Thursday, October 28, 2021

സൈക്കോളജി ബിസിനസ് മാതൃകകൾ

 Research Proposal Writing എന്ന വിഷയത്തിൽ കുറച്ചു മുമ്പ് ഒരു വർക്ക്ഷോപ്പ് നടത്തിയിരുന്നു. അതിൽ പങ്കെടുത്ത ചിലരൊക്കെ ചില സംശയങ്ങൾ ചർച്ച ചെയ്യാനായി ഇടയ്ക്ക് വിളിക്കാറുണ്ട്.

കൂട്ടത്തിലൊരാൾ നിലവിൽ PhD കോഴ്സ് വർക്ക് ചെയ്യുകയാണെന്നും ഗവേഷണം ചെയ്യേണ്ട വിഷയം ഇനിയും തീരുമാനിക്കാൻ പറ്റിയിട്ടില്ല എന്നും പറഞ്ഞ് ഇടയ്ക്കൊക്കെ വിളിക്കും. ഓരോ തവണയും മുമ്പ് പറഞ്ഞതുമായി ഒരു ബന്ധവുമില്ലാത്ത പുതിയ ഒരു ഗവേഷണ വിഷയം ആയിരിക്കും ചർച്ച ചെയ്യുക. കോഴ്സ് വർക്ക് കാലത്തെ ഇത്തരം ചാഞ്ചാട്ടങ്ങൾ എല്ലാവർക്കും അനുഭവം ഉള്ളതായിരിക്കും എന്നതുകൊണ്ട് അതിൽ വലിയ അത്ഭുതമൊന്നും തോന്നിയിരുന്നില്ല.

എന്നാൽ ഇന്ന് വിളിച്ച് ഒരു റൗണ്ട് സംശയനിവാരണ ചർച്ച കഴിഞ്ഞ് ആ നമ്പർ ഒന്ന് പരതി നോക്കിയപ്പോൾ അത് സൈക്കോളജി ഡിഗ്രി/പിജി/പി എച്ച് ഡി വിദ്യാർഥികൾക്ക് ഗവേഷണം സംബന്ധിച്ച സേവനങ്ങൾ നൽകുന്ന ഒരു ബിസിനസിന്റെ നമ്പർ ആണത്രേ. അവരുടെ വെബ്സൈറ്റിലും മറ്റും contact ആയി കൊടുത്തിരിക്കുന്ന നമ്പർ ഇതുതന്നെയാണ്.

എന്തായാലും മികച്ച ഒരു ബിസിനസ് മോഡൽ ആണ് അവരുടേത് എന്നതിൽ സംശയമില്ല.

PS: നല്ല തിരക്കുണ്ട്, സമയം കുറവാണ്. എങ്കിലും ഇത്തരം മാതൃകകൾ കാണുമ്പോൾ അഭിനന്ദന പോസ്റ്റ് എഴുതാതിരിക്കാൻ പറ്റുന്നില്ല.

#Entrepreneurship
#Ethics
#Psychology

Thursday, October 14, 2021

സ്വന്തമായി ഓട്ടോമൊബൈൽ സ്പെയർ പാർട്സ് കട നടത്തുന്ന സ്ത്രീ

 

കേരളത്തിൽ അപൂർവ്വമായ ഒരു കാഴ്ചയാവണം ചിത്രത്തിലുള്ളത്.

 
 
 സ്വന്തമായി ഓട്ടോമൊബൈൽ സ്പെയർ പാർട്സ് കട നടത്തുന്ന ഒരു സ്ത്രീ. വെറും കട മുതലാളിയോ ജീവനക്കാരിയോ അല്ല, മറിച്ച് ഒരു സ്ഥാപനത്തിന്റെ sole proprietor ആണ്. കടയിലേക്ക് വേണ്ട സാധനങ്ങൾക്ക് സ്റ്റോക്ക് നോക്കി ഓർഡർ കൊടുക്കുന്നതും, വേണ്ടാത്ത/കേടായ സാധനങ്ങൾ തിരികെ അയയ്ക്കുന്നതും, സാധനം വാങ്ങാൻ വരുന്നവർക്ക് സംശയങ്ങൾ ഉണ്ടെങ്കിൽ അവരുടെ മെക്കാനിക്കിനോട് ഫോണിൽ സംസാരിച്ച് ഏതു സാധനമാണ് വേണ്ടത് എന്ന് തീരുമാനിക്കുന്നതും, ചില സാധനങ്ങളുടെ compatibility പറഞ്ഞു കൊടുക്കുന്നതും ഒക്കെ തനിച്ചാണ്.
വാഹനങ്ങളുടെ സ്പെയർ പാർട്ടുകൾ തിരിച്ചറിയുന്നതിനും മറ്റും ആളിന് സ്വന്തമായ ചില രീതികളും ഉണ്ട്. ഉദാഹരണത്തിന് ഒരേ വണ്ടിയുടെ രണ്ട് വിവിധ മോഡലുകൾക്കുള്ള കേബിളുകളും മറ്റും തിരിച്ചറിയുന്നത് "അറ്റത്തുള്ള മെറ്റൽ കഷണത്തിന്റെ വലിപ്പം", അല്ലെങ്കിൽ "ഒരു വശത്തെ പൈപ്പിന്റെ വളവ്" എന്നിങ്ങനെ അധികമാരും ശ്രദ്ധിക്കാത്ത ചില പ്രത്യേകതകൾ ഒക്കെ വെച്ചാണ്.
കുറഞ്ഞത് അഞ്ചു വർഷമെങ്കിലും ആയി ആൾ ഈ കാര്യങ്ങൾ കൈകാര്യം ചെയ്തു തുടങ്ങിയിട്ട്. ഭർത്താവിന് ശാരീരിക അവശതകളും ഓർമ്മക്കുറവും തുടങ്ങിയ കാലം മുതൽ കാര്യങ്ങൾ സ്വയം പഠിച്ചെടുത്ത് കളത്തിൽ ഇറങ്ങിയതാണ്. ഏറെക്കാലം അദ്ദേഹത്തെ കടയിൽ ഇരുത്തി കാര്യങ്ങൾ ഒക്കെ സ്വയം ഏറ്റെടുത്തു ചെയ്തു. അദ്ദേഹം മരിച്ചപ്പോൾ പലരുടെയും ആശങ്കയും കരുതലും ഒക്കെ ചിരിച്ചു തള്ളി കട തുടർന്നു നടത്താൻ തുടങ്ങി.
നേരിട്ട് കണ്ടാൽ തിരിച്ചറിയാൻ കഴിയാത്ത വണ്ടികളുടെ വിവിധ ഭാഗങ്ങളെ പറ്റി പോലും നല്ല അറിവാണ് ഇങ്ങനെ ഉണ്ടാക്കിയെടുത്തിട്ടുള്ളത്. പൾസറിന്റെ ഹെഡ്‌ലൈറ്റ് ബൾബ് ചോദിച്ചു വരുന്നവരോട് "DTSi ആണോ, അതോ അതിനു മുമ്പുള്ളതോ, 150 cc ആണോ 220 ആണോ" എന്നൊക്കെ ചോദിക്കുന്ന ആൾക്ക് ഒരുപക്ഷേ പൾസറും ഡിസ്കവറും തമ്മിൽ നേരിട്ടു കണ്ടാൽ തിരിച്ചറിഞ്ഞേക്കില്ല. ഇങ്ങനെ ജീവിതത്തിന്റെ ഭൂരിഭാഗം സമയത്തും നമ്മൾ ഇടപെട്ടിട്ടേയില്ലാത്ത, നമ്മൾ കണ്ടിട്ടു പോലുമില്ലാത്ത നൂറുകണക്കിനു സാധനങ്ങളുടെ പ്രത്യേകതകളും വിലയും പരസ്പര വ്യത്യാസങ്ങളും ഒക്കെ ഇങ്ങനെ ഈ പ്രായത്തിൽ പഠിച്ചെടുത്ത് ഒരു ബിസിനസ് നടത്താൻ എത്ര പേർക്ക് കഴിയും?
ഇങ്ങനെയൊക്കെ ആണെങ്കിലും കടയിൽ സാധനം വാങ്ങാനെത്തുന്ന എന്നെയും നിങ്ങളെയും പോലെയുള്ള ആളുകൾക്ക് പലതരം സംശയങ്ങളാണ്. "കടയിൽ ആളില്ലേ?" എന്നത് പലരുടെയും ആദ്യ ചോദ്യമാണ്. സ്പെയർപാർട്സ് കടയിൽ ഇരിക്കുന്ന സ്ത്രീ ഒരു 'ആൾ' അല്ലല്ലോ 😅
"ഇതൊക്കെ അറിയാമോ?" "ഈ സാധനം കറക്ടാണോ?", "വേറെ ആരുമില്ലേ?" എന്നിങ്ങനെ ചോദ്യങ്ങളും സംശയങ്ങളും ധാരാളം. ഇതൊക്കെ കേൾക്കുമ്പോൾ ദേഷ്യം വരുമെങ്കിലും പുള്ളിക്കാരി അത് അധികം പ്രകടിപ്പിക്കാറില്ല.
സ്വന്തം വീട്ടിൽ ഇത്ര വലിയ ഒരു അപൂർവ്വത ഉണ്ടെന്ന കാര്യം വീട്ടിൽ തന്നെയുള്ള മറ്റൊരു സ്ത്രീ, എന്റെ പാർട്ണർ, ചൂണ്ടിക്കാണിക്കുന്നതു വരെ ഞാൻ ശ്രദ്ധിക്കുകയേ ചെയ്തിട്ടില്ല എന്നത് എനിക്ക് തലയ്ക്ക് കിട്ടിയ ഒരു വലിയ അടിയായിരുന്നു. And I feel guilty for being oblivious to such a wonder till now.
PS: വായന ഒരു ഹരമാണ് ആൾക്ക്. രജനികാന്തിന്റെ റോബോയെ തോൽപ്പിക്കും വായനയുടെ സ്പീഡിൽ. രാവിലെ വായിച്ചു തുടങ്ങുന്ന നോവലൊക്കെ ഉച്ചയോടെ തീർത്തു കളയും.
This is my amazing mother, Prasanna.
Photo courtesy: Nisha Sumithran

എന്താണ് മാനസികാരോഗ്യം?

 

1. എന്താണ് മാനസികാരോഗ്യം?

മാനസിക രോഗങ്ങളില്ലാത്ത അവസ്ഥ മാത്രമല്ല മാനസികാരോഗ്യം. നമുക്ക് സ്വന്തം കഴിവുകൾ തിരിച്ചറിഞ്ഞ്, സൃഷ്ടിപരമായി പ്രവർത്തിക്കാനും, ദൈനംദിന ജീവിതത്തിലെ ബുദ്ധിമുട്ടുകളെ നേരിടാനും, ചുറ്റുമുള്ള സമൂഹത്തിന് ഗുണകരമായ സംഭാവനകൾ നൽകാനും കഴിയുന്ന സൗഖ്യാവസ്ഥ കൂടിയാണ് മാനസികാരോഗ്യം.


