഓരോ ന്യൂഡിൽസ് കഴിച്ചു, ഒപ്പം ചായയും. പിന്നെ ജെസിബി കൊണ്ട് ഇളക്കി ഇട്ടിരിക്കുന്ന പാറകളുടെ ഇടയിൽക്കൂടി പതിയെ നടപ്പു തുടങ്ങി. പൂത്തു നിൽക്കുന്ന ആപ്പിൾ മരങ്ങളുടെ ഇടയിലൂടെയാണ് നടത്തം തുടങ്ങിയത്. വഴിയിൽ ഉടനീളം ദേവദാരു മരങ്ങളുടെ തണൽ ഉണ്ടെങ്കിലും കുറച്ചു കഠിനമാണ് കയറ്റം. ഏതാണ്ട് മുഴുവൻ ദൂരവും പടികൾ കെട്ടിയിട്ടുണ്ട്. ഇടയിൽ ഒന്നു രണ്ടു സ്ഥലത്ത് വിശ്രമിക്കാൻ വേണ്ടി മര ബെഞ്ചുകളും ഉണ്ടാക്കിയിട്ടുണ്ട്. ഹിമാചൽപ്രദേശിലെ തണുപ്പിലും എല്ലാവരും നല്ലവണ്ണം വിയർത്തു. താഴെയുള്ളവർ പറഞ്ഞതുപോലെ വഴിയിൽ കടകളോ മറ്റു കെട്ടിടങ്ങളോ ഒന്നുമില്ല. കൈയ്യിൽ കരുതിയ വെള്ളം കുടിച്ചും ഇടയ്ക്കിടെ ഇരുന്നും മുകളിലേക്ക് കയറി. മലയുടെ മുകളിലെ ഭാഗത്ത് മരങ്ങൾ തീരെ കുറവാണ്. പടികൾ അവസാനിക്കുന്നിടത്ത് നിന്ന് 300 മീറ്ററോളം പുൽത്തകിടി ഉണ്ട്. അവിടെ ഒന്ന് രണ്ട് കുളങ്ങളും കുറച്ചു കടകളും ഒക്കെ കാണാം. ചൂട് ചായയും നൂഡിൽസും ഒക്കെ ആണ് കടകളിലെ പ്രധാന വിഭവങ്ങൾ.
നഗ്ഗറിൽ നിന്ന് ജാന വെള്ളച്ചാട്ടം വഴി ബിജ്ലി മഹാദേവിലേക്കുള്ള ഓഫ് റോഡ് റൂട്ട് എത്തുന്നത് ഇവിടേക്കാണ്. വളരെ അപകടം പിടിച്ച വഴിയാണ് അതെന്നാണ് പറഞ്ഞു കേട്ടത്. മഴക്കാലത്ത് തീരെ ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലാകുമത്രേ ആ വഴി.
സമുദ്രനിരപ്പിൽ നിന്നും 2400 മീറ്ററിൽ കൂടുതൽ ഉയരമുണ്ട് ഈ സ്ഥലത്തിന്. മലയുടെ മുകളിൽ നിന്നും നാലുപാടും നോക്കിയാൽ മലകളുടെ മനോഹരമായ ദൃശ്യങ്ങൾ കാണാം. ബിയാസ്, പാർബതി നദികളുടെ സംഗമത്തിന് വളരെ അടുത്താണ് ബിജിലി മഹാദേവ് സ്ഥിതി ചെയ്യുന്നത്. അമ്പലത്തിലെ തെക്കു വശത്തു നിന്ന് നോക്കിയാൽ താഴെ ബിയാസ് നദിയുടെ കരയിൽ ഭുന്തറിൽ ഉള്ള കുള്ളു എയർപോർട്ട് വളരെ വ്യക്തമായി കാണാം.
ഹിമാചലിലെ
പരമ്പരാഗത വാസ്തു വിദ്യാ
രീതിയായ കാഠ് കുനി ശൈലിയിലുള്ള
പഴയ കെട്ടിടങ്ങളാണ് അമ്പലത്തിലേത്.
പരന്ന
കല്ലുകൾ പാകിയ മേൽക്കൂരയും
കല്ലും തടിയും ചേർത്ത്
ഉണ്ടാക്കിയ ഭിത്തികളും ഈ
രീതിയുടെ പ്രത്യേകതകളാണ്.
അമ്പലത്തിന്റെ
വാതിലിനോട് ചേർന്ന് പലനിറത്തിലുള്ള
ചിത്രപ്പണികളും മറ്റും ചെയ്തു
വച്ചിട്ടുണ്ട്.