2. മാനസികാരോഗ്യത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ:

  • ശാരീരിക/ ജൈവിക ഘടകങ്ങൾ - പാരമ്പര്യം, തലച്ചോറിലെ രാസഘടകങ്ങൾ തുടങ്ങിയവ 

  • ജീവിതസാഹചര്യങ്ങൾ, ചുറ്റുപാടുകൾ തുടങ്ങിയവ

  • ശാരീരിക ബുദ്ധിമുട്ടുകൾ/രോഗങ്ങള്‍‍

  • കുട്ടിക്കാലത്തോ പിന്നീടോ ഉണ്ടാവുന്ന അനുഭവങ്ങൾ


3. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ / Warning Signs:

താഴെ പറയുന്ന പ്രശ്നങ്ങൾ അലട്ടിയാൽ മാനസികാരോഗ്യ പ്രവർത്തകരുടെ സഹായം തേടേണ്ടതാണ്.

# ഉറക്കത്തിന്റെ ക്രമത്തിലുള്ള വലിയ വ്യത്യാസങ്ങൾ 

# ആഹാര ക്രമത്തിലുള്ള വലിയ വ്യത്യാസങ്ങൾ

# സാധാരണ ചെയ്തിരുന്ന പ്രവർത്തികളിൽ നിന്നും വിട്ടുനിൽക്കൽ/ചെയ്യാൻ കഴിയാതിരിക്കൽ 

# തീരെ ഊർജ്ജം തോന്നാത്ത അവസ്ഥ

# കടുത്ത നിരാശയും നിസ്സഹായതയും 

# പ്രത്യേകിച്ച് കാരണമില്ലാത്ത വേദനയും ശാരീരിക ബുദ്ധിമുട്ടുകളും

# ഓർമ്മ, ശ്രദ്ധ, ഏകാഗ്രത തുടങ്ങിയവയിൽ പെട്ടെന്നുണ്ടാകുന്ന കുറവ്

# കാരണമില്ലാത്ത കടുത്ത നിരാശ 

# പുകവലി, മദ്യപാനം പോലുള്ള ശീലങ്ങളിൽ പെട്ടെന്നുണ്ടാകുന്ന വലിയ വർദ്ധനവ്

# ഒഴിവാക്കാൻ കഴിയാത്ത അനാവശ്യമായ ചിന്തകൾ

# ഇല്ലാത്ത ശബ്ദങ്ങൾ കേൾക്കുകയോ കാഴ്ചകൾ കാണുകയോ ചെയ്യുക

# മറ്റുള്ളവരെയോ സ്വയമോ മുറിപ്പെടുത്തുകയോ വേദനിപ്പിക്കുകയോ ചെയ്യുന്നതിനെ പറ്റിയുള്ള ചിന്ത 


4. മാനസികാരോഗ്യം വർദ്ധിപ്പിക്കാൻ

മാനസികാരോഗ്യം മെച്ചപ്പെടുത്താൻ ദൈനംദിന ജീവിതത്തിൽ ചെയ്യാവുന്ന കാര്യങ്ങൾ 

# ശാരീരിക ആരോഗ്യത്തിൽ ശ്രദ്ധിക്കുക

# വ്യായാമം, ഉറക്കം, സമീകൃതാഹാരം എന്നിവ ശീലമാക്കുക 

# മറ്റുള്ളവരുമായി ബന്ധങ്ങൾ നിലനിർത്തുക

# പുതിയ കാര്യങ്ങൾ പഠിക്കാൻ ശ്രമിക്കുക

# മറ്റുള്ളവർക്കായി സമയം ചെലവാക്കാൻ ശ്രമിക്കുക 

# സ്വയം ബഹുമാനിക്കുകയും നമുക്കായി സമയവും വിനോദങ്ങളും കണ്ടെത്തുകയും ചെയ്യുക.


www.ascentonline.in

താജ് മഹലും ചെങ്കോട്ടയും വിറ്റ നട്‌വർലാലിനെ അറിയാമോ? The Psychology of Frauds and Con Artists

 

താജ് മഹലും ചെങ്കോട്ടയും വിറ്റ നട്‌വർലാലിനെ അറിയാമോ?
അല്ലെങ്കിൽ ഈഫൽ ടവർ സ്ക്രാപ്പ് വിലയ്ക്ക് വിറ്റ വിക്ടർ ലസ്റ്റിഗിനെ?
ലോകപ്രശസ്തരായ തട്ടിപ്പ് കലാകാരന്മാർ, Con Artists ഒരുപാട് പേരുണ്ട്. പുരുഷന്മാർ മാത്രമല്ല, സ്ത്രീകളും ട്രാൻസ്ജെൻഡർ മനുഷ്യരും ഉണ്ട് ഇക്കൂട്ടത്തിൽ. അമേരിക്കൻ ഐക്യനാടുകളിൽ മാത്രം ഒരു വർഷം ഏതാണ്ട് 3,70,000 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുകൾ നടക്കുന്നുണ്ട് എന്നാണ് അനുമാനം.
മറ്റുള്ളവരുടെ വിശ്വാസം പിടിച്ചു പറ്റാനും എളുപ്പം അടുപ്പം സ്ഥാപിക്കാനും ഇത്തരം തട്ടിപ്പുകാർക്ക് നല്ല കഴിവാണ്. ഇവരുടെ ഏറ്റവും പ്രധാനപ്പെട്ട ആയുധം ഒരുപക്ഷേ ആളുകളുടെ ബോധ്യങ്ങളെ സ്വാധീനിക്കാനുള്ള കഴിവ്, അഥവാ persuasion ആണ്. FOMO (Fear of missing out) സൃഷ്ടിച്ച് നമ്മളെ ക്കൊണ്ട് അധികം ചിന്തിക്കാതെ ഒരു തീരുമാനം എടുപ്പിക്കുന്ന രീതി പല തട്ടിപ്പുകാരുടെയും മറ്റൊരു ആയുധമാണ്.
ഒപ്പം ഇരുണ്ട ത്രയം എന്നൊക്കെ മലയാളത്തിൽ പറയാവുന്ന Dark Triad എന്ന വ്യക്തിത്വ സവിശേഷത ഇവരിൽ വളരെ കൂടുതലായി കാണാറുണ്ട്. Narcissism, Machiavellianism, Paychopathy എന്നിവ ചേരുന്നതാണ് ഈ dark triad. മനസ്സാക്ഷിക്കുത്തോ മടിയോ കൂടാതെ തന്മയത്വത്തോടെ കള്ളം പറയാനും, എത്ര വലിയ തെറ്റിനെയും സ്വയം ന്യായീകരിക്കാനും മറ്റും ഇത് ഇവരെ സഹായിക്കുന്നു. Dark triad ഉള്ള എല്ലാവരും ഇങ്ങനെ ക്രിമിനലുകൾ ആവുന്നുമില്ല. ചിലർ മാർക്കറ്റിങ്ങിലും, ബാങ്കിങ്ങിലും, മറ്റ് പണികളിലും ഒക്കെ എത്തി കഴിവ് തെളിയിക്കാറുണ്ട്.

ആരാണ് ഇത്തരം തട്ടിപ്പുകൾക്ക് എളുപ്പം ഇരയാകാവുന്നത് എന്ന് നോക്കിയാൽ ഞാനും നിങ്ങളും ഉൾപ്പെടെ ആരുമാവാം എന്നതാണ് ഉത്തരം. അമേരിക്കയിലെ സാധാരണ ഒരു സാമ്പത്തിക തട്ടിപ്പ് ഇരയുടെ സവിശേഷതകൾ 'മധ്യ വയസ്കർ, അഭ്യസ്ത വിദ്യർ, സാമ്പത്തിക സാക്ഷരത ഉള്ളവർ, വെളുത്ത പുരുഷൻ' ഇതൊക്കെയാണ്. അതായത് വിദ്യാഭ്യാസമോ, പണമോ, പദവിയോ ഒന്നും ഇത്തരം തട്ടിപ്പുകളിൽ പെടുന്നതിൽ നിന്ന് നമ്മളെ രക്ഷിക്കണം എന്നില്ല. എങ്കിലും Religious Cult-കളിൽ പെടുന്ന പ്രകൃതമുള്ളവർ ഇത്തരം തട്ടിപ്പുകൾക്ക് ഇരയാവാനും സാധ്യത കൂടുതലാണ് എന്ന് ഒരു വാദമുണ്ട്. കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ ചില തട്ടിപ്പുകളിൽ നിന്നെങ്കിലും രക്ഷപ്പെടാൻ പറ്റിയേക്കും.

ഈ വിഷയം വിശദമായി പോഡ്കാസ്റ്റ് ആയി സംസാരിച്ചത്
https://youtu.be/Nf8wsg9w9ls
 
 

മനശ്ശാസ്ത്രവും ഗവേഷണ മര്യാദകളും: On Psychology and Research Ethics


ഗവേഷകരുടെ ഇടയിൽ പോലും അധികം ചർച്ച ചെയ്യപ്പെടാതെ പോകുന്ന വിഷയമാണ് മനശ്ശാസ്ത്ര ഗവേഷണത്തിലെ നൈതികത (Research Ethics in Psychology) എന്ന് തോന്നിയിട്ടുണ്ട്.
ഗവേഷണ നൈതികത എന്നത് പല തലങ്ങളുള്ള ഒരു വിഷയമാണ്. പകർപ്പവകാശം (copyright), സമൂഹത്തോടുള്ള ബാധ്യത, ഗവേഷകരുടെ നൈതികത, സ്ഥാപനങ്ങളുടെ ഉത്തരവാദിത്തങ്ങൾ, ഗവേഷണത്തിൽ വിവരം തരുന്നവരുടെ/പരീക്ഷണങ്ങളിൽ പങ്കെടുക്കുന്നവരുടെ സ്വകാര്യത, അവകാശങ്ങൾ, മാനസികാരോഗ്യം തുടങ്ങിയവ, വിവരങ്ങളുടെ സ്വകാര്യതയും സുരക്ഷിതത്വവും, ആശയങ്ങളുടെയും ഉള്ളടക്കത്തിന്റെയും പുനരുപയോഗം, വിവരങ്ങൾ വിശകലനം ചെയ്യുന്നതിലെ മര്യാദകൾ, പ്രസിദ്ധീകരണത്തിലെ മര്യാദകൾ, സാമ്പത്തികമായ കാര്യങ്ങളുടെയും വ്യക്തി താൽപര്യങ്ങളുടെയും (Conflicts of Interest) സുതാര്യത ഇങ്ങനെ പല വശങ്ങൾ ഇതിനുണ്ട്. എന്നാൽ നമ്മുടെ ഇടയിൽ ചർച്ചകൾ നടക്കുന്നതു കൂടുതലും സോഫ്റ്റ്‌വെയറിന്റെ കണ്ണിൽ പെടാതെ എങ്ങനെ കോപ്പിയടി (Plagiarism, in more glamorous terms) നടത്താം എന്ന കാര്യത്തിൽ ആവണം. "നിങ്ങളുടെ യൂണിവേഴ്സിറ്റിയിൽ എത്ര ശതമാനം വരെ പ്ലേജ്യറിസം സമ്മതിക്കും?" എന്നൊക്കെ ഗവേഷക വിദ്യാർഥികൾ പരസ്പരം ചോദിക്കാറുണ്ട് 😅😅 ആ ചോദ്യത്തിന്റെ അബദ്ധം പലർക്കും മനസ്സിലാവുകയും ഇല്ല.
നമ്മുടെ രാജ്യത്തിനു പുറത്ത് പല സ്ഥലത്തും ഗവേഷണ മര്യാദകളുടെ കാര്യത്തിൽ ചട്ടങ്ങളും പൊതു രീതികളും ഒക്കെ കുറച്ചു കൂടി വ്യക്തവും കൃത്യവുമാണ്. അങ്ങനെ ആവണം താനും. അമേരിക്കയിൽ അഭിപ്രായ സർവ്വേകൾക്ക് പോലും ഒരു നൈതികതാ പരിശോധനാ സംഘത്തിന്റെ (Institutional Review Board (IRB)/Research Ethics Committee) അംഗീകാരം ആവശ്യമാണ്.
പല മികച്ച ജേണലുകളും അവർ പ്രസിദ്ധീകരണത്തിന് പരിഗണിക്കുന്ന, മനുഷ്യരുമായി നേരിട്ട് ബന്ധപ്പെട്ട എല്ലാ പേപ്പറുകൾക്കും അത്തരം ഒരു അംഗീകാരം നിർബന്ധമായും ആവശ്യപ്പെടാറുണ്ട്. അത്തരം കേന്ദ്രീകൃത സംവിധാനങ്ങൾ ഇല്ലാത്ത സ്ഥലങ്ങളിൽ നിന്നുള്ള പേപ്പറുകളിൽ എങ്ങനെയാണ് ഗവേഷണ മര്യാദകൾ ഉറപ്പാക്കിയത് എന്ന് പ്രത്യേകം പറയാനും ഏതാണ്ട് എല്ലാ ജേണലുകളും ആവശ്യപ്പെട്ടു കാണാം. ഏതെങ്കിലും സ്ഥാപനത്തിന്റെ ഭാഗമായല്ലാതെ ഗവേഷണം നടത്തുന്നവർക്ക് ഈ ഗവേഷണ നൈതികതാ പരിശോധന ഒരു കടമ്പ തന്നെയാണ്. സ്വതന്ത്രമായ നൈതികതാ പരിശോധനാ സംഘങ്ങൾ, Research Review Bodies എന്ന ആശയം പലയിടത്തും പരീക്ഷിച്ചു തുടങ്ങിയിട്ടുണ്ട്.
ഇന്റ്യയിൽ സൈക്യാട്രി രംഗത്തെ ഗവേഷണം ഏറെക്കുറെ ഇത്തരം ചട്ടങ്ങൾ പാലിക്കാറുണ്ട് എന്നാണ് അറിവ്. എന്നാൽ സമാനമായ വിഷയങ്ങളിൽ ഗവേഷണം നടത്തുന്ന മനശ്ശാസ്ത്ര ഗവേഷകർ പലരും ഇത്തരം കാര്യങ്ങൾ അറിയുകയോ ശ്രദ്ധിക്കുകയോ ചെയ്യാറില്ല. സൈക്കോളജി ഡിപ്പാർട്ട്മെന്റുകൾ ഉള്ള പല സർവ്വകലാശാലകളിലും, മിക്ക കോളേജുകളിലും IRB നിലവിലില്ല എന്നാണ് അനുമാനം. ഉള്ളതിൽ ചിലയിടത്തെങ്കിലും ഗവേഷണം നടത്തുന്ന വിദ്യാർത്ഥികൾക്ക് ഒന്നുമറിയില്ല എന്ന് സ്ഥാപിക്കാൻ 'മുതിർന്ന' അധ്യാപകർക്ക് കിട്ടുന്ന ഒരു വേദിയുമാണ് IRB-കൾ.
നൈതികത എന്നത് നിയമം മൂലം ഉറപ്പാക്കുക എന്നതിനേക്കാൾ ഗവേഷണ പ്രക്രിയയിൽ ഉൾപ്പെടുന്നവരുടെ പൊതുബോധത്തിൽ ഉറയ്ക്കുക എന്നതാണ് കൂടുതൽ ഫലപ്രദം. ഗവേഷണം നൈതികമായി ചെയ്യണം എന്ന് ആഗ്രഹമുള്ള മനശ്ശാസ്ത്ര ഗവേഷകർക്ക് പിന്തുടരാവുന്ന ചില മാനദണ്ഡങ്ങൾ ഉണ്ട്. (എല്ലാവരും ഇങ്ങനെ മാനദണ്ഡങ്ങൾ ശ്രദ്ധിച്ചാൽ മാത്രമേ ഗവേഷണത്തിന്റെ ഗുണനിലവാരവും ഉപയോഗ്യതയും ഉറപ്പാക്കാൻ കഴിയൂ എന്നതാണ് വസ്തുത)
മനുഷ്യരുമായി ബന്ധപ്പെട്ട ഗവേഷണത്തിനുള്ള സൈക്യാട്രിയിലെ നൈതികതാ മാനദണ്ഡങ്ങൾ എല്ലാം അതേപടി മനശ്ശാസ്ത്രത്തിലെ ഗവേഷണത്തിന് ബാധകമാവണം എന്നില്ല, പ്രത്യേകിച്ചും അഭിപ്രായ സർവ്വേകളുടെയും മറ്റും കാര്യത്തിൽ. എങ്കിലും അത്തരം മാനദണ്ഡങ്ങൾ അറിഞ്ഞിരിക്കുക എന്നതും പരമാവധി അവയോട് നീതി പുലർത്താൻ ശ്രമിക്കുക എന്നതും പ്രധാനമാണ്.
മനുഷ്യർ ഉൾപ്പെടുന്ന മെഡിക്കൽ ഗവേഷണത്തിനുള്ള ഹെൽസിങ്കി ഡിക്ലറേഷൻ തത്വങ്ങൾ ഇക്കാര്യത്തിലെ ഒരു പ്രധാന രേഖയാണ്. ഗവേഷണ നൈതികതയുമായി ബന്ധപ്പെട്ട ഏതാണ്ട് എല്ലാ വശങ്ങളും ഇതിൽ പ്രതിപാദിക്കുന്നുണ്ട്.
ഗവേഷണ പ്രസിദ്ധീകരണ (academic/scholarly publication) രംഗത്തെ നല്ല മാതൃകകൾ (best practices) നിർവഹിക്കാനും പ്രചരിപ്പിക്കാനും ശ്രമിക്കുന്ന സംഘമാണ് Committee on Publication Ethics (COPE). പ്രസിദ്ധീകരണ മര്യാദകളുമായി ബന്ധപ്പെട്ട COPE മാനദണ്ഡങ്ങൾ ജേണൽ എഡിറ്റർമാർക്കും ജേണലുകൾക്കും പ്രസാധകർക്കും ഒക്കെയുള്ള പ്രവർത്തന മാതൃകകളുടെ (Core Practices) രൂപത്തിലാണ് ഉള്ളത്. ഈ മാതൃകകൾ വ്യാപകമായി സ്വീകരിക്കപ്പെട്ടിട്ടുണ്ട്.
പ്രസിദ്ധീകരിക്കപ്പെടുന്ന ഗവേഷണ പ്രബന്ധങ്ങളുടെ ശാസ്ത്രീയ കൃത്യത മെച്ചപ്പെടുത്താൻ American Psychological Association (APA) പ്രസിദ്ധീകരിക്കുന്ന മാനദണ്ഡങ്ങളാണ്. Journal Article Reporting Standards (APA Style JARS). ഗവേഷണ പ്രബന്ധങ്ങൾ എങ്ങനെ എഴുതണം എന്നാണ് JARS പ്രധാനമായും പറയുന്നത് എങ്കിലും ഗവേഷണം ചെയ്യുമ്പോൾ പാലിക്കേണ്ട മര്യാദകളെ പറ്റി അറിഞ്ഞിരിക്കാൻ പറ്റിയ ഒരു സ്രോതസ്സാണ് ഇത്. Quantitative, Qualitative, Mixed Methods പഠനങ്ങൾക്കായി JARS–Quant, JARS–Qual, JARS–Mixed എന്നിങ്ങനെ മൂന്നു തരം മാനദണ്ഡങ്ങൾ ഉണ്ട്. മനശ്ശാസ്ത്രത്തിലെ publication bias, replication crisis എന്നിവ പരിഹരിക്കാൻ JARS കുറച്ചൊക്കെ സഹായിച്ചേക്കാം.
മനശ്ശാസ്ത്രത്തിൽ ഗവേഷണം നടത്തുന്ന, അല്ലെങ്കിൽ താൽപര്യമുള്ള എല്ലാവരും നിർബന്ധമായും വായിച്ചിരിക്കേണ്ട ഒന്നാണ് APA പ്രസിദ്ധീകരിക്കുന്ന 'സൈക്കോളജിസ്റ്റുകൾക്കുള്ള നൈതിക തത്വങ്ങളും പെരുമാറ്റച്ചട്ടവും' (Ethical Principles of Psychologists and Code of Conduct). അതിന്റെ എട്ടാം സെക്ഷൻ പൂർണ്ണമായും ഗവേഷണവും പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ടതാണ്.
ഇതിൽ പറയുന്ന ചില പ്രധാന കാര്യങ്ങൾ ഇവയാണ്:
❗നൈതികത സംബന്ധിച്ച അംഗീകാരം (approval) വേണ്ടയിടത്ത് അത് എടുക്കേണ്ടതാണ്.
❗ഗവേഷണത്തിൽ പങ്കെടുക്കുന്നവരോട്/വിവരം തരുന്നവരോട് ഗവേഷണത്തിന്റെ ഉദ്ദേശം, പ്രതീക്ഷിക്കുന്ന നീളം, പിൻവാങ്ങാനുള്ള അവകാശം, അതിന്റെ പ്രത്യാഘാതങ്ങൾ, വരാവുന്ന ബുദ്ധിമുട്ടുകൾ, സ്വകാര്യതയുടെ വിവരങ്ങൾ, പ്രതിഫലം ഉണ്ടോ, സംശയങ്ങൾ ഉന്നയിക്കേണ്ടത് ആരോട് തുടങ്ങിയ വിവരങ്ങൾ വെളിപ്പെടുത്തി രേഖാമൂലം സമ്മതം (informed consent) വാങ്ങേണ്ടതാണ്.
❗ശബ്ദമോ ചിത്രങ്ങളോ രേഖപ്പെടുത്താൻ പ്രത്യേക സമ്മതം വാങ്ങേണ്ടതാണ്.
❗ഗവേഷണത്തിൽ പങ്കെടുക്കാൻ ആരെയും നിർബന്ധിക്കാൻ പാടില്ല.
❗ഗവേഷണ ഫലങ്ങളെയും കണ്ടത്തലുകളെയും സംബന്ധിച്ച് ഗവേഷണത്തിൽ പങ്കെടുത്തവർക്ക് അറിയാനുള്ള അവസരം ഗവേഷകർ ഒരുക്കേണ്ടതാണ്.
❗വിവരങ്ങൾ കൃത്രിമമായി ഉണ്ടാക്കിയെടുക്കുകയോ (fabrication of data), തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകൾ നടത്തുകയോ ചെയ്യരുത്.
❗മറ്റുള്ളവരുടെ കണ്ടെത്തലുകളോ ആശയങ്ങളോ വിവരങ്ങളോ സ്വന്തമെന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ അവതരിപ്പിക്കരുത്. അവലംബം (citation) കൊടുത്തിട്ടുണ്ട് എന്നത് ഒരു ന്യായമല്ല. എഴുത്തിലെ സുതാര്യത വായിക്കുന്നവരുടെയല്ല, എഴുതുന്നവരുടെ ഉത്തരവാദിത്തമാണ്.
❗സ്വന്തം പ്രയത്നത്തിന്റെ/എഴുത്തിന്റെ മാത്രം അംഗീകാരം (credit) എടുക്കുക. മറ്റുള്ളവർക്ക് അവകാശപ്പെട്ടത് അവർക്ക് കൊടുക്കുക
❗ഗവേഷണത്തിന് ഉപയോഗിച്ച അടിസ്ഥാന വിവരങ്ങൾ (data) മറച്ചു വെക്കാതെ മറ്റു ഗവേഷകർക്ക് ആവശ്യമെങ്കിൽ (ഗവേഷണത്തിൽ പങ്കെടുത്തവരുടെ സ്വകാര്യത ലംഘിക്കാതെ) ലഭ്യമാക്കുക.
മറ്റു ശാസ്ത്ര ശാഖകളെ അപേക്ഷിച്ച് മനശ്ശാസ്ത്രത്തിൽ Publication Bias കൂടുതലാണ് എന്നത് ഏറെക്കാലമായി നിലനിൽക്കുന്ന ഒരു വിമർശനമാണ്. ഗവേഷണ ഫലങ്ങൾ ആവർത്തിക്കുന്നതിലുള്ള (replication) പ്രശ്നങ്ങളും, ഗവേഷകർ മുന്നോട്ടു വെയ്ക്കുന്ന എല്ലാ ഊഹങ്ങളും (hypotheses) ശരിയാകുന്ന (അല്ലെങ്കിൽ അത്തരം ഫലങ്ങൾ മാത്രം പ്രസിദ്ധീകരിക്കപ്പെടുന്ന) പ്രവണതയും ഒക്കെ മനശ്ശാസ്ത്ര ഗവേഷണത്തെ നിരന്തരം സംശയത്തിന്റെ നിഴലിൽ നിർത്താറുണ്ട്. ഇതിനുള്ള പ്രതിവിധികളിൽ നൈതികതാ പരിശോധന പോലെ, ഒരുപക്ഷേ അതിനേക്കാൾ പ്രധാനമായി കരുതപ്പെടുന്ന ഒന്നാണ് preregistration അഥവാ ഗവേഷണത്തിന്റെ പ്രധാന വിവരങ്ങൾ മുൻകൂട്ടി പരസ്യപ്പെടുത്തുന്ന രീതി. ഈയടുത്ത കാലത്ത് preregistration പല അന്താരാഷ്ട്ര വേദികളിലും കാര്യമായി ചർച്ച ചെയ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്. Center for Open Science ഇങ്ങനെ പ്രീരജിസ്ട്രേഷൻ നടത്താനുള്ള ഒരു രജിസ്ട്രി ഉണ്ടാക്കിയിട്ടുണ്ട്. ഗവേഷണ പ്രബന്ധങ്ങൾ ജേണലുകളിൽ പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് ശാസ്ത്ര സമൂഹത്തിന്റെ ചർച്ചയ്ക്കായി സമർപ്പിക്കാനുള്ള Psyarxiv എന്ന പ്രീപ്രിന്റ് സെർവറും മനശ്ശാസ്ത്ര ഗവേഷകർ അറിഞ്ഞിരിക്കേണ്ട ഒരു നല്ല സംരംഭമാണ്.
സർവ്വകലാശാലകൾക്കും കോളേജുകൾക്കും ഗവേഷണ സ്ഥാപനങ്ങൾക്കും പുറത്ത് ഗവേഷണം ചെയ്യുന്നവർക്കും നൈതികതാ പരിശോധനാ സംഘം (Institutional Review Board (IRB)/Research Ethics Committee) നിലവിലില്ലാത്ത സ്ഥാപനങ്ങളിൽ ഉള്ളവർക്കും തങ്ങളുടെ ഗവേഷണ പരിപാടികളിൽ നൈതികത സംബന്ധിച്ച അഭിപ്രായവും സഹായങ്ങളും കിട്ടാനുള്ള സംരംഭങ്ങൾ ഇന്റ്യയിലെ സാഹചര്യത്തിൽ അത്യാവശ്യമാണ് എന്നാണ് അഭിപ്രായം.
ഡിഗ്രി/പിജി തലങ്ങളിലെ ഗവേഷണത്തെ വെറുമൊരു തലവേദനയായി കാണാതെ ഉത്തരവാദിത്തത്തോടെയുള്ള അറിവ് നിർമ്മിക്കലായി കാണാൻ അധ്യാപകരും വിദ്യാർത്ഥികളും തയ്യാറാവുക എന്നതാവും ഒരുപക്ഷേ നമ്മുടെ നാട്ടിലെ മനശ്ശാസ്ത്ര ഗവേഷണത്തെ മെച്ചപ്പെടുത്താനുള്ള ആദ്യത്തെ പടി.
വിദ്യാർഥികൾക്ക് കൂടി ചുമതലയുള്ള പ്രീരജിസ്ട്രേഷൻ സംവിധാനങ്ങൾ ഒക്കെ വന്നാൽ വലിയ ഒരു ചുവടുവെപ്പാവും.
 