വെളിയിൽ
വലിയ ഒരു മണിയും തൂക്കിയിട്ടിട്ടുണ്ട്.
ബിജ്ലി
മഹാദേവിന്റെ ഏറ്റവും വലിയ
പ്രത്യേകത ശ്രീകോവിലിന്റെ
മുന്നിൽ ഉള്ള തടികൊണ്ടുള്ള
വലിയ ഒരു തൂണ് ആണ്.
നമ്മുടെ
നാട്ടിലെ കൊടിമരങ്ങളെ പോലെ
വൃത്താകൃതിയിൽ അല്ല മറിച്ച്
ചതുരത്തിലാണ് ഈ തൂണിന്റെ
നിർമ്മിതി.
ഈ
കൊടിമരത്തിൽ ഓരോ 12
വർഷം
കൂടുമ്പോഴും ഇടിമിന്നൽ ഏൽക്കും
എന്നും മിന്നലിന്റെ ശക്തിയിൽ
അമ്പലത്തിലെ ശിവലിംഗം പലതായി
പിളർന്നു പോകുമെന്നും,
പിന്നീട്
പൂജാരി ശിവലിംഗത്തെ വെണ്ണ
ഉപയോഗിച്ച് യോജിപ്പിച്ച്
വെക്കും എന്നുമൊക്കെയാണ്
ഐതിഹ്യം.
ഏതാണ്ട്
ക്രീം നിറമാണ് ശിവലിംഗത്തിന്.
അമ്പലത്തിൽ വലിയ തിരക്കൊന്നും ഇല്ല. ഞങ്ങളെപ്പോലെ നടന്നുകയറിയവരാണ് കൂടുതൽ. ഓഫ് റോഡ് റോഡിൽ വണ്ടി ഓടിച്ചു വന്നവരും കുറച്ചുപേരുണ്ട്. സീസൺ അല്ലാത്തതുകൊണ്ടാണോ തിരക്ക് കുറവുള്ളത് എന്ന് ഉറപ്പില്ല. കുറച്ചുനേരം അമ്പലത്തിന് ചുറ്റും പരിസരത്തും ഒക്കെ ചുറ്റിക്കറങ്ങി മഞ്ഞും തണുപ്പും ഒക്കെ ആസ്വദിച്ച ശേഷം കുറെ പടങ്ങളും എടുത്ത് പതിയെ താഴേക്ക് ഇറങ്ങി. കയറ്റത്തോളം ബുദ്ധിമുട്ടില്ലായിരുന്നുവെങ്കിലും തിരികെയുള്ള ഇറക്കവും കുറച്ച് കഷ്ടപ്പാടായിരുന്നു. നടപ്പ് തുടങ്ങിയിടത്ത് തിരികെയെത്തി അടുത്ത സ്വീകരണ സ്ഥലത്തേക്കുള്ള യാത്ര തുടർന്നു.
Friday, April 02, 2021
സന്തോഷം കണ്ടെത്താനുള്ള വഴികൾ| Happiness and Science
Thursday, March 11, 2021
ഓൺലൈൻ ക്ലാസ്സുകളും മീറ്റിങ്ങുകളും മടുപ്പിക്കുന്നുണ്ടോ ?
കോവിഡ് വന്നതോടെ വളരെ വേഗമാണ് ലോകം മൊത്തം ക്ലാസുകളും മീറ്റിങ്ങുകളും സമ്മേളനങ്ങളും ഒക്കെ ഓൺലൈൻ ഫ്ലാറ്റ്ഫോമുകളിലേക്ക് മാറിയത്. പഴയപോലെ നീണ്ട യാത്രകളുടെ ആവശ്യമില്ലാതെ വീട്ടിലോ സൗകര്യപ്രദമായ മറ്റിടങ്ങളിലോ ഇരുന്ന് മീറ്റിങ്ങുകളിലും മറ്റും പങ്കെടുക്കാനുള്ള സൗകര്യമാണ് ഇങ്ങനെ നമുക്ക് കിട്ടിയത്. എന്നാൽ കുറച്ചു മാസങ്ങൾ കൊണ്ടു തന്നെ ഒരുപാട് പേർക്ക് ഈ ഓൺലൈൻ ജീവിതം വല്ലാത്ത മടുപ്പ് ഉണ്ടാക്കിത്തുടങ്ങി. ഈ അവസ്ഥയെ Zoom Fatigue എന്നാണ് വിളിക്കുന്നത്. "സൂമാലസ്യം" എന്നൊക്കെ വേണമെങ്കിൽ തർജ്ജമ ചെയ്യാം.