ചില ലിങ്കുകൾ കൊടുക്കുന്നു:
Preregistration Standards for Psychology - the Psychological Research Preregistration-Quantitative (PRP-QUANT) Template
https://www.psycharchives.org/handle/20.500.12034/4042.2

APA Style JARS Website
https://apastyle.apa.org/jars

APA Ethical Principles of Psychologists and Code of Conduct
https://www.apa.org/ethics/code

Highlights of Helsinki Declaration
https://www.verywellhealth.com/declaration-of-helsinki-4846525

Researchgate discussion on Ethical Approval for Independent Researchers
https://www.researchgate.net/post/As_an_independent_researcher_what_are_the_ways_to_get_ethical_clearance_for_your_research

Center for Open Science Preregistration Webpage
https://www.cos.io/initiatives/prereg

Ethics Committees in India: Past, present and future
https://www.ncbi.nlm.nih.gov/pmc/articles/PMC5299801/

Guidelines for Ethical Considerations in Social Research & Evaluation in India, by Centre For Media Studies-Institutional Review Board (CMS-IRB)
New Delhi
https://cmsindia.org/sites/myfiles/Guidelines-for-Ethical-Considerations-in-Social-Research-Evaluation-In-India_2020.pdf


 

കൊലയാളിയെ കൊല്ലുന്നതല്ലേ നീതി?

 

സെക്ടേറിയൻ ചിന്താഗതിയും മതാത്മകതയും കൂടുതലുള്ള സമൂഹങ്ങളിൽ കൊലവിളികളും 'കണ്ണിന് കണ്ണ്, ചോരയ്ക്ക് ചോര' വാദവും പൊതുബോധത്തിൽ തന്നെ ശക്തമായി നിൽനിൽക്കാറുണ്ട്. ഇന്റ്യ പോലെ പരമ്പരാഗത ചിന്താഗതി ജീവശ്വാസമായ ഒരു നാട്ടിൽ ഭരണകൂടവും കോടതികളും പോലും ഇത്തരം ചിന്തയെ തങ്ങളുടെ ധാർമിക മൂല്യമായി കൊണ്ടു നടക്കുന്നതിൽ വലിയ അത്ഭുതം തോന്നേണ്ടതില്ല.
പ്രാകൃത ജീവിതത്തിൽ നമുക്ക് സഹായകമായിരുന്ന ചില വികാര പ്രകടനങ്ങളും ചിന്താ വൈകല്യങ്ങളും ഇന്നത്തെ കാലത്തിനും ആധുനിക മനുഷ്യർ എന്ന സങ്കൽപ്പത്തിനും തന്നെ വിരുദ്ധമാണ്. അവയെ തിരിച്ചറിഞ്ഞ് തിരുത്തുക എന്നത് ഒരു ആധുനിക സമൂഹമായി മാറാൻ അത്യാവശ്യവുമാണ്.
ഉദാഹരണത്തിന് ഒരു സമൂഹത്തിന് ചേരാത്തതായി കരുതപ്പെടുന്ന എല്ലാത്തിനോടും (കൊലപാതകികൾ, പീഡോഫൈലുകൾ, 'തൊട്ടുകൂടാത്തവർ', മാറാരോഗികൾ, 'നുഴഞ്ഞുകയറ്റക്കാർ'... അങ്ങനെ) ഉള്ള അറപ്പും (disgust) അവരെ ദൂരെ നിർത്താനുള്ള (പറ്റുമെങ്കിൽ കൊല്ലാനും) പ്രവണതയും. ഇത് ഒരുപാട് പഴക്കമുള്ള, പരിണാമത്തിലും അതിജീവനത്തിലും സഹായം ചെയ്ത ചില മാനസിക ഘടകങ്ങളുടെ ഉന്നം തെറ്റിയ വെടി (misfiring) ആയി കണക്കാക്കാം.
അതുപോലെ തുല്യത (equality) എന്നത് തികച്ചും ആധുനികമായ, പലപ്പോഴും സാമാന്യ ബുദ്ധിക്ക് എതിരു നിൽക്കുന്ന (counterintuitive) ഒരു സങ്കല്പമാണ്. അതിനേക്കാൾ നമുക്ക് എളുപ്പം മനസ്സിലാക്കാൻ കഴിയുന്നത് നീതി (fairness) എന്ന സങ്കൽപ്പമാണ്. ഇത്തരം നീതി സങ്കല്പങ്ങളാവട്ടെ ഓരോ സമൂഹത്തിലും സംസ്കാരത്തിലും അതത് കാലത്തെ പൊതുബോധവും മതാത്മകതയും ഒക്കെ അനുസരിച്ച് വ്യത്യസ്തമാവാം. ആരും പ്രത്യേകം പഠിപ്പിക്കാതെ തന്നെ കുട്ടികൾ പോലും നീതി സംബന്ധിച്ച ചില പൊതു അളവുകോലുകൾ സ്വയം പഠിച്ചെടുക്കുകയും അവയുടെ അടിസ്ഥാനത്തിൽ മറ്റുള്ളവരോട് പെരുമാറുകയും ചെയ്യുന്നു എന്ന് പഠനങ്ങളുണ്ട്.
സമൂഹത്തിലെ മഹാഭൂരിപക്ഷം ആളുകളും ഇത്തരത്തിൽ ചിന്തിക്കുമ്പോൾ (അല്ലെങ്കിൽ അങ്ങനെ ആണെന്ന് തോന്നുമ്പോൾ) അതിൽ ചില പ്രശ്നങ്ങൾ തോന്നിയാലും മിണ്ടാതിരിക്കാനും, ഒരുപക്ഷേ സ്വന്തം തോന്നലുകളെയും ബോധ്യങ്ങളെയും തള്ളിക്കളഞ്ഞോ മറച്ചു വെച്ചോ ഇതിനെയൊന്നും ചോദ്യം ചെയ്യാതെ കൂട്ടത്തിൽ കൂടാനുമുള്ള പ്രവണതയും (system justification) വളരെ ശക്തമായ ഒരു ചിന്താ വൈകല്യമാണ്. ഇത്തരം മസ്തിഷ്ക പ്രവണതകളെയും സാമൂഹ്യ സമ്മർദ്ദത്തെയും മറികടന്ന് വേറിട്ട ചിന്തകൾ ഉയർത്താൻ കഴിയുന്നവരാണ് സമൂഹത്തെ കൂടുതൽ മെച്ചപ്പെട്ടതാക്കാൻ സഹായിക്കുക.
എന്നാൽ ഇങ്ങനെ വ്യത്യസ്ത ശബ്ദം ഉയർത്താൻ സാധ്യതയുള്ളവരെ അവമതിക്കാനും നിശ്ശബ്ദരാക്കാനും അടിച്ചമർത്താനും ഏകാധിപത്യ ഭരണകൂടങ്ങൾ നിരന്തരം ശ്രമിക്കാറുണ്ട്. ഭരണാധികാരികളും അധികാരം കൈയ്യിലുള്ളവരും തങ്ങളുടെ അനുയായികളെ ഇത്തരം അടിച്ചമർത്തലിനും അക്രമത്തിനും വിദഗ്ദ്ധമായി പ്രേരിപ്പിക്കുന്നത് (dog whistling) ഇന്റ്യയിൽ നാം പലപ്പോഴും കാണാറുള്ളതാണല്ലോ.
ഇത്തരം മാനസിക വ്യാപാരങ്ങളെ തിരിച്ചറിഞ്ഞ് തിരുത്തുന്ന തരം സാമൂഹ്യ വളർച്ച ഉണ്ടാവാത്തിടത്തോളം കൊന്നവരെ കൊല്ലാൻ ആക്രോശിക്കുന്ന പുരാതന മനോഭാവം ലേഖനങ്ങളായും, കവിതകളായും, സോഷ്യൽ മീഡിയ ഉള്ളടക്കമായും, വീട്ടിലെ വർത്തമാനമായും, എന്തിന് കോടതികളുടെ നിരീക്ഷണങ്ങളും വിധിന്യായങ്ങളും ആയുമൊക്കെ നമ്മുടെ പൊതുമണ്ഡലത്തെ മലിനമാക്കിക്കൊണ്ടിരിക്കും.

Wednesday, September 22, 2021

Availability Heuristic in Everyday Life

 ഇംഗ്ലീഷ് ഭാഷയിൽ k എന്ന അക്ഷരത്തിൽ തുടങ്ങുന്ന വാക്കുകളാണോ k മൂന്നാമത് വരുന്ന വാക്കുകളാണോ കൂടുതലുള്ളത് ?
പെട്ടെന്ന് ആലോചിച്ചു നോക്കിയാൽ knife, kitten, kind, kitchen, know ഇങ്ങനെ കുറെ വാക്കുകൾ k-യിൽ തുടങ്ങുന്നതായി ഓർമ്മ വരും. എന്നാൽ acknowledge, ask, like എന്നിങ്ങനെ k മൂന്നാമത് വരുന്ന വാക്കുകൾ നമ്മിൽ മിക്കവർക്കും കുറച്ചെണ്ണമേ ഓർത്തെടുക്കാൻ കഴിയൂ.
യഥാർത്ഥത്തിൽ k മൂന്നാമത് വരുന്ന വാക്കുകൾ ആണ് ഇംഗ്ലീഷ് ഭാഷയിൽ കൂടുതലുള്ളത്.

പെട്ടന്ന് ഓർമ്മയിൽ വരുന്ന സംഭവങ്ങൾക്കും വസ്തുതകൾക്കും ഒക്കെ അവ അർഹിക്കുന്നതിൽ കൂടുതൽ പ്രാധാന്യം കൊടുക്കാനുള്ള നമ്മുടെ പ്രവണതയാണ് Availability Heuristic അഥവാ Availability Bias. നമ്മുടെ ഒരുപാട് തീരുമാനങ്ങളും ധാരണകളും ഒക്കെ ഈ ചിന്താ വൈകല്യത്താൽ സ്വാധീനിക്കപ്പെടാറുണ്ട്.

കാൻസറിനെ ഭയക്കുന്ന അത്രയും നമ്മളാരും പ്രമേഹത്തെ ഭയക്കാത്തതും, കാൻസർ ഉണ്ടാക്കുന്ന മറുനാടൻ പച്ചക്കറികളെപ്പറ്റി ഉള്ളത്രയും ഭീകരകഥകൾ ചോറിനെപ്പറ്റിയോ ജിലേബിയെ പറ്റിയോ ഇല്ലാത്തതും Availability Heuristic-ന്റെ കൂടി സ്വാധീനത്തിലാണ്.

സാമ്പത്തിക തീരുമാനങ്ങളിലും ജീവിത വീക്ഷണത്തിലും ഒക്കെ ഇത്തരം സ്വാധീനങ്ങൾ നിരന്തരം ഉണ്ടാവാറുണ്ട്. ഈ വിഷയം പോഡ്കാസ്റ്റ് ആയി സംസാരിച്ചത്

#Psychology
#MalayalamPodcast

 https://anchor.fm/dr-chinchu-c/episodes/Availability-Heuristic-in-everyday-life-e17ne8f

 

Sunday, May 09, 2021

ബിജ് ലി മഹാദേവ്: മലമുകളിലെ മിന്നല്‍ ദേവന്‍

 

ഹിമാചല്‍ പ്രദേശിലെ ഹാമിര്‍പൂരില്‍ വെച്ചു നടന്ന ഇന്ത്യന്‍ യൂത്ത് സയന്‍സ് കോൺഗ്രസ്സിനു ശേഷമാണ് രണ്ടു ദിവസത്തെ കറക്കത്തിനായി യുവഗവേഷകരുടെ സംഘത്തോടൊപ്പം മണ്ഡി - മണാലി - ഷിംല ദേശങ്ങളിലേക്ക് പുറപ്പെട്ടത്. മണ്ഡിയിലെ Society for Technology and Development പ്രവർത്തകർ ഏര്‍പ്പാടാക്കിയ വണ്ടിയിലായിരുന്നു യാത്ര. ഭോലാ സിങ്ങ് എന്ന അസാമാന്യ ക്ഷമയുള്ള മനുഷ്യനായിരുന്നു സാരഥി. മിതഭാഷിയായ അദ്ദേഹം ഞങ്ങളുടെ ഗൈഡ് ആയി കൂടി പണിയെടുത്തു.
അട്ടാരിയിൽ നിന്നും ലേ വരെ പോകുന്ന ഇന്ന് മൂന്നാം നമ്പർ ദേശീയപാതയിൽ പാർബതി നദിക്കു കുറുകെയുള്ള ജിയാ പാലത്തിനടുത്തു നിന്നാണ് ബിജ്ലി മഹാദേവ് ക്ഷേത്രത്തിലേക്കുള്ള റോഡ് തിരിയുന്നത്. ചൻസാരി എന്ന ഗ്രാമത്തിൽ നിന്നാണ് മലമുകളിലെ അമ്പലത്തിലേക്കുള്ള ട്രെക്കിംഗ് തുടങ്ങുന്നത്. ഏതാണ്ട് നാല് കിലോമീറ്റർ ആണ് ട്രെക്കിംഗ് ദൂരം







ട്രെക്കിംഗ് തുടങ്ങുന്നിടത്തു വെച്ച് മുകളിലേക്കുള്ള വഴിയിൽ ഭക്ഷണമോ വെള്ളമോ കിട്ടില്ല എന്നും എന്തെങ്കിലും വേണമെങ്കിൽ കഴിച്ചിട്ട് പോകാം എന്നും ഉള്ള മുന്നറിയിപ്പ് കിട്ടി. സമയം ഉച്ചയ്ക്ക് ഒരു മണിയോളം ആയിരുന്നതിനാൽ ഓരോ ന്യൂഡിൽസ് കഴിച്ചു, ഒപ്പം ചായയും. പിന്നെ ജെസിബി കൊണ്ട് ഇളക്കി ഇട്ടിരിക്കുന്ന പാറകളുടെ ഇടയിൽക്കൂടി പതിയെ നടപ്പു തുടങ്ങി. പൂത്തു നിൽക്കുന്ന ആപ്പിൾ മരങ്ങളുടെ ഇടയിലൂടെയാണ് നടത്തം തുടങ്ങിയത്. വഴിയിൽ ഉടനീളം ദേവദാരു മരങ്ങളുടെ തണൽ ഉണ്ടെങ്കിലും കുറച്ചു കഠിനമാണ് കയറ്റം. ഏതാണ്ട് മുഴുവൻ ദൂരവും പടികൾ കെട്ടിയിട്ടുണ്ട്. ഇടയിൽ ഒന്നു രണ്ടു സ്ഥലത്ത് വിശ്രമിക്കാൻ വേണ്ടി മര ബെഞ്ചുകളും ഉണ്ടാക്കിയിട്ടുണ്ട്. ഹിമാചൽപ്രദേശിലെ തണുപ്പിലും എല്ലാവരും നല്ലവണ്ണം വിയർത്തു. താഴെയുള്ളവർ പറഞ്ഞതുപോലെ വഴിയിൽ കടകളോ മറ്റു കെട്ടിടങ്ങളോ ഒന്നുമില്ല. കൈയ്യിൽ കരുതിയ വെള്ളം കുടിച്ചും ഇടയ്ക്കിടെ ഇരുന്നും മുകളിലേക്ക് കയറി. മലയുടെ മുകളിലെ ഭാഗത്ത് മരങ്ങൾ തീരെ കുറവാണ്. പടികൾ അവസാനിക്കുന്നിടത്ത് നിന്ന് 300 മീറ്ററോളം പുൽത്തകിടി ഉണ്ട്. അവിടെ ഒന്ന് രണ്ട് കുളങ്ങളും കുറച്ചു കടകളും ഒക്കെ കാണാം. ചൂട് ചായയും നൂഡിൽസും ഒക്കെ ആണ് കടകളിലെ പ്രധാന വിഭവങ്ങൾ.
നഗ്ഗറിൽ നിന്ന് ജാന വെള്ളച്ചാട്ടം വഴി ബിജ്ലി മഹാദേവിലേക്കുള്ള ഓഫ് റോഡ് റൂട്ട് എത്തുന്നത് ഇവിടേക്കാണ്. വളരെ അപകടം പിടിച്ച വഴിയാണ് അതെന്നാണ് പറഞ്ഞു കേട്ടത്. മഴക്കാലത്ത് തീരെ ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലാകുമത്രേ ആ വഴി.
സമുദ്രനിരപ്പിൽ നിന്നും 2400 മീറ്ററിൽ കൂടുതൽ ഉയരമുണ്ട് ഈ സ്ഥലത്തിന്. മലയുടെ മുകളിൽ നിന്നും നാലുപാടും നോക്കിയാൽ മലകളുടെ മനോഹരമായ ദൃശ്യങ്ങൾ കാണാം. ബിയാസ്, പാർബതി നദികളുടെ സംഗമത്തിന് വളരെ അടുത്താണ് ബിജിലി മഹാദേവ് സ്ഥിതി ചെയ്യുന്നത്. അമ്പലത്തിലെ തെക്കു വശത്തു നിന്ന് നോക്കിയാൽ താഴെ ബിയാസ് നദിയുടെ കരയിൽ ഭുന്തറിൽ ഉള്ള കുള്ളു എയർപോർട്ട് വളരെ വ്യക്തമായി കാണാം







ഹിമാചലിലെ പരമ്പരാഗത വാസ്തു വിദ്യാ രീതിയായ കാഠ് കുനി ശൈലിയിലുള്ള പഴയ കെട്ടിടങ്ങളാണ് അമ്പലത്തിലേത്. പരന്ന കല്ലുകൾ പാകിയ മേൽക്കൂരയും കല്ലും തടിയും ചേർത്ത് ഉണ്ടാക്കിയ ഭിത്തികളും ഈ രീതിയുടെ പ്രത്യേകതകളാണ്. അമ്പലത്തിന്റെ വാതിലിനോട് ചേർന്ന് പലനിറത്തിലുള്ള ചിത്രപ്പണികളും മറ്റും ചെയ്തു വച്ചിട്ടുണ്ട്. വെളിയിൽ വലിയ ഒരു മണിയും തൂക്കിയിട്ടിട്ടുണ്ട്. ബിജ്ലി മഹാദേവിന്റെ ഏറ്റവും വലിയ പ്രത്യേകത ശ്രീകോവിലിന്റെ മുന്നിൽ ഉള്ള തടികൊണ്ടുള്ള വലിയ ഒരു തൂണ് ആണ്. നമ്മുടെ നാട്ടിലെ കൊടിമരങ്ങളെ പോലെ വൃത്താകൃതിയിൽ അല്ല മറിച്ച് ചതുരത്തിലാണ് ഈ തൂണിന്റെ നിർമ്മിതി. ഈ കൊടിമരത്തിൽ ഓരോ 12 വർഷം കൂടുമ്പോഴും ഇടിമിന്നൽ ഏൽക്കും എന്നും മിന്നലിന്റെ ശക്തിയിൽ അമ്പലത്തിലെ ശിവലിംഗം പലതായി പിളർന്നു പോകുമെന്നും, പിന്നീട് പൂജാരി ശിവലിംഗത്തെ വെണ്ണ ഉപയോഗിച്ച് യോജിപ്പിച്ച് വെക്കും എന്നുമൊക്കെയാണ് ഐതിഹ്യം. ഏതാണ്ട് ക്രീം നിറമാണ് ശിവലിംഗത്തിന്




അമ്പലത്തിൽ വലിയ തിരക്കൊന്നും ഇല്ല. ഞങ്ങളെപ്പോലെ നടന്നുകയറിയവരാണ് കൂടുതൽ. ഓഫ് റോഡ് റോഡിൽ വണ്ടി ഓടിച്ചു വന്നവരും കുറച്ചുപേരുണ്ട്. സീസൺ അല്ലാത്തതുകൊണ്ടാണോ തിരക്ക് കുറവുള്ളത് എന്ന് ഉറപ്പില്ല. കുറച്ചുനേരം അമ്പലത്തിന് ചുറ്റും പരിസരത്തും ഒക്കെ ചുറ്റിക്കറങ്ങി മഞ്ഞും തണുപ്പും ഒക്കെ ആസ്വദിച്ച ശേഷം കുറെ പടങ്ങളും എടുത്ത് പതിയെ താഴേക്ക് ഇറങ്ങി. കയറ്റത്തോളം ബുദ്ധിമുട്ടില്ലായിരുന്നുവെങ്കിലും തിരികെയുള്ള ഇറക്കവും കുറച്ച് കഷ്ടപ്പാടായിരുന്നു. നടപ്പ് തുടങ്ങിയിടത്ത് തിരികെയെത്തി അടുത്ത സ്വീകരണ സ്ഥലത്തേക്കുള്ള യാത്ര തുടർന്നു.


Friday, April 02, 2021

സന്തോഷം കണ്ടെത്താനുള്ള വഴികൾ| Happiness and Science

സന്തോഷം, ജീവിത സംതൃപ്തി തുടങ്ങിയ കാര്യങ്ങളെ മതത്തിനും ആത്മീയതയ്ക്കും ആൾദൈവങ്ങൾക്കും മറ്റും വിട്ടുകൊടുത്താണ് നമുക്കു ശീലം. എന്നാൽ ഇവയെ മനസ്സിലാക്കുന്നതിൽ സയൻസിന് ചില വലിയ സംഭാവനകൾ തരാനുണ്ട്.
വസ്തുക്കളേക്കാൾ അനുഭവങ്ങൾക്ക് നമ്മെ ദീർഘകാലം സന്തോഷിപ്പിക്കാൻ കഴിയും എന്നതാണ് അത്തരം ഒരു പ്രധാന വസ്തുത. വലിയ സംഭവങ്ങൾക്കും നേട്ടങ്ങൾക്കും ഒപ്പം, ഒരുപക്ഷേ അവയേക്കാൾ കൂടുതൽ, ദീർഘകാല സന്തോഷം തരാൻ ദൈനംദിനജീവിതത്തിലെ ചെറിയ കാര്യങ്ങൾക്ക് സാധിക്കാം. നന്ദി പ്രകടിപ്പിക്കുന്നതും സ്വീകരിക്കുന്നതും, മറ്റുള്ളവർക്ക് വേണ്ടി പ്രവർത്തിക്കുന്നതും ഒക്കെ ഇങ്ങനെ സന്തോഷം കൂട്ടാൻ കഴിയുന്ന കാര്യങ്ങളാണ്.
സന്തോഷം, ജീവിത സംതൃപ്തി തുടങ്ങിയ വിഷയങ്ങളെപ്പറ്റി പോഡ്കാസ്റ്റ് ആയി മലയാളത്തിൽ സംസാരിച്ചത് ഇവിടെ കേൾക്കാം.
യൂട്യൂബിൽ

Thursday, March 11, 2021

ഓൺലൈൻ ക്ലാസ്സുകളും മീറ്റിങ്ങുകളും മടുപ്പിക്കുന്നുണ്ടോ ?

കോവിഡ് വന്നതോടെ വളരെ വേഗമാണ് ലോകം മൊത്തം ക്ലാസുകളും മീറ്റിങ്ങുകളും സമ്മേളനങ്ങളും ഒക്കെ ഓൺലൈൻ ഫ്ലാറ്റ്ഫോമുകളിലേക്ക് മാറിയത്. പഴയപോലെ നീണ്ട യാത്രകളുടെ ആവശ്യമില്ലാതെ വീട്ടിലോ സൗകര്യപ്രദമായ മറ്റിടങ്ങളിലോ ഇരുന്ന് മീറ്റിങ്ങുകളിലും മറ്റും പങ്കെടുക്കാനുള്ള സൗകര്യമാണ് ഇങ്ങനെ നമുക്ക് കിട്ടിയത്. എന്നാൽ കുറച്ചു മാസങ്ങൾ കൊണ്ടു തന്നെ ഒരുപാട് പേർക്ക് ഈ ഓൺലൈൻ ജീവിതം വല്ലാത്ത മടുപ്പ് ഉണ്ടാക്കിത്തുടങ്ങി. ഈ അവസ്ഥയെ Zoom Fatigue എന്നാണ് വിളിക്കുന്നത്. "സൂമാലസ്യം" എന്നൊക്കെ വേണമെങ്കിൽ തർജ്ജമ ചെയ്യാം.

സ്റ്റാൻഫോർഡ് സർവ്വകലാശാലയിലെ ഡോ. ജെറെമി ബെയ്‌ലെൻസൺ (Jeremy Bailenson), APA യുടെ Technology, Mind, and Behavior എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ഇതിന്റെ കാരണങ്ങളെ പറ്റിയും നമുക്ക് ചെയ്യാവുന്ന ചില പ്രതിവിധികളെ പറ്റിയും തന്റെ കാഴ്ചപ്പാടുകൾ മുന്നോട്ടുവെച്ചിട്ടുണ്ട്.
നമ്മുടെ മുഖത്തേക്കു തന്നെ ഒരുപാടുപേർ ഒരേ സമയം നോക്കി ഇരിക്കുന്ന അവസ്ഥ നമ്മുടെ തലച്ചോറിന്റെ മേൽ കൂടുതൽ ഭാരം ഉണ്ടാക്കുന്നു എന്നതാണ് മടുപ്പിന് കാരണമായേക്കാവുന്ന ഒരു കാര്യം. ഒരു സ്റ്റേജിലോ മറ്റോ നിന്ന് വളരെ അടുത്തുള്ള കുറേ മനുഷ്യരോട് സംസാരിക്കുന്ന അതേ അനുഭവം ഒരു ഓൺലൈൻ മീറ്റിംഗിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഉണ്ടാകുന്നുണ്ട്.
അതുപോലെ ഈ മുഖങ്ങൾ ഒക്കെ ഒരു സാധാരണ മീറ്റിങ്ങിൽ ഉണ്ടാവുന്നതിലും കൂടുതൽ വലിപ്പത്തിലാണ് നമ്മുടെ കണ്ണിൽ പതിക്കുന്നത്. ഇത് ഒരുപക്ഷേ ആ മുഖങ്ങളെ നമ്മുടെ intimate space എന്ന് വിളിക്കാവുന്ന ഇടത്തിലേക്ക് പ്രതിഷ്ഠിക്കുന്നു. Edward Hall നടത്തിയ ചില പഠനങ്ങൾ പ്രകാരം ഈ intimate space ഏതാണ്ട് 60 സെന്റിമീറ്റർ ആണ്. ഒരുപാട് ആളുകളെ ഒരുപാട് നേരം ഇങ്ങനെ കാണേണ്ടി വരുന്നത് തലച്ചോറിന്റെ ക്ഷീണം കൂട്ടാം.
സ്ക്രീനിൽ കാണുന്ന മുഖങ്ങളുടെ (നിങ്ങളുടേത് ഉൾപ്പെടെ) വലിപ്പം കുറയ്ക്കാൻ നോക്കുക, അതിനായി സാധിക്കും വിധം ക്യാമറയിൽ നിന്ന് അകലം പാലിക്കുക എന്നതൊക്കെ ഈ പ്രശ്നത്തെ നേരിടാനായി പരീക്ഷിക്കാവുന്നതാണ്.
ശബ്ദം മാത്രമുള്ള സന്ദേശങ്ങളെ അപേക്ഷിച്ച് ശബ്ദവും വീഡിയോയും ഉൾപ്പെടുന്ന സന്ദേശങ്ങളെ പ്രോസസ് ചെയ്യുവാൻ തലച്ചോറിന് വേണ്ടിവരുന്ന അധ്വാനം വളരെ കൂടുതലാണ് എന്നത് നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്. ഒരു ഓൺലൈൻ മീറ്റിംഗിൽ നമ്മൾ അനാവശ്യമായ ഒരുപാട് ആംഗ്യങ്ങളും മുഖഭാവങ്ങളും ഒക്കെ കാണുകയും കാണിക്കുകയും ചെയ്യുന്നുണ്ട്. ഇവയെ വെറുതെ അവഗണിക്കാൻ തലച്ചോറിന് കഴിയണമെന്നില്ല. ഇതും Zoom Fatigue കൂട്ടാം എന്ന് ബെയ്‌ലെൻസൺ പറയുന്നു. നീണ്ട ഓൺലൈൻ പരിപാടികളിൽ വീഡിയോ ഒഴിവാക്കുന്ന ഭാഗങ്ങൾ ഉണ്ടാവുന്നത് നന്നാവും എന്ന് ഒരു നിർദ്ദേശം അദ്ദേഹം നൽകുന്നു. (എനിക്ക് ഏറ്റവും സന്തോഷത്തോടെ പങ്കെടുക്കാൻ കഴിഞ്ഞിട്ടുള്ള ഓൺലൈൻ പ്ലാറ്റ്ഫോം Discord ആണ്).
വീഡിയോ മീറ്റിങ്ങുകളുടെ മറ്റൊരു പ്രത്യേകത, നമ്മുടെ മുഖം നിരന്തരം കണ്ടുകൊണ്ടിരിക്കേണ്ടിവരുന്നു എന്നതാണ്. ഇത് നമ്മെ ആവശ്യത്തിൽ കൂടുതൽ self-conscious ആക്കാം. നാം പോകുന്നിടത്തെല്ലാം ഒരാൾ നമ്മുടെ മുന്നിൽ ഒരു കണ്ണാടി പിടിച്ചുകൊണ്ട് നടക്കുന്നത് എങ്ങനെ ആയിരിക്കുമോ അതുപോലെ ഒരു അവസ്ഥ ആണിത്. അത്യാവശ്യം ഇല്ലാത്തപ്പോൾ ഒക്കെ നാം സ്വന്തം വീഡിയോ ഓഫാക്കി വെക്കുക എന്നതും, മീറ്റിങ്ങ് തുടങ്ങുമ്പോൾ സ്വന്തം മുഖം default view ആയി വരുന്ന setting മാറ്റാൻ പ്ലാറ്റ്ഫോമുകൾ ശ്രദ്ധിക്കുക എന്നതും ഇതിനുള്ള പരിഹാരമായി നിർദേശിക്കുന്നു.
ശബ്ദം മാത്രമുള്ള മീറ്റിങ്ങുകളിൽ പങ്കെടുത്തുകൊണ്ട് ഒരാൾക്ക് മറ്റു ചില കാര്യങ്ങൾ കൂടി ചെയ്യുകയോ, ആംഗ്യ ഭാഷയിൽ ആശയവിനിമയം ചെയ്യുകയോ, നടക്കുകയോ ഒക്കെ സാധിക്കും.
പഠനം പോലെയുള്ള പ്രവർത്തികൾക്കിടയിൽ ഇത്തരത്തിലുള്ള ചെറിയ ചലനങ്ങൾ തലച്ചോറിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് പഠനങ്ങളുണ്ട്. നിലവിലെ നമ്മുടെ ഓൺലൈൻ മീറ്റിങ്ങുകൾ ഈ സാധ്യതയെ വളരെയധികം പരിമിതപ്പെടുത്തുന്നു. അത്യാവശ്യമില്ലാത്ത സന്ദർഭങ്ങളിലൊക്കെ മീറ്റിങ്ങുകൾക്ക് വീഡിയോ ഒഴിവാക്കേണ്ടതാണ് എന്ന് ബെയ്‌ലെൻസൺ നിർദ്ദേശിക്കുന്നു.
നിലവിൽ ഇവയൊക്കെ പരികല്പനകൾ (hypotheses) മാത്രമാണെന്നും ഈ വിഷയത്തിൽ കൂടുതൽ പഠനങ്ങൾ നടക്കേണ്ടതുണ്ട് എന്നും ബെയ്‌ലെൻസൺ ചൂണ്ടിക്കാണിക്കുന്നു. വീഡിയോ കോൺഫറൻസുകളും ഓൺലൈൻ ക്ലാസ്സുകളും മീറ്റിങ്ങുകളും ഒക്കെ ഒഴിവാക്കാൻ കഴിയാത്ത വിധം നമ്മുടെ ജീവിതങ്ങളിലേക്ക് ഇടിച്ചുകയറി വന്ന സ്ഥിതിക്ക് ഈ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുക എന്നത് ഒരു കടമയായി തന്നെ കാണേണ്ടിയിരിക്കുന്നു.
പോഡ്കാസ്റ്റ് ആയി സംസാരിച്ചത്

Tuesday, February 23, 2021

കൂട്ടത്തോടെ അടിതെറ്റുമ്പോൾ | Groupthink

വളരെ മിടുക്കരും പ്രഗൽഭരും ഒക്കെയായ മനുഷ്യർ കൂടിച്ചേർന്ന് പലപ്പോഴും തെറ്റായ, പിന്നീട് മണ്ടത്തരം, ബാലിശം എന്നൊക്കെ തോന്നുന്ന തരം തീരുമാനങ്ങൾ എടുക്കാറുണ്ട്. മനുഷ്യരാശിയുടെ ചരിത്രത്തിൽ തന്നെ അത്തരം വലിയ മണ്ടൻ തീരുമാനങ്ങൾ ധാരാളമുണ്ട്. നമ്മുടെയൊക്കെ ചുറ്റുപാടുകളിലും കുടുംബങ്ങളിലും ഒക്കെ നമ്മളും അത്തരം തീരുമാനങ്ങൾ കാണുകയോ, ചിലപ്പോഴെങ്കിലും അത്തരം തീരുമാനങ്ങൾ എടുക്കുന്ന പ്രക്രിയയുടെ ഭാഗമാവുകയോ ചെയ്തിട്ടുമുണ്ടാവാം.

ഇങ്ങനെ മനുഷ്യർ കൂട്ടമായി തെറ്റായ തീരുമാനങ്ങളിലേക്ക് എത്തുന്നതിന് പ്രേരിപ്പിക്കുന്ന ഒരു മനഃശാസ്ത്ര പ്രതിഭാസമാണ് Groupthink.
ഇതിനെപ്പറ്റി പോഡ്കാസ്റ്റ് ആയി സംസാരിച്ചത് ഇവിടെ ഉണ്ട്:

Monday, January 25, 2021

എന്റെ തല, എന്റെ ഫുൾ ഫിഗർ | On Narcissism

 അവനവനോട്/അവളവളോട് ഉള്ള അതിരുകടന്ന സ്നേഹവും ആരാധനയും ഒക്കെയാണ് നാർസിസ്സിസം എന്ന സ്വഭാവ സവിശേഷതയുടെ പ്രധാന ഭാഗം. കടുത്ത സ്വാർത്ഥതയും (Self-centeredness) അയഥാർത്ഥമായ അവകാശബോധവും (sense of entitlement) ഒക്കെ നാർസിസ്സിസത്തിന്റെ പ്രത്യേകതകളാണ്. അധികാരലഹരിയും സഹാനുഭൂതി ഇല്ലായ്മയും ഒക്കെ ഉൾപ്പെടുന്ന നാർസിസ്സിസ്റ്റിക് പേഴ്സണാലിറ്റി ഡിസോർഡർ എന്ന ഒരു വ്യക്തിത്വ വൈകല്യവും ഉണ്ട്.

ഒരുപാട് ആളുകളാൽ ചുറ്റപ്പെട്ട് ഇരിക്കാൻ ഇഷ്ടപ്പെടുന്നതും, എപ്പോഴും മറ്റുള്ളവരുടെ ശ്രദ്ധ ആഗ്രഹിക്കുന്നതും, വളരെ ഉയർന്ന സ്വയം വിലയിരുത്തലുണ്ടാവുന്നതും (self-esteem), സ്വന്തം കഴിവുകളിലുള്ള അമിതവിശ്വാസവും ഒക്കെ Grandiose Narcissism എന്ന വകഭേദത്തിൽ പെടുമ്പോൾ അതിലോലമായ, വേഗം മുറിപ്പെടുന്ന മനസ്സുള്ള, അത്തരം മുറിവുകളെ മനസ്സിൽ തന്നെ കൊണ്ടുനടക്കുന്ന, വലിയ അരക്ഷിതബോധം (insecurity) അനുഭവിക്കുന്ന പ്രകൃതം Vulnerable Narcissism എന്ന വകഭേദത്തിന്റെ പ്രത്യേകതയാവാം.
ഈ വിഷയത്തെ പറ്റി പോഡ്കാസ്റ്റിൽ സംസാരിച്ചത്.

Saturday, January 02, 2021

അതൊക്കെ എനിക്കറിയാം | Dunning-Kruger Effect

 ഏതെങ്കിലും ഒരു കാര്യത്തിലുള്ള നമ്മുടെ അറിവില്ലായ്മയോ കഴിവില്ലായ്മയോ കൃത്യമായി തിരിച്ചറിയാൻ നമുക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടിനെ (അല്ലെങ്കിൽ കഴിവില്ലായ്മയെ) ആണ് Dunning-Kruger effect എന്ന് വിളിക്കുന്നത്. ഡൊണാൾഡ് ട്രംപിന് ഈ പ്രശ്നം വളരെയധികം ഉള്ളതായി പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇങ്ങനെ സ്വന്തം അറിവിന്റെ പരിമിതികളെ കൃത്യമായി മനസ്സിലാക്കാൻ കഴിയാത്തവർ പലപ്പോഴും അവരവർക്കും മറ്റുള്ളവർക്കും പല ബുദ്ധിമുട്ടുകളും ഉണ്ടാക്കിയേക്കാം. പ്രത്യേകിച്ചും അങ്ങനെയുള്ളവർ അധികാരസ്ഥാനങ്ങളിൽ ഒക്കെ എത്തിപ്പെട്ടാൽ.

സ്വന്തം അറിവില്ലായ്മ മനസ്സിലാക്കാൻ വേണ്ടത്ര അറിവ് ഇല്ലാത്ത അവസ്ഥ ആയതുകൊണ്ടുതന്നെ ഇതിനെ മറികടക്കാനും വളരെ ബുദ്ധിമുട്ടാണ്.
ഈ ചിന്താ വൈകല്യത്തെ പറ്റി പോഡ്കാസ്റ്റ് ആയി പറഞ്ഞത് ഇവിടെ കേൾക്കാം

Friday, December 25, 2020

ഈ ലോകം എത്ര സുന്ദരമാണ്; ബേബീ നീയും സുന്ദരനാടാ

 


നല്ല കാര്യങ്ങൾ ചെയ്യുന്നവർക്ക് നന്മ ഉണ്ടാകുമെന്നും മോശം പ്രവർത്തികൾക്ക് മോശം ഫലം ആണ് കിട്ടുക എന്നും, ലോകത്തിന് അത്തരത്തിൽ ഒരു നീതിയുക്തമായ പ്രവർത്തനരീതി ഉണ്ടെന്നും വിശ്വസിക്കാനുള്ള നമ്മുടെ തലച്ചോറിന്റെ പ്രവണതയെ ആണ് Just World Hypothesis അഥവാ Belief in a Just World (BJW) എന്ന് വിളിക്കുന്നത്. ഒരുപാട് മോട്ടിവേഷണൽ വീഡിയോകളും ക്വോട്ടുകളും ഒക്കെ ഉണ്ടാവുന്നത് ഈ ഒരു പ്രവണതയെ അടിസ്ഥാനമാക്കിയാണ്.
നമ്മിൽ പലരും ഇരകളെ കുറ്റപ്പെടുത്തൽ (victim blaming) നടത്തുന്നതിന് പിന്നിലും ഇതിന്റെ സ്വാധീനം ഉണ്ടാവാം. അതിക്രമങ്ങൾ (violence), രോഗങ്ങൾ, ദാരിദ്ര്യം ഇവയൊക്കെ അനുഭവിക്കുന്നവരുടെ കുറ്റമാണ് എന്ന് ചിന്തിക്കാൻ BJW മനുഷ്യരെ പ്രേരിപ്പിക്കാം. മതാത്മകത (religiosity), യാഥാസ്ഥിതിക മനോഭാവം (conservatism) തുടങ്ങിയവയ്ക്കും ഇതുമായി ബന്ധമുണ്ടെന്ന് ചില പഠനങ്ങൾ പറയുന്നു.
ദൈനംദിനം നാം നേരിടുന്ന അനിശ്ചിതാവസ്ഥ, ആശങ്ക തുടങ്ങിയവ കുറയ്ക്കാൻ തലച്ചോറ് കണ്ടെത്തുന്ന ഒരു വഴിയായി BJW വിശദീകരിക്കപ്പെട്ടിട്ടുണ്ട്.
നിലവിലുള്ള അവസ്ഥയെ - അത് നമുക്ക് അത്ര അനുകൂലമല്ലെങ്കിൽ പോലും - ന്യായീകരിക്കാനുള്ള ഒരു പ്രവണതയും നമുക്ക് സ്വാഭാവികമായി ഉള്ളതായി ചിലർ അഭിപ്രായപ്പെടുന്നുണ്ട്. ഇതിനെ System Justification Theory എന്നാണ് വിളിക്കുന്നത്. മാറ്റങ്ങൾ വരുമ്പോൾ ഉണ്ടാകുന്ന അനിശ്ചിതാവസ്ഥ ഒഴിവാക്കാൻ കണ്ടെത്തുന്ന എളുപ്പ വഴിയാണ് ഈ System Justification എന്നതും.
കുറ്റാന്വേഷകരും നീതിന്യായ വ്യവസ്ഥയിൽ പ്രവർത്തിക്കുന്നവരും ഒക്കെ Belief in a Just World-ന് വശംവദരാകുന്നത് അവരുടെ കണ്ടെത്തലുകളെ, തീരുമാനങ്ങളെ ഒക്കെ സ്വാധീനിക്കാനുള്ള സാധ്യതയുണ്ട്.
ഈ വിഷയത്തെപ്പറ്റി പോഡ്കാസ്റ്റ് ആയി പറഞ്ഞത്:
യൂട്യൂബിൽ:

Thursday, December 10, 2020

സ്വപ്നങ്ങളുടെ പണി

 പൊതുസ്ഥലത്ത് നഗ്നരായി/അർദ്ധനഗ്നരായി നടക്കുന്നതായുള്ള സ്വപ്നം ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന ഒന്നാണ് എന്നാണ് ചില പഠനങ്ങൾ പറയുന്നത്. സമാനമായ നാണക്കേട് ഉണ്ടാക്കുന്ന (feelings of embarrassment) ദൃശ്യങ്ങൾ ഉള്ള മറ്റ് സ്വപ്നങ്ങളും വളരെ സാധാരണമത്രേ.
ആരെങ്കിലും നമ്മെ ഓടിക്കുകയോ പിന്തുടരുകയോ ചെയ്യുന്നതും, എവിടെയെങ്കിലും ഒക്കെ പെട്ട് പോകുന്നതും, പരീക്ഷയിലോ മറ്റോ തോൽക്കുന്നതും, ഒരു വീട്ടിൽ പുതിയ മുറികൾ കണ്ടെത്തുന്നതും, സെക്സിൽ ഏർപ്പെടുന്നതും, വലിയ താഴ്ചയിലേക്ക് വീഴുന്നതും ഒക്കെ ഇങ്ങനെ പലരും കാണുന്ന സ്വപ്നങ്ങളാണ്.

ഉറക്കത്തിന് ഓർമ്മകളുടെ അടുക്കിവെയ്ക്കലും ഉറപ്പിക്കലും (memory consolidation) ഒക്കെയായി ഉള്ള ബന്ധം ഏറെക്കുറെ അംഗീകരിക്കപ്പെട്ടതാണ്. എന്നാൽ സ്വപ്നങ്ങളുടെ ധർമ്മം (അവയ്ക്ക് അങ്ങനെ എന്തെങ്കിലും പ്രത്യേക പണിയുണ്ടോ എന്നതുൾപ്പെടെ) ഇപ്പോഴും കൃത്യമായി മനസ്സിലാക്കപ്പെട്ടിട്ടില്ല.
പതിറ്റാണ്ടുകളോളം പരക്കെ അംഗീകരിക്കപ്പെട്ടിരുന്ന സിഗ്മണ്ട് ഫ്രോയ്ഡിന്റെ വ്യാഖ്യാനങ്ങൾ ഒക്കെ ഏതാണ്ട് ഒഴിവാക്കപ്പെട്ട അവസ്ഥയിലാണ്. സ്വപ്നങ്ങളെ പറ്റിയുള്ള കൃത്യമായ വിവരശേഖരണത്തിന്റെ ബുദ്ധിമുട്ടും അവയെപ്പറ്റി പഠിക്കുന്നതിന് ഒരു തടസ്സമാണ്.
ഉറക്കത്തിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടതും, കൃത്രിമ ബുദ്ധി/മെഷീൻ ലേണിംഗ് തുടങ്ങിയവയുമായി ബന്ധപ്പെട്ടതുമായ ചില വിശദീകരണങ്ങൾ സ്വപ്നങ്ങൾക്ക് നൽകപ്പെട്ടിട്ടുണ്ട്.

ഉറക്കത്തെ പോലെ തന്നെ ഓർമ്മകൾ ഉറപ്പിക്കുവാൻ (memory consolidation) സഹായിക്കുന്ന പ്രക്രിയയാണ് സ്വപ്നം എന്ന് ഒരു വിശദീകരണമുണ്ട്. എന്നാൽ ആളുകൾ റിപ്പോർട്ട് ചെയ്യുന്ന സ്വപ്നങ്ങളിൽ വളരെ ചെറിയ ഒരു ശതമാനത്തിനു മാത്രമേ യഥാർത്ഥ ഓർമ്മകളുമായി നേരിട്ട് ബന്ധമുള്ളൂ എന്ന ഒരു പ്രശ്നമുണ്ട്.
സമാനമായ മറ്റൊരു വിശദീകരണം Self-Organization Theory വഴി നൽകപ്പെട്ടിട്ടുണ്ട്. തലച്ചോറിന്റെ സ്വയം ചിട്ടപ്പെടുത്തൽ പരിപാടിയുടെ (Self-Organization) ഒരു ഉൽപ്പന്നമാണ് എന്നതാണ് ഈ വിശദീകരണത്തിന്റെ ചുരുക്കം. ഈ സിദ്ധാന്തത്തിനും കൂടുതൽ തെളിവുകൾ കിട്ടേണ്ടിയിരിക്കുന്നു.

യഥാർത്ഥ ജീവിതത്തിൽ നാം നേരിടാൻ പോകുന്ന/സാധ്യതയുള്ള പ്രശ്നങ്ങളെയും വെല്ലുവിളികളെയും അഭിമുഖീകരിക്കാനുള്ള തയ്യാറെടുപ്പാണ് സ്വപ്നങ്ങളിൽ നടക്കുന്നത് എന്ന ഒരു വാദവും നിലവിലുണ്ട്. വെർച്ച്വൽ റിയാലിറ്റി, കമ്പ്യൂട്ടർ സിമുലേഷൻ തുടങ്ങിയവയുമായി സ്വപ്നങ്ങൾക്ക് ഉള്ള സാദൃശ്യവും, സ്വപ്നങ്ങൾക്ക് യഥാർത്ഥ ജീവിതവുമായുള്ള ബന്ധവും സർഗ്ഗാത്മകതയും (creativity) തമ്മിലുള്ള പരസ്പരബന്ധവും (correlation) ആണ് ഈ വാദത്തിന് ബലം കൊടുക്കുന്നത്

തലച്ചോറുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെ വിശദീകരിക്കാൻ ശ്രമിക്കുന്ന Predictive Processing (Karl Friston) മോഡലിന്റെ ഒരു ഭാഗമായും സ്വപ്നങ്ങളെ വിശദീകരിക്കാൻ ശ്രമിക്കാറുണ്ട്. ഈ മോഡലിനും തെളിവുകളുടെ അടിസ്ഥാനത്തിൽ അംഗീകാരം കിട്ടേണ്ടതുണ്ട്.

മെഷീൻ ലേണിംഗിൽ നിന്ന് കടമെടുത്ത ആശയമായ Overfitted Brain Hypothesis (By Erik Hoel) എന്നൊരു വിശദീകരണവും ഉണ്ട്. തീരുമാനങ്ങളെടുക്കാനുള്ള തലച്ചോറിന്റെ കഴിവിനെ മെച്ചപ്പെടുത്താനായി ഉപയോഗിക്കുന്ന അനാവശ്യ വിവരങ്ങൾ (noise) ആണ് സ്വപ്നങ്ങൾ എന്നതാണ് ഈ വാദം.

എന്തായാലും സ്വപ്നങ്ങൾ എന്തിന് എന്ന ചോദ്യത്തിന് തൃപ്തികരമായ ഒരു വിശദീകരണം നാം ഇപ്പോഴും അന്വേഷിച്ചു കൊണ്ടിരിക്കുകയാണ് എന്ന് പറയാം. അധികം വൈകാതെ ഒരു ഉത്തരം കൂടുതൽ തെളിഞ്ഞു വന്നേക്കാം.

ഈ വിഷയം പോഡ്കാസ്റ്റ് ആയി സംസാരിച്ചത്:

മലയാളത്തിൽ:
https://bit.ly/2Kasx6U
https://bit.ly/3gzcIms

ഇംഗ്ലീഷിൽ:
https://bit.ly/3gwcvAh